ആശാവർക്കർമാരുടെ സമരം ഉടൻ ചർച്ച ചെയ്ത് പരിഹരിക്കണം : റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ജനസംഖ്യാ ആനുപാതികമായി ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും നിയമിക്കാതെ മാറി മാറി വന്ന സർക്കാരുകൾ ആരോ​ഗ്യരം​ഗത്ത് കൊണ്ടുവന്ന ആശാവർക്കർമാർക്ക് ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ.

തുച്ഛമായ വരുമാനത്തിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. എസ്. പവിത്രനും ജനറൽ സെക്രട്ടറി കെ. ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നൽകുന്ന സേവനത്തിന് ആനുപാതികമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

ക്രൈസ്റ്റ് കോളെജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി.

കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്നവരുടെ ഛായാചിത്രം വൈസ് ചാന്‍സലര്‍ അനാച്ഛാദനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കി.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, ഡോ. കെ. ജെ. വര്‍ഗീസ്, ഡോ. എന്‍. അനില്‍ കുമാര്‍, ഷാജു വര്‍ഗീസ്, ഡോ. സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ ക്രൈസ്റ്റിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകനായ പ്രൊഫ. സൈജിത് രചിച്ച ഗാന്ധിയന്‍ ഫിലോസഫി ഇന്‍ സോഷ്യല്‍ വര്‍ക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.

ക്രൈസ്റ്റിന്റെ ശ്രവ്യം ഓഡിയോ ലൈബ്രറിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നടത്തി.

കോളെജിന്റെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രൊഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. സോണി ടി. ജോണ്‍, സീനിയര്‍ ക്ലര്‍ക്കുമാരായ കെ. ഡി. ആന്റണി, സി. ടി ജോഷി, ലാബ് അറ്റന്‍ഡര്‍ എം. പി. ഷാബു എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

ഇരിങ്ങാലക്കുട നഗരസഭ കുംഭവിത്ത് മേള 21ന്

ഇരിങ്ങാലക്കുട : നഗരസഭാതല കുംഭവിത്ത് മേള 21ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് സംഘടിപ്പിക്കുമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ അഡ്വ. കെ. ആർ. വിജയ എന്നിവർ പങ്കെടുക്കും.

കുംഭവിത്ത് മേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രം ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ഉണ്ടായിരിക്കും.

കാർഷിക സർവ്വകലാശാല ഉൽപ്പാദിപ്പിക്കുന്ന ജൈവ കീട/കുമിൾനാശിനികൾ (സ്യൂഡോമോണാസ്, അയർ), കിഴങ്ങ് വിത്തുകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, വളക്കൂട്ടുകൾ, ജൈവകൃഷി ഉൽപ്പന്നങ്ങൾ, കീടരോഗ നിയന്ത്രണ ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ വിലപ്പനക്ക് ഉണ്ടായിരിക്കുന്നതാണ്.

കേന്ദ്രസർക്കാരിന്റെ അവഗണന : സി.പി.എമ്മിന്റെ കാൽനട പ്രചരണ ജാഥ തുടരുന്നു

ഇരിങ്ങാലക്കുട : സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്കെതിരെ ഫെബ്രുവരി 25ന് സി.പി.എം. നേതൃത്വത്തിൽ തൃശൂർ ബി.എസ്.എൻ.എൽ. ഓഫീസ് ഉപരോധിക്കും. ഇതിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചാരണ ജാഥ പര്യടനം തുടരുന്നു.

ബുധനാഴ്ച രാവിലെ എടക്കുളം നെറ്റിയാട് സെൻ്ററിൽ നിന്ന് ആരംഭിച്ച പര്യടനം നടവരമ്പ്, കൊറ്റനെല്ലൂർ, അവിട്ടത്തൂർ, പുല്ലൂർ, ആനരുളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, കെ. പി. ജോർജ്, സി. ഡി. സിജിത്ത്, ടി. ജി. ശങ്കരനാരായണൻ, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ. ആർ. വിജയ ഉദ്ഘാടനം ചെയ്തു. മുരിയാട് ലോക്കൽ സെക്രട്ടറി പി. ആർ. ബാലൻ അധ്യക്ഷനായി.

ഇന്ന് രാവിലെ പുത്തൻ തോട് സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ ഠാണാവിൽ സമാപിക്കും.

അറിവിന്റെ നിറവെളിച്ചമായി അവിട്ടത്തൂര്‍ ഹോളി ഫാമിലി സ്‌കൂൾ ശതാബ്ദിയുടെ നിറവില്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂരിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഹോളി ഫാമിലി സ്‌കൂള്‍ 100 വര്‍ഷം പിന്നിടുകയാണ്.

അവിട്ടത്തൂരിലെ ഈ അക്ഷരമുറ്റം ഒരു നൂറ്റാണ്ട് മുമ്പ് വരെ ഗുരുകുല വിദ്യാഭ്യാസത്തേയും പാരമ്പര്യാശാന്മാരെയും ആശ്രയിച്ച് മാത്രം അക്ഷരഭ്യാസം നടത്തിയിരുന്നവർക്കിടയിൽ മാറ്റത്തിന്റെ പടിക്കെട്ടുകൾ കൂടിയായിരുന്നു.

അവിട്ടത്തൂര്‍ നിവാസികള്‍ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അന്നത്തെ ഗവണ്‍മെന്റ് 1922ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്‌മെന്റിനു കീഴില്‍ ഒരു പ്രൈമറി സ്‌കൂള്‍ അനുവദിക്കുകയായിരുന്നു. കോക്കാട്ട് ദേവസി കൊച്ചുപൗലോസ് ആയിരുന്നു സ്‌കൂള്‍ മാനേജര്‍.

