മുൻ വൈരാഗ്യത്തിന്റെ പേരിൽ 16 വയസ്സുകാരനെ ആക്രമിച്ച 2 പേ‍ർ പിടിയിൽ

ഇരിങ്ങാലക്കുട : മുരിയാട് സ്വദേശിയായ 16 വയസ്സുകാരനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരെ ആളൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു.

ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി 3 വധശ്രമകേസുകളും അടിപിടികേസും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്. 2024ൽ കാപ്പ പ്രകാരം 6 മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

ആളൂ‍ർ സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്, പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർമാരായ സുനന്ദ്, സമീഷ്, സിവിൽ പൊലീസ് ഓഫീസ‍ർമാരായ ജിജേഷ്, ശ്രീജിത്ത്‌, ആഷിക്ക്, അരുൺ, വിശാഖ്, സിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

“വീട്ടിലെ ലൈബ്രറി”യിൽ വിദ്യാർഥികൾക്ക് കാലിഗ്രാഫി ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൈയ്യക്ഷരം മനോഹരമാക്കാനും
ശ്രദ്ധ കേന്ദ്രീകരിക്കാനും
അക്ഷര വൈകല്യം മാറാനും
കലാബോധം വളർത്തിയെടുക്കാനും
കാലിഗ്രാഫിയിലൂടെ സഹായിക്കും എന്നത് മുൻനിർത്തി കാറളം
“വീട്ടിലെ ലൈബ്രറി”യിൽ സൗജന്യ കാലിഗ്രാഫി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് കലാമണ്ഡലം മുകുന്ദരാജാ അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.

പി.വി. പ്രവീൺ ക്ലാസ് നയിച്ചു.

ജയചന്ദ്രൻ വെങ്കിടങ്ങ് നേതൃത്വം നൽകി.

എൽ.പി., യുപി. വിഭാഗത്തിൽ നിന്നായി നാൽപ്പതോളം കുട്ടികൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് വീട്ടിലെ ലൈബ്രറിയുടെ സർട്ടിഫിക്കറ്റ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു വിതരണം ചെയ്തു.

ഇനിയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും തുടർ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്നും കുട്ടികൾ പറഞ്ഞു.

വായനക്കാരെയും, എഴുത്തുകാരെയും വിദ്യാർഥികളെയും ചേർത്തു നിർത്തുന്ന വീട്ടിലെ ലൈബ്രറിയുടെ വ്യത്യസ്ഥമായ ആശയങ്ങളുമായി ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും എല്ലാവരുടെയും സഹകരണങ്ങൾ തുടർന്നും വേണമെന്നും റഷീദ് കാറളം പറഞ്ഞു.

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാരിന്റെ ഇ-ആധാർ ആപ്പ് ഉടൻ

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്.

ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ ഈ ആപ്ലിക്കേഷൻ വാഗ്‌ദാനം ചെയ്യുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഈ വർഷം അവസാനത്തോടെ ഈ ആപ്പ് ലോഞ്ച് ചെയ്യും.

ഉപയോക്താക്കൾക്ക് അവരുടെ പേര്, താമസ വിലാസം, ജനനത്തീയതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനായാണ് പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.

എൻറോൾമെന്‍റ് സെന്‍ററുകളിലേക്ക് നേരിട്ടുള്ള സന്ദർശനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഡിജിറ്റൽ പരിഹാരം ലക്ഷ്യമിടുന്നത്. ഫേസ് ഐഡി സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിക്കുന്നതിലൂടെ, ആപ്പ് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകും.

നവംബർ മുതൽ, വിരലടയാളം, ഐറിസ് സ്‌കാനിംഗ് എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് പ്രാമാണീകരണത്തിനായി മാത്രം ആധാർ ഉപയോക്താക്കൾക്ക് എൻറോൾമെന്‍റ് സെന്‍ററുകളിൽ പോയാൽ മതിയാകും. ഈ പുതിയ ആപ്ലിക്കേഷൻ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി എന്നിവയുൾപ്പെടെ മറ്റ് പ്രധാന വിവരങ്ങൾ അവരുടെ വീടുകളിൽ നിന്ന് തന്നെ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കും. അപ്‌ഡേറ്റ് പ്രക്രിയ ലളിതമാക്കുക, വിപുലമായ പേപ്പർവർക്കുകളുടെ ആവശ്യകത ഇല്ലാതാക്കുക, ഐഡന്‍റിറ്റി തട്ടിപ്പ് അപകടസാധ്യതകൾ കുറയ്ക്കുക, മുഴുവൻ നടപടിക്രമങ്ങളും വേഗത്തിലാക്കുക, ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുക എന്നിവയാണ് യുഐഡിഎഐയുടെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

ഈ സവിശേഷതകൾക്ക് പുറമേ, സർക്കാർ സ്രോതസ്സുകളിൽ നിന്ന് ഉപഭോക്തൃ ഡാറ്റ ലഭ്യമാക്കാനും UIDAI പദ്ധതിയിടുന്നു. ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പൊതുവിതരണ സംവിധാനത്തിൽ (PDS) നിന്നുള്ള റേഷൻ കാർഡുകൾ, MNREGA പദ്ധതിയിൽ നിന്നുള്ള രേഖകൾ തുടങ്ങിയ രേഖകൾ ഇതിൽ ഉൾപ്പെടും. കൂടാതെ, വിലാസ പരിശോധന കൂടുതൽ സുഗമമാക്കുന്നതിന് വൈദ്യുതി ബിൽ വിശദാംശങ്ങളും ഉൾപ്പെടുത്തിയേക്കാം.

