കാട്ടൂരിലെ കുടിവെള്ള മലിനീകരണം : ആശങ്കവേണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തിൽ ആശങ്ക വേണ്ടെന്നും മണ്ണിന്റെ പരിശോധനാ ഫലം വരുന്നത് വരെ രണ്ട് കമ്പനികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

മന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തെത്തുടർന്നാണ് നിർദ്ദേശം നൽകിയത്.

കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്ത് മലിനീകരണമുണ്ടോ എന്ന് പഠിക്കാൻ
തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനും ശാസ്ത്രീയ ജല പരിശോധനക്കായി സി.ഡബ്ല്യു.ആർ.ഡി.എം. കോഴിക്കോടിനും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നേരത്തേ ചേർന്നിരുന്ന യോഗങ്ങളിൽ നിർദേശം നൽകിയിരുന്നു.

കോഴിക്കോട് ജലഗവേഷണ കേന്ദ്രം ഈ പ്രദേശത്തെ കിണറുകളിൽ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളിൽ അമിത ലോഹസാന്നിധ്യമോ മറ്റ് അപകടകരമായ രാസ സാന്നിധ്യമോ കുടിവെള്ളത്തിന് നിഷ്കർച്ചിട്ടുള്ള അനുവദനീയമായ പരിധി ലംഘിച്ചതായി കാണുന്നില്ലെന്നതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നത് വ്യക്തമാണ്. എന്നാൽ കിണർ വെള്ളത്തിൽ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണെന്നുള്ളതിനാൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിർദ്ദേശിച്ചു.

കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം. പഞ്ചായത്തിന് കൈമാറിയ ജലപരിശോധനാ ഫലത്തിൽ ട്രീറ്റഡ് എ ഫ്ലുവെന്റിൽ സിങ്ക്, കെമിക്കൽ ഓക്സിജൻ ഡിമാൻഡ് എന്നീ ഘടകങ്ങൾ കൂടുതലായി കാണുന്നുണ്ട്. അതിൻ്റെ കൃത്യമായ സ്രോതസ്സും കാരണവും ശാസ്ത്രീയമായി കണ്ടെത്താനാണ് ഫോറൻസിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തി വെക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഈ രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകാനും പ്രശ്നപരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നൽകാനും മന്ത്രി ഡോ. ബിന്ദു ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. സ്ഥലം എംഎൽഎ എന്ന നിലയിൽ മന്ത്രിയും കത്ത് നൽകും.

വേഗത്തിൽ മണ്ണ് പരിശോധനാ ഫലം ലഭ്യമാക്കി കാട്ടൂർ ഗ്രാമവാസികളുടെ ആശങ്കയകറ്റാനും ശാസ്ത്രീയ പരിശോധനകൾ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും താൻ കൂടെയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

മലിനീകരണ ബോർഡിന്റെ നിബന്ധനകൾക്ക് അനുസൃതമായി കൃത്യമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഈ കമ്പനികളിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത പരിശോധന നടത്താനും മന്ത്രി നിർദ്ദേശം നൽകി.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിഷയത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്തുന്ന തെറ്റായ പ്രചരണങ്ങൾ പാടെ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ ബിന്ദു പരമേശ്വരൻ, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, തൃശൂർ ഗവ. എൻജിനീയറിങ് കോളെജ് അസോസിയേറ്റ് പ്രൊഫ. ഡോ. എ.ജി. ബിന്ദു, മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ

ഇരിങ്ങാലക്കുട : ജൂലൈ 2ന് രാത്രി കോണത്തുകുന്നിൽ വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയും ആളൂർ സ്റ്റേഷൻ റൗഡിയുമായ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദിഖിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ.

