ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് നാടിൻ്റെ ആദരമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
ജനുവരി 24ന് ഉച്ചയ്ക്ക് 3 മണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് കൗമാര കലാപ്രതിഭകൾക്ക് ആദരം നൽകുന്നത്.
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികളെയും, മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരെയും ആദരിക്കും.
ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദര ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണം അരങ്ങേറുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.