ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകൾ വഴി ഇന്ത്യയിൽ ആകമാനം നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാർഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസിയായി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കേസിലെ പ്രധാന പ്രതിയായ കോഴിക്കോട് കരുവിശേരി മാളിക്കടവ് സ്വദേശി അജ്സൽ (24) എന്നയാളെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ അജ്സൽ ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയതായാണ് പ്രാഥമിക വിവരം.

വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം നാസർ ഇബ്രാഹിമിന്

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള നാസർ ഇബ്രാഹിമിൻ്റെ “മഴയിൽ ഉണക്കി വെയിൽ നനച്ചെടുത്ത കീറും കുട്ടിക്കുപ്പായങ്ങൾ” എന്ന കൃതിക്കാണ് അവാർഡ്.

നാല്പതോളം കൃതികൾ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മത്സരത്തിനായി വന്നിരുന്നു.

സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഒമ്പത് കൃതികൾ തെരഞ്ഞെടുത്തതിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായിരുന്ന പൂയപ്പിള്ളി തങ്കപ്പൻ്റെ കൃതിയും ഉൾപ്പെടുന്നുണ്ട്.

ജി. ശോഭ (ചേലക്കര), സി.ജി. മധു കാവുങ്കൽ (ആലപ്പുഴ), ബിന്ദു പ്രതാപ് (പാലക്കാട്), അഹം അശ്വതി (എറണാംകുളം), വി.വി. ശ്രീല (ഇരിങ്ങാലക്കുട), ഗീത എസ്. പടിയത്ത് (തൃശൂർ), രജിത അജിത് (തൃശൂർ) എന്നിവരുടെ കൃതികൾ കൂടാതെ കോഴിക്കോട് മെഡിക്കൽ കോളെജിലെ 28 നേഴ്സ് സ്റ്റാഫ് കൂട്ടായ്മയുടെ “തണൽ വഴികൾ” എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്കാരങ്ങൾ കരസ്ഥമാക്കി.

വീട്ടിലെ ലൈബ്രറിയുടെ ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

കേരളത്തിലെ ആദ്യത്തെ വീട്ടിലെ ലൈബ്രറി കവിതാ സാഹിത്യ പുരസ്കാരമാണിത്.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ രാമൻ മാസ്റ്റർ, ഡോ. പി.ആർ. ഷഹന, എം.എ. ഉല്ലാസ്, പി.എൻ. സുനിൽ, ടി.എസ്. സജീവ്, വി.ജി. നിഷ തനീഷ്, നീതു ലക്ഷ്മി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

നവംബർ 2ന് കാറളത്തെ വീട്ടിലെ ലൈബ്രറിയിൽ വെച്ച് വിപുലമായ പരിപാടികളോടെ അവാർഡ് സമർപ്പണം നടത്തുമെന്ന്
റഷീദ് കാറളം അറിയിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

എഇഒ എം.എസ്. രാജീവ് പതാക ഉയർത്തി.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പൂമംഗലം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ്, പഞ്ചായത്ത് മെമ്പർ ജൂലി ജോയ്, പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. ഗോപിനാഥൻ, എച്ച്.എം. ഫോറം കൺവീനർമാരായ ടി.കെ. ലത, സിന്ധു മേനോൻ, ബി.വി.എം.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബിജു ആൻ്റണി, ജി.യു.പി.എസ്. വടക്കുംകര പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് പി.ടി.എ. പ്രസിഡൻ്റ് വിക്ടർ കല്ലറക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് സ്വാഗതവും ഉപജില്ല വികസന സമിതി കൺവീനർ ഡോ. എ.വി. രാജേഷ് നന്ദിയും പറഞ്ഞു.

1500ഓളം വരുന്ന വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.

നാദോപാസനയുടെ 34-ാമത് വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും 10 മുതൽ 12 വരെ

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ 34-ാമത് വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ 10 മുതൽ 12 വരെ അമ്മന്നൂർ ഗുരുകുലത്തിൽ നടക്കും. 

ഒക്ടോബർ 10ന് വൈകീട്ട് 5 മണിക്ക് സംഗീത സംവിധായകൻ പാലക്കാട് കെ.എൽ. ശ്രീറാം, സംഗീതജ്ഞ ഡോ. ജി. ബേബി ശ്രീറാം എന്നിവർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.

നാദോപാസന രക്ഷാധികാരി ഡോ. സി.കെ. രവി അധ്യക്ഷത വഹിക്കും.

കോട്ടക്കൽ പി.എസ്.വി. നാട്യസംഘം മുൻ സെക്രട്ടറി ഡോ. സന്തോഷ് അകവൂർ മുഖ്യാതിഥിയായിരിക്കും. 

നാദോപാസനയുടെ അധ്യക്ഷ സോണിയ ഗിരി ആമുഖപ്രഭാഷണം നടത്തും.  

തുടർന്ന് ഭരത് നാരായൺ (ചെന്നൈ) അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി അരങ്ങേറും.