വെള്ളാങ്ങല്ലൂർ സ്വദേശി വഞ്ചിപുര വീട്ടിൽ ആൻസൻ (32) എന്നയാളെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ കേസ്സിലെ ഒന്നാം പ്രതിയായ മിൽജോയെ ജൂലൈ 3ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

മറ്റ് പ്രതികളായ കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവർ ആഗസ്റ്റ് 11ന് ആനന്ദപുരത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ പിടിയിലായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെ ഇരുവരെയും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കി ഈ കേസിലേക്ക് കൂടി റിമാന്റ് ചെയ്തു.

ആൻസൻ കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ഉൾപ്പെടെ നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

91 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണ്ണമാല കവർന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷംകഠിനതടവും പിഴയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനിയായ 91 വയസ്സുള്ള
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വർണ്ണമാല കവർന്ന കേസ്സിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 15 വർഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂർ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ (40) എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.

2022 ആഗസ്റ്റ് 3ന് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്നും ബലമായി എടുത്തു കൊണ്ടുപോയി റൂമിൽ വെച്ച് പീഡിപ്പിക്കുകയും കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ബലമായി ഊരിയെടുക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 29 സാക്ഷികളെയും 52 രേഖകളും 21 തൊണ്ടിവസ്‌തുക്കളും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

അതിജീവത സംഭവത്തിനുശേഷം 8 മാസത്തിനകം മരണപ്പെട്ടു പോയിരുന്നു.

സംഭവ സ്ഥലത്തുനിന്നും ലഭിച്ച പ്രതിയുടെ രോമങ്ങൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴിപ്രകാരം കണ്ടെടുത്ത സ്വർണ്ണമാലയും കേസ്സിൽ പ്രധാന തെളിവായി.

കൂടാതെ സംഭവ സ്ഥലത്തെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും മറ്റും പ്രതിക്ക് എതിരായ തെളിവായി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് കരീം, ജിഎസ്ഐ-മാരായ കെ.ആർ. സുധാകരൻ, കെ.വി. ജസ്റ്റിൻ, എഎസ്ഐ മെഹറുന്നീസ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എസ്എച്ച്ഒ അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗ കുറ്റത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദന കുറ്റത്തിന് 10 വർഷം കഠിനതടവിനും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവിനും കൂടാതെ 1,35,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 16 മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.

പിഴസംഖ്യ ഈടാക്കിയാൽ ആയത് അതിജീവതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.

ടൂറിസ്റ്റുകളേ ഇതിലേ ഇതിലേ…..പ്രകൃതി സൗന്ദര്യം ആവോളം നുകരാം…..”പൊതുമ്പുചിറയോര”ത്തേക്കു പോന്നോളൂ…..

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

പ്രകൃതിയുടെ സൗന്ദര്യത്തെ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയിൽ പുത്തൻ കാഴ്ചപ്പാടോടുകൂടി സംസ്ഥാനം മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവർ വിശിഷ്ടാതിഥികളായി.

സംസ്ഥാന ടൂറിസം വകുപ്പിൻ്റെ 50 ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎൽഎ ഡോ. ആർ. ബിന്ദുവിന്റെ വികസന നിധിയിൽ നിന്നും 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 21 ലക്ഷം രൂപയും കൂടി ഉപയോഗപ്പെടുത്തിയാണ് പൊതുമ്പുചിറയോരം പദ്ധതി യാഥാർഥ്യമാക്കിയത്.

പദ്ധതിപ്രദേശത്തേക്കുള്ള ആമ്പിപ്പാടം – പൊതുമ്പുചിറ റോഡും ഡോ. ആർ. ബിന്ദുവിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ചിരുന്നു.

പദ്ധതി മൂന്നു ഘട്ടങ്ങളിലായിട്ടാണ് പൂർണ്ണരൂപത്തിലെത്തുക.

ചിറയോരത്തെ പ്രകാശവിതാനം, ഇരിപ്പിടങ്ങളൊരുക്കൽ, വ്യൂ പോയിൻ്റ്, ഹാപ്പിനസ് പാർക്ക്, കോഫീ ഷോപ്പ്, കനോപ്പി, ശുചിമുറികൾ, ഓപ്പൺ ജിം, ഫൗണ്ടൻ തുടങ്ങിയവ അടങ്ങിയ ഒന്നും രണ്ടും ഘട്ടങ്ങളാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്.

