ലിറ്റിൽ ഫ്ലവർ സ്കൂളിൽ മൾട്ടിപർപ്പസ് ബാസ്ക്കറ്റ് ബോൾ കോർട്ട്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ സ്കൂളിൽ പുതുതായി പണി തീർത്ത മൾട്ടിപർപ്പസ് ഫുട്ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഇൻ്റർനാഷണൽ ബാസ്ക്കറ്റ് ബോൾ താരം ഐറിൻ എൽസ ജോൺ നിർവഹിച്ചു.

രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ വെഞ്ചിരിപ്പ് നടത്തി.

ഇരിങ്ങാലക്കുട ഉദയ പ്രൊവിൻഷ്യൽ സിസ്റ്റർ ധന്യ, ഫാ. ജോയ് പീണിക്കപറമ്പിൽ, പി.ടി.എ. പ്രസിഡന്റ് സിവിൻ കെ. വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എന്നിവർ ആശംസകൾ നേർന്നു.

കായികാധ്യാപിക വീനസ് പോൾ നന്ദി പറഞ്ഞു.

മന്ദാരം കടവ് ശിവരാത്രി പുരസ്കാരം മാങ്ങാറി ശിവദാസന്

ഇരിങ്ങാലക്കുട : ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി പുരസ്കാരം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ച മാങ്ങാറി ശിവദാസന് സമർപ്പിക്കും.

ക്യാഷ് അവാർഡും കീർത്തിമുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഫെബ്രുവരി 26ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ മന്ദാര കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി 2023ൽ ശ്രീശാസ്താ പുരസ്കാരം നൽകി ശിവദാസനെ ആദരിച്ചിട്ടുണ്ട്.

1994ൽ സമിതിയുടെ ജോയിന്റ് സെക്രട്ടറിയായാണ് ശിവദാസൻ ക്ഷേത്ര പ്രവർത്തനങ്ങളിലേക്കെത്തുന്നത്. തുടർന്ന് 1995 മുതൽ 2016 വരെ 22 വർഷം ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായിരുന്നു.

2017 – 2019 വരെ പ്രസിഡന്റായും, 2020 – 22 വരെ ട്രഷററായും പ്രവർത്തിച്ചു. 1995 മുതൽ 2022 വരെ പല ഘട്ടങ്ങളിലായി സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ഏക വ്യക്തിയും ശിവദാസനാണ്.

ആറാട്ടുപുഴ മുല്ലപ്പിള്ളി രാമൻ നായരുടേയും മാങ്ങാറി ഭാർഗ്ഗവി അമ്മയുടേയും മകനായി ജനനം. പഠനത്തിനു ശേഷം ജോലി തേടി കേരളത്തിന് പുറത്തേക്ക് പോയ ശിവദാസൻ താൽക്കാലിക ജോലികൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് & കസ്റ്റംസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ച ശിവദാസൻ 1993ൽ കേരളത്തിലെത്തി. കൊച്ചി, തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

2014ൽ കസ്റ്റംസ് & എക്സൈസ് ഓഫീസിന്റെ തൃശ്ശൂർ ഓഫീസിൽ നിന്നും ഇൻസ്പെക്ടർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തിൽ തന്നെയായിരുന്നു മുഴുനീള സേവനം.

പൂരക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് അദ്ദേഹം ക്ഷേത്രത്തിൽ സേവനം നടത്തിയിരുന്നത്.

കരുവന്നൂർ കുണ്ടൂർ വീട്ടിൽ സീതയാണ് ഭാര്യ.

മക്കൾ : സുഹാസ്, സുജിത്ത്

ജി. അനുസ്മരണവും കവിതാ വിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ 47-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും കവിതാ വിചാരവും നടത്തി.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച സദസ് കവി പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), കെ. എസ്. ഉദയൻ, രാധാകൃഷ്ണൻ വെട്ടത്ത്, കെ.എൻ. സുരേഷ് കുമാർ, പഴുവിൽ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

കെ. ദിനേശ് രാജ, വിജയൻ ചിറ്റേക്കാട്ടിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

തുടർന്ന് ജി.യുടെ കവിതകളുടെയും ജയചന്ദ്രന്റെ ഗാനങ്ങളുടെയും ആലാപനം അരങ്ങേറി.

വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയവില്ലേജ് ഓഫീസർ ചാലക്കുടിയിൽ ട്രെയിൻ തട്ടി മരിച്ചു

ഇരിങ്ങാലക്കുട : റവന്യൂ ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മേലൂർ വില്ലേജ് ഓഫീസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.

പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.

വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേക്കു ട്രെയിനിൽ വിനോദയാത്ര നടത്തി ഇന്നലെ മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്.

ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.

മുൻപ് കൊരട്ടി വില്ലേജ് ഓഫീസിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

മൃതദേഹം താലൂക്ക്
ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്.

ഭാര്യ : സീന

മക്കൾ : ഐശ്വര്യ, ആദർശ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ജലസാക്ഷരത വിദ്യാലയമായി തുമ്പൂർ എ.യു.പി. സ്കൂൾ

ഇരിങ്ങാലക്കുട : ഭാവി തലമുറയെ നീന്തൽ പരിശീലനത്തിലൂടെ സ്വയരക്ഷയ്ക്കും സമൂഹത്തിന്‍റെ രക്ഷയ്ക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി തുമ്പൂർ എ.യു.പി. സ്കൂൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമ്പൂർണ ജലസാക്ഷരത പദ്ധതി.

ഈ അധ്യയന വർഷത്തെ നീന്തൽ പരിശീലനത്തിന്റെ സമാപനവേളയിൽ സമ്പൂർണ ജലസാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബി.പി.സി. ഗോഡ് വിൻ റോഡ്രിഗസ് പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്‌ റോമി ബേബി, ജില്ല പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, റിട്ട. എസ്.പി. ജയരാജ്, മാസ്റ്റേഴ്സ് സ്വിമ്മർ പി.എൻ. അരവിന്ദൻ, വാർഡ് മെമ്പർ മിനി പോളി എന്നിവർ ആശംസകൾ നേർന്നു.

പ്രധാനാധ്യാപിക റീന സ്വാഗതവും പി.ടി.എ. പ്രസിഡന്റ്‌ അസ്‌നത്ത് മഹേഷ് നന്ദിയും പറഞ്ഞു.

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തിവരുന്ന മഷിക്കുളത്തിൽ എം.എസ്. ഹരിലാൽ മൂത്തേടത്ത് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

നാഷണൽ പാരാ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയ റൊണാൾഡയെ അഭിനന്ദിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട : നാഷണൽ പാരാ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയ റൊണാൾഡയെ വീട്ടിലെത്തി മന്ത്രി ഡോ.ആർ.ബിന്ദു പൊന്നാട അണിയിച്ച് ഫലകം നൽകി അഭിനന്ദിച്ചു.

കരുവന്നൂർ പുറത്താട് മനയ്ക്ക കുടിയിൽ കുട്ടപ്പൻ്റെയും ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു. ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡൻ്റ് വാസന്തിയുടെയും മകളാണ് റൊണാൾഡ.

ചടങ്ങിൽ ഏരിയ സെക്രട്ടറി കെ.വി. ഷാജി, സി.പി.എം. കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ. മനുമോഹൻ, ലോക്കൽ കമ്മിറ്റി അംഗം കെ.പി. അനിലൻ, ടി.കെ. ജയാനന്ദൻ, പുറത്താട് ബ്രാഞ്ച് സെക്രട്ടറി എ.എസ്. സജീവൻ, പ്രഭ വലൂപറമ്പിൽ, പൊറത്തിശ്ശേരി മേഖല സെക്രട്ടറി ജിഷ്ണു എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ചന്തക്കുന്ന് – മൂന്നുപീടിക സംസ്ഥാനപാത നവീകരണത്തിന്6.88 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാന പാതയായ പോട്ട – മൂന്നുപീടിക റോഡിൽ ഇരിങ്ങാലക്കുട ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെയുള്ള നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്.

ബി.എം.ബി.സി. നിലവാരത്തിൽ തന്നെയായിരിക്കും റോഡ് പൂർണ്ണമായും നവീകരിക്കുക. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് കമ്പ്യൂട്ടറുകൾ വിതരണം ചെയ്ത് മന്ത്രി

ഇരിങ്ങാലക്കുട : 60 വർഷമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് മന്ത്രി ഡോ. ആർ. ബിന്ദു കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു.

നിയോജകമണ്ഡലം സ്പെഷ്യൽ ഡെവലപ്പ്മെൻ്റ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനോയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അബ്‌ദുറഹിമാൻ വീട്ടിപ്പറമ്പിൽ, കൗൺസിലർ സിജു യോഹന്നാൻ, സൂപ്രണ്ട് ഷബാന ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.

പുത്തൻതോട് അരികു കെട്ടി സംരക്ഷണം : നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ കരുവന്നൂർ പുത്തൻതോടിന്റെ അരികു കെട്ടി സംരക്ഷിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രിയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുത്തൻതോട് അരികു കെട്ടി സംരക്ഷിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അൽഫോൻസ തോമസ്, ടി. കെ. ജയാനന്ദൻ, രാജി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യോദയ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും

ഇരിങ്ങാലക്കുട : വിദ്യോദയ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളിന്റെ 32-ാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജ് സംസ്കൃത വിഭാഗം മേധാവി ഡോ. വിനീത ജയകൃഷ്ണൻ വിശിഷ്ടാതിഥിയായി.

സ്കൂൾ മാനേജർ വി. പി. ആർ. മേനോൻ അക്കാദമിക് എക്സലൻസ് അവാർഡും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ രുഗ്മിണി രാമചന്ദ്രൻ എൻ്റോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.

സീനിയർ അധ്യാപിക സി. പി. ശ്രീദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് സന്തോഷ്കൃപ, മുൻ പി.ടി.എ. പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഹേമ ദിനേശ് സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.