മിൽമ പേഡ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി കോണത്തുകുന്ന് ക്ഷീരസംഘം

ഇരിങ്ങാലക്കുട : എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ഫ്രീഡം പേഡ വിൽപ്പനയിൽ 5000 പേഡ വിൽപ്പന നടത്തി കോണത്തുകുന്ന് ക്ഷീര സഹകരണ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

3930 പേഡ വിറ്റ് മാന്ദാമംഗലം ക്ഷീരസംഘം രണ്ടാം സ്ഥാനവും 3300 പേഡ വിൽപ്പന നടത്തി എടവിലങ്ങ് ക്ഷീര സംഘം മൂന്നാം സ്ഥാനവും നേടി.

വാർഷിക പൊതുയോഗത്തിന് മുന്നോടിയായി തൃശൂർ ജില്ലയിലെ പ്രസിഡൻ്റുമാരുടെ യോഗത്തിൽ വച്ച് സംഘങ്ങൾക്കുള്ള
ഉപഹാരം മേഖല യൂണിയൻ ചെയർമാൻ
സി.എൻ. വത്സലൻ പിള്ള വിതരണം ചെയ്തു.

മിൽമ ഫെഡറേഷൻ ബോർഡ് മെമ്പർ ടി.എൻ. സത്യൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മിൽമ ഫെഡറേഷൻ മെമ്പർ താര ഉണ്ണികൃഷ്ണൻ, ബോർഡ് മെമ്പർമാരായ എൻ.ആർ. രാധാകൃഷ്ണൻ, ഷാജു വെളിയൻ, മാനേജിംഗ് ഡയറക്ടർ വിൽസൻ ജെ. പുറവക്കാട്, ഓഡിറ്റർ എം. ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു.

പി & ഐ മാനേജർ സജിത്ത് നന്ദി പറഞ്ഞു.

മണ്ണാത്തിക്കുളം റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡൻ്റ് എ.സി. സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്നു.

രക്ഷാധികാരികളായ വി. ശിവശങ്കര മേനോൻ, എം. രവീന്ദ്രനാഥ്, സുനിത പരമേശ്വരൻ, വിജി വിജേഷ് എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി അനുമോദിച്ചു.

എ.സി. സുരേഷ് (പ്രസിഡൻ്റ്), ദുർഗ്ഗ ശ്രീകുമാർ (വൈസ് പ്രസിഡൻ്റ്), നന്ദൻ അമ്പാടി (സെക്രട്ടറി), മിജി വിജേഷ് (ജോയിൻ്റ് സെക്രട്ടറി), സുനിത പരമേശ്വരൻ (ട്രഷറർ), ബിന്ധ്യ ഗിരീഷ്, അഖില ശ്രീനാഥ്, വി. വിനോദ് കുമാർ, രേഖ ശ്യാം (കമ്മറ്റി അംഗങ്ങൾ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

നിര്യാതനായി

പോളി

ഇരിങ്ങാലക്കുട : കുള അന്തോണി മകൻ പോളി (74) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ആഗസ്റ്റ് 20) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂർ സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട : ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശൂർ റൂറൽ പൊലീസ്.

2023 ഡിസംബർ 23നാണ് കൊമ്പടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗയെ (24) കാണാതായത്.

യുവതിയെ കാണാതായതിനെ തുടർന്ന് മഠത്തിലെ മദർ സൂപ്പീരിയർ പുഷ്പത്തിൻ്റെ പരാതിയിൽ ആളൂർ പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തു.

ആദ്യഘട്ടത്തിൽ യുവതി പോകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വിപുലമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

ഇതോടെ ദുസ്മിനയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുസ്മിന ഒഡിഷ സംസ്ഥാനത്തെ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.

ആളൂർ എസ്.ഐ ജെയ്സൺ, എഎസ്ഐ മിനിമോൾ, സിപിഒ ആഷിക്ക് എന്നിവരാണ് ഒഡീഷയിലെത്തി യുവതിയെ കണ്ടെത്തിയത്.

നടപടിക്രമങ്ങൾക്ക് ശേഷം ദുസ്മിനയെ കോടതിയിൽ ഹാജരാക്കും.

ദുസ്മിന കേരളത്തിലുള്ള സഹോദരൻ വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ എത്തിയത്.

