“പറുദീസ”യുടെ ഓഫീസ് ഉദ്ഘാടനം നാളെ

ഇരിങ്ങാലക്കുട : ചാലക്കുടി പരിയാരത്ത് ആരംഭിക്കുന്ന “പറുദീസ ലിവിങ്” എന്ന ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം പ്രൊജക്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനവും ലോഗോ, വെബ്സൈറ്റ്, ബുക്ക്ലെറ്റ് ലോഞ്ചും നാളെ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 11 മണിക്ക് നടക്കും.

ഓഫീസ് ഉദ്ഘാടനം ചാലക്കുടി എം എൽ എ ടി.കെ. സനീഷ് കുമാർ നിർവഹിക്കും.

ലോഗോ പ്രകാശനം പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വെബ്സൈറ്റ് പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, മാസ്റ്റർ പ്ലാൻ ലോഞ്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജെനിഷ് പി. ജോസ്, ബുക്ക്ലെറ്റ് പ്രകാശനം ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, ലീഫ്‌ലെറ്റ് പ്രകാശനം വാർഡ് മെമ്പർ എം.സി. വിഷ്ണു എന്നിവരും നിർവഹിക്കും.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെസിനിമാ പ്രദർശനങ്ങൾക്ക് ഇനി പുതിയ മുഖം

ഇരിങ്ങാലക്കുട : ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച്ച തോറുമുള്ള പ്രദർശനങ്ങൾക്ക്
ഇനി പുതിയ മുഖം. 2017 ജൂലൈ 18ന് ഓർമ്മ ഹാളിലാണ് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങളുമായി ഫിലിം സൊസൈറ്റി
പ്രസ്ഥാനം ഇരിങ്ങാലക്കുടയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

ഓർമ്മ ഹാളിൽ 292 സിനിമാ പ്രദർശനങ്ങളും ചലച്ചിത്ര അക്കാദമി, തൃശൂർ ചലച്ചിത്ര കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ആറ് അന്തർദേശീയ ചലച്ചിത്രമേളകളും ഇതിനകം പൂർത്തിയാക്കി.

ആധുനിക സാങ്കേതിക മികവോടെ ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനു വടക്കുഭാഗം തൃശൂർ റോഡിൽ “മൈ ജി” ഷോറൂമിന് എതിർ വശത്തള്ള റോട്ടറി ക്ലബ്ബിൻ്റെ എയർ കണ്ടീഷൻഡ് മിനി ഹാളിലാണ് ആഗസ്റ്റ് 15 മുതൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ഒരുക്കുന്നത്.

ഈ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവീകരിച്ച സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.

തുടർന്ന് 6 മണിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രമായ “ദി സബ്സ്റ്റൻസ്” പ്രദർശിപ്പിക്കും. പ്രായമായതിൻ്റെ പേരിൽ ഗ്ലാമർ ലോകത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന അമ്പതുകാരിയായ എലിസബത്ത് സ്പാർക്കിൾ പ്രത്യേക ചികിൽസയിലൂടെ സ്യൂ എന്ന പേരിൽ യുവത്വം നിറഞ്ഞ തൻ്റെ തന്നെ പുതിയ പതിപ്പിനെ സൃഷ്ടിക്കുന്നു. സങ്കീർണ്ണമായ അവസ്ഥകളിലേക്കാണ് എലിസബത്ത് ഇതോടെ എത്തിച്ചേരുന്നത്….

പ്രദർശന സമയം 141 മിനിറ്റ്….

അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അവയവദിനാചരണം സംഘടിപ്പിച്ചു.

സാമൂഹ്യപ്രവർത്തകയും വൃക്കദാതാവുമായ ഡോ. സിസ്റ്റർ റോസ് ആന്റോ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരീര സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.

ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നതിന്റെയും ജയപരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും സിസ്റ്റർ വിദ്യാർഥികളുമായി സംവദിച്ചു.

ഒന്നാം വർഷ വൊളന്റിയർ ശിവനന്ദു ചടങ്ങിൽ നന്ദി പറഞ്ഞു.

