വർണ്ണക്കുടയ്ക്ക് തിരശ്ശീല ഉയർന്നു

ഇരിങ്ങാലക്കുട : നാടിൻ്റെ സാംസ്കാരികോത്സവമായ വർണ്ണക്കുട മഹോത്സവത്തിൻ്റെ സാംസ്കാരിക സമ്മേളനം സിനിമാ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു.

മന്ത്രിയും ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി.

വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു.

തുടർന്ന് ഇന്നസെൻ്റ്, മോഹൻ എന്നിവരെ അനുസ്മരിച്ചു.

ബിഷപ്പ് പോളി കണ്ണൂക്കാടൻ, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, കബീർ മൗലവി ഇമാം, എം പി ജാക്സൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ, സുധ ദിലീപ്, രേഖ ഷാൻ്റി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ആർ ജോജോ, കെ എസ് തമ്പി, ബിന്ദു പ്രദീപ്, ടി വി ലത, കെ എസ് ധനീഷ് , ലിജി രതീഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവർ പങ്കെടുത്തു .

ജനറൽ കൺവീനർ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു നന്ദിയും പറഞ്ഞു.

സമ്മേളനത്തിന് മുൻപ് ഫോട്ടോഗ്രാഫി പ്രദർശനം , എക്സിബിഷൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു .

തുടർന്ന് നൃത്തസന്ധ്യ, സിത്താര കൃഷ്ണകുമാറിൻ്റെ മൂസിക്ക് ബാൻഡ് എന്നിവ നടന്നു.

ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് നല്ലമ്മ – നാടൻ പാട്ടുകൾ അവതരണവും 8 മണിക്ക് ആൽമരം മ്യൂസിക് ബാൻഡും അരങ്ങേറും.

ഡോ മൻമോഹൻ സിംഗിന്റെ വിയോഗം : പട്ടേപ്പാടത്ത് സർവ്വകക്ഷി അനുശോചന യോഗം

ഇരിങ്ങാലക്കുട : രാജ്യത്തിൻ്റെ സാമ്പത്തിക പരിഷ്കർത്താവും, മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ
ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പട്ടേപ്പാടം സെൻ്ററിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു.

സി പി എം ലോക്കൽ കമ്മിറ്റി മെമ്പർ ടിറ്റോ ചാലിശ്ശേരി, സി പി ഐ ലോക്കൽ സെക്രട്ടറി സുനിൽ നടവരമ്പ്, സി പി ഐ (എം എൽ) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി അംഗം സിദ്ധാർത്ഥൻ പട്ടേപ്പാടം, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജോയ് തോമസ്, മഹിളാ കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ്, വേളൂക്കര പഞ്ചായത്ത് മെമ്പർമാരായ ബിബിൻ തുടിയത്ത്, ഗൗരേഷ്, യൂസഫ് കൊടകരപറമ്പിൽ, സീനിയർ കോൺഗ്രസ് നേതാവ് പി ജെ ജോസ്, ജോണി കാച്ചപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബിന്ദു ചെറാട്ട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

14-ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ശ്രീകുമാർ ചക്കമ്പത്ത് നന്ദി പറഞ്ഞു.

യൂത്ത് കോൺഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റ് സനൽ, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഹേമന്തകുമാർ കുളങ്ങര, സിദ്ദിഖ് പെരുമ്പിലായി, ബൂത്ത് പ്രസിഡന്റ് ഷജീർ കൊടകരപറമ്പിൽ, 13-ാം വാർഡ് പ്രസിഡന്റ് റാഫി മൂശ്ശേരിപറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എ ആർ ദേവരാജ് തുടങ്ങിയവരും കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കർഷകരിൽ നിന്ന് വിള ഇൻഷുറൻസ് അടക്കാൻ പണം വാങ്ങിയതിന് രശീതി നൽകണം : കർഷകമോർച്ച

ഇരിങ്ങാലക്കുട : കർഷകരിൽ നിന്നും വിള ഇൻഷുറൻസ് തുക അടക്കാൻ പണം വാങ്ങിയതിന് കർഷക സംഘങ്ങൾ രശീതി നൽകണമെന്ന് ഭാരതീയ ജനതാ കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ആർ 320 നമ്പർ ചെമ്മണ്ട കായൽ പുളിയംപാടം കർഷക സഹകരണസംഘം പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് രശീതികൾ നൽകുന്നില്ലെന്നാണ് കർഷകമോർച്ചയുടെ പരാതി.