ഒക്ടോബർ 11ന് വൈകീട്ട് 5 മണിക്ക് ഭദ്ര വാര്യർ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും, തുടർന്ന് 6.30ന് ആദിത്യദേവ് വി. പുന്നയൂർക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.

ഒക്ടോബർ 12ന് വൈകീട്ട് 5 മണിക്ക് ഗായത്രി പി. പ്രസാദ് വായ്പാട്ട്, കീബോർഡ്, കൊന്നക്കോൽ, ഇടയ്ക്ക, മൃദംഗം, ഘടം എന്നിവയുമായി “സ്പെഷ്യൽ കർണാടക സംഗീത കച്ചേരി” അവതരിപ്പിക്കും.

തുടർന്ന് 6.30ന് ശ്രീജിത്ത് ജി. കമ്മത്ത് (പുല്ലാങ്കുഴൽ), സായ് പ്രസാദ് പാലക്കാട്,  മാധവ് ഗോപി ആലുവ (വയലിൻ), വൈക്കം പ്രസാദ്, തുറവൂർ സുശീൽ (മൃദംഗം) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന “നാദലയ സംഗമ”വും അരങ്ങേറും.

സ്വാതി തിരുനാൾ സംഗീത സഭ(ഷാർലറ്റ്, യുഎസ്.എ)യുമായി ചേർന്ന് സംഘടിപ്പിക്കുന്ന “ശ്രീ സ്വാതിതിരുനാൾ അഖിലേന്ത്യാ സംഗീത മത്സരം” നാദോപാസന പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന്റെ തിയ്യതി പിന്നീട് അറിയിക്കും.

കരുവന്നൂർ ബാങ്കിലേക്ക് പെട്രോൾ ഒഴിച്ച നിക്ഷേപകൻ ആർഎസ്എസ് പ്രവർത്തകനല്ല : സിപിഎം കുപ്രചരണത്തിനെതിരെ ബിജെപി പ്രതിഷേധം

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൻ്റെ പൊറത്തിശ്ശേരി ബ്രാഞ്ചിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധികനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിൻ്റെ ബ്രാഞ്ചിൽ പെട്രോൾ ഒഴിച്ച് പ്രതികരിച്ചപ്പോൾ അദ്ദേഹത്തെ ബിജെപി, ആർഎസ്എസ് പ്രവർത്തകനായി ചിത്രീകരിച്ചുകൊണ്ട് സിപിഎം നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി.

കണ്ടാരംതറയിൽ നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ടി.കെ. ഷാജു, സിന്ധു സതീഷ്, വി.സി. രമേശ്, എം.വി. സുരേഷ്, ഷിയാസ് പാളയംകോട്, ജോജൻ കൊല്ലാട്ടിൽ, വത്സല നന്ദൻ, സൂരജ് നമ്പിയങ്കാവ്, സന്തോഷ് കാര്യാടൻ, ചന്ദ്രൻ അമ്പാട്ട്, രാധാകൃഷ്ണൻ കിളിയന്ത്ര തുടങ്ങിയവർ നേതൃത്വം നൽകി.

കരുവന്നൂർ ബാങ്കിലേക്ക് പെട്രോൾ ഒഴിച്ച നിക്ഷേപകൻ ആർഎസ്എസ് പ്രവർത്തകനെന്ന് സിഐടിയു : പൊറത്തിശ്ശേരിയിൽ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ്
സഹകരണ ബാങ്ക് പൊറത്തിശേരി ബ്രാഞ്ച് ജീവനക്കാരെ പെട്രോൾ ഒഴിച്ച് വധിക്കാൻ ശ്രമിക്കികയും ബാങ്ക് കമ്പ്യൂട്ടർ രേഖകൾ ഉൾപ്പെടെ നശിപ്പിക്കുയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ കൂത്തുപാലക്കൽ സുരേഷിനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യവുമായി കരുവന്നൂർ ബാങ്കിനെ തകർക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധിച്ച് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ, അനുബന്ധ തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനം ചെയ്തു.

ധന്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ നേതാക്കളായ എ.ടി. ഉണ്ണികൃഷ്ണൻ, ഇ.ആർ. വിനോദ്, പി.എസ്. വിശ്വംഭരൻ, പി. ശ്രീരാമകൃഷ്ണൻ, കെ.എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഐ.ആർ. ബൈജു സ്വാഗതവും കെ.പി. ബിന്ദു നന്ദിയും പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള ; ഇടത് സർക്കാർ മാപ്പ് അർഹിക്കുന്നില്ല : തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

2019 മുതൽ മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാന്മാരായിരുന്നതും സിപിഎം നേതാക്കളാണ്. ഇക്കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക് എത്രത്തോളം ഉണ്ടായിരുന്നു എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ദേവസ്വം മന്ത്രി രാജി വയ്ക്കാൻ തയ്യാറാകുകയും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കുകയും വേണം. തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മദ്ധ്യമേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ഷൈനി ജോജോ, ഫെനി എബിൻ, തുഷാരബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, ജോൺസൻ കോക്കാട്ട്, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, പി.ടി. ജോർജ്ജ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ശിവരാമൻ പടിയൂർ, ആന്റോൺ പറോക്കാരൻ, ജോസ് ജി. തട്ടിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജയൻ പനോക്കിൽ, അനിലൻ പൊഴേക്കടവിൽ, ലോനപ്പൻ കുരുതുകുളങ്ങര, കെ.പി. അരവിന്ദാക്ഷൻ, സി.ബി. മുജീബ് എന്നിവർ പ്രസംഗിച്ചു.

