“പച്ചക്കുട”യ്ക്കു കീഴിൽപൂമംഗലം – പടിയൂർസമഗ്ര കോൾ കൃഷിവികസന പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : പച്ചക്കുട സമഗ്ര കാർഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

കാർഷിക പ്രധാന മണ്ഡലമായ ഇരിങ്ങാലക്കുടയിൽ തരിശു കിടക്കുന്ന കൃഷിഭൂമിയിലെല്ലാം അടിസ്ഥാന സൗകര്യങ്ങളോടെ കൃഷി ഉറപ്പാക്കാൻ നമുക്ക് സാധിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

‘പച്ചക്കുട’ പദ്ധതിയുടെ ഭാഗമായി നാം ഏറ്റെടുത്ത പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി ഇക്കാര്യത്തിൽ മാതൃകയായി ഉയർന്നുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പടിയൂർ- പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി. പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്.പി. പമ്പ് സെറ്റ്, പതിനൊന്നാം ചാൽ മേഖലയിൽ അഞ്ച് എച്ച്.പി. മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി. കം സ്ലൂയിസ് ട്രാൻസ്‌ഫോർമർ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രപദ്ധതിയാണ് ഇതെന്നും മന്ത്രി ബിന്ദു വിശദമാക്കി.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’യിൽ ഉൾപ്പെടുത്തി 3 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പൂമംഗലം പടിയൂർ കോൾ വികസന പദ്ധതി.

പൂമംഗലം- പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്‌തൃതി വരുന്ന പൂമംഗലം- പടിയൂർ കോൾ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.

ഇതേ മാതൃകയിൽ 3 കോടി രൂപ ചിലവിൽ ആരംഭിക്കുന്ന വെള്ളാനി പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

കൃഷി ഓഫീസർ സി.എം. റുബീന പദ്ധതി വിശദീകരിച്ചു.

വെള്ളാങ്ങല്ലൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഗി ഗിരീഷ്, ഈശ്വരി ജയൻ, കെ.വി. ഹജീബ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 26.58 കോടി രൂപ അനുവദിച്ചു : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപോസലിന് ക്യാബിനറ്റ് അംഗീകാരമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള പ്രൊപ്പോസലിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം, ഷൂട്ടിങ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമ്മാണം, ആംഫി തിയേറ്റർ നിർമ്മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവ ഉൾപ്പെടുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.