ഇരിങ്ങാലക്കുട : ലോക പ്രശസ്ത ഭാരതീയ ഗണിതശാസ്ത്രകാരൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കും.
ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമഗ്രാമ മാധവ ഗണിതശാസ്ത്ര പരിഷത്ത് എന്ന ഭാരതീയ ഗണിത പൈതൃക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ദേശീയ ഗണിത ദിനാഘോഷം സംഘടിപ്പിക്കുന്നത്.
22ന് ഉച്ചതിരിഞ്ഞ് 2 മണി മുതലാണ് ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.
കോസ്മിക് മാത്‌സ് ഫൗണ്ടേഷൻ ഡയറക്ടർ പി ദേവരാജ് ഉദ്ഘാടനം നിർവഹിക്കും.
യു ആർ ബി ഗ്ലോബൽ അവാർഡ് ജേതാവ് ടി എൻ രാമചന്ദ്രൻ “ലളിത ഗണിതം” എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിക്കും.
തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള സ്‌കൂൾ ഗണിതശാസ്ത്ര മേളകളിൽ പങ്കെടുത്ത് വിജയികളായ ഇരിങ്ങാലക്കുട സബ് ജില്ലയിലെ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും.