നിര്യാതനായി

കൊച്ചു ലോനപ്പൻ (ജോൺ)

ഇരിങ്ങാലക്കുട : പാലമറ്റത്ത് അബ്രഹാം മകൻ കൊച്ചു ലോനപ്പൻ (ജോൺ- 82) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) രാവിലെ 9.30ന് സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ജോളി, ജാനി, ജെയ്നി

മരുമക്കൾ : ജോൺസൺ, ജുബിൻ, ഡെൽവിൻ

മാർ ജേക്കബ് തൂങ്കുഴി ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം:മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : അഗാധമായ ആത്മീയതയും മാനവികതയും ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവ് എന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

മൂന്നു രൂപതകളിൽ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിൻ്റെ വേർപാട് കേരള കത്തോലിക്കാ സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്‌ടമാണ്.
കറയറ്റ സഭാ സ്നേഹവും അർപ്പണ മനോഭാവവും കൈമുതലുള്ള ഇടയശ്രേഷ്‌ഠനായിരുന്നു അദ്ദേഹമെന്നും പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

നാൽപ്പത്തിമൂന്നാം വയസ്സിൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് ചുരുങ്ങിയ കാലം താമരശ്ശേരിയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ചു. പിന്നീട് പത്ത് വർഷത്തോളം തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിസ്തുല സേവനമാണ് നടത്തിയത്.

എല്ലാ അർത്ഥത്തിലും ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ അജഗണത്തിന്റെ മണമറിഞ്ഞ് പ്രവർത്തിച്ച ഇടയനായിരുന്നു അദ്ദേഹമെന്ന് പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

മധ്യതിരുവിതാംകൂറിൽ നിന്ന് മുപ്പതുകളിൽ മലബാറിലേക്ക് കുടിയേറിയ കർഷകകുടുംബത്തി ലാണ് അദ്ദേഹം ജീവിച്ചതും വളർന്നതും. അതിനാൽ തന്നെ മലയോര കർഷകരുടെ ആധികളും ആശങ്കകളും സ്വപ്‌നങ്ങളും ഇല്ലായ്‌മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം വളർന്നത്. അതിനാൽ അദ്ദേഹത്തിൻ്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിൻ്റെയും സ്വപ്‌നങ്ങളുടെയും നിഴലാട്ടമുണ്ടായത് സ്വാഭാവികം.

ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ ബന്ധമാണുണ്ടായിരുന്നത്. രൂപതയുടെ വളർച്ചയിലും വികസന പദ്ധതികളും അദ്ദേഹം ഏറെ താൽപര്യം പ്രകടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരോടും സന്യസ്‌തരോടും വിശ്വാസികളോടും അദ്ദേഹം എന്നും സ്നേഹവാൽസല്യങ്ങൾ പ്രകടിപ്പിച്ചു പോന്നു.

70 വർഷത്തോളം ദീർഘിച്ച പൗരോഹിത്യ ശുശ്രൂഷയിൽ 34 വർഷവും അദ്ദേഹം 3 രൂപതകളിലായി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ചു.

‘ക്രിസ്‌തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ’ എന്ന അപ്പ സ്തോലവചനമായിരുന്നു അദ്ദേഹത്തിന്റെ ആപ്‌തവാക്യം. അതിനാൽ ആത്മീയതയോടൊപ്പം ഉന്നതമായ മാനവികമായ മുല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്രൈസ്‌തവ വിശ്വാസിയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ ജീവിതമാകെ ഈ ജീവിത ദർശനത്തിൻ്റെ നിറനിലാവുണ്ട്.

സദാ പുഞ്ചിരിക്കുന്ന മുഖവും വിനയപൂർവമുള്ള പെരുമാറ്റവും ലളിത ജീവിതവും അദ്ദേഹത്തിന്റെ മുഖമുദ്രയായതിൽ അത്ഭുതമില്ല.
എപ്പോഴും പ്രത്യാശയുടെ നാളെകളിലേക്കാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്.

കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടായിരുന്നു.

എന്നാൽ ക്രിസ്‌തുവിൻ്റെ സുവിശേഷം എല്ലാവരേയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

സൗമ്യമായി പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടണമെന്ന് വിശ്വസിച്ച അദ്ദേഹം വിശ്വാസി സമൂഹം വൈദികരിൽ നിന്നും വൈദികമേലധ്യക്ഷന്മാരിൽ നിന്നും സന്യസ്തരിൽനിന്നും കൂടുതൽ മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.

തൃശൂർ അതിരൂപതയുടെ ആധുനികതയിലേക്കുള്ള വളർച്ചയിൽ നിരവധി മഹാ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

വിശ്വാസി സമൂഹത്തിൻ്റെയും സഹവൈദികരുടെയും നിർലോഭമായ പിന്തുണ കൊണ്ടാണ് ജൂബിലി മിഷൻ മെഡിക്കൽ കോളെജും മേരിമാത മേജർ സെമിനാരിയും ജ്യോതി എൻജിനീയറിംഗ് കോളെജ് ഉൾപ്പെടെ നിരവധി സംരംഭങ്ങൾ യാഥാർഥ്യമായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു.

