പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തൃശൂർ : കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും.

നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ, ഓഗസ്റ്റ് 17ന് രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവ സമൂഹത്തിലേക്ക് എത്തിക്കണം : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 

ഇരിങ്ങാലക്കുട റോട്ടറി മിനി എ.സി. ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ജീവിതത്തിന് ദിശാബോധം പകരാനും അനുഭവലോകത്തെ വിപുലീകരിക്കാനും ഇത്തരം ചലച്ചിത്രകാഴ്ചകൾ സഹായകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡൻ്റ് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സിജി പ്രദീപ് മുഖ്യാതിഥിയായിരുന്നു. 

രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം.ആർ. സനോജ്, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ, സെക്രട്ടറി കെ.കെ. അബ്ദുൽ ഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു.

ഏകീകൃത കുർബ്ബാനയിൽ ഇളവ് വേണം : സീറോ മലബാർ സഭാ നേതൃത്വത്തിന് നിവേദനം നൽകി ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : 2021 ആഗസ്റ്റിലെ സിനഡിൽ ഏകീകൃത കുർബ്ബാന നടപ്പിലാക്കാൻ എടുത്ത തെറ്റായ തീരുമാനം സീറോ മലബാർ സഭയിലും ഇരിങ്ങാലക്കുട രൂപതയിലും ഉണ്ടാക്കിയ വലിയ വിഭജനത്തെ തുടർന്ന് ഏകീകൃത കുർബ്ബാന വിഷയത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും വിശ്വാസികളും സീറോ മലബാർ സഭയുടെ നേതൃത്വത്തിന് നിവേദനം സമർപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത കുർബ്ബാന നടപ്പിലായെങ്കിലും ഓരോ ഇടവകയിലും ഓരോ രീതിയിലാണ് ഇപ്പോൾ കുർബ്ബാന അർപ്പിക്കപ്പെടുന്നതെന്നും ശാന്തമായിരുന്ന സഭയിൽ പ്രശ്നങ്ങൾ ഉണ്ടായത് ഏകീകൃത കുർബ്ബാന അടിച്ചേൽപ്പിച്ചത് മൂലമാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഏകീകൃത കുർബ്ബാന നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രേഖാമൂലം 2021 സെപ്റ്റംബർ 29ന് ന്യൂൺഷ്യോക്ക് ഒരു പരാതി നൽകിയിരുന്നു.

നവംബർ 5ന് രൂപതയിലെ 184 വൈദികർ ഒപ്പിട്ട് ഓറിയന്റൽ കോൺഗ്രിഗേഷനും വത്തിക്കാൻ സെക്രട്ടറിക്കും സിനഡിനും സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാർക്കും പരാതി നൽകിയിരുന്നു. ഡിസംബറിൽ അൽമായ മുന്നേറ്റവും സിനഡിന് പരാതി നൽകി.

2023 ഡിസംബറിൽ റോമിന്റെ പ്രതിനിധിയായി എത്തിയ മാർ സിറിൽ വാസിൽ മെത്രാപ്പോലീത്തക്കും പരാതി നൽകി. എന്നാൽ ഈ പരാതികൾക്കൊന്നും ഒരു സ്ഥലത്ത് നിന്നും മറുപടി ലഭിച്ചില്ലെന്ന് ഇരിങ്ങാലക്കുട രൂപത കുറ്റപ്പെടുത്തി.

