ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : പത്ത് ലക്ഷം രൂപ തട്ടിയ പ്രതി എറണാകുളത്തു നിന്നും പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ എറണാകുളം കുമ്പളങ്ങിയിൽ നിന്നും അറസ്റ്റ് ചെയ്തു.

ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബി(29)നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്.

വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് www.weex.com എന്ന വെബ്സൈറ്റിൽ ട്രേഡിംഗ് നടത്തിയ രാഗേഷിൽ നിന്ന് ജനുവരി 19നും 21നും ഇടയിൽ പല തവണകളായി 10,01780 രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.

ട്രേഡിങ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോൾ പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസ്സിലായത്.

തുടർന്ന് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്താണ് അന്വേഷണം നടത്തിയത്.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി 10000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ പിടികൂടിയത്.

നസീബിന്റെ ബാങ്ക് അക്കൗണ്ട് മുഖേന രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് അഞ്ച് ലക്ഷത്തി എണ്ണായിരത്തി അറുനൂറ് രൂപയാണ് കൈമാറ്റം ചെയ്തത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎഎസ്ഐ കെ.കെ. പ്രകാശൻ, ജിഎസ്‌സിപിഒ എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

എൽ.ബി.എസ്.എം. സ്കൂളിൽ എൻ.എസ്.എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്. ദിനാചരണം നടത്തി.

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ജീവിതോത്സവം- 21 ദിന ചലഞ്ച്” വേളൂക്കര പഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

“നമ്മൾ നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ…..” എന്നു തുടങ്ങുന്ന തീം സോങ്ങ് പാടി കുട്ടികളും അധ്യാപകരും സ്കൂൾ അധികൃതരും തീർത്ത മനുഷ്യവലയത്തിലായിരുന്നു ചടങ്ങ് നടന്നത്.

ലഹരിക്കെതിരെ കേരള സർക്കാരും, എൻ.എസ്.എസും ചേർന്ന് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളെയും പങ്കാളികളാക്കി 21 ദിവസങ്ങളിലായി വ്യത്യസ്ത ലഹരി വിരുദ്ധ പരിപാടികളാണ് നടത്തുന്നത്.

സ്കൂൾ മാനേജർ എ. അജിത്ത്കുമാർ വാര്യർ, എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സുമിത ടീച്ചർ, സി. രാജലക്ഷ്മി, എസ്. സുധീർ എന്നിവർ പ്രസംഗിച്ചു.

ബസ്സിൽ യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എറിയാട് സ്വദേശി കാരിയക്കാട്ട് വീട്ടിൽ ജിതിൻ (26) എന്നയാളെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ കെ.ജി. സാലിം, ജിഎസ്‌സിപിഒ പി. ഗിൽബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എൻ.എസ്.എസ്. ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ്. ദിനാചരണം സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ജെ.എസ്. വീണ പതാക ഉയർത്തി.

പ്രോഗ്രാം ഓഫീസർ സി.പി. മായാദേവി എൻ.എസ്.എസ്. ദിന സന്ദേശം നൽകി.

ഒന്നാം വർഷ എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ്.എസ്. വൊളൻ്റിയർമാർ ദത്തു ഗ്രാമത്തിലെ വീടുകളിൽ കുടിവെള്ള ഗുണനിലവാര അവബോധം നൽകുകയും ലഘുലേഖ വിതരണം ചെയ്യുകയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു.

ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് നേതൃത്വ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : മിഷൻ 2025ന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എൻ.എസ്. നൗഷാദ് മാസ്റ്റർ ക്ലാസ്സ് നയിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്ട്, വിജയൻ ഇളയേടത്ത്, അഡ്വ. വി.സി. വർഗ്ഗീസ്, പ്രവീൺസ് ഞാറ്റുവെട്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, കെ.എസ്‌.യു. നിയോജകമണ്ഡലം പ്രസിഡൻ്റ് ഫെസ്റ്റിൻ ഔസേപ്പ്, മണ്ഡലം സെക്രട്ടറി സനൽകുമാർ എന്നിവർ പ്രസംഗിച്ചു.

