ക്രൈസ്റ്റ് കോളെജ് ബികോം പ്രൊഫഷണല്‍ ഡിപ്പാർട്ട്മെന്റ് ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് ഡേ നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ബികോം പ്രൊഫഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് ഡേ ഫുഡ് പ്രൊഡക്ട്സ് സിഇഒ ഡോ. ഇളവരശി പി. ജയകാന്ത് ഉദ്ഘാടനം ചെയ്തു.

കോളെജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്‍, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. കെ. ഒ. ഫ്രാന്‍സിസ്, ശ്രേയ സ്വാമിനാഥന്‍, അധ്യാപകരായ വി. സിജി പോള്‍, കെ.എസ്. ശ്രുതി, ഡോ. കെ.വി. ദിനി എന്നിവര്‍ പ്രസംഗിച്ചു.

“അടിയന്തരാവസ്ഥ : പാഠവും പഠനവും” -പുസ്തക വിചാരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് വിജിൽ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ “അടിയന്തരാവസ്ഥ : പാഠവും പഠനവും” എന്ന വിഷയത്തിൽ പുസ്തക വിചാരം സംഘടിപ്പിച്ചു.

അടിയന്തരാവസ്ഥ ഇരുട്ടിൻ്റെ നിലവിളികൾ, ഡെമോക്രസി എൻചെയ്നിഡ് നേഷൻ ഡിസ്ഗ്രെയ്സ്ഡ്, ഷാ കമ്മീഷൻ എക്കോസ്
ഫ്രം എ ബറീഡ് റിപ്പോർട്ട് എന്നീ രചനകളെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്.

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു.

വിജിൽ ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ, മുൻ എംപി അഡ്വ. സെബാസ്റ്റ്യൻ പോൾ, ആർഎസ്എസ് അഖില ഭാരതീയ മുൻ കാര്യകാര്യ സദസ്യൻ എസ്. സേതുമാധവൻ എന്നിവർ പ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ജില്ലാ പ്രസിഡന്റുമാരായ ജസ്റ്റിൻ ജേക്കബ്, എ.ആർ. ശ്രീകുമാർ, ഗോവ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രോഗ്രാം കോർഡിനേറ്റർ വിപിൻ പാറമേക്കാട്ടിൽ സ്വാഗതവും, ടോണി റാഫി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയ്ക്കിത് ലഹരി വിമുക്ത ഓണക്കാലം : ലഹരിയോട് വിട പറഞ്ഞ് ഈ ഓണക്കാലം ഒത്തൊരുമിച്ച്”മധുരം ജീവിത”മാക്കി മാറ്റാമെന്ന് മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഓണം ഇരിങ്ങാലക്കുടക്കാർക്ക് ലഹരി വിമുക്ത “മധുരം ജീവിതം” ഓണമായിരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

സമൂഹം നേരിടുന്ന ഏറ്റവും ആപത്ക്കരവും മാരകവുമായ വിപത്തായ ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ “വർണ്ണക്കുട”യുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട “മധുരം ജീവിതം” ലഹരി വിമുക്തി അവബോധ രൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് “മധുരം ജീവിതം” ലഹരി വിമുക്ത ഓണം സംഘടിപ്പിക്കുന്നത്.

ഓണംകളി മത്സരം, മണ്ഡലത്തിലെ സ്‌കൂൾ- കോളെജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ, പൊതുജനങ്ങൾക്കും കുടുംബശ്രീ പോലുള്ള സംഘങ്ങൾക്കും ക്ലബ്ബുകൾക്കും വെവ്വേറെ മത്സരങ്ങൾ എന്നിവയോടെയാണ് ലഹരിമുക്ത ഇരിങ്ങാലക്കുടയ്ക്കായുള്ള “മധുരം ജീവിതം” വർണ്ണക്കുട എഡീഷൻ ഒരുങ്ങുന്നത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഇവയിൽ പങ്കാളിത്തമുണ്ടാകും.

ആഗസ്റ്റ് 31ന് പതിനായിരം ബോധവത്ക്കരണ പൂക്കളങ്ങളുമായി ‘പൂക്കാലം’ പരിപാടി ഒരുക്കും.