ഇവിടെയെത്തി 3 മാസത്തിന് ശേഷമാണ് ദുസ്മിനയെ കാണാതായത്. മഠത്തിൽ ജോലി ചെയ്തു വരുന്നതിനിടയിൽ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടിൽ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് 3 മാസമേ ആയുള്ളൂ എന്നതിനാലും ജോലിക്ക് വേറെ ആളെ കിട്ടാത്തതിനാലും ദുസ്മിനക്ക് ലീവ് കൊടുത്തില്ല. ഈ വിവരം ദുസ്മിന കാമുകനായ ഒഡീഷയിലുള്ള മിഖായേൽ എന്നയാളെ അറിയിച്ചു. കല്യാണത്തിന് പങ്കെടുക്കുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മിഖായേൽ കേരളത്തിൽ വന്ന് ദുസ്മിനയെ കൊണ്ടു പോകാമെന്നു പറഞ്ഞു. അതു പ്രകാരം മിഖായേൽ തൃശൂരിലെത്തി ദുസ്മിനയെ ഒഡിഷയിലേക്കു കൊണ്ടു പോവുകയായിരുന്നു.

അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാൽ ഇവരുടെ വിവാഹം വീട്ടുകാർ നടത്തിക്കൊടുത്തു.

തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരവെയാണ് തൃശൂർ റൂറൽ പൊലീസ് അന്വേഷിച്ച് ചെല്ലുന്നത്.

പൊലീസ് പറയുമ്പോഴാണ് ദുസ്മിനയെ കാണാതായ കാര്യത്തിന് മദർ സൂപ്പീരിയറിന്റെ പരാതിയിൽ കേസ് എടുത്തിട്ടുള്ള കാര്യം ഇവർ അറിയുന്നത്.

കേസിനെ കുറിച്ച് പൊലീസ് വിശദമായി പറഞ്ഞു മനസിലാക്കിയ ശേഷം ദുസ്മിനയെ ഭർത്താവ് മിഖേയലിനെയും കൂട്ടി ആളൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി.

സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

സിപിഎമ്മിന് അടുപ്പമുള്ള രണ്ട് വ്യവസായികൾ തർക്കം ഉന്നയിച്ച് നൽകിയ പരാതി കോടതി രേഖയായി പുറത്തായതിലൂടെ സിപിഎം നേതാക്കൾ പലരും പൊതുസമൂഹത്തിൽ കളങ്കിതരായി നിൽക്കുന്നുവെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.

പ്രതിഷേധ സംഗമത്തിന് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, ജോൺസൺ കോക്കാട്ട്, ജോൺസൻ തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോൻ കുരിയപ്പൻ, ഷൈനി വിൽസൺ എന്നിവർ പ്രസംഗിച്ചു.

തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ പുലിയിറങ്ങും : ആഘോഷമാക്കി ബ്രോഷർ പ്രകാശനം

ഇരിങ്ങാലക്കുട : സെപ്റ്റംബർ 6ന് രണ്ടോണ നാളിൽ ഇരിങ്ങാലക്കുടയിൽ പുലിയിറങ്ങും.

ലെജൻ്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5-ാമത് പുലിക്കളി ആഘോഷത്തിൻ്റെ ബ്രോഷർ ഇന്നസെൻ്റ് സോണറ്റ് പ്രകാശനം ചെയ്തു.

ലെജൻ്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ സ്വാഗതവും, സെക്രട്ടറി ലൈജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കണം : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ക്ലാസ്സ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അനന്തവും അവർണനീയവുമായ പ്രപഞ്ചത്തിൻ്റെ അറിയപ്പെടാത്ത രഹസ്യങ്ങൾക്കായി അന്വേഷണങ്ങൾ നടത്തുന്ന പുതുതലമുറയിലെ വിദ്യാർഥികൾക്ക് നമ്മുടെ പ്രകൃതിയെയും സമൂഹത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിജ്ഞാനതൃഷ്ണ വർദ്ധിപ്പിക്കുവാൻ എഡ്യൂ സ്ക്വയർ ചാനലിന് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.