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും 99% വിശ്വാസികളും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന തന്നെ അർപ്പിക്കാനും പങ്കുചേരാനും തങ്ങൾ ആഗ്രഹിക്കുന്നതായും ഈ ആവശ്യത്തോട് അനുകൂലമായി തീരുമാനമെടുക്കാൻ ആകുന്നില്ലെങ്കിൽ എറണാകുളം – അങ്കമാലി രൂപതയ്ക്ക് നൽകിയ ആനുകൂല്യം തങ്ങൾക്കും നൽകണമെന്നും സഭ മുഴുവൻ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കുകയും വിരി, വസ്ത്രം, മരിച്ചവരുടെ ഓർമ്മദിനം, കുരിശ് അടയാളം വരച്ച് കുർബാന ആരംഭിക്കുന്നത് എന്നിവയിലുള്ള വ്യത്യാസങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിൽ തങ്ങൾ നേരിട്ട് അടുത്ത ആരാധനക്രമവത്സരം മുതൽ ജനാഭിമുഖ കുർബ്ബാന ചൊല്ലാൻ നിർബന്ധിതരാകുമെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ജനാഭിമുഖ കൂട്ടായ്മയ്ക്ക് വേണ്ടി സീനിയർ വൈദികരായ ഫാ. ജോൺ കവലക്കാട്ട്, ഫാ. ജോർജ്ജ് മംഗലൻ എന്നിവർ അറിയിച്ചു.

കേരള ചരിത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആർക്കൈവ്‌സ് വകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുടയിൽ കേരള ക്വിസ് സംഘടിപ്പിച്ചു.

ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിജി ജോസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് ആർക്കിവിസ്റ്റ് എസ്. ശരത് അധ്യക്ഷത വഹിച്ചു.

സാമൂഹ്യശാസ്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം പ്രവീൺ എം. കുമാർ ക്വിസ് മാസ്റ്ററായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായ പി.എസ്. ബിനോയ്, സി.സി. ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.

മത്സരത്തിൽ എച്ച്.എസ്. പനങ്ങാട് ടീം ഒന്നാം സ്ഥാനം നേടി.

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂൾ, മതിലകം
ഒ.എൽ.എഫ്.സി.ജി.എച്ച്.എസ്. എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി. ഷൈല വിതരണം ചെയ്തു.

പരിയാരത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം : “പറുദീസ”യ്ക്ക് നാന്ദി കുറിച്ച് പ്രൗഢഗംഭീരമാക്കി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി : തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കോടശ്ശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവിധ ആധുനിക സേവനവും ലഭ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത് ആരംഭിക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് ഹോം “പറുദീസ ലിവിങ്” കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും ലോഗോ, ലീഫ്‌ലെറ്റ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും പ്രൗഢഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ നടന്നു.

ഹോംസ് പ്രോജക്റ്റ് ഉടമകളായ “പറുദീസ ലിവിങ്” കമ്പനിയുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് ഇതോടെ പരിയാരത്ത് നാന്ദി കുറിച്ചത്.

ടി ജെ സനീഷ്കുമാർ എം എൽ എ ഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ലോഗോ പ്രകാശനവും, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ബുക്ക്ലെറ്റ് പ്രകാശനവും നടത്തി.

പ്രൊജക്റ്റ് മാസ്റ്റർ പ്ലാൻ ലേഔട്ടിന്റെ പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റർ വെബ്സൈറ്റ് ലോഞ്ചും, വാർഡ് മെമ്പർ വിഷ്ണു ലീഫ്‌ലെറ്റ് പ്രകാശനവും നടത്തി.

ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മാസ്റ്റർ ലേഔട്ടിന്റെ മിനിയേച്ചർ ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേർന്ന് അനാച്ഛാദനം ചെയ്തു.

“പറുദീസ ലിവിങ്” ചെയർമാൻ ടെന്നിസൺ ചാക്കോ സ്വാഗതവും, മാനേജിങ് ഡയറക്ടർ ജീസ് ലാസർ നന്ദിയും പറഞ്ഞു.

എന്തിനിങ്ങനെ ഒരു റെയ്ൽവെ സ്റ്റേഷൻ ?

നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു : ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട 

ഇരിങ്ങാലക്കുട : നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയ്ൽവെ പുറത്തിറക്കിയ ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷൻ.

ആഗസ്റ്റ് 12നാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു കൊണ്ടുള്ള റെയ്ൽവെയുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇതോടെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം പാഴായെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ.