പൊതുമ്പുചിറയുടെ ആകെ സൗന്ദര്യവത്ക്കരണം ഇതിനായി പൂർത്തിയാക്കി. പദ്ധതിപ്രദേശമാകെ സി.സി.ടി.വി. നിരീക്ഷണത്തിലാക്കി സുരക്ഷിതത്വവും ഒരുക്കിയിട്ടുണ്ട്.

മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, തൃശൂർ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേംദാസ്, ബ്ലോക്ക് പഞ്ചായത്ത്, മുരിയാട്, വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. എ. ബാലചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി, അസിസ്റ്റന്റ് എൻജിനീയർ സിമി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : 11 ദിവസം നീണ്ടുനിൽക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.

ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം സജ്ജമാക്കിയ കലാസംഗമം സരസ്വതീ മണ്ഡപവേദിയിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും അഡ്മിനിസ്ട്രേറ്റർ രാധേഷ് നന്ദിയും പറഞ്ഞു.

നൃത്ത സംഗീതോത്സവത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 700ൽ പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

കുഴിയടച്ച് റോഡ് പൊക്കി ടൈൽ വിരിച്ചു : ഇപ്പോൾ വെള്ളക്കെട്ടൊഴിഞ്ഞ് സമയമില്ല

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറേ ഭാഗത്തുള്ള കാഞ്ഞിരത്തോട് റോഡിൽ മാതാ അമൃതാനന്ദമയി മഠത്തിൻ്റെ തൊട്ടു മുൻവശത്ത് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് ടൈൽ വിരിച്ച് നേരെയാക്കിയപ്പോൾ ആശ്വാസമായെന്നാണ് നാട്ടുകാരും യാത്രക്കാരും കരുതിയത്. എന്നാൽ ആശ്വസിക്കാൻ കഴിയാത്ത വിധം ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും യാത്രക്കാരും.

ഇറക്കത്തോടെയുള്ള വളവ് കഴിഞ്ഞ് വരുന്ന ഭാഗത്തായതിനാൽ ഇവിടെ ടാറിംഗ് റോഡ് താഴ്ന്നും ടൈൽ വിരിച്ച ഭാഗം ഉയർന്നുമാണ് നിൽക്കുന്നത്. ഇതാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ചെറിയ മഴ പെയ്താൽ തന്നെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും.

മഴവെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ടൈൽ വിരിക്കുന്നതോടെ വലിയ കുഴികളിൽ വീണുള്ള അപകടങ്ങളെങ്കിലും ഇല്ലാതാകുമെന്ന് ആശ്വസിച്ചിരുന്ന പ്രദേശവാസികൾക്ക് ഉയരം കൂട്ടി ടൈൽ വിരിച്ചത് തലവേദനയാവുകയാണ്.

വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ റോഡിൻ്റെ ഉയരവ്യത്യാസം മനസ്സിലാക്കാൻ കഴിയാതെ വാഹനം തെന്നി തെറിക്കുന്നത് ഇവിടെ പതിവായി മാറി.

രാത്രിയിൽ അപകടസാധ്യത വളരെ കൂടുതലാണ്.

മൂന്ന് ബൈക്ക് യാത്രികരാണ് ഇതുവരെ ഇവിടെ തെന്നി വീണത്.

ഇനിയും അപകടങ്ങൾക്ക് കാത്തു നിൽക്കാതെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടനകൈരളിയിൽ 25ന് തോട്ടം ശങ്കരൻ നമ്പൂതിരിയെ കുറിച്ച് പ്രഭാഷണം

ഇരിങ്ങാലക്കുട : വിഖ്യാത നർത്തകൻ ഉദയ ശങ്കറുടെയും സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറുടെയും ഗുരുനാഥനും സംഗീത ചക്രവർത്തിയായിരുന്ന ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ പ്രിയമിത്രവുമായിരുന്ന തോട്ടം നമ്പൂതിരിയുടെ കലാജീവിതത്തെ സമഗ്രമായി പഠിച്ച് നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ പ്രഭാഷണം നടത്തും. 

