“അവൾക്കായ്” : 2500 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് അധിഷ്ഠിത മെൻസ്ട്രൽ കപ്പ് വിതരണ പരിപാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ചു.

പരിപാടിയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമായി 2500 സൗജന്യ മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്തത്.

എ.എച്ച്.സെഡ്.നെയും ഫെമിസേഫിനെയും കോർത്തിണക്കിക്കൊണ്ട് “റിത്വ” ക്രൈസ്റ്റ് കോളെജ് യൂണിയനാണ് ഏഷ്യൻ റെക്കോർഡിൽ ഇടം നേടുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

സ്ത്രീശുചിത്വ ബോധവൽക്കരണവും പരിസ്ഥിതി സൗഹൃദ ആരോഗ്യപരമായ മാർഗങ്ങളുടെ പ്രചാരണവുമാണ് പരിപാടിയുടെ ലക്ഷ്യം.

മന്ത്രി ഡോ. ആർ. ബിന്ദു കോളെജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമയ്ക്ക് ആദ്യത്തെ മെൻസ്ട്രൽ കപ്പ് നൽകി ഉദ്ഘാടനം ചെയ്തു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജെ. വർഗ്ഗീസ്, വിമെൻ സെൽ കോർഡിനേറ്റർ ഡോ. ശ്രീവിദ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

സെമിസേഫിന്റെ കോ- ഫൗണ്ടർ നൂറിൻ ആയിഷ, എ.എച്ച്.സെഡ്. റീജണൽ ഡയറക്ടർ മുഹമ്മദ് റംസി, ബിഗ്ബോസ് താരം അനീഷ് എന്നിവർ പങ്കെടുത്തു.

16-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : 15 മുതൽ 20 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ അരങ്ങേറുന്ന 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് തിരിതെളിഞ്ഞു.

പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഹിന്ദി തെന്നിന്ത്യൻ മലയാളചലച്ചിത്രങ്ങളിൽ ഒരു കാലയളവിലെ താരപ്രഭയും അനുഗ്രഹീത ഭരതനാട്യ നർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങളുടെ സമർപ്പണവും നടന്നു.

പുരസ്കാരങ്ങൾ പത്മശ്രീ പെരുവനം കുട്ടൻമാരാർ ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും സമർപ്പിച്ചു.

കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി.

സമിതി പ്രസിഡൻ്റ് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറർ അജയ് മേനോൻ നന്ദിയും പറഞ്ഞു.

തുടർന്ന് നന്ദിനി വർമ്മ അവതരിപ്പിച്ച തായമ്പക അരങ്ങേറി.

സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 35-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി “മതനിരപേക്ഷ വിദ്യാഭ്യാസവും പൊതുവിദ്യാലയങ്ങളും “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ നടന്ന സെമിനാർ ഡോ. കെ.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി രമേഷ് കേശവൻ അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിദ്യ കെ.വി. വിദ്യ, കെ.കെ. താജുദ്ദീൻ, സിംല, സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി സജി പോൾസൺ സ്വാഗതവും ഉപജില്ലാ സെക്രട്ടറി കെ.ആർ. സത്യപാലൻ നന്ദിയും പറഞ്ഞു.

കാറളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഘർഷം: രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് (33) എന്നയാളെ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിഷ്ണു വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു.

പ്രകടനം പുല്ലത്തറ സി.എച്ച്.സി.ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു.

ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ദീപേഷിന്റെ പരാതിയിൽ വിഷ്ണുവിനെതിരെയും കാട്ടൂർ സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസെടുത്തിട്ടുണ്ട്.

ഈ കേസ്സിലെ പ്രതിയായ വിഷ്ണു തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസിന്റെ കർശന നീരീക്ഷണത്തിലാണ്.

കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളും ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു ആണ് അന്വേഷിക്കുന്നത്.

രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

വിഷ്ണു കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതക കേസിലും, ഒരു കൊലപാതകശ്രമ കേസിലും, ഒരു അടിപിടി കേസിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിൽ പ്രതിയാണ്.

ഷിബു കാട്ടൂർ സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.

കാറളത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ആക്രമണം :പാർട്ടി പ്രവർത്തകന് കുത്തേറ്റു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അഴിച്ചു വിട്ട ആക്രമണത്തിൽ വിഷ്ണു എന്ന ബിജെപി പ്രവർത്തകന് കുത്തേറ്റതായി പരാതി.