സ്ഥലക്കുറവിനാലും മറ്റു ചില സാങ്കേതിക കാരണങ്ങളാലും പിറ്റേ വര്‍ഷം 1923ല്‍ ഗവണ്‍മെന്റ് ഈ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. വീണ്ടും നാട്ടുകാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി 1925ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവര്‍ഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലംതോറും ക്ലാസുകള്‍ ആരംഭിച്ച് 1928ലാണ് ഈ സ്ഥാപനം ഒരു പ്രാഥമിക വിദ്യാലയത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്. അന്ന് വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ പൊഴോലിപറമ്പന്‍ റപ്പായി കുഞ്ഞുവറീതും പ്രഥമ ഗുരുനാഥന്‍ ഒ.ഡി. കൊച്ചാക്കോ മാസ്റ്ററും പ്രഥമ ശിഷ്യന്‍ തൊമ്മാന ആഗസ്തി കൊച്ചു ദേവസിയുമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം പള്ളി ഇടവകയില്‍ ഒരു കന്യസ്ത്രീമഠം ആരംഭിച്ചു. ഈ ദേവാലയവും വിദ്യാലയവും തിരുകുടുംബ നാമധേയത്തില്‍ അറിയപ്പെടുന്നതിനാല്‍ തിരുകുടുംബ മഠക്കാര്‍ക്കു തന്നെ 1962ല്‍ വിദ്യാലയ ഭരണം ഏല്‍പ്പിച്ചു കൊടുക്കാമെന്ന് പള്ളിയോഗത്തില്‍ തീരുമാനിക്കുകയും 1964ല്‍ ഭരണം കൈമാറുകയും ചെയ്തു.

2004ല്‍ വിദ്യാലയം പുതുക്കി പണിതു. പിന്നീട് നഴ്‌സറിയും നവീകരിച്ചു.

ഇന്ന് ഏകദേശം മുന്നൂറോളം വിദ്യാർഥികൾക്ക് അറിവ് പകരുന്നിടമായി സ്കൂൾ വളർന്നു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാഥിതിയാകും.

22ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറത്തൂര്‍ അധ്യക്ഷത വഹിക്കും.

കരൂപ്പടന്ന സ്വദേശി കഞ്ചാവുമായി പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് കൈവശം വച്ചതിന് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകൻ സൈഫുദ്ദീനെ (27) പോലീസ് പിടികൂടി.

മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് നടത്തിയ പട്രോളിംഗിനിടയിലാണ് സൈഫുദ്ദീൻ പിടിയിലായത്.

ആളൂർ പഞ്ചായത്തിലെ പദ്ധതി രൂപീകരണം ഏകപക്ഷീയമെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തിലെ 2025-26 സാമ്പത്തികവര്‍ഷ പദ്ധതി രൂപീകരണത്തില്‍ ഇടതുപക്ഷം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി ഓഫീസിന് മുന്‍പില്‍ പദ്ധതിരേഖ കത്തിച്ചു.

എസ്.കെ.എസ്.എസ്.എഫ്. സ്ഥാപക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്.കെ.എസ്.എസ്.എഫ്. കരൂപ്പടന്ന ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ മഹല്ല് ഖത്തീബും മുദർരിസുമായ ഉസ്താദ് അബ്ദുന്നാസ്വിർ സഅദി പാതിരമണ്ണയുടെ നേതൃത്വത്തിൽ കൂട്ട സിയാറത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ശേഷം സി. ഐ. അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് സൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി.

തുടർന്ന് നടന്ന സംഗമത്തിൽ വെള്ളാങ്ങല്ലൂർ പരീക്ഷാ ബോർഡ് ചെയർമാൻ ടി. മുഹമ്മദ് കുട്ടി മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.

സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ സമസ്ത ക്വിസ് മത്സരത്തിന് ശാഖാ വർക്കിംഗ് സെക്രട്ടറി കെ. ബി. മുഹമ്മദ് ശാമിൽ നേതൃത്വം നൽകി.

ക്വിസ് മത്സരത്തിൽ എം. എസ്. അബ്ദുൾ റസാഖ് മുസ്‌ലിയാർ, എം.എ. സത്താർ, ഹാഫിള് സ്വാലിഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

തുടർന്ന് ജാതി മത ഭേദമന്യേ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി.

ശമീർ ഫൈസി, വി.എസ്. അബ്ദുന്നാസ്വിർ ഫൈസി, സി.ജെ. അബീൽ, കെ.കെ. അസീസ്, സി.എ. അബ്ദുസ്സലാം, എം.എസ്. അബ്ദുൽ ഗഫ്ഫാർ, ടി.എ. അബ്ദുൽ ഖാദർ, കെ. എസ്. ഹൈദരലി, എ.എ. മുഹമ്മദ്, കെ.എ. മുഹമ്മദ് അമാനി, എ. എ. മുഹമ്മദ് ജാസിം, സി. ജെ. ജബീൽ, എ. എസ്. മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.

സേവാഭാരതി വിദ്യാഭ്യാസ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ പിന്നോക്ക ബസ്തി പ്രവർത്തനങ്ങളുടെ ഭാഗമായി ചെട്ടിപ്പറമ്പ് കനാൽ ബേസിലുള്ള ഷാജുവിന്റെ മകൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം കൈമാറി.

ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡന്റ്‌ ഗോപിനാഥൻ പീടികപറമ്പിലാണ് ധനസഹായം കൈമാറിയത്.

ചടങ്ങിൽ വിദ്യാഭ്യാസ സമിതി കൺവീനർ കവിത ലീലാധരൻ, മെഡിസെൽ കോർഡിനേറ്റർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത് എന്നിവർ പങ്കെടുത്തു.