ഭിന്നശേഷിക്കാർക്കുള്ള ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7% ആക്കി കുറച്ചു : മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ 7 ശതമാനമാക്കി കുറച്ചത്.

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആരംഭിച്ച വായ്പാ പദ്ധതിയാണ് ‘മെറി ഹോം’.

ഭിന്നശേഷിക്കാർക്ക് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് മെറി ഹോം പദ്ധതിയിൽ വായ്പ നൽകി വരുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം.

www.hpwc.kerala.gov.in വെബ് വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ദേശഗുരുതി തർപ്പണം 4ന്

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിക്ക് ദേശഗുരുതി തർപ്പണം ഫെബ്രുവരി 4ന് നടക്കും.

വൈകുന്നേരം 7 മണിക്ക് വിശേഷാൽ പൂജകൾക്ക് ശേഷം ഭദ്രകാളിയെ വാദ്യമേളങ്ങളോടെ പുറത്തേക്ക് എഴുന്നള്ളിച്ച് ഗുരുതിക്കളത്തിലേക്ക് ആവാഹിക്കും.

തുടർന്ന് പുറംതലത്തിൽ തന്ത്രി സനൂഷ് വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗുരുതി പൂജ, ശേഷം ഇരിങ്ങാലക്കുട വേലായുധൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സമാപ്തബലി എന്നിവയും ഉണ്ടാകും.

ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റിൽ പെഗാസസ് ജേതാക്കൾ

ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്‍റെ ഓര്‍മയ്ക്കായി നഗരസഭ മൈതാനിയില്‍ സംഘടിപ്പിച്ച ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റ് ലീഗ് സീസണ്‍ 4ൽ ടീം പെഗാസസ് ജേതാക്കളായി.

ടീം ബോയ്സ് ആണ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയത്.

ലീഗ് നഗരസഭ കൗൺസിലർ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

പെഗാസസ് ക്ലബ്ബ് പ്രസിഡന്റ് എ ജി അരുണ്‍ അധ്യക്ഷത വഹിച്ചു.

ശ്രീക്കുട്ടന്‍റെ പേരിലുള്ള ജഴ്‌സി ശ്രീക്കുട്ടന്‍റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന്
സോണിയ ഗിരി സമ്മാനിച്ചു.

സമാപനസമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്‍ ജി ജിജി കൃഷ്ണ മുഖ്യാതിഥിയായി.

ദേവരാജന്‍ പുത്തുക്കാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.

പെഗാസസ് ക്ലബ്ബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, ഷാജന്‍ ചക്കാലയ്ക്കല്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോണത്തുകുന്ന് ഗവ യു പി സ്കൂൾ വാർഷികാഘോഷവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ യു പി സ്കൂൾ വാർഷികാഘോഷത്തിൻ്റെയും പണി പൂര്‍ത്തിയാക്കിയ പുതിയ ക്ലാസ് മുറികളുടെയും ഉദ്ഘാടനം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിർവഹിച്ചു.

എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജിതിന്‍ രാജ്, ഡാവിഞ്ചി സന്തോഷ്‌, പല്ലൊട്ടി ചിത്രത്തില്‍ അഭിനയിച്ച നീരജ് കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായി.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വാര്‍ഡംഗം കെ കൃഷ്ണകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, എഇഒ പി മൊയ്തീന്‍കുട്ടി, ഒഎസ്ടിഎ വൈസ് പ്രസിഡന്റ് എം എസ് കാശി വിശ്വനാഥന്‍, എസ് എം സി ചെയര്‍മാന്‍ ടി എ അനസ്, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക പി എസ് ഷക്കീന സ്വാഗതവും പി ടി എ പ്രസിഡന്റ് എ വി പ്രകാശ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് എന്‍ഡോമെന്റ് വിതരണവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ അപമാനിക്കാൻ : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഇടക്കാല ബജറ്റിൽ അവഗണന ഉണ്ടായപ്പോൾ യഥാർത്ഥ ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് നേട്ടമുണ്ടാകുമെന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി കൂടിയായ മന്ത്രി പറഞ്ഞത്.

എന്നാൽ ഈ അവകാശവാദം പൊളിഞ്ഞപ്പോൾ ആയതിന്റെ കുറ്റം കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും എന്തെങ്കിലും കിട്ടണമെങ്കിൽ കേരളം യാചകരാകണമെന്ന പ്രസ്താവന നടത്തിയതും അങ്ങേയറ്റം അപഹാസ്യമാണെന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.