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തിളക്കമാർന്ന ഒരു കാലഘട്ടത്തിൻ്റെ പ്രതീകം കൂടിയാണ് അന്തരിച്ച തൂങ്കുഴി പിതാവ്.

മാറുന്ന കാലത്തിനനുസരിച്ച് അജപാലന ശുശ്രൂഷയിൽ കൂടുതൽ മനുഷ്യത്വത്തിൻ്റെയും കാരുണ്യത്തിൻ്റെയും കരസ്‌പർശമുണ്ടാകണെന്ന് അദ്ദേഹം ജീവിതത്തിലുടനീളം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ദൈവം തന്ന സുദീർഘമായ ജീവിതത്തെ വിശുദ്ധവും വിസ്‌മയനീയവുമായ രീതികളിൽ ജീവിച്ച് പിതാവായ ദൈവത്തിന് അദ്ദേഹം കാഴ്ച യർപ്പിച്ചുവെന്ന് നമുക്ക് കരുതാം.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സന്യസ്‌തരും വിശ്വാസികളും സ്നേഹാദരപൂർവം അർപ്പിക്കുന്ന പ്രാർഥനയിലും അനുശോചനത്തിലും ഞാനും പങ്കുചേരുന്നു എന്നും സഫലമായ ആ ജീവിതത്തിന് പിതാവായ ദൈവം പ്രതിഫലം നൽകട്ടെ എന്നും
മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

കടം വാങ്ങിയ തുക തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജ്, ഷാജി എന്നയാളിൽ നിന്ന് വാങ്ങിയ 500 രൂപ തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്താൽ നിഖിൽ രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച നാരായണമംഗലം സ്വദേശി ചള്ളിയിൽ വീട്ടിൽ അനീഷ് (36) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ കേസ്സിലെ മറ്റ് പ്രതികളായ കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി വടക്കൂട്ട് വീട്ടിൽ ഷാജി (41), ഉഴവത്തുകടവ് പുല്ലൂറ്റ് സ്വദേശി കൊപ്പറമ്പിൽ വീട്ടിൽ വിനോദ് (45) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു.

ഷാജി ഓൺലൈനിൽ നിന്നും സ്പ്രേ ഓർഡർ ചെയ്ത് നൽകുന്നതിനായി നിഖിൽ രാജിന് 500 രൂപ നൽകിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഓർഡർ ചെയ്യേണ്ടെന്നും പണം തിരികെ കൊടുക്കാനും ആവശ്യപ്പെട്ടു. ആ സമയം നിഖിൽ രാജിന്റെ കൈവശം പണം ഇല്ലാത്തതിനാൽ നൽകാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് സെപ്തംബർ 6നാണ് പണം തിരികെ നൽകാത്തതിനെ ചൊല്ലി ഷാജി നിഖിൽ രാജിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. പിറ്റേദിവസം തന്നെ നിഖിൽ രാജിന്റെ കസിൻ ഷാജിക്ക് 500 രൂപ നൽകിയിരുന്നു.

500 രൂപ നൽകുന്ന സമയത്ത് നിഖിൽ രാജും ഷാജിയും സുഹൃത്തുക്കളായിരുന്നതിനാൽ ആദ്യം പരാതി നൽകിയിരുന്നില്ല.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി. രമേഷ്, എസ്ഐ കെ. സാലിം, ജിഎസ്ഐ സി.എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ ചന്ദ്രൻ, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് 55,000 രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : എറിയാട് സ്വദേശിനി ചെമ്മാലിൽ വീട്ടിൽ ശ്രീക്കുട്ടിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബൽ സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ ആയി ലോൺ നൽകാമെന്ന് വ്യാജ പരസ്യം അയച്ചുകൊടുത്ത് പരാതിക്കാരിയുടെ ആധാറും ഫേട്ടോയും കൈക്കലാക്കിയ ശേഷം ലോൺ അപ്രൂവ് ആയി എന്ന് വിശ്വസിപ്പിച്ച് ലോൺ ഗ്യാരണ്ടി തുക എന്ന പേരിൽ പല തവണകളായി 55,000 രൂപ തട്ടിയ കേസിലെ പ്രതി മലപ്പുറം വേങ്ങര കണ്ണാട്ടിപടി സ്വദേശി അക്ഷയ് (24) എന്നയാളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 20,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക എ.ടി.എം. വഴി പിൻവലിച്ചതിനാണ് അക്ഷയിയെ അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി. രമേഷ്, എസ്ഐ കെ. സാലിം, ജിഎസ്ഐ സി.എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ ചന്ദ്രൻ, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിശ്വകർമ്മ സർവീസ് സൊസൈറ്റി മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള ഇരിങ്ങാലക്കുട, അവിട്ടത്തൂർ, മൂർക്കനാട്, തളിയക്കോണം, കാട്ടൂർ, കിഴുത്താണി ശാഖകൾ സംയുക്തമായി വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ആൽത്തറയിൽ താലൂക്ക് പ്രസിഡൻ്റ് കെ.യു. ശശി പതാക ഉയർത്തി.

