ജിജോ പോളിന് യൂത്ത് കോൺഗ്രസിന്റെ ആദരം

ഇരിങ്ങാലക്കുട : ഉത്തരാഖണ്ഡിൽ നടന്ന 38-ാമത് നാഷണൽ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കേരളാ വനിതാ ബാസ്കറ്റ് ബോൾ ടീം കോച്ചായ ജിജോ പോളിനെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനു ആൻ്റണി, ഗോപി കൃഷ്ണൻ, ചാലാംപാടം 101-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡേവിസ് ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി തോമാസ് കോട്ടോളി, വാർഡ് പ്രസിഡൻ്റ് സണ്ണി മുരിങ്ങത്തുപറമ്പിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി.

ഒ ബി സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ബി സി വിദ്യാർഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവ്വീസ് സെൻ്ററുകൾ വഴിയോ അപേക്ഷ നൽകാവുന്നതാണ്.

വിദേശ ടൂർ പാക്കേജിൻ്റെ പരസ്യം നൽകി പണം തട്ടിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശാസ്താമംഗലം സ്വദേശി ചാർളി വർഗ്ഗീസിനെ (51) തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തു.

മാധ്യമങ്ങളിൽ ടൂർ പാക്കേജിൻ്റെ പരസ്യം കണ്ട് ചാർളി വർഗ്ഗീസുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ, മേത്തല, എലിശ്ശേരിപ്പാറ സ്വദേശികളായ അശോകൻ, സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് തട്ടിപ്പിനിരയായത്.

ചാർളി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദയാത്രയ്ക്കായി 9 ലക്ഷം രൂപയോളം നൽകി. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ച് തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.

തങ്ങൾ തട്ടിപ്പിനിരയായതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി.

തുടർന്ന് അശോകൻ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

തട്ടിപ്പിനു ശേഷം ചാർളി പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.

സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ചാർളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

സബ്ബ് ഇൻസ്പെക്ടർ കെ സാലിം, സജിൽ, എഎസ്ഐ ഷഫീർ ബാബു, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കരിങ്കല്ല് പണിയുടെ മറവിൽ ല​ഹരി മരുന്ന് വിൽപ്പന : ശ്രീനാരായണപുരം സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : കരിങ്കല്ല് പണിയുടെ മറവിൽ അതിമാരക മയക്കുമരുന്ന് വില്പന നടത്തിയ ശ്രീനാരാ‌യണപുരം പോഴങ്കാവ് മിൽമ റോഡിൽ താമസിക്കുന്ന കീഴോത്ത് വീട്ടിൽ സാബിത് എന്ന കണ്ണൻ (40) പിടിയിലായി.

തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫും മതിലകം എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാബിത്തിനെ പിടികൂടിയത്.

എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാദ്, ഷിബിൻ ജോൺസൻ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സാബിത് അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് രാസ ലഹരിയുടെ വിൽപ്പന തുടങ്ങിയത്. കൈപമംഗലം സ്റ്റേഷനിൽ ഇയാൾക്കെതിരെ മയക്കു മരുന്ന് കേസുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാൾക്ക് എം ഡി എം എ നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ ദുആ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കരൂപ്പടന്ന മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കരൂപ്പടന്ന ശാഖ എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന പള്ളിനടയിൽ വലിയുല്ലാഹി അന്ത്രുപ്പാപ്പ സ്മാരക സൗധത്തിൽ പ്രവർത്തിക്കുന്ന സുന്നി മഹലിൽ അനുസ്മരണവും പ്രാർത്ഥനാ സംഗമവും നടത്തി.

സി ഐ അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ മഹല്ല് സെക്രട്ടറി സി ജെ അബീൽ ഉദ്ഘാടനം നിർവഹിച്ചു.

മഹല്ല് ഖത്തീബും മുദർരിസുമായ ഉസ്താദ് അബ്ദുന്നാസ്വിർ സഅദി അനുസ്മരണവും പ്രാർത്ഥനയും നടത്തി.

വി എസ് അബ്ദുന്നാസ്വിർ ഫൈസി, കെ എസ് ഹൈദരലി, എം എ സത്താർ, എം എ അബ്ദുൽ ഖാദർ, കെ ബി മുഹമ്മദ് ശാമിൽ, മുഹമ്മദ് അമാനി, എ എം അബ്ദുൽ കരിം, എ എ മുഹമ്മദ്, മുഹമ്മദ് ജാസിം എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി മാസം 22, 23 തീയ്യതികളിൽ നടക്കുന്ന റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണത്തിന്റെ പ്രഖ്യാപനവും നടത്തി.

