ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ‘സുവർണ്ണ’ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ മൂന്നാം ദിനത്തിൽ അമ്മന്നൂർ ഗുരുകുലത്തിൻ്റെ 38-ാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു.
കൂടിയാട്ട മഹോത്സവത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവ്വഹിച്ചു.
കലാമണ്ഡലം നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
അമ്മന്നൂർ കുട്ടൻ ചാക്യാർ നടത്തിയ ഭദ്രദീപ പ്രകാശന ചടങ്ങിൽ ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാരെ അനുസ്മരിച്ച് കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി പ്രഭാഷണം നടത്തി.
ക്ഷേമീശ്വരൻ്റെ “നൈഷധാനന്ദം” നാടകത്തിൻ്റെ അഞ്ചാമങ്കമായ “അനലഗർഭാങ്ക”ത്തിൻ്റെ ആദ്യ അരങ്ങിന്
ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തി സൂരജ് നമ്പ്യാർ നളനായി രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി. കലാമണ്ഡലം വൈശാഖ് ചുട്ടി കുത്തി.
അവതരണത്തിനു മുമ്പായി കലാമണ്ഡലം നാരായണൻ നമ്പ്യാർ ആട്ടപ്രകാരത്തെ കുറിച്ച് ആമുഖഭാഷണം നടത്തി.
വൈകീട്ട് അവതരണത്തിന് മുന്നോടിയായി ഡോ സി കെ ജയന്തി നൈഷധാനന്ദം നാടകത്തിനെയും നളചരിതം ആട്ടക്കഥയെയും കുറിച്ച് സംസാരിച്ചു.
കലാമണ്ഡലം രാജീവ് സ്വാഗതവും സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.