ഇരിങ്ങാലക്കുടയിൽ സർഗോത്സവം “വൈഖരി”ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു മായി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഉപജില്ലാ സർഗോത്സവം “വൈഖരി”ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട ബി.ആർ.സി., ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന സർഗോത്സവം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

എച്ച്.എം. ഫോറം കൺവീനർ ലത അധ്യക്ഷത വഹിച്ചു.

സ്റ്റാർ സിംഗർ ഫെയിം നൗഷാദ് വിശിഷ്ടാതിഥിയായി.

ബിപിസി കെ.ആർ. സത്യപാലൻ, വികസന സമിതി കൺവീനർ ഡോ. രാജേഷ്, ജി.എൽ.പി.എസ്. ഹെഡ്മിസ്ട്രസ്സ് പി.ബി. അസീന, ജി.ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ്സ് സുഷ, വിദ്യാരംഗം ജില്ലാ പ്രതിനിധി ശ്രീലത എന്നിവർ ആശംസകൾ നേർന്നു.

വിദ്യാരംഗം കോർഡിനേറ്റർ എൻ.എസ്. സുനിത സ്വാഗതവും അസിസ്റ്റൻ്റ് കോർഡിനേറ്റർ ബിന്ദു ജി. കുട്ടി നന്ദിയും പറഞ്ഞു.

ഗ്രാമീണ വായനശാല ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഭാവി കലാസമിതിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ഗ്രാമീണ വായനശാല ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡൻ്റ് പി.ആർ. വിജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇൻ്റർനാഷണൽ ചെസ്സ് ആർബിറ്റർ എം. പീറ്റർ ജോസഫിനെ ഉപഹാരം നൽകി ആദരിച്ചു.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, വാർഡ് മെമ്പർ ടി.എ. സന്തോഷ്, അരുൺ ഗാന്ധിഗ്രാം, എ.വി. വിൻസെൻ്റ്, രാധാകൃഷ്ണൻ വെട്ടത്ത്, സിസ്റ്റർ റോസ് ആന്റോ, വൈസ് പ്രസിഡൻ്റ് ഷീബ ദിനേശ്, സെക്രട്ടറി മവിൻ മോഹൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുമരഞ്ചിറ അമ്മ, കണ്ണകി വീരനാട്യം, രുദ്ര, ശിവപാർവതി എന്നീ സംഘങ്ങളുടെ കൈകൊട്ടിക്കളി അരങ്ങേറി.

വിദ്യാലയങ്ങളിൽ സാനിറ്റേഷൻ കോംപ്ലക്സിനായി 45 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും സാനിറ്റേഷൻ കോംപ്ലക്സുകൾ നിർമ്മിക്കുന്നതിനായി പഞ്ചായത്ത് 45 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചു.

തുവൻകാട് യു.എം.എൽ.പി. സ്കൂൾ, പുല്ലൂർ എസ്.എൻ.ബി.എസ്.എൽ.പി. സ്കൂൾ, ആനന്ദപുരം ഗവ. യു.പി. സ്കൂൾ, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, മുരിയാട് എ.യു.പി. സ്കൂൾ എന്നിവിടങ്ങളിലാണ് സാനിറ്റേഷൻ കോംപ്ലക്സുകൾ നിർമ്മിക്കുന്നത്.

അഞ്ചിടങ്ങളിലും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

പഞ്ചായത്ത്, ശുചിത്വ മിഷൻ, സ്കൂൾ വിഹിതം എന്നിവ സംയോജിപ്പിച്ച് കൊണ്ടാണ് പദ്ധതിക്കുള്ള ധനസമാഹരണം നടത്തിയിരിക്കുന്നത്.

നിർമ്മാണം പൂർത്തീകരിച്ച മൂന്ന് വിദ്യാലയങ്ങളിലെ സാനിറ്റേഷൻ കോംപ്ലക്സുകൾ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിദ്യാലയങ്ങൾക്ക് സമർപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എം.പി.ടി.എ. പ്രസിഡൻ്റും പഞ്ചായത്തംഗവുമായ നിജി വത്സൻ അധ്യക്ഷത വഹിച്ചു.

മാനേജർ വാസു, ഹെഡ്മാസ്റ്റർ അനിൽകുമാർ, പ്രിൻസിപ്പൽ ലിയോ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് എന്നിവർ പ്രസംഗിച്ചു.