ഇത് സംബന്ധിച്ച് കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സോമൻ പുളിയത്തുപറമ്പിൽ സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിൽ വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതെ കർഷകരെ വഞ്ചിച്ച സംഭവത്തിൽ കർഷക മോർച്ച സമരം നടത്തിയിരുന്നു.

ബി ജെ പി മണ്ഡലം സെക്രട്ടറി രാജൻ കുഴുപ്പുള്ളി, കർഷകമോർച്ച കാറളം പഞ്ചായത്ത് പ്രസിഡന്റ്‌ രവി കല്ലട, ഇരിങ്ങാലക്കുട മണ്ഡലം കർഷക മോർച്ച സെക്രട്ടറി സുശിദാംബരൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : നമ്പ്യാരു വീട്ടിൽ മുകുന്ദൻ മേനോൻ ഭാര്യ ലളിത നിര്യാതയായി.

റിട്ട അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (28/12/2024) ഉച്ചതിരിഞ്ഞ് 4 മണിക്ക് മുക്തിസ്ഥാനിൽ.

സഹോദരങ്ങൾ : രാമചന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ, ഇന്ദിര

മെഴുകുതിരിയിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരിങ്ങാലക്കുട : നവംബർ 16ന് മാളയിലെ ദേവാലയത്തിൽ പ്രാർത്ഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാള പാറേക്കാട്ടിൽ ജോസ് (77) അന്തരിച്ചു.

കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിനിടെ സമീപത്തെ കല്ലറയിലെ മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിൽ തീ പിടിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ച ജോസ് വെള്ളിയാഴ്ച്ച രാവിലെയാണ് മരിച്ചത്.

ലോട്ടറി വിൽപ്പനക്കാരനായിരുന്നു.

ജോസിന്റെ ഭാര്യ മേരി കുറച്ചു മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.

മാള പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം സംസ്കാരം നടത്തി.

മക്കൾ : വിബിൻ, റോബിൻ, വിബിത

മരുമക്കൾ : ജിജൊ, ബിന്ദു, ജാസ്മിൻ

വർണ്ണക്കുട : സ്റ്റേജ് പ്രോഗ്രാമുകളുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു

28-12-2024 (ശനിയാഴ്ച്ച)

4.30 – 7.30- ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ

7.00 – 7.30 – ഉദ്ഘാടന സമ്മേളനം

തുടർന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്

29-12-2024 (ഞായറാഴ്ച്ച)

3.30 – 6.00 pm – “നല്ലമ്മ” നാടൻപാട്ടുകളും നൃത്താവിഷ്കാരങ്ങളും

6.00 – 7.30 – ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ

7.30 – പൊതുസമ്മേളനം

തുടർന്ന് “ആൽമരം” മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി

30-12-2024 (തിങ്കളാഴ്ച്ച)

4.00 – 4.30 pm – മ്യൂസിക് ഫ്യൂഷൻ
4.30 – മോഹിനിയാട്ടം

5.00 – 7.00 ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ

7.00 – സാംസ്കാരിക സമ്മേളനം

തുടർന്ന് ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാന്റ്

വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ : കരുവന്നൂരിൽ പൊടിശല്യത്തിൽ ജനങ്ങൾ വലയുന്നതായി പരാതി

ഇരിങ്ങാലക്കുട : കരുവന്നൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസ് മുതൽ റോഡ് പൊളിച്ച് വലിയ പൈപ്പ് ഇടുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിൻ്റെ ഭാഗമായുണ്ടാകുന്ന രൂക്ഷമായ പൊടി ശല്യം മൂലം പരിസരവാസികളും സ്കൂൾ കുട്ടികളും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഉൾപ്പെടെയുള്ള ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.

ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും റോഡ് പൊളിച്ച ഭാഗങ്ങളിൽ വെള്ളം സ്‌പ്രേ ചെയ്തു കൊടുത്താൽ പൊടിശല്യം ഒരു പരിധി വരെയെങ്കിലും തടയുവാൻ സാധിക്കുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും കരുവന്നൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കൂടൻ, ടി എ പോൾ, എ കെ മോഹൻദാസ്, കെ കെ അബ്ദുള്ളക്കുട്ടി, മണ്ഡലം നേതാക്കളായ പി ഐ രാജൻ, ടി ഒ ഫ്ലോറൻ, സിജി ജോസഫ്, കെ കെ ഡേവിസ്, എ കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാത : കോടതി നിയോഗിച്ച കമ്മീഷണർ തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കെ എസ് ടി പി നടത്തുന്ന ജോലികൾ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി സുബ്രഹ്മണ്യൻ, പി കെ ജസീൽ എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജിയിൽ കോടതി നിയോഗിച്ച അഡ്വ കമ്മീഷണർ കെ വൃന്ദ റോഡ് സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ കോൺക്രീറ്റ് വർക്ക്‌ 2022ൽ പൂർത്തിയാക്കാൻ ആയിരുന്നു കെ എസ് ടി പിക്ക് കരാർ നൽകിയിരുന്നത്.

എന്നാൽ 35 കിലോമീറ്റർ നടത്തേണ്ട വർക്കിൽ 15 കിലോമീറ്റർ മാത്രമാണ് കെ എസ് ടി പി ഇതുവരെ പൂർത്തിയാക്കിയത്. മാത്രമല്ല റോഡിന് വീതി കൂട്ടുവാൻ സ്ഥലങ്ങൾ ഏറ്റടുക്കണമെന്നും ഓരോ വശങ്ങളും ടൈൽസ് വിരിക്കണമെന്നും കാനകൾ നിർമ്മിക്കണമെന്നും പ്രോജക്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ റോഡ് സൈഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചും റോഡിനു വീതി കൂട്ടണമെന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നുണ്ട്.

എന്നാൽ ഈ കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുൻസിഫ്‌ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

ഇപ്പോൾ നടത്തി വരുന്ന ജോലിയോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല എന്നാണ് തെളിവെടുപ്പിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തെളിവെടുപ്പ് സമയത്ത് ഫോറം ഭാരവാഹികളായ പി എ സീതിമാസ്റ്റർ, പാർത്ഥസാരഥി, രഞ്ജിത്ത്, അഡ്വ ഷാനവാസ് കാട്ടകത്ത്, പി കെ ജസീൽ, കെ ടി സുബ്രഹ്മണ്യൻ, പൊതുപ്രവർത്തകരായ മുസമ്മിൽ അറക്കപ്പറമ്പിൽ, എം എം നിസാർ, ജാസ്മിൻ ജോയി, ജോയ് കോലങ്കണ്ണി, വ്യാപാരി വ്യവസായി കൊടുങ്ങല്ലൂർ മണ്ഡലം ചെയർമാൻ കെ കെ നജാഹ്, അഡ്വ ദിവ്യ എന്നിവരും ഉണ്ടായിരുന്നു.

കമ്മീഷണർ റിപ്പോർട്ട് അടുത്ത ആഴ്ച്ച കോടതിയിൽ സമർപ്പിക്കും.

നിര്യാതനായി

രമേഷ് കുമാർ

ഇരിങ്ങാലക്കുട : വില്ലുമംഗലത്ത് വീട്ടിൽ ഭാസ്കരൻ മകൻ രമേഷ് കുമാർ (47) നിര്യാതനായി.

സംസ്കാരം ഡിസംബർ 27 (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ.

അമ്മ : രാധ

ഭാര്യ : സ്മിത

മകൾ : കൃഷ്ണേന്ദു

നിര്യാതയായി

ശാരദ

ഇരിങ്ങാലക്കുട : തേലപ്പിള്ളി മൂക്കാപ്പിള്ളി സുബ്രഹ്മണ്യൻ ഭാര്യ ശാരദ(79) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : രമ, സുനന്ദ, രജനി പരേതയായ ഷീജ

മരുമക്കൾ : ഷാജി, ജോഷി, ജോജി.