വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : സിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു.

നടവരമ്പ് കോളനിപ്പടിയിൽ നടന്ന സമാപന പൊതുയോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.

സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഉചിത സുരേഷ്, ഗാവരോഷ്, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ നേതൃശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ സമിതിയുടെ നേതൃശില്പശാല ഇരിങ്ങാലക്കുട നമോഭവനിൽ വച്ച് സംഘടിപ്പിച്ചു.

മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ സി. നായർ ഉദ്ഘാടനം ചെയ്തു.

സൗത്ത് ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയും സംസ്ഥാനപ്രഭാരിയുമായ തുഷാര ഷിബു ആശംസകൾ നേർന്നു.

ബിജെപി ജില്ലാ സെക്രട്ടറി രിമ പ്രകാശ് വിഷയാവതരണം നടത്തി.

യോഗത്തിൽ സൗത്ത് ജില്ലയിലെ 8 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടിയുടെയും മഹിളാമോർച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.

സിപിഎം, കോൺഗ്രസ്സ് എന്നീ പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വന്ന മഹിളകളെ സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ജില്ലാതല ഔട്ട് റീച്ച് ഉദ്ഘാടനവും ശ്രീജ സി. നായർ നിർവഹിച്ചു.

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും ജനറൽ സെക്രട്ടറി സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ ആദരിച്ച് ജില്ലാ പൊലീസ് മേധാവി

ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ വെച്ച് ആദരിച്ചു.

റൂറൽ ജില്ലയിലെ കൊരട്ടി ലിറ്റിൽ ഫ്ളവർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ് അഥീന.

ബി. കൃഷ്ണകുമാർ അഥീനയെ അഭിനന്ദിക്കുകയും, ഭാവിയിലും രാജ്യത്തിന് അഭിമാനമായി കൂടുതൽ നേട്ടങ്ങൾ നേടാൻ ആശംസിക്കുകയും ചെയ്തു.

ഏഷ്യൻ കപ്പ് ബാസ്‌കറ്റ്‌ബോൾ (അണ്ടർ 16 വനിത ‘ബി’ ഡിവിഷൻ) ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് അഥീന മറിയം ജോൺസൺ.

നെടുംകുന്നം പതാലിൽ ജോൺസൺ തോമസിന്റെയും അനു ജോൺസന്റെയും മകളാണ് അഥീന. ബാസ്‌കറ്റ്‌ബോൾ പാരമ്പര്യം പിന്തുടർന്നാണ് അഥീന ഈ നേട്ടം കൈവരിച്ചത്.

പിതാവ് ജോൺസൺ തോമസ് കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ബാസ്‌കറ്റ്‌ബോൾ പരിശീലകനാണ്. അമ്മ അനു ജോൺസൺ തൃശൂർ സെന്റ് മേരീസ് കോളെജിലെ കായികാധ്യാപികയും മുൻ ബാസ്‌കറ്റ്‌ബോൾ താരവുമാണ്.

കഴിഞ്ഞ ഏപ്രിലിൽ പോണ്ടിച്ചേരിയിൽ നടന്ന ദേശീയ വനിതാ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത അഥീന ഉൾപ്പെടുന്ന കേരള ടീമിന്റെ കോച്ച് ജോൺസണും മാനേജർ അനുവുമായിരുന്നു.

ആമി അന്ന ജോൺസണും അഗത റോസ് ജോൺസണുമാണ് അഥീനയുടെ സഹോദരങ്ങൾ.

കായികം യുവതലമുറയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതോടൊപ്പം ആത്മവിശ്വാസം, ടീം സ്പിരിറ്റ്, ജീവിതമൂല്യങ്ങൾ തുടങ്ങിയവ വളർത്തുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു.

ഇ-ചെലാന്‍ അദാലത്ത് 8ന് കൊടുങ്ങല്ലൂരിൽ

ഇരിങ്ങാലക്കുട : പൊലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ – ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബർ 8ന് കൊടുങ്ങല്ലൂർ കൺട്രോൾ റൂമിൽ വെച്ച് ഇ- ചെലാന്‍ അദാലത്ത് സംഘടിപ്പിക്കും.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി റൂറൽ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

അദാലത്തില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി അടക്കാവുന്നതാണ്.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8848960139, 9633596706, 0480 2800622 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി : പൊലീസും ബാങ്കിങ് സംവിധാനങ്ങളും കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ പണം വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, പൊലീസ് – ബാങ്ക് ഏകോപനം ശക്തിപ്പെടുത്താനുള്ള കർശന നടപടികൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ ബാങ്കുകളിലെ മാനേജർമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്നു.