“കാലാവസ്ഥ വ്യതിയാനം : കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ” എന്ന വിഷയത്തെ അധികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എടുത്ത ക്ലാസിന്റെ സംപ്രേഷണം നിർവഹിച്ചു കൊണ്ടാണ് എഡ്യൂ സ്ക്വയർ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

മേഘ വിസ്ഫോടനം, കൂമ്പാര മഴ, പ്രളയം, ഉരുൾപൊട്ടൽ, ഉരുകുന്ന ചൂട്, സൂര്യാഘാതം തുടങ്ങിയ കാലവും കണക്കും തെറ്റി വരുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളെ കുറിച്ച് ലളിതവും സമഗ്രവുമായ മാസ്റ്ററുടെ ക്ലാസ്സ് വിദ്യാർഥികൾക്കും പൊതു സമൂഹത്തിനാകെയും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.

ഉദ്ഘാടന സമ്മേളനത്തിൽ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി പ്രസിഡന്റ്‌ ടി.എസ്‌. സജീവൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.

മതിലകം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ സി.എ. നസീർ, ദീപ ആന്റണി, കെ.ആർ. ന്യൂജൻ, ബീന ജയൻ, സൊസൈറ്റി സെക്രട്ടറി അൻസിൽ തോമസ്, എഡ്യൂ സ്‌ക്വയർ ചാനൽ ഉപദേശക സമിതി കൺവീനർ കെ.കെ. ശ്രീതാജ് എന്നിവർ പ്രസംഗിച്ചു.

പി. കൃഷ്ണപിള്ള ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സിപിഐ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയുമായ പി. കൃഷ്ണപിള്ളയുടെ ചരമദിനവും സിപിഐ സംസ്ഥാന സമ്മേളന പതാക ദിനവും ആചരിച്ചു.

മണ്ഡലം കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.

ടൗൺ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. പ്രസാദ്, മണ്ഡലം കമ്മിറ്റി അംഗം വി.ആർ. രമേഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ജിബിൻ ജോസ്, വർദ്ധനൻ പുളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

മാനവരാശിക്ക് മഹത്തരമായ മാതൃകയാണ് ആദിത്തിന്റെ കുടുംബം സമ്മാനിച്ചത് : അഡ്വ. തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : മാനവരാശിക്ക് മഹത്തരമായ മാതൃകയാണ് ആദിത്തിന്റെ കുടുംബം സമ്മാനിച്ചതെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദിത്ത് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍.

2015 ആഗസ്റ്റ് 15ന് നടന്ന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്തിന്റെ ആറ്
അവയവങ്ങളാണ് ദാനം ചെയ്തത്.

ഹൃദയം സ്വീകരിച്ചത് കസാക്കിസ്ഥാനിലെ ദില്‍നാസ് എന്ന പെണ്‍കുട്ടിയാണ്.

അസുഖത്തെ അതിജീവിച്ച് ആദിത്തിന്റെ ഹൃദയവുമായി 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഇന്നും വളരെ ആരോഗ്യത്തോടെ ജീവിക്കുന്ന ദില്‍നാസ് ആദിത്തിന്റെ കുടുംബത്തിന്റെ കാരുണ്യത്തിന്റെ നേര്‍സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡൻ്റ് സി.ജെ. ആന്റോ അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍മാന്‍ ഹാരിഷ് പോള്‍ മുഖ്യാതിഥിയിരുന്നു.

സാന്ത്വന സദന്‍ മദര്‍ സിസ്റ്റര്‍ ബിന്‍സി, ലയണ്‍സ് ഡിസ്ട്രിക്ട് കോർഡിനേറ്റര്‍ ഷാജന്‍ ചക്കാലക്കല്‍, സെക്രട്ടറി ഷാജു കണ്ടംകുളത്തി, ട്രഷറര്‍ കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നിര്യാതയായി

രാധ

ഇരിങ്ങാലക്കുട : മൂർക്കനാട് പരേതനായ പോട്ടയിൽ ശങ്കരൻകുട്ടി പണിക്കർ ഭാര്യ രാധ (78) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (ആഗസ്റ്റ് 19) ഉച്ചതിരിഞ്ഞ് 3.15ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : സുരേഷ് കുമാർ, സുനിത ജയൻ, ജയ, സുഭാഷ് കുമാർ

മരുമക്കൾ : ജയൻ, സരിത