



ഇരിങ്ങാലക്കുട : വയോജനങ്ങൾ ആടിത്തിമിർത്ത് ആഘോഷമാക്കി മുരിയാട് പഞ്ചായത്തിന്റെ വയോമന്ദസ്മിതം സീനേജ് (വയോജന) കലോത്സവം ‘മധുരസ്മൃതി’.
പഞ്ചായത്തിലെ 17 വാർഡുകളിലും വയോക്ലബ്ബുകൾ രൂപീകരിച്ചാണ് സീനേജ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ആനന്ദപുരം എൻ.എസ്.എസ്. ഹാളിൽ വച്ച് നടന്ന മധുരസ്മൃതി സീനേജ് കലോത്സവം നൃത്താധ്യാപകൻ തുമ്പരത്തി സുബ്രഹ്മണ്യന്റെ നൃത്തശില്പത്തോട് കൂടി ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ആരോഗ്യ സമിതി ചെയർമാൻ കെ.യു. വിജയൻ, വാർഡ് തല വയോക്ലബ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, റോസ്മി ജയേഷ്, മണി സജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പാട്ടുപാടിയും നൃത്തം ചെയ്തും കവിത ചൊല്ലിയും പ്രച്ഛന്നവേഷം അവതരിപ്പിച്ചും വയോജനങ്ങൾ വേദി കയ്യടക്കി.

ഭാരതി
ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.
സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

തൃശൂർ : തൃശൂർ – എറണാകുളം റൂട്ടിൽ എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ പേരാമ്പ്ര പെട്രോൾ പമ്പ് കഴിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ ഒരു തടി ലോറി ഓഫ് റോഡ് ആയിട്ടുണ്ട്.
ഹൈവേയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കൊടകര പാലത്തിനടിയിലൂടെ ആളൂർ വഴി മാള ഭാഗത്തേക്ക് സഞ്ചരിച്ചാൽ ബ്ലോക്ക് ഒഴിവായി പോകാവുന്നതാണ്.

ഫ്രാൻസിസ്
ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.
സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഇരിങ്ങാലക്കുട : വാർദ്ധക്യം സ്നേഹിക്കപ്പെടേണ്ടതാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
വയോജന ദിനാചരണത്തോടനുബന്ധിച്ച് ആശാഭവനിൽ നീഡ്‌സ് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്നവർ മറ്റുള്ളവരിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നവരാണ്. അവർക്ക് സ്നേഹവും കരുതലും നൽകാൻ സമൂഹത്തിനും നാടിനും കടമയുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ സോബൽ, എൻ.എ. ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, എം.എൻ. തമ്പാൻ, റോക്കി ആളൂക്കാരൻ, എസ്. ബോസ്‌കുമാർ, കലാഭവൻ നൗഷാദ്, പി.ടി.ആർ. സമദ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ഡ്രൈഡേയോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മുരിയാട് സ്വദേശി പിടിയിൽ.
മുരിയാട് പാലിശ്ശേരി വീട്ടിൽ ജോർജ്ജ് മകൻ ലൈജു (48) എന്നയാളെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പി.എം. ബാബു, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കെ.യു. മഹേഷ്, ഡ്രൈവർ കെ.കെ. സുധീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട : ഠാണാവിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് പ്രദേശത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന ആളെ ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത അൽ അമീൻ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ഇടിച്ചു കയറി.
രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്.
ഇരിങ്ങാലക്കുട മാള റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസ്സാണ് അപകടത്തിൽ പെട്ടത്.
മാളയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വന്നു കൊണ്ടിരുന്ന ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയുന്നു.
പരിക്കേറ്റ ലോട്ടറി വില്പനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സിവിൽ സ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിൽ തീപിടുത്തം. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ പൂർണ്ണമായും അണച്ചു.
രാവിലെ 6.30ഓടെ പുക ഉയരുന്നതായി കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എൻ. സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.ആർ. അരുൺ മോഹൻ, ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ, ഓഫീസർമാരായ കെ.സി. ദിലീപ്, എ.വി. കൃഷ്ണരാജ്, ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ, കെ.എസ്. സജിത്ത് എന്നിവർ ചേർന്നാണ് തീ അണച്ചത്.
കാട്ടുങ്ങച്ചിറ സ്വദേശി സാജിതയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ സ്ഥാപനം പ്രവർത്തിക്കുന്നത്.
സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഐ ബെൽറ്റ് കോയിൽ, ഫാൻ, ടിവി, പ്യൂരിഫയർ ഫിൽട്ടറുകൾ, മെഷീൻ പാർട്സ്, അക്കൗണ്ട് ഡോക്യുമെൻ്റ്സ്, വയറിങ്, ടൈൽസ്, ഭിത്തി എന്നിവ മൊത്തം കത്തി നശിച്ചു.