തുറവൻക്കാട് യു.എം.എൽ.പി. സ്കൂളിൽ വാർഡംഗം റോസ്മി ജയേഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം തോമസ് തൊകലത്ത്, ഹെഡ്മിസ്ട്രസ് സി. ജെർമിയ, മാനേജർ സി. ലെസ്ലി, പി.ടി.എ. പ്രസിഡൻ്റ് ലിജോ മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.

പുല്ലൂർ എസ്.എൻ.ബി.എസ്. എൽ.പി. സ്കൂളിൽ വാർഡംഗം നിഖിത അനൂപ് അധ്യക്ഷത വഹിച്ചു.

മാനേജർ രാമാനന്ദൻ ചെറാക്കുളം, ഹെഡ്മിസ്ട്രസ്സ് മിനി, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ എന്നിവർ പ്രസംഗിച്ചു.

അദ്ധ്യാപക നിയമന കാര്യത്തിൽ മന്ത്രിയുടെ സമീപനം ക്രൂരം : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മാനേജ്മെൻ്റുകൾക്കെതിരെ, പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെൻ്റുകൾക്കെതിരെ വകുപ്പു മന്ത്രി ശിവൻകുട്ടിയുടെ സമീപനം അത്യന്തം ധിക്കാരപരവും ക്രൂരവുമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ
അഡ്വ തോമസ് ഉണ്ണിയാടൻ.

അദ്ധ്യാപന നിയമനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകൾ സ്വീകരിച്ച നടപടികളും, മാനേജ്മെന്റുകൾ കോടതിയേയും സർക്കാരിനേയും സമീപിച്ചതും, മാനേജ്മെന്റുകളുടെ അപേക്ഷകളിൽ നാലു മാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് കോടതി നിർദ്ദേശത്തിന്റെ കാലാവധി തീരാറായിട്ടും സർക്കാർ ഇതിന്മേൽ തീരുമാനമെടുക്കാത്തതും, ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് മാനേജ്മെന്റുകൾ സ്വീകരിച്ചിട്ടുള്ള നല്ല സമീപനത്തേയും ക്രൈസ്തവ സഭയുടെ സംസ്കാര സമീപനത്തേയും ബോധപൂർവ്വം തമസ്ക്കരിച്ചു കൊണ്ടാണ് മന്ത്രി അനാവശ്യ കുറ്റപ്പെടുത്തലുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

2018 മുതൽ ഭിന്നശേഷി നിയമന ഉത്തരവിൽ കുടുക്കി 16,000 ത്തിൽ അധികം അദ്ധ്യാപകർ നിയമന അംഗീകാരം ലഭിക്കാതെ വേദനിക്കുമ്പോൾ, വേദന പരിഹരിച്ചു കൊടുക്കാതെ മുറിവിൽ മുളക് പുരട്ടുന്നതു പോലെയാണ് സർക്കാർ സമീപനം.

എയ്ഡഡ് മേഖലയിലെ ഇത്തരത്തിലുള്ള അദ്ധ്യാപകർ അനുഭവിക്കുന്ന വേദനയെ കുറിച്ച് മന്ത്രി വേണ്ട രീതിയിൽ പഠിച്ചിട്ടില്ല എന്നു വേണം കരുതാൻ. വർഷങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ ദുരിതത്തിലായത് സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. നീതിപൂർവ്വമായ അവകാശം അദ്ധ്യാപകർക്ക് നിഷേധിക്കരുത്. ക്രൈസ്തവ മാനേജ്മെൻ്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിൽ “ജാതിയും മതവും നോക്കി വിരട്ടാൻ നോക്കണ്ട” എന്നുള്ള പ്രസ്താവന അല്പമെങ്കിലും സംസ്കാരം അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രി പിൻവലിക്കണം എന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ഖജനാവിൽ പണമില്ലാതാക്കിയതു മൂലം ശമ്പളം കൊടുക്കാൻ സാധ്യമല്ലാത്തതു കൊണ്ടാണ് നിയമനം അംഗീകരിക്കാത്തതെന്ന് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. ഇടതു മുന്നണി സർക്കാരുകളുടെ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അദ്ധ്യാപക നിയമനങ്ങളിൽ സ്വീകരിച്ച മാതൃകാപരമായ നടപടികൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ വ്യക്തമാക്കി.

കെ.എസ്.ഇ. ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ഇ. ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം കമ്പനി ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു.

ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു.

