വർണ്ണക്കുട വാക്കത്തോൺ 21ന് : ജേഴ്സി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സംസ്കാരികോത്സവം വർണ്ണക്കുടയുടെ മുന്നോടിയായി 21ന് നടത്തുന്ന വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന ജേഴ്സി പ്രകാശനം ചെയ്തു.

മന്ത്രി ഡോ ആർ ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് ജേഴ്സി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

21ന് ശനിയാഴ്ച രാവിലെ 7.30ന് മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ ചന്തക്കുന്ന് – ഠാണാ- ബസ് സ്റ്റാൻഡ് വഴി മൈതാനിയിൽ സമാപിക്കും.

വർണ്ണക്കുട ജനറൽ കൺവീനർ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, പി ആർ സ്റ്റാൻലി, എ സി സുരേഷ്, ദീപ ആന്റണി എന്നിവർ പ്രസംഗിച്ചു.

വർണ്ണക്കുട : വിദ്യാർഥികൾക്ക് കലാസാഹിത്യ മത്സരങ്ങൾ 22നും 23നും

ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഡിസംബർ 22, 23 തിയ്യതികളിൽ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിദ്യാർഥികൾക്കായി ചിത്രരചനയും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിഭാഗങ്ങളിലായി കഥ, കവിത, ഉപന്യാസ രചന എന്നിവയും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ലളിതഗാനം, കാവ്യാലാപനം, മലയാളം പ്രസംഗം എന്നിവയും സംഘടിപ്പിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികളുടെ പേരു വിവരങ്ങൾ പഠിക്കുന്ന സ്കൂൾ/ കോളെജ് മുഖേനയോ, വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഡിസംബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അതോടൊപ്പം ഈ നിയോജക മണ്ഡലത്തിലെ താമസക്കാരും മറ്റു സ്ഥലങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക് 9447244049, 9645671556, 9495693196 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.