സിബു ഏലിയാസ് ലൗലി എന്നയാളുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ സംഘം പ്രകടനത്തിനിടയിലേക്ക് പാഞ്ഞു കയറി വിഷ്ണുവിനെ കുത്തുകയായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പൊലീസിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു പ്രകടനം നടത്തിയത്. അതിനാൽ തന്നെ സംഭവ സ്ഥലത്ത് പൊലീസിൻ്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

പരിക്കേറ്റ വിഷ്ണുവിനെ ആദ്യം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

വളരെ സമാധാനപരമായി നടത്തിയ പ്രകടനത്തിനു നേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

പ്രകടനത്തിനിടയിൽ അവരെ പ്രകോപിപ്പിക്കും വിധത്തിൽ പടക്കം പൊട്ടിക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഡിവൈഎഫ്ഐ ആക്രമണം അഴിച്ചു വിട്ടതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട പറഞ്ഞു.

പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ബിജെപി നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കോവിൽ പറമ്പിൽ, പ്രിയ അനിൽ, സുഭാഷ് പുല്ലത്തറ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ യുഡിഎഫ് കൊടുങ്കാറ്റ് ; വൻമരങ്ങൾ കട പുഴകി : കാൽനൂറ്റാണ്ട് തികച്ച ഭരണത്തിന് വീണ്ടും തുടർച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വീണ്ടും യുഡിഎഫ് ഭരണത്തിലേക്ക്. കഴിഞ്ഞ 25 വർഷം തുടർച്ചയായി ഭരണം കയ്യാളുന്ന യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ 43ൽ 22 സീറ്റുകളും തൂത്തുവാരി തങ്ങളുടെ ഉരുക്കുകോട്ട ഉറപ്പിച്ചു.

നഗരത്തിലെ തകർന്ന റോഡുകൾ, ടൗൺ ബാങ്ക് പ്രശ്നം തുടങ്ങി കാൽനൂറ്റാണ്ടിന്റെ യുഡിഎഫ് ഭരണ അരക്ഷിതത്വങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ യുഡിഎഫിനെതിരെയുള്ള ആരോപണങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതിപക്ഷത്തിൻ്റെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

കഴിഞ്ഞ തവണ 41ൽ 16 സീറ്റിൽ വിജയിച്ച എൽഡിഎഫിന് ഇക്കുറി 12 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. എൻഡിഎയും 8ൽ നിന്ന് 6 ആയി കുറഞ്ഞു.

ഇപ്പോൾ വിജയിച്ച 3 സ്വതന്ത്രന്മാരിൽ രണ്ടുപേർ യുഡിഎഫ് അനുഭാവികളും ഒരാൾ എൽഡിഎഫ് സ്വതന്ത്രയുമാണ്. അതോടെ ഭരണപക്ഷത്തിന് 24 പേരുടെ പിന്തുണയാകും.

43 വാർഡുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ 24 ഇടങ്ങളിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തും 11 വാർഡുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തും തേരോട്ടം നടത്തിയതായി കാണാം.

ടൗൺ ബാങ്കിലെ പ്രശ്നങ്ങളിൽ പ്രതിപക്ഷം വിവാദ മുനമ്പത്ത് കയറ്റിയ എം.പി. ജാക്സൻ്റെ ശക്തമായ തിരിച്ചുവരവാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. നഗരസഭ ചെയർമാനാവുമെന്ന് ഉറപ്പുള്ള എം.പി. ജാക്സൺ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ആലേങ്ങാടനേക്കാള്‍ 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. വാർഡിൽ ശക്തമായ ത്രികോണമത്സരം തന്നെയാണ് നടന്നതെന്നാണ് എൻഡിഎയുടെ വോട്ട് നിലയും സൂചിപ്പിക്കുന്നത്.

ഭൂരിപക്ഷം നേടിയാൽ ചെയർമാൻ സ്ഥാനത്തേക്ക് വരേണ്ടിയിരുന്ന സിപിഎം നേതാവ് ശ്രീലാലിനെ 20 വോട്ടുകൾക്ക് എൻഡിഎയുടെ ടി.കെ. ഷാജു തോല്പിച്ചത് കാലങ്ങളായി എൽഡിഎഫിന്റെ ചുവപ്പു കോട്ട എന്നു വിശേഷിപ്പിക്കാവുന്ന വാർഡിലാണ് –

കൗൺസിലറായിരുന്ന വാർഡിൽ വീണ്ടും അങ്കത്തിനിറങ്ങിയ ബിജെപി മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷിനെ 236 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ബൈജു കുറ്റിക്കാടൻ തറ പറ്റിച്ചത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

കടുത്ത മത്സരം നടന്ന വാർഡ് 27 കാരുകുളങ്ങരയിൽ വിജയിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ബിജെപിയുടെ നിലവിലെ പാർലമെൻ്ററി പാർട്ടി നേതാവായ സന്തോഷ് ബോബനെ അടിയറവു പറയിച്ചത് 33 വോട്ടിനാണ്.