എല്ലാ മാസത്തിലും അവലോകന യോഗങ്ങൾ കൂടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

നിലവിലെ സൈബർ തട്ടിപ്പുകളെ കുറിച്ചും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ഡി സി ആർ ബി ഡിവൈഎസ്പി പി.കെ. സന്തോഷ്കുമാർ, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ജീവനക്കാർക്ക് നിലവിലെ തട്ടിപ്പ് രീതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും സംശയാസ്പദമായ അക്കൗണ്ട് ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാനായി വരുന്നവർ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉണ്ടാക്കി തട്ടിപ്പിലൂടെയുള്ള പണം കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന നടത്തും.

ഒരാൾക്ക് എത്ര അക്കൗണ്ടുകൾ എടുക്കാം, എത്ര തുക പിൻവലിക്കാം, നിക്ഷേപിക്കാം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും അക്കൗണ്ട് എടുത്ത ശേഷം മറ്റൊരാൾക്ക് വിൽക്കുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകി.

നിക്ഷേപിച്ചവർ ഉയർന്ന തുകകൾ പെട്ടെന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ, അവർ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

കെ.വൈ.സി. മാനദണ്ഡങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഒരേ ബ്രാഞ്ചിൽ തട്ടിപ്പിനായി മാത്രം പല അക്കൗണ്ടുകൾ തുറക്കുന്നത് തടയാനും തീരുമാനിച്ചു.

ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, തട്ടിപ്പ് നടന്ന ഉടൻ തന്നെ പണം പിൻവലിക്കുന്നത് തടയാനുമുള്ള നടപടികൾ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായി.

ഇതിനോടൊപ്പം, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശക്തമായ ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചു.

പൊതുജനങ്ങൾ താഴെ പറയുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം:

  1. ഫിഷിംഗ് : ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഒ.ടി.പി., ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേർഡ് എന്നിവ നൽകരുത്.
    1. ലോൺ തട്ടിപ്പുകൾ : കുറഞ്ഞ പലിശയിൽ ലോൺ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് പണം മുൻകൂറായി വാങ്ങുന്ന തട്ടിപ്പുകളിൽ വീഴാതിരിക്കുക.
    2. തൊഴിൽ തട്ടിപ്പുകൾ : മികച്ച ശമ്പളത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം ചെയ്ത്, രജിസ്‌ട്രേഷൻ ഫീസോ, ജോലി നൽകുന്നതിന് മുൻപായി പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കുക.
    3. സമ്മാന/ലോട്ടറി തട്ടിപ്പുകൾ : വിലകൂടിയ സമ്മാനങ്ങൾ, വലിയ ലോട്ടറി തുകകൾ എന്നിവ ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് നികുതി/ ചെറിയ തുക ഫീസായി ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ അകപ്പെടരുത്.
    4. ആൾമാറാട്ടം : ബന്ധുക്കളായോ പരിചയമുള്ളവരായോ നടിച്ച് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ്/ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ലഭിച്ചാൽ, പണം അയക്കുന്നതിന് മുൻപ് അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക.
    5. മ്യൂൾ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് കുറ്റകരം : സ്വന്തം ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇത് സൈബർ തട്ടിപ്പുകൾക്ക് പണം കൈമാറ്റം ചെയ്യപ്പെടാനായി ഉപയോഗിക്കാം.

തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി നൽകുക. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ ഈ അടിയന്തര നടപടികൾക്ക് കഴിയും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിര്യാതനായി

സുനിൽകുമാർ

ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ നാരായണൻകുട്ടി മകൻ സുനിൽകുമാർ (59) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഒക്ടോബർ 5) ഉച്ചയ്ക്ക് 12 മണിക്ക് തറവാട്ടു വളപ്പിൽ.

കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു

ഇരിങ്ങാലക്കുട : രണ്ട് ദിവസങ്ങളായി നടന്ന കൂടൽമാണിക്യം മ്യൂസിയം ആൻഡ്
ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്രക്വിസ് എന്നീ പരിപാടികളുടെ സമാപന സമ്മേളനം ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

നമ്പൂതിരീസ് ബി.എഡ്. കോളെജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ
സർട്ടിഫിക്കറ്റകൾ വിതരണം ചെയ്തു.