കേന്ദ്രമന്ത്രിയുടെ റെയ്ൽവെ സ്റ്റേഷൻ സന്ദർശനത്തിൽ മലബാർ, പാലരുവി, ഏറനാട് തുടങ്ങി കോവിഡ് കാലത്ത് നിർത്തലാക്കിയ അഞ്ച് ട്രെയിനുകൾക്കെങ്കിലും ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും, പുതിയ സ്റ്റോപ്പുകൾ അനുവദിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനുമാണ് ഇതോടെ തിരിച്ചടിയായത്.

ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനെ പൂർണമായും അവഗണിക്കുന്ന നടപടിയാണ് റെയ്ൽവെയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി പുല്ലൂർ എസ്.എൻ.എസ്. സമാജം

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ പുല്ലൂർ എസ്.എൻ.എസ്.
സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പുസ്തക വിതരണവും നടത്തി.

വൈസ് പ്രസിഡന്റ് അഡ്വ. നളൻ തുമ്പരത്തി അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥികളായി വാർഡ് മെമ്പർ സേവ്യർ ആളൂക്കാരൻ, അഡ്വ. ലിജി മനോജ് എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി./ ഐ.സി.എസ്.ഇ., പ്ലസ്ടു & ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു.

സീനിയർ വുമൺ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശ്രീനന്ദനയേയും പ്രത്യേകം അനുമോദിച്ചു.

സമാജം സെക്രട്ടറി രജിത് ചെട്ടിയാംപറമ്പിൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സീമന്തിനി സഹദേവൻ നന്ദിയും പറഞ്ഞു.

കോണത്തുകുന്ന് വട്ടേക്കാട്ടുകര കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തനക്ഷമമാക്കണം : നാട്ടുകൂട്ടം

ഇരിങ്ങാലക്കുട : വട്ടേക്കാട്ടുകരയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് വട്ടേക്കാട്ടുകര നാട്ടുകൂട്ടം വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പി.പി. വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി എം. സനൽകുമാർ ഉദ്ഘാടനം ചെയ്തു.

1998ൽ തൈവളപ്പിൽ അബ്ദുൽ ഖാദർ ഭാര്യ നഫീസ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ 2000 – 2001 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത്.

കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഇവിടെ ദൈനംദിന പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നോക്ക – ദുർബല ജനവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്തെ അടഞ്ഞു കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രം എത്രയും വേഗം പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ.ആർ. ചന്ദ്രൻ, സി.എൻ. സന്തോഷ്, വി.പി. ഗോപാലകൃഷ്ണൻ, പി.എൻ. രാമചന്ദ്രൻ, പി.ബി. ജയചന്ദ്രൻ, ടി.എ. അസീസ്, അഡ്വ. കെ.സി. രാംദാസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എം. സനൽകുമാർ (രക്ഷാധികാരി), പി.പി. വിജയൻ (പ്രസിഡൻ്റ്), കെ.ടി. ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡൻ്റ്), സി.എൻ. സന്തോഷ് (സെക്രട്ടറി), അഡ്വ. കെ.സി. രാംദാസ് (ജോയിൻ്റ് സെക്രട്ടറി), കെ.ആർ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അവിട്ടത്തൂർ ഫുട്ബോൾ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ എത്തിയ സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.

മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പൊലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡിവൈഎസ്പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.

തോമസ് കാട്ടുകാരനും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാന്തിസദനത്തിൽ വച്ച് വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.

ജെ.എച്ച്.ഐ. ദിനേശൻ സ്വാഗതവും സിസ്റ്റർ നെസ്സി നന്ദിയും പറഞ്ഞു.

ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾ, ഫിസിഷ്യൻ, ഡെന്റൽ, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളും ലാബ് ടെസ്റ്റ്, കണ്ണ് പരിശോധന, മറ്റ് വിവിധ സ്ക്രീനിങ് ടെസ്റ്റുകൾ തുടങ്ങിയവയും ലഭ്യമായിരുന്നു.