ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ കോൺക്ലേവായ ”സെഫൈറസ് 6.0” സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ വിൻസെന്റ് മാത്യു ഉദ്ഘാടനം നിർവഹിക്കും.
സാങ്കേതിക വിദ്യയുടെ വൈവിധ്യമാർന്ന മേഖലകളിലെ പുതുമകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന 4 ദിവസത്തെ പരിപാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ, അക്കാദമിക് വിദഗ്ധർ, സാങ്കേതിക പ്രൊഫഷണലുകൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
”സെഫൈറസ് 6.0”യുടെ മുഖ്യ ആകർഷണമായ ടെക്നിക്കൽ എക്സ്പോയിൽ സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐ ഒ ടി ഉപയോഗിച്ചുകൊണ്ടുള്ള തത്സമയ പ്രദർശനങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
കൂടാതെ സാങ്കേതിക വിദഗ്ധരുടെയും മറ്റ് പ്രഗത്ഭ വ്യക്തികളുടെയും പാനൽ ചർച്ചകളും പ്രഭാഷണങ്ങളുമടങ്ങിയ കോൺക്ലേവ്, നൂതന സാങ്കേതിക ആശയങ്ങൾ അവതരിപ്പിക്കുന്ന ഐഡിയത്തോൺ, മത്സരാർത്ഥികൾക്ക് അവരുടെ പ്രോഗ്രാമിംഗ് കഴിവുകൾ തെളിയിക്കാനുള്ള ഹാക്കത്തോൺ, സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന വർക്ക്ഷോപ്പുകൾ എന്നിവയും അരങ്ങേറും.
ഓഗ്മെൻ്റഡ് റിയാലിറ്റി ഉപയോഗിച്ച് വ്യത്യസ്തമായി നടത്തുന്ന ട്രഷർ ഹണ്ട് മത്സരം പങ്കെടുക്കുന്നവർക്ക് പുതുമയാർന്ന അനുഭവം നൽകുന്ന വേദിയാകും.
ജനുവരി 15ന് ”കേരള ക്യാമ്പസ് ഫാഷൻ ഐക്കൺ 2025” ഫാഷൻ ഷോയും സംഘടിപ്പിക്കും.
ഹയർ സെക്കൻ്ററി, ഡിഗ്രി, പിജി തലങ്ങളിലെ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ”സെഫൈറസ് 6.0” യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://christcs.in/events/) സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വഴിയോ 7012715039, 7025104887 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, സ്റ്റാഫ് കോർഡിനേറ്റർ രശ്മി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രിയങ്ക, അസോസിയേഷൻ സെക്രട്ടറി അഖില, വിദ്യാർഥികളായ അരുൺ, അശ്വിൻ, ഫിദ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.