ചരിത്രക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലക്കുടി
പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളെജ് വിദ്യാർഥികളായ എൻ.ബി. ലക്ഷ്മി, ടി.എസ്. നിമിഷ എന്നിവർ 11111 രൂപയുടെ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സി.ജി. ആദിലക്ഷ്മി, എൻ.എ. ജാനിഷ എന്നിവർ 5555 രൂപയുടെ ക്യാഷ് അവാർഡും, മൂന്നാം സമ്മാനം നേടിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയിൽ ഗവ. കോളെജിലെ എം.ആർ. ശ്രീരാഗ്, യു.കെ. സ്റ്റെനിയ എന്നിവർ 3333 രൂപയുടെ ക്യാഷ് അവാർഡുമാണ് കരസ്ഥമാക്കിയത്.

5-ാം സ്ഥാനം വരെയുള്ള കുട്ടികൾക്ക് “കൂടൽമാണിക്യം ക്ഷേത്രവും പട്ടാഭിഷേകം കഥകളിയും” എന്ന പുസ്തകവും നൽകി.

ഡോ. മുരളി ഹരിതം സെമിനാർ അവലോകനം നടത്തി.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, പി.കെ. ഭരതൻ, ഡോ. കെ. രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആർക്കൈവ്സ് ഡിജിറ്റലൈസേഷൻ ഹെഡ് പ്രഫുല്ലചന്ദ്രൻ സ്വാഗതവും ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാർ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന സെഷനിൽ “ശ്രീ കൂടൽമാണിക്യം ക്ഷേത്ര സമ്പത്തും അധികാര തർക്കങ്ങളും” എന്ന വിഷയത്തിൽ ശ്യാമ ബി. മേനോൻ പ്രബന്ധം അവതരിപ്പിച്ചു.

ഡോ. രാധ മുരളീധരൻ മോഡറേറ്ററായിരുന്നു.

കൂടൽമാണിക്യം ദേവസ്വം ആയുർവേദ ഗ്രാമം ഡയറക്ടർ ഡോ. കേസരി മേനോൻ, കെ.കെ.ടി.എം. ഗവ. കോളെജ് പ്രൊഫ. ഡോ. രമണി, ക്രൈസ്റ്റ് കോളെജ് പ്രൊഫ. ഡോ. കെ.എ. അമൃത, സെൻ്റ് ജോസഫ്സ് കോളെജ് പ്രൊഫ. സുമിന തുടങ്ങിയവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഗവേഷണ ബിരുദം നേടി ഒ.എ. ഫെമി

ഇരിങ്ങാലക്കുട : “കേരളത്തിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ തൊഴിൽ ഫലങ്ങളിൽ ഇമോഷണൽ ഇന്റലിജൻസിന്റെ പങ്ക്” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള ക്രൈസ്റ്റ് കോളെജ് ഓട്ടോണമസ് കോമേഴ്‌സ് വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടി ഒ.എ. ഫെമി.

തൃശൂർ ശ്രീകേരളവർമ കോളെജ് കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

ഡോ. ജോഷീന ജോസ് ആണ് ഗവേഷണ മാർഗദർശി.

താണിശ്ശേരി ഇശൽ മഹലിൽ ഒ.കെ. അബൂബക്കറിന്റെയും നബീസ അബൂബക്കറിന്റെയും മകളും ക്രൈസ്റ്റ് കോളെജ് അസിസ്റ്റന്റ് പ്രൊഫ. മുവിഷിന്റെ ഭാര്യയുമാണ്.

മകൾ : അമിയ മുവിഷ്

സിപിഐ കാൽനടജാഥ ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായി സിപിഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനടജാഥ സംസ്ഥാന കൗൺസിൽ അംഗം
ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. പിജെ. ജോബി എന്നിവർ പ്രസംഗിച്ചു.

ജാഥ ക്യാപ്റ്റൻ ബെന്നി വിൻസെന്റ്, വൈസ് ക്യാപ്റ്റൻ അഡ്വ. ജിഷ ജോബി, വർദ്ധനൻ പുളിക്കൽ, ശ്രീജിത്ത് മച്ചാട്ട്, ഷിജിൻ തവരങ്ങാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭയിൽ “കേരളോത്സവ”ത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കേരളോത്സവം നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഫുട്ബോൾ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, കേരളോത്സവം കോർഡിനേറ്റർ കൂടിയായ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വി.എ. ഇംനാ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗരസഭ ജീവനക്കാർ, ക്രൈസ്റ്റ് കോളെജ് വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.