പരിപാടിക്ക് പ്രിൻസിപ്പൽ ജെ.എസ്. വീണ, എൻ.എസ്.എസ്. കോർഡിനേറ്റർ സി.പി. മായാദേവി എന്നിവർ നേതൃത്വം നൽകി.

വർണ്ണക്കുട സ്പെഷ്യൽ എഡിഷൻ : “മധുരം ജീവിതം” ഓണംകളി മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ “മധുരം ജീവിത”ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണംകളി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വർണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഇത്തവണ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ നടത്തുന്നത്.

ഇതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളോടൊപ്പം സെപ്റ്റംബർ 3ന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്താണ് ഓണംകളി മത്സരം അരങ്ങേറുക.

15 പേരിൽ കുറയാത്ത അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിന് അപേക്ഷിക്കാം.

വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഓണംകളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ madhuramjeevitham@gmail.com എന്ന ഇമെയിൽ വിലാസത്തിലക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും ഇമെയിൽ ചെയ്യുകയോ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിന് സമീപമുള്ള മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷകൾ നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9446572468 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മുരിയാട് പഞ്ചായത്ത് പ്രദേശത്ത് ഇരുപതോളം മരുന്ന് ചാക്കുകൾ തള്ളിയ നിലയിൽ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലങ്കുന്ന്, തുറവൻകാട് പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ കാലഹരണപ്പെട്ട മരുന്നുകളുടെ ചാക്കുകൾ തള്ളിയ നിലയിൽ.

പരിശോധനയിൽ പുറന്തള്ളിയ മാലിന്യത്തിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു.

വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള കാലഹരണപ്പെട്ട മരുന്നുകളുടെ ഇരുപതോളം ചാക്കുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ, പഞ്ചായത്ത് അംഗം റോസ്മി ജയേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം

ഇരിങ്ങാലക്കുട : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം ഒരുങ്ങി.

സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി.എൽ. ഓയിൽ മിൽസ് മാനേജിംഗ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

സൗണ്ട് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അനീഷിനെ മൊമെന്റോ നൽകി ആദരിച്ചു.

കെ.പി.എൽ. ഓയിൽ മിൽസിന്റേ സി.എസ്.ആർ. ഫണ്ടും പി.ടി.എ.യുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം പൂർത്തികരിച്ചത്.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.

എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.

നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 

ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ രണ്ടാമത് ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും.

ഡോ. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ട് ഓൺലൈനായി ആഗസ്റ്റ് 22നും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും സെപ്റ്റംബർ 10ന് ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിലും നടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

4, 5, 6 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 10,000, 5000, 2500 എന്നിങ്ങനെയും 7-ാം സ്ഥാനം മുതൽ 12-ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തവരെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച രാത്രി 9 മണിയോടെ താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിനു മുമ്പിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി സ്വദേശി സോജിയെയും സുഹൃത്തിനെയും ആക്രമിക്കുകയും, കാറിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ താണിശ്ശേരി സ്വദേശികളായ താണിയത്ത് വീട്ടിൽ ഹിമേഷ് (31), കറപ്പം വീട്ടിൽ അജ്നാസ് (22), മരനയിൽ വീട്ടിൽ സനിൽ (35) എന്നിവരെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

നിരവധി ക്രമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ഹിമേഷിൻ്റെ പേരിൽ കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളും, അജ്നാസിൻ്റെ പേരിൽ കാട്ടൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമുണ്ട്.

കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ലിപിൻരാജ് 

ഇരിങ്ങാലക്കുട : അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളെജിലെ അസി. പ്രൊഫസർ കെ. ലിപിൻരാജ്.

പുന്നയൂർക്കുളം രാജന്റെയും സവിതമാണിയുടെയും മകനാണ് ലിപിൻ രാജ്. 

ഡോ. അഖിലയാണ് ഭാര്യ. മകൾ നിത്ര ലിപിൻ.