ഭിന്നശേഷിക്കാർക്കുള്ള ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7% ആക്കി കുറച്ചു : മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ 7 ശതമാനമാക്കി കുറച്ചത്.

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആരംഭിച്ച വായ്പാ പദ്ധതിയാണ് ‘മെറി ഹോം’.

ഭിന്നശേഷിക്കാർക്ക് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് മെറി ഹോം പദ്ധതിയിൽ വായ്പ നൽകി വരുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം.

www.hpwc.kerala.gov.in വെബ് വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ദേശഗുരുതി തർപ്പണം 4ന്

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിക്ക് ദേശഗുരുതി തർപ്പണം ഫെബ്രുവരി 4ന് നടക്കും.

വൈകുന്നേരം 7 മണിക്ക് വിശേഷാൽ പൂജകൾക്ക് ശേഷം ഭദ്രകാളിയെ വാദ്യമേളങ്ങളോടെ പുറത്തേക്ക് എഴുന്നള്ളിച്ച് ഗുരുതിക്കളത്തിലേക്ക് ആവാഹിക്കും.

തുടർന്ന് പുറംതലത്തിൽ തന്ത്രി സനൂഷ് വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗുരുതി പൂജ, ശേഷം ഇരിങ്ങാലക്കുട വേലായുധൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സമാപ്തബലി എന്നിവയും ഉണ്ടാകും.

ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റിൽ പെഗാസസ് ജേതാക്കൾ

ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്‍റെ ഓര്‍മയ്ക്കായി നഗരസഭ മൈതാനിയില്‍ സംഘടിപ്പിച്ച ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റ് ലീഗ് സീസണ്‍ 4ൽ ടീം പെഗാസസ് ജേതാക്കളായി.

ടീം ബോയ്സ് ആണ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയത്.

ലീഗ് നഗരസഭ കൗൺസിലർ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

പെഗാസസ് ക്ലബ്ബ് പ്രസിഡന്റ് എ ജി അരുണ്‍ അധ്യക്ഷത വഹിച്ചു.

ശ്രീക്കുട്ടന്‍റെ പേരിലുള്ള ജഴ്‌സി ശ്രീക്കുട്ടന്‍റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന്
സോണിയ ഗിരി സമ്മാനിച്ചു.

സമാപനസമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്‍ ജി ജിജി കൃഷ്ണ മുഖ്യാതിഥിയായി.

ദേവരാജന്‍ പുത്തുക്കാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.

പെഗാസസ് ക്ലബ്ബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, ഷാജന്‍ ചക്കാലയ്ക്കല്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോണത്തുകുന്ന് ഗവ യു പി സ്കൂൾ വാർഷികാഘോഷവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ യു പി സ്കൂൾ വാർഷികാഘോഷത്തിൻ്റെയും പണി പൂര്‍ത്തിയാക്കിയ പുതിയ ക്ലാസ് മുറികളുടെയും ഉദ്ഘാടനം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിർവഹിച്ചു.

എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജിതിന്‍ രാജ്, ഡാവിഞ്ചി സന്തോഷ്‌, പല്ലൊട്ടി ചിത്രത്തില്‍ അഭിനയിച്ച നീരജ് കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായി.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വാര്‍ഡംഗം കെ കൃഷ്ണകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, എഇഒ പി മൊയ്തീന്‍കുട്ടി, ഒഎസ്ടിഎ വൈസ് പ്രസിഡന്റ് എം എസ് കാശി വിശ്വനാഥന്‍, എസ് എം സി ചെയര്‍മാന്‍ ടി എ അനസ്, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക പി എസ് ഷക്കീന സ്വാഗതവും പി ടി എ പ്രസിഡന്റ് എ വി പ്രകാശ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് എന്‍ഡോമെന്റ് വിതരണവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ അപമാനിക്കാൻ : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഇടക്കാല ബജറ്റിൽ അവഗണന ഉണ്ടായപ്പോൾ യഥാർത്ഥ ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് നേട്ടമുണ്ടാകുമെന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി കൂടിയായ മന്ത്രി പറഞ്ഞത്.

എന്നാൽ ഈ അവകാശവാദം പൊളിഞ്ഞപ്പോൾ ആയതിന്റെ കുറ്റം കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും എന്തെങ്കിലും കിട്ടണമെങ്കിൽ കേരളം യാചകരാകണമെന്ന പ്രസ്താവന നടത്തിയതും അങ്ങേയറ്റം അപഹാസ്യമാണെന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.