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.

പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുടയിൽ കൂൺഗ്രാമം പദ്ധതി ഉദ്ഘാടനം 14ന് : കർഷകർക്ക് ഒക്ടോബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട”യുടെ ഭാഗമായി കൂൺഗ്രാമം പദ്ധതി ഒക്ടോബർ 14ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൂൺ കൃഷിയിൽ താല്പര്യമുള്ള കർഷകർക്ക് ഒക്ടോബർ 10 വരെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെകൃഷി ഓഫീസുകളിലോ kkoongramamirinjalakuda@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കാം.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള കർഷകർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

ചെറുകിട കൂൺ കൃഷി യൂണിറ്റ് 80 മുതൽ 100 ബെഡുകൾ ചെയ്യുന്നവർക്ക് ചിലവാകുന്ന ആകെ തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.
വൻകിട കൂൺ കൃഷി യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. പദ്ധതിയുടെ ഭാഗമായ പരമാവധി സബ്സിഡി 2 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കൂൺ വിത്ത് ഉല്പാദന യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ് നിർമ്മാണം,
കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നീ പദ്ധതികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കർഷകർക്ക് കൂൺകൃഷിയിൽ സൗജന്യ പരിശീലനം ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൃഷിഭവൻ മുഖേനയോ ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കുന്ന കർഷകർക്ക് മാത്രമായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

‘ഷാഹിനീയം’ : അനുസ്മരണ പത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : നെതർലൻ്റ്സിൽ സ്ഥിരതാമസമാക്കിയ കരൂപ്പടന്ന സ്വദേശിനി ഡോ. ഷാഹിന മുംതാസിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ഷാഹിനീയം’ പത്രിക വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ പ്രകാശനം ചെയ്തു.

വള്ളിവട്ടം സഹകരണ ബാങ്ക് പ്രസിഡൻ്റ് സോജൻ ചിറയിൽ ആദ്യ പ്രതി ഏറ്റുവാങ്ങി.

ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിംഗ് ഡിപ്പാർട്ട്മെൻ്റ് തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടി, ഡക്കാൻ ക്രോണിക്കലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ്, കൈറ്റ് മെമ്പർ സെക്രട്ടറി കെ. അൻവർ സാദത്ത്, പ്രവാസിക്ഷേമ ബോർഡ് മുൻ ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ തുടങ്ങിയവരാണ് ഷാഹിനീയത്തിൽ അനുസ്മരണ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്.

ഗവേഷക, പ്രഭാഷക, അക്കാഡമിഷ്യൻ തുടങ്ങിയ മേഖലകളിലെല്ലാം അതീവ നിപുണയായിരുന്നു ഡോ. ഷാഹിന.

2024ലെ ലോക കേരളസഭയിൽ നെതർലൻ്റ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷാഹിന പ്രായം കുറഞ്ഞ പ്രതിനിധി എന്ന നിലയിലും അവതരണ മികവ് കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഇടതുപക്ഷ- ധൈഷണിക രംഗങ്ങളിലെ ഉന്നതരുമായി വിപുലമായ ഹൃദയബന്ധം സ്ഥാപിച്ചിരുന്നു അവർ.

കരൂപ്പടന്ന സ്കൂൾ, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്, ക്രൈസ്റ്റ് കോളെജ്, ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജ് എന്നിവിടങ്ങിൽ പഠിച്ച് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റിസർച്ചിനായി നെതർലൻ്റ്സിലേക്ക് പോയി അവിടെ പി.എച്ച്.ഡി. എടുത്തതിന് പുറമെ നിയമബിരുദവവും കരസ്ഥമാക്കിയിരുന്നു.

2023 മുതൽ നെതർലൻ്റ്സിൽ യൂറോപ്യൻ സ്വത്തവകാശ അറ്റോണിയായി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് രോഗബാധിതയായി കേരളത്തിൽ വെച്ച് മരണമടയുന്നത്. 44 വയസ്സായിരുന്നു.

അബ്ദുള്ള – നഫീസ എന്നീ അധ്യാപക ദമ്പതികളുടെ മകളാണ് ഷാഹിന.

ഒക്ടോബർ 11ന് കരൂപ്പടന്നയിൽ ഷാഹിനയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി അർപ്പിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കും.