കലാ- സാംസ്‌കാരിക- ശാസ്ത്ര സംഘടനയായ 0480യുമായി സഹകരിച്ചാണ് “ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ്” എന്ന ആശയത്തെ മുൻനിർത്തിയുള്ള ബോധവത്ക്കരണ പൂക്കളങ്ങൾ ഒരുക്കുന്നത്.

സെപ്തംബർ ഒന്നിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലായിരിക്കും രചനാമത്സരങ്ങൾ.

2ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നാടൻപാട്ട് മത്സരം അരങ്ങേറും.

3ന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് ഓണംകളി മത്സരം നടക്കും.

സ്‌കൂൾ തലത്തിലും കോളെജ്‌ തലത്തിലും പ്രസംഗം, ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടക്കും.

സ്‌കൂൾ – കോളെജ് തലങ്ങളിലെ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് മണ്ഡലംതല മത്സരത്തിൽ മാറ്റുരയ്ക്കുക.

സീനിയർ വിഭാഗക്കാർക്ക് രചനാ മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം നൽകും.

ഗ്രാമീണ ആവിഷ്‌കാരങ്ങൾക്ക് കൂടുതൽ വേദിയൊരുക്കുന്ന ഈ വർണ്ണക്കുടയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം നാടൻപാട്ട് മത്സരം ഉണ്ടാകും.

ഗ്രൂപ്പ് ഇന മത്സരങ്ങളിൽ ക്ലബ്ബുകൾ, നാടൻപാട്ട് സംഘങ്ങൾ, കുടുംബശ്രീ സംഘങ്ങൾ, പഞ്ചായത്ത്- നഗരസഭാതല ടീമുകൾ എന്നിവർക്ക് മത്സരിക്കാൻ അവസരമുണ്ടാകും.

മറ്റു ഇനങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ മത്സരങ്ങൾ ഉണ്ടാകും.

സ്‌കൂൾ, കോളെജ് തല മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതാത് സ്ഥാപനങ്ങളിൽ പേരുകൾ നൽകിയാൽ മതിയാകും.

സീനിയർ വിഭാഗം രചനാ മത്സരങ്ങൾ, ഓണംകളി, നാടൻപാട്ട് എന്നിവയ്ക്കുള്ള മത്സരാർത്ഥികൾ ആഗസ്റ്റ് 25ന് മുമ്പായി madhuramjeevitham@gmail.com എന്ന വിലാസത്തിൽ പേരും ഫോൺ നമ്പറും മത്സരിക്കുന്ന ഇനങ്ങളും അറിയിക്കണം.

ഓണംകളി മത്സരത്തിൽ ഒരു ടീമിൽ പതിനഞ്ചു പേരിൽ കുറയാത്ത അംഗങ്ങളും നാടൻപാട്ടിൽ ഏഴുപേരിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകണം.

മത്സരങ്ങളുടെയും പരിപാടികളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഓണം നാളുകളിൽ ഈ ലഹരിവിമുക്തിയുടെ സന്ദേശം വ്യാപകമാക്കി എത്തിക്കാൻ “മധുരം ജീവിതം” ലഹരിവിമുക്ത ഓണമായി വർണ്ണക്കുട ആഘോഷമൊരുക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മാളയിൽ നവ വധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെയാണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ 7 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജൂലായ് 13നായിരുന്നു വിവാഹം.

ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്.

കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളെജിലെ പിജി വിദ്യാർഥിയാണ്.

തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവർ മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളെജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

പ്രബന്ധാവതരണ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ “മഞ്ഞ്” നോവലിനെ അടിസ്ഥാനപ്പെടുത്തി ഹൈസ്കൂൾ തലത്തിൽ പ്രബന്ധാവതരണ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ നിർവഹിച്ചു.

വിദ്യാരംഗം കൺവീനർ സിന്ധു കൃഷ്ണ അധ്യക്ഷത വഹിച്ചു.

ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു.

അധ്യാപകരായ എം.ആർ. സനോജ്, ശശികുമാർ എന്നിവർ വിധികർത്താക്കളായി.

