താലൂക്ക് വികസന സമിതി യോഗം : ചർച്ചകളിൽ പ്രാദേശിക നേതാക്കളെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അംഗങ്ങൾ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 181-ാമത് യോഗത്തിൽ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായ ചർച്ചകളിൽ പ്രാദേശിക നേതാക്കളെയും ഉൾപ്പെടുത്തണമെന്ന് വിവിധ അംഗങ്ങൾ ആവശ്യമുയർത്തി.

തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ വളരെയധികം ദുരിതത്തിലാണെന്ന് യോഗാംഗങ്ങൾ അഭിപ്രായപ്പെട്ടു.

കാട്ടൂർ സിഡ്കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതിയിൽ കിണർ വെള്ളം മലിനീകരിക്കപ്പെടുന്നതിനുള്ള ഉറവിടം കണ്ടെത്തുന്നതിനായി ഭൂജല വകുപ്പിനെയോ ഗവേഷണ സ്ഥാപനങ്ങളെയോ സമീപിക്കുന്നത് ഉചിതമായിരിക്കുമെന്ന് വ്യവസായ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പ്രസ്തുത വിഷയത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന നടത്തുന്നതിന് യോഗാധ്യക്ഷ മേരിക്കുട്ടി ജോയ് നിർദ്ദേശം നൽകി.

എടതിരിഞ്ഞി വില്ലേജിലെ ഫെയർവാല്യൂ നിർണ്ണയത്തിലെ അപാകതയുമായി ബന്ധപ്പെട്ട് അദാലത്ത് നടത്തി ഗുണഭോക്താക്കളിൽ നിന്നും പ്രത്യേകമായി അപേക്ഷ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിന് പകരമായി പ്രസ്തുത വിഷയത്തിൽ പൊതുവായ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മുകുന്ദപുരം തഹസിൽദാർ കെ എം സിമീഷ് സാഹു സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.