സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട അഞ്ചു കോടിയിലേറെ രൂപ തിരിച്ചുപിടിച്ചു ; സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് പരാതിക്കാർക്ക് നൽകുന്നതിൽ 2025- 2026 വർഷത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി തൃശൂർ റൂറൽ പൊലീസ്.

സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി മൂന്ന് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയോളമാണ് തൃശൂർ റൂറൽ പൊലീസ് തിരികെ പിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് നൽകിയത്.

സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് നഷ്ടപ്പെടുന്ന പണം വേഗത്തിൽ തിരിച്ചുപിടിച്ച് നൽകുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.

2023ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാന തലത്തിൽ 2025- 2026 വർഷത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ റൂറൽ ജില്ലാ പൊലീസ് മൂന്നാം സ്ഥാനത്തുണ്ട്. 2025ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായുള്ള സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസ് നാലാം സ്ഥാനത്തുമുണ്ട്.

പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ മികവിനു പിന്നിൽ.

ഈ നിർണ്ണായക നേട്ടം കൈവരിക്കുന്നതിനായി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പരാതികളിലുമായി നഷ്ടപ്പെട്ട പണത്തിൽ നിന്ന് ആകെ 5,03,61,394 രൂപ തിരിച്ച് പിടിച്ച് പരാതിക്കാർക്ക് നൽകാൻ റൂറൽ പൊലീസിന് സാധിച്ചു. ഇതിൽ 2,11,84,372 രൂപ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പണമാണ്.

സൈബർ തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടാൻ പൊതുജനങ്ങൾ ഒ.ടി.പി., പാസ്‌വേർഡ് വിവരങ്ങൾ പങ്കുവെക്കരുത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. (വൺ ടൈം പാസ്‌വേർഡ്), സി.വി.വി. തുടങ്ങിയ രഹസ്യവിവരങ്ങൾ ഫോൺ വഴിയോ മെയിൽ വഴിയോ ആരുമായും പങ്കുവെക്കാതിരിക്കുക, ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; സമ്മാനങ്ങൾ, ലോട്ടറികൾ, അവിശ്വസനീയമായ ഓഫറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്, ആവശ്യമില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്, ആധികാരികമല്ലാത്ത ആപ്പുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട് എന്നീ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ https://cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി : പൊലീസും ബാങ്കിങ് സംവിധാനങ്ങളും കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ പണം വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, പൊലീസ് – ബാങ്ക് ഏകോപനം ശക്തിപ്പെടുത്താനുള്ള കർശന നടപടികൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ ബാങ്കുകളിലെ മാനേജർമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്നു.

എല്ലാ മാസത്തിലും അവലോകന യോഗങ്ങൾ കൂടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

നിലവിലെ സൈബർ തട്ടിപ്പുകളെ കുറിച്ചും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ഡി സി ആർ ബി ഡിവൈഎസ്പി പി.കെ. സന്തോഷ്കുമാർ, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ജീവനക്കാർക്ക് നിലവിലെ തട്ടിപ്പ് രീതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും സംശയാസ്പദമായ അക്കൗണ്ട് ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാനായി വരുന്നവർ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉണ്ടാക്കി തട്ടിപ്പിലൂടെയുള്ള പണം കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന നടത്തും.

ഒരാൾക്ക് എത്ര അക്കൗണ്ടുകൾ എടുക്കാം, എത്ര തുക പിൻവലിക്കാം, നിക്ഷേപിക്കാം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും അക്കൗണ്ട് എടുത്ത ശേഷം മറ്റൊരാൾക്ക് വിൽക്കുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകി.

നിക്ഷേപിച്ചവർ ഉയർന്ന തുകകൾ പെട്ടെന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ, അവർ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

കെ.വൈ.സി. മാനദണ്ഡങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഒരേ ബ്രാഞ്ചിൽ തട്ടിപ്പിനായി മാത്രം പല അക്കൗണ്ടുകൾ തുറക്കുന്നത് തടയാനും തീരുമാനിച്ചു.

ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, തട്ടിപ്പ് നടന്ന ഉടൻ തന്നെ പണം പിൻവലിക്കുന്നത് തടയാനുമുള്ള നടപടികൾ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായി.

ഇതിനോടൊപ്പം, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശക്തമായ ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചു.

പൊതുജനങ്ങൾ താഴെ പറയുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം:

  1. ഫിഷിംഗ് : ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഒ.ടി.പി., ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേർഡ് എന്നിവ നൽകരുത്.
    1. ലോൺ തട്ടിപ്പുകൾ : കുറഞ്ഞ പലിശയിൽ ലോൺ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് പണം മുൻകൂറായി വാങ്ങുന്ന തട്ടിപ്പുകളിൽ വീഴാതിരിക്കുക.
    2. തൊഴിൽ തട്ടിപ്പുകൾ : മികച്ച ശമ്പളത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം ചെയ്ത്, രജിസ്‌ട്രേഷൻ ഫീസോ, ജോലി നൽകുന്നതിന് മുൻപായി പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കുക.
    3. സമ്മാന/ലോട്ടറി തട്ടിപ്പുകൾ : വിലകൂടിയ സമ്മാനങ്ങൾ, വലിയ ലോട്ടറി തുകകൾ എന്നിവ ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് നികുതി/ ചെറിയ തുക ഫീസായി ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ അകപ്പെടരുത്.
    4. ആൾമാറാട്ടം : ബന്ധുക്കളായോ പരിചയമുള്ളവരായോ നടിച്ച് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ്/ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ലഭിച്ചാൽ, പണം അയക്കുന്നതിന് മുൻപ് അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക.
    5. മ്യൂൾ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് കുറ്റകരം : സ്വന്തം ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇത് സൈബർ തട്ടിപ്പുകൾക്ക് പണം കൈമാറ്റം ചെയ്യപ്പെടാനായി ഉപയോഗിക്കാം.

തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി നൽകുക. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ ഈ അടിയന്തര നടപടികൾക്ക് കഴിയും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.