തുടർന്ന് ആൽത്തറയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കൂടൽമാണിക്യം ക്ഷേത്രം വരെ പോകുകയും തിരിച്ച് നക്കര ഹാളിൽ സമാപിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പൊതുയോഗം വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ശ്രീനിവാസൻ തൃപ്പേക്കുളം ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡൻ്റ് കെ.യു. ശശി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ കെ.എം. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.

താലൂക്ക് സെക്രട്ടറി കണ്ണൻ കൂത്തുപാലയ്ക്കൽ സ്വാഗതവും താലൂക്ക് ട്രഷറർ വൈശാഖ് നന്ദിയും പറഞ്ഞു.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ : തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു.

വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം.

ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്.

മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പുമാണ് മാർ ജേക്കബ് തൂങ്കുഴി.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സേക്രഡ് ഹാർട്ട് ചർച്ച് സെന്റ് വിൻസന്റ് ഡി പോൾ സംഘടനയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സെന്റ് വിൻസന്റ് ഡി പോൾ സംഘടന പ്രസിഡൻ്റ് ബിജു കൊടിയൻ അധ്യക്ഷനായി.

ഫാ. ജോമിൻ ചെരടായി ആമുഖപ്രഭാഷണം നടത്തി.

സാമൂഹ്യപ്രവർത്തകൻ ജോൺസൺ കോലങ്കണ്ണി മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ. വർഗ്ഗീസ് കോങ്കോത്ത്, ജോയ് കോക്കാട്ട്, അഡ്വ. രാജേഷ്, എം.സി. പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.

ഡേവിസ് ഇടപ്പള്ളി നന്ദി പറഞ്ഞു.

മോദിയുടെ ജന്മദിനത്തിൽ സുരേഷ് ഗോപി പൊറത്തിശ്ശേരിയിൽ നടത്തിയ കലുങ്ക് സൗഹൃദ വികസന സംവാദം വൻ വിജയം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കണ്ടാരംതറയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ വൻ ബഹുജന പങ്കാളിത്തം.

സംവാദ സദസ്സിൽ ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തിനായി നിരവധി ആളുകളുടെ അഭിപ്രായങ്ങളും വികസന കാഴ്ചപ്പാടുകളും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. തുടർന്നുണ്ടായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.

തൻ്റെ അധികാര പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള എല്ലാ വികസനങ്ങളും സഹായങ്ങളും ഇരിങ്ങാലക്കുടക്ക് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചത് അതിന് ഉത്തമ ഉദാഹരണമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സദസ്സിലുണ്ടായിരുന്നവർ ഉന്നയിയിച്ച ചില ചോദ്യങ്ങൾക്ക് അപ്പോൾ തന്നെ ബന്ധപ്പെട്ട അധികാരികളെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും, ആവശ്യമായവയ്ക്ക് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ ദിനം കൂടിയായതിനാൽ പ്രത്യേകം തയ്യാറാക്കിയ “നമോ ടീ സ്റ്റാളിൽ” മധുര പലഹാരങ്ങളും പ്രഭാത ഭക്ഷണവും വിതരണം ചെയ്തതിനു ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

ബി.ജെ.പി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നേതൃത്വം വഹിച്ച കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ തൃശൂർ സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ, മണ്ഡലം പ്രഭാരി കെ.പി. ഉണ്ണികൃഷ്ണൻ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം,
മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, രമേഷ് അയ്യർ, അജയൻ തറയിൽ, ടി.കെ. ഷാജു, സുചി നീരോലി, സൽഗു തറയിൽ, മായ അജയൻ, പി.എസ്. അനിൽകുമാർ, ശ്യാംജി, രിമ പ്രകാശ്, അഖിലാഷ് വിശ്വനാഥൻ, ടി.ഡി. സത്യൻദേവ്, സിന്ധു സതീഷ്, വത്സല നന്ദനൻ, രാധാകൃഷ്ണൻ കാളിയന്ത്ര, ശെൽവൻ, കെ.പി. അഭിലാഷ്, ഏരിയ പ്രസിഡൻ്റുമാരായ സൂരജ് കടുങ്ങാടൻ, ലിഷോൺ, സൂരജ് നമ്പ്യാങ്കാവ്, കെ.എം. ബാബുരാജ്, സന്തോഷ് കോഞ്ചാത്ത്, സതീഷ് മാസ്റ്റർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവരും നാട്ടുകാരോടൊപ്പം പങ്കെടുത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം 22ന് തുടങ്ങും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം സജ്ജമാക്കിയ കലാസംഗമം സരസ്വതീ മണ്ഡപവേദിയിൽ അരങ്ങേറുന്ന നൃത്ത സംഗീതോത്സവത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 700ൽ പരം കലാകാരന്മാർ പങ്കെടുക്കും.

സെപ്തംബർ 22ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.

22 മുതൽ ഒക്ടോബർ 1 വരെ വൈകീട്ട് 5.30 മുതൽ 9.30 വരെ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ രാവിലെ 8 മണി മുതൽ 10 മണി വരെ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന മൃദംഗ മേളയും ഉണ്ടായിരിക്കും.

അതേസമയം തന്നെ കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും ആരംഭിക്കും.

ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ, കെ. ബിന്ദു അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.