ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി വെള്ളാങ്ങല്ലൂർ, മുരിയാട്, ആളൂർ, കാട്ടൂർ ഡിവിഷനുകൾ

ഇരിങ്ങാലക്കുട : തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആവേശത്തോടെ മുന്നോട്ടു പോകുമ്പോൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വെള്ളാങ്ങല്ലൂർ, മുരിയാട്, കാട്ടൂർ ഡിവിഷനുകളിൽ നടക്കുന്നത് കടുത്ത ത്രികോണ മത്സരം.

42 വാർഡുകളുള്ള വെള്ളാങ്ങല്ലൂർ ഡിവിഷനിൽ 31 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ, മികച്ച അധ്യാപകയ്ക്കുള്ള 2013ലെ സംസ്ഥാന അവാർഡും 2016ലെ ദേശീയ അവാർഡും സ്വന്തമാക്കിയ സി.ബി. ഷക്കീലയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

ഒട്ടും പിന്നിലേക്ക് പോകാതെ സാമൂഹ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യങ്ങൾ തന്നെയാണ് എതിരാളികളും.

വെള്ളാങ്ങല്ലൂർ സിഡിഎസ് ചെയർപേഴ്സണും, മഹിളാ കോൺഗ്രസ് വെള്ളാങ്ങല്ലൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ മുൻ പ്രസിഡൻ്റും, നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റുമായ റസിയ അബുവാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്.

ഭാരതീയ അഭിഭാഷക പരിഷത്ത് കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയായ അഡ്വ. സജിനി സന്തോഷാണ് എൻഡിഎ സ്ഥാനാർഥി.

45 വാർഡുകൾ ഉൾപ്പെടുന്ന മുരിയാട് ഡിവിഷനിലെ മൂന്ന് സ്ഥാനാർത്ഥികളും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് രാഷ്ട്രീയ മേഖലയിൽ തിളങ്ങി നിൽക്കുന്നവരാണ്.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റായ ജോസ് ജെ. ചിറ്റിലപ്പിള്ളി തന്നെയാണ് എൽഡിഎഫിന്റെ മുരിയാട് ഡിവിഷൻ സ്ഥാനാർത്ഥി.

കഴിഞ്ഞ പ്രവർത്തന കാലയളവിൽ മുരിയാട് പഞ്ചായത്തിൽ മുന്നോട്ടു വെച്ച വികസനങ്ങളുടെ നീണ്ട പട്ടികയുമായാണ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രചരണ രംഗത്തെ നിറസാന്നിധ്യമാകുന്നത്.

എതിരാളിയായ യുഡിഎഫിന്റെ ശശികുമാർ ഇടപ്പുഴ അഞ്ചു വർഷമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. പ്രവർത്തന കാലയളവിൽ ലഭിച്ച മുഴുവൻ ഓണറേറിയവും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച ശശികുമാർ ഇടപ്പുഴയും ജനഹൃദയങ്ങളിൽ വേരുറപ്പിച്ച വ്യക്തിയാണ്.

ബിജെപിയുടെ എൻ.ആർ. റോഷൻ്റെ കന്നിയങ്കമാണിത്. കേരളവർമ്മ കോളെജിലെ എബിവിപി യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെച്ച ആളാണ് റോഷൻ.

39 വാർഡുകൾ ഉൾപ്പെടുന്ന ആളൂർ ഡിവിഷനിൽ എൽഡിഎഫ് തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കാനുള്ള തേരോട്ടത്തിലാണ്. എന്നാൽ ഇക്കുറി വിട്ടു കൊടുക്കില്ലെന്ന വാശിയിൽ പ്രചരണ രംഗത്തെ ചൂടുപിടിപ്പിച്ച് യുഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമുണ്ട്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആളൂരിൽ സിപിഎം അംഗവും സിഡിഎസ് ചെയർപേഴ്സനും കൂടിയായ രാഗി ശ്രീനിവാസനാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

നിയമ വിദ്യാർത്ഥിനിയായ കാവ്യ രഞ്ജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി.

17 വർഷമായി ആശാപ്രവർത്തകയായി പ്രവർത്തിക്കുന്ന സജിനി സന്തോഷിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.

കാട്ടൂർ ഡിവിഷനിലും കടുത്ത പോരാട്ടമാണ് ഇക്കുറി.

