കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യ റോബോട്ടിക്ക് നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : കാലത്തിനൊത്ത് കോളെജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർഥികൾ.

ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ 25 വിദ്യാർഥികൾ 5 ഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യത്തേതായി ഇനി ചരിത്രത്തിൽ ഇടം പിടിക്കും.

”ജോസഫൈൻ” എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

കോളെജിൻ്റെ ചരിത്രത്തിലെ ശ്ലാഘനീയ നേട്ടമാണിതെന്നും വിദ്യാർഥികളിൽ നിന്നാണ് സമൂഹത്തിനു വേണ്ട നൂതനാശയങ്ങൾ രൂപപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർഥി പ്രതിനിധി വരദ എന്നിവർ സംബന്ധിച്ചു.

പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് “ജോസഫൈൻ” എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന തരത്തിൽ കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക്‌ പ്രോജക്ടാണ് ജോസഫൈൻ.

വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ്സ് കോളെജ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു.

കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി ഡേവീസാണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.

വർണ്ണാഭമായി ക്രൈസ്റ്റ് കോളെജിൻ്റെ ”ചിലമ്പ്” വിളംബര ജാഥ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കലോത്സവം ”ചിലമ്പി”ൻ്റെ വരവറിയിച്ചു കൊണ്ട് വിദ്യാർഥികൾ നടത്തിയ വിളംബരജാഥ വർണാഭമായി.

വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കടും നിറങ്ങളിൽ ആറാടിയ തെയ്യം രൂപങ്ങളും താളത്തിൽ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും, കഥകളി,
കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ സാന്നിദ്ധ്യവും, ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയും, തിടമ്പേറ്റിയ യന്ത്രവൽകൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.

ജനുവരി 3, 4, 6 തിയ്യതികളിലായാണ് കലാമേള അരങ്ങേറുന്നത്.

സർവ്വകലാശാല ഇൻ്റർസോൺ മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകൾ മാറ്റുരയ്ക്കുന്ന ”ചിലമ്പ്” കലാമേള കോളെജ് യൂണിയൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാർഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പറഞ്ഞു.

ആഴ്ചകളായുള്ള
പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത്.

കോളെജ് വൈസ് പ്രിൻസിപ്പൽമരായ ഡോ സേവ്യർ ജോസഫ്, പ്രൊഫ മേരി പത്രോസ്, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ആശാഭവനിലെ അന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂർ ആശാഭവനിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം പുതുവർഷത്തെ വരവേറ്റു.

ഏറ്റവും മുതിർന്ന അംഗം റീത്താമ്മ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ സിജി, അസി പ്രൊഫ നിവേദ്യ, അസി പ്രൊഫ ശ്രീഷ്മ, അസി പ്രൊഫ തൗഫീഖ്, അസി പ്രൊഫ നസീറ, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ തുടങ്ങി നാൽപതോളം തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.