ബോധാനന്ദസ്വാമി സമാധി ദിനാചരണം 25ന്

ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മപരിപാലന യോഗം മുകുന്ദപുരം യൂണിയൻ കാറളം മേഖലയുടെ ആഭിമുഖ്യത്തിൽ ബോധാനന്ദസ്വാമി സമാധി ദിനാചരണവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും സെപ്തംബർ 25ന് സംഘടിപ്പിക്കും.

2.30ന് താണിശ്ശേരി മേപ്പിൾ ഹാളിൽ നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും.

കാറളം മേഖല ചെയർമാൻ സൈലസ് കുമാർ കല്ലട അധ്യക്ഷത വഹിക്കും.

സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും.

കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞവും ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷവും ആരംഭിച്ചു.

ദേവിയുടെ മാഹാത്മ്യവും ചരിത്രവും വർണിക്കുന്ന നവാഹയജ്ഞത്തിന് യജ്ഞാചാര്യൻ അവണൂർ ദേവൻ നമ്പൂതിരിയാണ് നേതൃത്വം നൽകുന്നത്.

ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പുസ്തക പൂജയ്ക്കും വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നതിനും അവസരമൊരുക്കും.

സെപ്തംബർ 21ന് കുമാരി പൂജയും 23ന് സർവൈശ്യര്യ പൂജയും നടന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പൂജയിൽ പങ്കാളികളായി.

പരിപാടികൾക്ക് ക്ഷേത്രം ട്രസ്റ്റി ചിറ്റൂർ ഹരി നമ്പൂതിരിപ്പാട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ് അഖിൽ ചേനങ്ങത്ത്, സെക്രട്ടറി സുബ്രഹ്മണ്യൻ കൈതവളപ്പിൽ, ട്രഷറർ അഡ്വ. പത്മിനി സുധീഷ്, വെളിച്ചപ്പാട് കൃഷ്ണൻ ചരലിയിൽ, ക്ഷേത്രം മേൽശാന്തി സതീശൻ തിരുമേനി എന്നിവർ നേതൃത്വം നൽകി.

ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. ചെട്ടിപ്പറമ്പ് ശാഖയുടെയും കുടുംബക്ഷേമ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് മുഖ്യാതിഥിയായി.

എസ്.എൻ.ബി.എസ്. മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം സന്നിഹിതനായിരുന്നു.

ചടങ്ങിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രൈമറി വിഭാഗം കുട്ടികൾക്കുള്ള കവിത രചന – ചൊല്ലൽ, മൺസൂൺ കാലം മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജാനകി ബിമലിനെ ആദരിച്ചു.

തുടർന്ന് വനിതാ സംഘം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

ഒക്ടോബർ 9ന് സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി പ്രസംഗ – പ്രബന്ധ മത്സരം

ഇരിങ്ങാലക്കുട : 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ (8 മുതൽ 10 വരെ), കോളെജ് (ഹയർ സെക്കൻഡറി, ഡിഗ്രി) വിദ്യാർഥികൾക്കായി (പാരലൽ കോളെജുകൾ ഒഴികെ) പ്രസംഗ – പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കും.

ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് പ്രസംഗ മത്സരവും ഉച്ചക്ക് 2 മണിക്ക് പ്രബന്ധ മത്സരവും ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിന് സമീപമുള്ള മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വെച്ചാണ് നടത്തുക.

വിഷയം സഹകരണവുമായി ബന്ധപ്പെട്ടതായിരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9495548634 എന്ന നമ്പറിൽ ഒക്ടോബർ 4ന് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പങ്കെടുക്കുന്നവർ സ്കൂൾ മേധാവിയുടെ കത്ത് നിർബന്ധമായും കൊണ്ടുവരേണ്ടതാണന്ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റൻ്റ് രജിസ്ട്രാർ അറിയിച്ചു.

പ്രമേഹനിര്‍ണയ – നേത്രപരിശോധന ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : പി.എല്‍. തൊമ്മന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയുമായി സഹകരിച്ച് പി.എല്‍. തൊമ്മന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ സെപ്തംബർ 28ന് പ്രമേഹനിര്‍ണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.എസ്. പ്രദീപ്, ട്രഷറര്‍ ജെയ്‌സന്‍ മൂഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890,9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.