ഓഹരി ഉടമകളുടെ ചോദ്യങ്ങൾക്ക് മാനേജിംഗ് ഡയറക്ടറായ എം.പി. ജാക്സണും എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസും മറുപടി നൽകി.

കമ്പനിയുടെ ഭരണപരമായ സുപ്രധാന പ്രമേയങ്ങൾ ഓഹരി ഉടമകൾ അംഗീകരിച്ചു.

ഡോണി അക്കരക്കാരൻ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായി നിയമിതനായി.

കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ സംഭാവനകൾ കൂടുതൽ സഹായകരമാകും എന്ന് ബോർഡ് അറിയിച്ചു.

നിര്യാതനായി

സന്തോഷ്

ഇരിങ്ങാലക്കുട : എടക്കുളം കാരയിൽ വീട്ടിൽ പരേതനായ കുട്ടൻ മകൻ സന്തോഷ് (49) നിര്യാതനായി.

സംസ്കാരം നാളെ (ഒക്ടോബർ 4) ശനിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

അമ്മ : രമണി

ഭാര്യ : സരിത

മക്കൾ : മാധവ് കൃഷ്ണ, രോഹിത് കൃഷ്ണ

“കാൻസർ മുക്ത ഇരിങ്ങാലക്കുട നഗരസഭ” ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട സേവാഭാരതി

ഇരിങ്ങാലക്കുട : “കാൻസർ മുക്ത ഇരിങ്ങാലക്കുട നഗരസഭ” എന്ന മഹത്തായ ലക്ഷ്യവുമായി സേവാഭാരതി രംഗത്തിറങ്ങുകയാണെന്ന് പ്രസിഡൻ്റ് നളിൻ ബാബു എസ് മേനോനും, സെക്രട്ടറി സായിറാമും പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇതിനായി നഗരസഭയിലെ 41 വാർഡുകളിലും തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിൻ്റെ സഹായത്തോടെ കാൻസർ നിർണ്ണയ ക്യാമ്പുകൾ നടത്തും. ഇതിൻ്റെ ഉൽഘാടനവും, സൗത്ത്
ഇന്ത്യൻ ബാങ്ക് സേവാഭാരതിക്ക് അനുവദിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫും ഒക്ടോബർ 5ന് (ഞായറാഴ്ച്ച) വൈകീട്ട് 4 മണിക്ക് നഗരസഭാ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കും.

ആർ സി സിയിലെ ഇരിങ്ങാലക്കുട സ്വദേശിയായ ഡോ കെ ആർ രാജീവ്, ആറായിരത്തിൽ പരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ കോലങ്കണ്ണി, കഴിഞ്ഞ 18 വർഷമായി സേവാഭാരതിയുടെ അന്നദാനത്തിന് നേതൃത്വം നൽകുന്ന രാമേട്ടൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

സേവാഭാരതി ട്രഷറർ ഐ രവീന്ദ്രൻ, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതയായി

കുമാരി

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ചെന്തുരുത്തി പരേതനായ ദാമോദരൻ്റെ ഭാര്യ കുമാരി (87) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കള്‍: ഗിരിജന്‍, ഗിരിജ

മരുമകൻ : സോമശേഖരൻ

നിര്യാതയായി

ശാരദ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പ് കൂവക്കാട്ടില്‍ പരേതനായ വാസുവിൻ്റെ ഭാര്യ
ശാരദ (78) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കള്‍ : സന്തോഷ്‌, സുജാത, സുപ്രഭ, സുനിത

ഗാന്ധിജയന്തി ദിനം ആചരിച്ച് നീഡ്സ്

ഇരിങ്ങാലക്കുട ‘: നീഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി.

ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി റസ്റ്റ് ഹൗസ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയോട് ചേർന്നുള്ള ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.

ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി പ്രഭാഷണവും വിവിധ സാംസ്കാരിക ചടങ്ങുകളും നടന്നു.

നീഡ്‌സ് വൈസ് പ്രസിഡന്റ് പ്രൊഫ ആർ ജയറാം അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ഗുലാം മുഹമ്മദ്, എം. എൻ. തമ്പാൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജോൺ ഗ്രേഷ്യസ്, ഇ.പി.സഹദേവൻ, പി.ആർ.സ്റ്റാൻലി, റിനാസ് താണിക്കപ്പറമ്പൻ, ഷൗക്കത്ത്, ഷെയ്ഖ് ദാവൂദ്, പി.കെ.ജോൺസൺ, റോക്കി ആളൂക്കാരൻ, ഡോ എ എൻ ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.