കഥകളിയുടെ ചരിത്രത്തിൽ തന്നെ അസാമാന്യ അഭിനയ പ്രതിഭയായിരുന്ന ഗുരു തോട്ടം ശങ്കരൻ നമ്പൂതിരി നിര്യാതനായിട്ട് എട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കേരളത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയും വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല.

ചടങ്ങിൽ പ്രൊഫ. ജി.എസ്. പോൾ മുഖ്യാതിഥിയായിരിക്കും.

നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ തുടർച്ചയായി വിഖ്യാത കൂടിയാട്ടം കലാകാരി കപില വേണു അഭിനയിച്ച ‘ദേവാണാം പിയ’ എന്ന ചലച്ചിത്രവും അവതരിപ്പിക്കും. 

ഡൽഹിയിലെ അശോക യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത സംഗീതജ്ഞൻ ടി.എം. കൃഷ്ണ നേതൃത്വം നൽകിയ അശോക ചക്രവർത്തിയുടെ ശാസനകളെ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ഈ ഫിലിമിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ മുൽക്കിയാണ്.

നിര്യാതയായി

ശ്രീഷ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നാലുമൂലയിൽ പോക്കുരുപറമ്പിൽ സന്ദീപ് ഭാര്യ ശ്രീഷ (33) നിര്യാതയായി.

വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

കാറളം പഞ്ചായത്തിൽ എസ്.സി. ഭവന പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ 14-ാം വാർഡിൽ 30 എസ്.സി. കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. പ്രിൻസ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാ ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, ജഗജി കായംപുറത്ത്, വാർഡ് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട രൂപതാംഗം റവ. ഫാ. ബെന്നി ചെറുവത്തൂർഅന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) അന്തരിച്ചു.

തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഫാ. ബെന്നി 1968 ഡിസംബർ 25ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി നോർത്ത് ചാലക്കുടിയിൽ ജനിച്ചു. സണ്ണി, റവ. ഫാ. പോൾ ചെറുവത്തൂർ, ജോൺസൺ, ബീന എന്നിവർ സഹോദരങ്ങളാണ്.

ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിങ്ങാലക്കുട, സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെമിനാരിയിലും കോട്ടയം, വടവാതൂർ, സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ഫാ. ബെന്നി മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നുമാണ് വൈദിക പട്ടം സ്വീകരിച്ചത്.

1994 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സൗത്ത് താണിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രൽ, പറപ്പൂക്കര ഫൊറോന, ആളൂർ എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങല്ലൂർ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, പൂവത്തിങ്കൽ എന്നിവിടങ്ങളിൽ വികാരിയായും ഇരിങ്ങാലക്കുട രൂപത സാക്രിസ്റ്റൻ ഫെലോഷിപ്പിന്റെ ഡയറക്ടറായും, ഫാമിലി അപ്പോസ്തലെറ്റ്, ആളൂർ, നവചൈതന്യ എന്നിവയുടെ അസിസ്റ്റൻ്റ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ബെന്നിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ പൂവത്തിങ്കൽ പള്ളിയിൽ
പൊതുദർശനത്തിന് വയ്ക്കും. 5 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് വൈകീട്ട് 7 മണി മുതൽ നോർത്ത് ചാലക്കുടിയിലുള്ള ഫാ. ബെന്നിയുടെ തറവാട് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.
ഉച്ചതിരിഞ്ഞ് 1 മണി മുതൽ നോർത്ത് ചാലക്കുടി, സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതും തുടർന്ന് 2.30നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുകർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂര്‍ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടപ്പുറം രൂപ അധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഓസ്ട്രേലിയ, മെൽബൺ രൂപത മുൻ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.