മത്സരത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ വിദ്യാർഥിനി ബെൻലിയ തെരേസ ഒന്നാം സ്ഥാനം നേടി.

ജലവിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : കാറളം ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 8,9 (വെള്ളി, ശനി) ദിവസങ്ങളിൽ കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും തടസപ്പെടും.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ
അറിയിച്ചു.

ഇരിങ്ങാലക്കുടയിൽ സിനിമാ തിയ്യേറ്ററിലെ ആക്രമണം : പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പിടിയിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 10 മണിയോടെ ചെമ്പകശ്ശേരി സിനിമാ തിയ്യേറ്ററിൽ നിന്ന് സിനിമ കഴിഞ്ഞിറങ്ങിയ കോണത്തുകുന്ന് സ്വദേശി മുത്രത്തിപറമ്പിൽ വീട്ടിൽ അക്ഷയ് (31), ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ലിന്റോ (30), കാറളം താണിശ്ശേരി സ്വദേശി കൂനമ്മാവ് വീട്ടിൽ സോജിൻ (28), പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി പ്ലാവിൻകൂട്ടത്തിൽ വീട്ടിൽ വിഷ്ണു (29) എന്നിവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ടും, കല്ല് കൊണ്ടും, ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത 3 കുട്ടികളെ പോലീസ് പിടികൂടി.

ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ ഇവരെ ജാമ്യം നൽകി വിട്ടയച്ചു.

സിനിമ കാണാൻ പോയ യുവാക്കൾ ഇടവേള സമയത്ത് തിയ്യേറ്ററിലെ മൂത്രപ്പുരയിൽ വെച്ച് മൂവർ സംഘത്തിലെ ഒരു കുട്ടിയുടെ ചുമലിൽ തട്ടിയതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കളെ കുട്ടികൾ ആക്രമിച്ചത്.

ആക്രമണത്തിൽ ലിന്റോയ്ക്ക് വലത് ചുമലിലും, പുറത്തും, രണ്ട് കൈമുട്ടിലും കത്തിക്കുത്തിൽ പരിക്കേറ്റിട്ടുണ്ട്. സോജിന് കല്ല് കൊണ്ടുള്ള ആക്രമണത്തിൽ തലയിലും പരിക്കുണ്ട്.

ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കൂ ; എന്നിട്ടാവാം ടോൾ പിരിവ് : പാലിയേക്കരയിൽനാലാഴ്ച്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : തൽക്കാലം പാലിയേക്കര ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. നാലാഴ്ച്ചത്തേക്കാണ് ടോൾ പിരക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കണം. അതിന് ശേഷം ടോൾ പിരിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.

ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നാലാഴ്ച്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടക്കാല ഉത്തരവിന്‍റെ വാദം ഹൈക്കോടതി തുടരും. വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് 9നും 10നും

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 9, 10 തിയ്യതികളിലായി വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അറിയിച്ചു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ക്ലാസ്സിൽ മനഃശാസ്ത്ര വിദഗ്ധർ, പ്രൊഫസർമാർ, ഡോക്ടർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.

എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ഹാളിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിയൻ ഓഫീസുമായോ, 9388385000 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ് കുട്ടികളുടെ ട്രൂപ്പ്/ കമ്പനി ലീഡേഴ്സിൻ്റെ ഏകദിന പരിശീലനം ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 123 കുട്ടികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ (ഗൈഡ്) ഐഷാബി അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ (ജി) കെ.കെ. ജോയ്സി, ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡൻ്റ് കുര്യൻ ജോസഫ്, ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡിസ്ട്രിക്റ്റ് ട്രെയിനിങ് കമ്മിഷണർ (സ്കൗട്ട്) പി.ജി. കൃഷ്ണനുണ്ണി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.ഡി. ജയപ്രകാശൻ, ജില്ലാ റോവർ വിഭാഗം കമ്മിഷണർ വി.ബി. പ്രസാദ്, ജില്ലാ ട്രഷറർ എ.ബി. ബെനക്സ്, സ്കൗട്ട് മാസ്റ്റർ രാജേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പറേക്കാട്ട് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിൻസി തോമസ് നന്ദിയും പറഞ്ഞു.