സാധാരണ എൽഡിഎഫും യുഡിഎഫും മാത്രമാണ് ഇവിടെ മത്സരരംഗത്ത് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം കാട്ടൂർ ഡിവിഷൻ അഭിമുഖീകരിക്കുന്നത് ശക്തമായ ത്രികോണ മത്സരം തന്നെയാണ്.

ഡിവിഷൻ രൂപീകരിച്ചതിനു ശേഷം ഇതുവരെയും എൽഡിഎഫ് കോട്ടയായാണ് കാട്ടൂർ അറിയപ്പെടുന്നത്. 53 വാർഡുകളുള്ള കാട്ടൂർ ഡിവിഷനിൽ ഇരുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് തങ്ങളുടെ സീറ്റ് നിലനിർത്തി പോരാറുള്ളത്. എന്നാൽ ഇക്കുറി ത്രികോണ മത്സരത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ജനങ്ങൾക്ക് ഒരുപോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ് എന്നത് അങ്കത്തട്ടിലെ പോരാട്ടവീര്യം കൂട്ടും.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡൻ്റും മുൻ കാറളം പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ടി.കെ. സുധീഷാണ് ഇവിടെ ഇടതുപക്ഷ മുന്നണിക്കു വേണ്ടി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുള്ളത്.

ബിജെപി തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയും താലൂക്ക് വികസന സമിതിയിലെ എംപി പ്രതിനിധിയുമായ കൃപേഷ് ചെമ്മണ്ടയാണ് ബിജെപി സ്ഥാനാർഥി.

യുഡിഎഫിന്റെ ഘടക കക്ഷിയായ ഫോർവേഡ് ബ്ലോക്കിലെ വിനീഷ് സുകുമാരനാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്. വിനീഷ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എൽ.ന്റെ സംസ്ഥാന പ്രസിഡൻ്റാണ്.

കാട്ടൂരിലെ രൂക്ഷമായ കുടിവെള്ള മലിനീകരണ പ്രശ്നം തന്നെയാണ് എൽഡിഎഫിൻ്റെ കുത്തക അവസാനിപ്പിച്ച് ചരിത്രം തിരുത്തി കുറിക്കാനുള്ള പ്രധാന ആയുധമായി എതിർ സ്ഥാനാർത്ഥികൾ മുന്നോട്ടു വെയ്ക്കുന്നത്.

ഇക്കുറി ഇവിടെ വിജയം ആരുടെ പക്ഷത്തു നിൽക്കും എന്നത് കണ്ടുതന്നെ അറിയണം.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളെജിൽ മൾട്ടിമീഡിയ വിഭാഗത്തിൽ “ഇൻട്രൊഡക്ഷൻ ടു മോഷൻ ഗ്രാഫിക്സ്” എന്ന വിഷയം കൈകാര്യം ചെയ്യാൻ പാർട്ട് ടൈം അധ്യാപകരെ ആവശ്യമുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ 9846730721 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 8ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം ഡിസംബർ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 

തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ തന്ത്രി അണിമംഗലത്ത് രാമൻ തിരുമേനിയുടെ കാർമികത്വത്തിൽ അരങ്ങേറും.

10ന് വൈകീട്ട് 6.30ന് ശ്രീരാം ഭജൻസ് അവതരിപ്പിക്കുന്ന ഭജന, 8.30ന് തളിയക്കോണം ശിവദം അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളി, 11ന് വൈകീട്ട് 6.30ന് ചാക്യാരും ചങ്ങാതീം, 8.30ന് വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.

12ന് രാവിലെ ഗണപതി കലശാഭിഷേകം, പൂജ, ശ്രീഭൂതബലി, തുടർന്ന് എഴുന്നള്ളിപ്പ്, ശീവേലി, 10 മുതൽ 12 മണി വരെ അവിട്ടത്തൂർ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അന്നദാനം, വൈകീട്ട് 6 മണി മുതൽ കാഴ്ച ശീവേലി, പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.

ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ഹൈസ്കൂൾ വിഭാഗം മേധാവി ജോസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഛത്തീസ്ഗഢിന്റെയും സാമൂഹികവും സാംസ്കാരികവും കലാപരവുമായ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികളും
പ്രസന്റേഷനുകളും പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

കേരളത്തിലെയും ഛത്തീസ്ഗഢിലെയും വിവിധ വസ്ത്രധാരണരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം, രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷണവൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, പെയിന്റിംഗ് എക്സിബിഷൻ, സംഘഗാനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ എസ്. സീമ, പ്രിയ സുധി, ഫ്ലോറി ഫ്രാൻസിസ്, രമ്യ സുധീഷ്, രജിത സജീവ്, ആൽബർട്ട് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

എസ്.എൻ. സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : “കളിയാണ് ലഹരി” എന്ന ആശയം ഉൾക്കൊണ്ട് ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നു നൽകുന്നതിനായി ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

പഠനത്തോടൊപ്പം തന്നെ ചേർത്തുനിർത്താവുന്ന നല്ല ശീലങ്ങളാണ് കളികൾ എന്ന ആശയം പകർന്നു നൽകിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മാനേജർ ഡോ. സി.കെ. രവിയും പ്രിൻസിപ്പൽ സി.ജി. സിൻലയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

യൂണിയൻ ദിനാഘോഷവും ഫൈൻ ആർട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ‘കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ’ എന്ന സന്ദേശം ഉയർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ ‘അലോക’യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു.

നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

തലമുറകൾക്കനുസരിച്ച് മൂല്യങ്ങൾ മാറുന്നുവെന്നും സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

കോളെജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി ദേവിക എൻ. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.

ഫൈൻ ആർട്സ് കലികയുടെ ഉദ്ഘാടനം പ്രശസ്ത നടനും അവതാരകനുമായ ജീവ ജോസഫ് നിർവ്വഹിച്ചു.

കോളെജ് ചെയർപേഴ്സൺ
അഫ്‌ല സിമിൻ, ഫൈൻ ആർട്സ് കോർഡിനേറ്റർ സോന ദാസ്, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ്, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കോളെജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഭൗതികശാസ്ത്ര രണ്ടാം വർഷ വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു.

പഠനത്തിനോടൊപ്പം വിദ്യാർഥികളിലെ പ്രായോഗിക അഭിരുചി വളർത്തുന്നതിനായി കോളെജിലെ ഫിസിക്സ് വിഭാഗം ആണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണത്തിന് മുൻകൈ എടുത്തത്.

മൂന്നു ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ, അസി. പ്രൊഫ. സ്റ്റിജി ജോസ് എന്നിവർ നേതൃത്വം നൽകി.

വർക്ക്ഷോപ്പിലൂടെ നിർമ്മിച്ച നക്ഷത്രങ്ങളുടെ വിൽപ്പന കോളെജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, മാള കാർമ്മൽ കോളെജ് പ്രിൻസിപ്പൽ ഡോ. സി. റീന റാഫേലിനു കൈമാറി ഉദ്ഘാടനം ചെയ്തു.

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂരിൽ ഭാര്യാ പിതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27), സഹോദരൻ റിറ്റ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.

വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി പരാതിക്കാരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് ജിറ്റ് സഹോദരനൊന്നിച്ച് പരാതിക്കാരന്റെ വീട്ടിലെത്തിയത്. എന്നാൽ മകൾ ജിറ്റിന്റെ കൂടെ പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

പ്രതികൾ രണ്ട് പേരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ റൗഡികളാണ്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജിറ്റ് ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കുന്നതിനായി അറസ്റ്റ് ചെയ്ത കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസിലെ പ്രതിയാണ്.

റിറ്റ് ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും ഉൾപ്പെടെ ആറ് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, സിപിഒ-മാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ആർടിഒ ചലാൻ എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മേത്തല കോട്ടപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർടിഒ ചലാൻ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതു വഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 9,90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി തട്ടിപ്പ് നടത്തിയ കേസിൽ ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ (23) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു.

പരാതിക്കാരന് കൺസ്ട്രക്ഷൻ വർക്ക് ആണ്. ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. 

പരാതിക്കാരന്റെ എച്ച്.ഡി.എഫ്.സി. ശൃംഗപുരം ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും സെപ്തംബർ 29ന് മൂന്ന് തവണകളായാണ് 9,90,000 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. 

ഇതിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന പണവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതിനുശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഫോണിൽ ആർടിഒ ചലാൻ എന്ന എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. 

തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്തതാണെന്ന് മനസിലാക്കി. ബാങ്ക് അക്കൗണ്ട് ഉടമയായ ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) എന്ന യുവതിയെ മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. 

ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9,90,000 രൂപ വാങ്ങിക്കൊണ്ട് പോയത് ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ ആണെന്ന് കണ്ടെത്തുകയും ആയതിന്റെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതിയെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജിഎസ്ഐ തോമസ്, ജി എസ് സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.