വാര്യർ സമാജം സ്ഥാപിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ പേരിൽ സമാജം സ്ഥാപിത ദിനം സമുചിതമായി ആചരിച്ചു.

യൂണിറ്റ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് പി വി രുദ്രൻ വാര്യർ പതാക ഉയർത്തി സ്ഥാപിത ദിന സന്ദേശം നൽകി.

എ അച്യുതൻ, എസ് കൃഷ്ണകുമാർ, ടി ലാൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ മുതിർന്ന കഴക പ്രവൃത്തി ചെയ്യുന്ന കെ വി അച്യുതൻ വാര്യരെ ആദരിച്ചു.

വർഗ്ഗീയ ധ്രുവീകരണത്തിൻ്റെ കേന്ദ്രമായി സർവകലാശാലകളെ മാറ്റുവാൻ അനുവദിക്കില്ല : എ ഐ എസ് എഫ്

ഇരിങ്ങാലക്കുട : വർഗ്ഗീയ ധ്രുവീകരണത്തിൻ്റെ കേന്ദ്രമായി സർവകലാശാലകളെ മാറ്റുവാൻ അനുവദിക്കില്ലെന്ന് എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മുന്നറിയിപ്പു നൽകി.

സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു.

സർവകലാശാലകളുടെ സ്വയംഭരണാധികാരവും സർവകലാശാലകളുടെ മേൽ സംസ്ഥാന സർക്കാരുകൾക്കുള്ള ചുമതലയും കവർന്നെടുക്കുന്ന ഫെഡറൽ തത്വസംഹിതകളെ നിർലജ്ജം ലംഘിക്കുന്ന കരടു ഭേദഗതിയാണ് യുജിസി നിയമത്തിൽ വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി വി വിഘ്നേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി വി വിപിൻ, പ്രസിഡന്റ് എം പി വിഷ്ണുശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് പി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ സ്വാഗതവും ജിബിൻ ജോസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ജിബിൻ ജോസ് (പ്രസിഡന്റ്), പി വി വിഘ്നേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോജോയ്ക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോയ്ക്ക് മന്ത്രി ഡോ ആർ ബിന്ദു അവാർഡ് സമർപ്പിച്ചു.

മെമന്റോയും 25000 രൂപയും ഉൾപ്പെടുന്നതാണ് അവാർഡ്.

മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് അധ്യക്ഷത വഹിച്ചു.

യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇമാം കല്ലേറ്റുംകര ജുമാ മസ്ജിദ് കുഞ്ഞുമുഹമ്മദ് മളാഹിരി, മഞ്ഞപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലകുമാരി വേണു, വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, സി പി ഐ (എം) മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്‌, സി പി ഐ എം ബി ലത്തീഫ്, യൂത്ത് ഗൈഡൻസ് പ്രഥമ അവാർഡ് ജേതാവായ ടി പി വേണു, എസ് എൻ ഡി പി കൊടകര യൂണിയൻ സെക്രട്ടറി കെ ആർ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി കൺവീനർ കെ ബി സുനിൽ നന്ദി പറഞ്ഞു.

ശാസ്ത്ര കലാജാഥയ്ക്ക് 3ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ഫെബ്രുവരി 3ന് ഉച്ചതിരിഞ്ഞ് 4.30ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ ശാസ്ത്രകലാജാഥ – ഇന്ത്യാസ്റ്റോറി – നാടക യാത്രയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സ്വീകരണം നൽകും.

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, പാരിസ്ഥിതിക, വികസനപരമായ നിരവധി പ്രശ്നങ്ങളെ ആഴത്തിൽ ചർച്ചക്ക് വിധേയമാക്കുകയും പ്രതിസന്ധികളെ കാര്യകാരണ ബന്ധത്തോടെ പരിഹാരാന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇത്തവണയും പരിഷത്ത് കലാജാഥ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങുന്നത്.

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ എം എസ് അരവിന്ദ് സംവിധാനം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകമാണ് അഖിലേഷ് തയ്യൂരിന്റെ നേതൃത്വത്തിലുള്ള കലാജാഥ ടീം അവതരിപ്പിക്കുന്നത്.

എം എം സചീന്ദ്രൻ, സന്ദീപ് കുമാർ, ബി എസ് ശ്രീകണ്ഠൻ എന്നിവരാണ് സംഗീത സംവിധാനം.