എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ…

സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും.

ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക.

2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. 2019 മാർച്ച് 31ന് നിയമം കർശനമാക്കി.അതിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയ ക്രമം തീരുമാനിച്ചു . എന്നാൽ, പിന്നീട് പ്രശ്നം കോടതി കയറി കുഴഞ്ഞത് ഇങ്ങനെ.

സംസ്ഥാനത്തു നമ്പർപ്ലേറ്റ് നിർമ്മിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജു തീരുമാനമെടുത്തു.

യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മീഷണർ ടെൻഡർ വിളിച്ചു.

കെ.ബി.ഗണേശ്കുമാർ മന്ത്രിയായതോടെ ഇതൊഴിവാക്കി ആഗോള ടെൻഡർ വിളിക്കാൻ തീരുമാനിച്ചു.

സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം അതിന് കഴിയില്ലെന്ന് ഗതാഗത കമ്മീഷണറായിരുന്ന എസ്.ശ്രീജിത്ത് .

കേന്ദ്ര പാനലിൽപ്പെട്ട കമ്പനികൾ ഇതിനെതിരെ നൽകിയ കേസിലാണ് വിധി

ഫീസ് ആയിരം

അതിസുരക്ഷാ നമ്പർപ്ലേറ്റ് ഏർപ്പെടുത്താൻ കേന്ദ്രം 2018ൽ തീരുമാനിക്കുമ്പോൾ ഇരുചക്ര വാഹനത്തിന് 425–470 രൂപ, കാർ 600–750 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് . പുതിയ ടെൻഡറിൽ ഫീസ് 1000 രൂപ വരെയാകും.

നിര്യാതയായി

സിസ്റ്റർ ആനി മാഗ്ദെലിൻ

ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം കരുവന്നൂർ സെൻ്റ് ജോസഫ് കോൺമെൻ്റ് സെമിത്തേരിയിൽ തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക്.

വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവുംവിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠൻ :അഡ്വ കെ ജി അനിൽകുമാർ

ഇരിങ്ങാലക്കുട : വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവും വിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡിയും ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറുമായ അഡ്വ. കെ. ജി അനിൽ കുമാർ പറഞ്ഞു.

സൗമ്യതയും ശാന്തതയും അടിയുറച്ച വിശ്വാസം കൊണ്ടും ഏവരുടെയും ഹൃദയത്തിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്. ആത്മീയ അജപാലന ദൗത്യത്തിൽ ആഴത്തിലുള്ള വിശ്വാസം കൊണ്ടും ത്യാഗ നിർഭരമായ പ്രവർത്തന ശൈലി കൊണ്ടും മനുഷ്യ ഹൃദയത്തിൽ അണയാത്ത ദീപമായി പിതാവ് എന്നെന്നും നിലനിൽക്കുമെന്നും, വ്യക്തിപരമായി വളരെ അടുത്തറിഞ്ഞ സ്നേഹപിതാവിനെയാണ് നഷ്ടപ്പെട്ടത് എന്നും അനിൽകുമാർ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം : എ ഐ ടി യു സി

ഇരിങ്ങാലക്കുട : തൊഴിൽ ദിനങ്ങളും ബഡ്ജറ്റ് വിഹിതവും വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെയ്ക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെ ലഘുകരിക്കുന്ന ബൃഹദ്പദ്ധതിയെ അട്ടിമറിക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കണ്ണോളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി. കെ. സുധീഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി എൻ. കെ. ഉദയ പ്രകാശ്, എ. ഐ. ടി. യു. സി. മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ, കെ എസ്. പ്രസാദ്, റഷീദ് കാറളം, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മോഹനൻ വലിയാട്ടിൽ (പ്രസിഡന്റ്),വി. ആർ. രമേഷ് (സെക്രട്ടറി), വർദ്ധനൻ പുളിക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കാരുകുളങ്ങരയിൽ ശ്രീനാരായണ ഗുരുവിൻ്റെസമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു.

ഗുരുപൂജ, പ്രാർത്ഥന എന്നിവയ്ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.

കെ.ബി. സുരേഷ്, ശാഖാ സെക്രട്ടറി ശ്രീധരൻ തൈവളപ്പിൽ, പ്രസിഡൻ്റ് രഞ്ജിത്ത് രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് മുകേഷ് പൂവ്വത്തുംകടവിൽ എന്നിവർ നേതൃത്വം നൽകി.

ഡോ. ഷാഹിന മുംതാസ് അന്തരിച്ചു

ഇരിങ്ങാലക്കുട : നെതർലാൻഡ്സിൽ ഭൗതികശാസ്ത്രജ്ഞയും പേറ്റന്റ് അറ്റോണിയുമായ കരൂപ്പടന്ന സ്വദേശി ഡോ. ഷാഹിന മുംതാസ് (ലാലി- 44) അന്തരിച്ചു.

സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ ഡോ. ഷാഹിന സംസ്ഥാന സർക്കാർ നടത്തിയ ലോക കേരള സഭയിൽ നെതർലാൻഡ്സിൽ നിന്നുള്ള അംഗമായിരുന്നു.

കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കരൂപ്പടന്ന പള്ളി സ്റ്റോപ്പിലെ പടിഞ്ഞാറുവശം അധ്യാപക ദമ്പതിമാരായ പരേതനായ ചക്കാലക്കൽ അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്.

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ആയിരുന്നു.

രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഷാഹിന പല പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. കരൂപ്പടന്ന ഗ്രാമീണ വായനശാല ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഖബറടക്കം നടത്തി.

ഭർത്താവ് : മുസ്തഫ (ബിസിനസ്സ്, ലെതർലാൻഡ്)

മക്കൾ : അമേയ, ആദി

സഹോദരി : ഷമ്മി സിറാജ് (സിവിൽ സപ്ലൈസ്)

കെഎസ്ടിഎ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന അവസാനിപ്പിക്കുക,
ടെറ്റ് നിലവിലുള്ള അധ്യാപകരെ ഒഴിവാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്ടിഎ ഉപജില്ല കമ്മിറ്റി ധർണ്ണ നടത്തി.

ഡിഇഒ ഓഫീസിന്റെ മുൻപിൽ നടന്ന ധർണ്ണ ജില്ലാ ജോയിൻ്റ് സെക്രട്ടറി സജി സി. പോൾസൺ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡന്റ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വിദ്യ അഭിവാദ്യങ്ങൾ നേർന്നു.

ഉപജില്ലാ സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ. ഷീല നന്ദിയും പറഞ്ഞു.

ഉപജില്ലാ അധ്യാപകർ ധർണ്ണയിൽ പങ്കെടുത്തു.

ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 10 പവനോളം സ്വർണ്ണം മോഷ്ടിച്ച ജോലിക്കാരി പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 10 പവനോളം സ്വർണ്ണം മോഷ്ടിച്ച കടുപ്പശ്ശേരി  സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിതയെ (54) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരന്റെ അമ്മയെ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് വീട്ടുജോലികൾ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു. അജിത വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്താണ് താക്കോൽ എടുത്ത് ലോക്കർ തുറന്ന് സ്വർണ്ണം മോഷ്ടിച്ചത്.

വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോൻ, എസ്ഐ കെ.പി. ജോർജ്ജ്, ഗ്രേഡ് എസ്ഐ ടി. ജെയ്സൺ, ഗ്രേഡ് എഎസ്ഐ മിനിമോൾ, സിപിഓമാരായ കെ.എസ്. സിനേഷ്, കെ.എസ്. സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.