ആധാർ ഒതന്‍റിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ആധാർ ഗുഡ് ഗവേണൻസ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും വർധിപ്പിക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപേക്ഷകളുടെ സമർപ്പണവും ക്ലിയറൻസും ലളിതമാക്കുന്നതിലൂടെ, ആധാർ സിസ്റ്റത്തിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കാനും പോർട്ടൽ പ്രതീക്ഷിക്കുന്നു.

എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ…

സംസ്ഥാനത്ത് എല്ലാ വാഹനങ്ങൾക്കും അടുത്ത ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും.

ഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലിൽപ്പെട്ട കമ്പനികളിൽ നിന്നാകും ടെൻഡർ വിളിക്കുക.

2004ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. 2019 മാർച്ച് 31ന് നിയമം കർശനമാക്കി.അതിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയ ക്രമം തീരുമാനിച്ചു . എന്നാൽ, പിന്നീട് പ്രശ്നം കോടതി കയറി കുഴഞ്ഞത് ഇങ്ങനെ.

സംസ്ഥാനത്തു നമ്പർപ്ലേറ്റ് നിർമ്മിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജു തീരുമാനമെടുത്തു.

യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മീഷണർ ടെൻഡർ വിളിച്ചു.

കെ.ബി.ഗണേശ്കുമാർ മന്ത്രിയായതോടെ ഇതൊഴിവാക്കി ആഗോള ടെൻഡർ വിളിക്കാൻ തീരുമാനിച്ചു.

സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം അതിന് കഴിയില്ലെന്ന് ഗതാഗത കമ്മീഷണറായിരുന്ന എസ്.ശ്രീജിത്ത് .

കേന്ദ്ര പാനലിൽപ്പെട്ട കമ്പനികൾ ഇതിനെതിരെ നൽകിയ കേസിലാണ് വിധി

ഫീസ് ആയിരം

അതിസുരക്ഷാ നമ്പർപ്ലേറ്റ് ഏർപ്പെടുത്താൻ കേന്ദ്രം 2018ൽ തീരുമാനിക്കുമ്പോൾ ഇരുചക്ര വാഹനത്തിന് 425–470 രൂപ, കാർ 600–750 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് . പുതിയ ടെൻഡറിൽ ഫീസ് 1000 രൂപ വരെയാകും.

നിര്യാതയായി

സിസ്റ്റർ ആനി മാഗ്ദെലിൻ

ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം കരുവന്നൂർ സെൻ്റ് ജോസഫ് കോൺമെൻ്റ് സെമിത്തേരിയിൽ തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക്.

വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവുംവിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠൻ :അഡ്വ കെ ജി അനിൽകുമാർ

ഇരിങ്ങാലക്കുട : വിട പറഞ്ഞ മാർ ജേക്കബ് തൂങ്കുഴി ലാളിത്യവും വിനയവും കരുത്താക്കിയ ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡിയും ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറുമായ അഡ്വ. കെ. ജി അനിൽ കുമാർ പറഞ്ഞു.

സൗമ്യതയും ശാന്തതയും അടിയുറച്ച വിശ്വാസം കൊണ്ടും ഏവരുടെയും ഹൃദയത്തിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്. ആത്മീയ അജപാലന ദൗത്യത്തിൽ ആഴത്തിലുള്ള വിശ്വാസം കൊണ്ടും ത്യാഗ നിർഭരമായ പ്രവർത്തന ശൈലി കൊണ്ടും മനുഷ്യ ഹൃദയത്തിൽ അണയാത്ത ദീപമായി പിതാവ് എന്നെന്നും നിലനിൽക്കുമെന്നും, വ്യക്തിപരമായി വളരെ അടുത്തറിഞ്ഞ സ്നേഹപിതാവിനെയാണ് നഷ്ടപ്പെട്ടത് എന്നും അനിൽകുമാർ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം : എ ഐ ടി യു സി

ഇരിങ്ങാലക്കുട : തൊഴിൽ ദിനങ്ങളും ബഡ്ജറ്റ് വിഹിതവും വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെയ്ക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെ ലഘുകരിക്കുന്ന ബൃഹദ്പദ്ധതിയെ അട്ടിമറിക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കണ്ണോളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി. കെ. സുധീഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി എൻ. കെ. ഉദയ പ്രകാശ്, എ. ഐ. ടി. യു. സി. മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ, കെ എസ്. പ്രസാദ്, റഷീദ് കാറളം, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മോഹനൻ വലിയാട്ടിൽ (പ്രസിഡന്റ്),വി. ആർ. രമേഷ് (സെക്രട്ടറി), വർദ്ധനൻ പുളിക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കാരുകുളങ്ങരയിൽ ശ്രീനാരായണ ഗുരുവിൻ്റെസമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു.

ഗുരുപൂജ, പ്രാർത്ഥന എന്നിവയ്ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.

കെ.ബി. സുരേഷ്, ശാഖാ സെക്രട്ടറി ശ്രീധരൻ തൈവളപ്പിൽ, പ്രസിഡൻ്റ് രഞ്ജിത്ത് രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് മുകേഷ് പൂവ്വത്തുംകടവിൽ എന്നിവർ നേതൃത്വം നൽകി.