മുൻസിപ്പൽ ഹോസ്പിറ്റൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഏറ്റു മുട്ടിയ വിമത സ്വതന്ത്ര സ്ഥാനാർത്ഥി സുജ ബിജു അക്കരക്കാരനേക്കാൾ 66 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി മാഗി വിൻസെന്റ് പള്ളായി നേടിയത്.

യുഡിഎഫിൻ്റെ തന്നെ മറ്റൊരു വിമതൻ ജോസഫ് ചാക്കോ അങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ച വാർഡ് 18 ചന്തക്കുന്നിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും മൂന്ന് അക്കത്തിലേക്ക് പോലും തങ്ങളുടെ വോട്ട് നില ഉയർത്താൻ സാധിച്ചില്ല. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 458 വോട്ടുകൾ നേടിയാണ് ജോസഫ് ചാക്കോ നഗരസഭയിലേക്കുള്ള തൻ്റെ വരവറിയിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ തന്നെ ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതും ജോസഫ് ചാക്കോ തന്നെ.

ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരുടെ കണക്കുകൾ പരിശോധിച്ചാൽ രണ്ടാം സ്ഥാനത്ത് വാർഡ് 9 കുഴിക്കാട്ടുകോണത്ത് വിജയിച്ച എൽഡിഎഫിന്റെ കെ.വി. അജിത്കുമാറാണ്. 338 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അജിത്കുമാർ തൻ്റെ എതിരാളിയെ മുട്ടു കുത്തിച്ചത്.

കടുത്ത പോരാട്ടം നടന്ന വാർഡ് 26 കൊരുമ്പിശ്ശേരിയിൽ യുഡിഎഫിന്റെ നീതു സാംസനെ വെറും 3 വോട്ടുകൾക്കാണ് എൻഡിഎയുടെ ആര്യ സുമേഷ് തോൽപ്പിച്ചത്. കണക്കുകളിൽ ഏറ്റവും കുറഞ്ഞ വോട്ട് ഭൂരിപക്ഷവും ഇതാണ്.

കാൻസർ നിർണയ ക്യാമ്പ് 17ന്

ഇരിഞ്ഞാലക്കുട : സേവാഭാരതി, റിജിയണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, മുംബൈ ട്രിനിറ്റി ട്രാവൽസ്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി ഡിസംബർ 17ന് രാവിലെ 9.30 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497624692, 9496649657 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിന്റെയും തൃശൂർ ഐവിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ ഉള്ള ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി പ്രാർത്ഥന നിർവഹിച്ചു.

മഹല്ല് പ്രസിഡൻ്റ് സി.കെ. അബ്ദുസ്സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് തോപ്പിൽ ബഷീർ ആശംസകൾ നേർന്നു.

മഹല്ല് സെക്രട്ടറി കെ.എച്ച്. മുഹമ്മദാലി നന്ദി പറഞ്ഞു.

ഡോ. പ്രേമലത ക്യാമ്പിന്റെ വിശദീകരണം നൽകുകയും കോർഡിനേറ്റർ സിസ്റ്റർ സരിഗ ക്യാമ്പ് നിയന്ത്രിക്കുകയും ചെയ്തു.

“മാർഗ്ഗഴി” സംഗീതോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ പ്രഥമ “മാർഗ്ഗഴി” സംഗീതോത്സവത്തിന് അമ്മന്നൂർ ഗുരുകുലത്തിൽ തുടക്കമായി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ ലോക പ്രശസ്ത കലാകാരന്മാർ നയിക്കുന്ന വിവിധ സംഗീത കച്ചേരികളാണ് അരങ്ങേറുന്നത്.

ശനിയാഴ്ച അരങ്ങേറിയ ഹരി അഗ്നിശർമ്മൻ കപ്പിയൂരിന്റെ വീണാ കച്ചേരി ഹൃദ്യമായി.