അഡ്വ ഷൈനി ജോജോ കേരള കോൺഗ്രസ്‌ കാറളം മണ്ഡലം പ്രസിഡൻ്റ് ; അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ വർക്കിങ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ കാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അഡ്വ. ഷൈനി ജോജോ, വർക്കിംഗ് പ്രസിഡന്റായി അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.

കാറളം എൻ. എസ്. എസ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സന്തോഷ് മംഗലത്ത്, വിദ്യ പുത്തൂക്കാരൻ
(വൈസ് പ്രസിഡൻ്റുമാർ), ഷിജി വിജു കണ്ണമ്പുഴ (സെക്രട്ടറി ഓഫീസ് ഇൻ ചാർജ്ജ്), ലോനപ്പൻ കുരുതുകുളങ്ങര, അനിലൻ പൊഴേക്കടവിൽ (ജനറൽ സെക്രട്ടറിമാർ), പ്രവീഷ് കോപ്പുള്ളി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), ജിന്റോ ആലപ്പാടൻ (ട്രഷറർ), എൽവിൻ ജോജോ ചിറ്റിലപ്പിള്ളി (യൂത്ത് കോർഡിനേറ്റർ), അലീന സന്തോഷ് (വനിതാ യൂത്ത് ജോയിന്റ് കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അതിരപ്പിള്ളി വാച്ചുമരം ഉന്നതിയിൽ ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്ത് ഭദ്രദീപം കുടുംബശ്രീ

ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിലെ ഭദ്രദീപം കുടുംബശ്രീയുടെ പത്താം വാർഷികത്തോടനോടനുബന്ധിച്ച് അതിരപ്പിള്ളി പഞ്ചായത്ത് വാച്ചുമരം ഉന്നതിയിലെ 40 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു.

ഭദ്രദീപം കുടുംബശ്രീ പ്രസിഡൻ്റ് ലതിക ചന്ദ്രൻ, സെക്രട്ടറി സിന്ധു സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

കുടുംബശ്രീയിലെ
14 അംഗങ്ങൾ അവരുടെ സമ്പാദ്യത്തിൽ നിന്ന് മിച്ചം വരുന്ന പണം സ്വരുക്കൂട്ടിയാണ് ഇത്തരം സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ചടങ്ങിൽ കുടുംബശ്രീയിലെ അംഗങ്ങളോടൊപ്പം കൗൺസിലർ വിജയകുമാരി അനിലൻ,
സിഡിഎസ് ചെയർപേഴ്സൺ ഷൈലജ, സിഡിഎസ് മെമ്പർ ശാലിനി, എഡിഎസ് അംഗങ്ങൾ, ഊര് മൂപ്പൻ രാജൻ, അതിരപ്പിള്ളി പഞ്ചായത്ത് മെമ്പർ അഷിത എന്നിവരും പങ്കെടുത്തു.

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ആലപ്പാടൻ കൊച്ചാപ്പു പൗലോസ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി.

സംസ്‌കാരകർമ്മം ഇന്ന് (ആഗസ്റ്റ് 26) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : മേഴ്‌സി, ഷീല, ജോയ്, ആന്റു

മരുമക്കൾ : ഡേവീസ്, വിത്സൺ, ജോളി, വിധു

മുരിയാട് പഞ്ചായത്ത് 12-ാം വാർഡിൽ ഓണാഘോഷത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 12-ാം വാർഡിൽ ഓണാഘോഷത്തിന് കൊടിയേറി.

കൊടിയേറ്റം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പക്ടർ കെ.ജെ. ജിനേഷ് നിർവ്വഹിച്ചു.

പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.

ഓണാഘോഷ കൺവീനർ സെനു രവി, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ പി.ടി. ജോർജ്ജ്, റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ചാർളി തൊകലത്ത്, രജിത സുധീഷ്, സിന്ധു രാജൻ, ബീന രവി, ബാബു ചങ്കരൻകാട്ടിൽ, കുട്ടൻ പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

ആഗസ്റ്റ് 31ന് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 6 മണി വരെ വീര്യനാട്യ മാമാങ്കം (കൈകൊട്ടികളി), തുടർന്ന് 6 മണി മുതൽ കലാസന്ധ്യ, മിമിക്സ് & ഫിഗർഷോ എന്നിവ ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട – എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടച്ചു തുടങ്ങി ; ടൈൽ വിരിക്കൽ ഓണം കഴിഞ്ഞ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – എകെപി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിന് മുൻവശത്തുള്ള കുഴികൾ അടയ്ക്കുന്ന പ്രവർത്തി വീണ്ടും ആരംഭിച്ചു.

മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത ദുരിതത്തിന് ആശ്വാസം എന്ന നിലയിലാണ് പ്രവർത്തി പുനരാരംഭിച്ചിരിക്കുന്നത്.

ഓണം കഴിഞ്ഞ് ടൈൽ വിരിക്കുമെന്നും അതിൻ്റെ പ്രാരംഭം എന്ന നിലയിലാണ് ഇപ്പോൾ കുഴികൾ അടച്ച് റോഡ് നിരപ്പാക്കുന്നതെന്നും കോൺട്രാക്ടർ പറഞ്ഞു.

പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് – കാട്ടൂർ റോഡ് ജംഗ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷൻ റോഡിലേക്ക് കടക്കുന്ന ഭാഗം മുതൽ എ.കെ.പി. ജംഗ്ഷൻ വരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. പലരും നിരോധനം അറിയാതെ ഇവിടെ വരെ വന്ന് മറ്റു പലവഴിക്കും തിരിഞ്ഞ് പോകേണ്ട സ്ഥിതിയിലാണ്.

അല്പം ബുദ്ധിമുട്ട് സഹിച്ചാലും ഇനിയെങ്കിലും എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഖില കേരള പൂക്കളമത്സരം സെപ്തംബർ 6ന്

ഇരിങ്ങാലക്കുട : എസ്.എൻ.വൈ.എസിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് സെപ്തംബർ 6ന് ശ്രീനാരായണ മിനിഹാളിൽ രാവിലെ 10 മണിക്ക് അഖില കേരള പൂക്കള മത്സരം സംഘടിപ്പിക്കും.

പൂക്കള മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 300 രൂപ അഡ്മിഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം.

പൂക്കളത്തിൽ 80 ശതമാനം പൂക്കളും പൂക്കളത്തിന് 4 അടി സമചതുരം വിസ്തീർണ്ണവും ഉണ്ടായിരിക്കണം.

ഒരു ടീമിൽ പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവർക്ക് സെപ്തംബർ 5ന് വൈകീട്ട് 5 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 7000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ലഭിക്കും.

സമ്മാനദാനം ചതയദിനത്തിൽ നടത്തുന്ന സമാപന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് 9447618164, 9447023885, 9947903309 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം 30ന്

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം ആഗസ്റ്റ് 30ന് വൈകീട്ട് 3.30ന് കൊറ്റനല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സിജോയ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ മൺമറഞ്ഞ കേരള കോൺഗ്രസ് മുൻ വേളൂക്കര മണ്ഡലം പ്രസിഡൻ്റ് പി.എൽ. ജോർജ്ജ് പട്ടത്തുപറമ്പിലിനെ അനുസ്മരിക്കും.

തുടർന്ന് മണ്ഡലത്തിലെ മുതിർന്ന കേരള കോൺഗ്രസ് നേതാക്കളെയും വ്യത്യസ്ത തലങ്ങളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കും.

മണ്ഡലം പ്രസിഡൻ്റ് ജോൺസൺ കോക്കാട്ട്, ഓഫീസ് ചാർജ് സെക്രട്ടറി ബിജു തത്തംപിള്ളി, സീനിയർ വൈസ് പ്രസിഡൻ്റ് ജോൺസൺ തത്തംപിള്ളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതനായി

വത്സൻ

ഇരിങ്ങാലക്കുട : വള്ളിവട്ടം തൈവളപ്പ് പൂവ്വത്തുംകടവില്‍ വത്സന്‍ (78) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : സുഷമ

മക്കള്‍ : കൃഷ്ണജിത്ത്, കൃഷ്ണരാജ്

മരുമക്കള്‍ : സവിത, ജില്‍ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : പ്രതിക്ക് 78 വർഷം കഠിന തടവും 1,15,000 രൂപ പിഴയും

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ എസ്.എൻ. പുരം ചെന്തെങ്ങ് ബസാർ പൈനാട്ട്പടി വീട്ടിൽ ഇബ്രാഹിമിന്(64) 78 വർഷം കഠിന തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി.

പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2023 ജൂൺ മാസം മുതൽ ജൂലൈ മാസം വരെയുള്ള കാലയളവിൽ പ്രതി പലതവണകളിലായി അതിജീവിതയെ
ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ അന്നത്തെ എസ്.എച്ച്.ഒ. ആയിരുന്ന അനീഷ് കരീം, സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ്. ഷാജൻ, ജി.എസ്.ഐ. സുധാകരൻ, വനിതാ സ്റ്റേഷൻ എസ്.ഐ. കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എസ്.എച്ച്.ഒ. അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി.

ജി.എ.എസ്.ഐ. ഗീത, ഇരിങ്ങാലക്കുട സി.പി.ഒ. കൃഷ്ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഉറക്കെ ബഹളം വയ്ക്കുകയും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിടിച്ചു മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ.

പുല്ലൂർ സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

റിറ്റ് ജോബ് അടിപിടിയിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി ജിറ്റ് ജോബിനെയും രാഹുലിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്നതാണ്.

ജിറ്റിന് ഹെഡ് ഇൻജുറി ഉള്ളതായി സംശയം തോന്നിയതിനാൽ ഡോക്ടർ സി.ടി. സ്കാൻ എടുക്കണമെന്ന് പറഞ്ഞു. ഇതുകേട്ട ഉടൻ റിറ്റ് ജോബ് ‘നിങ്ങൾ എന്തേ ഇവിടെ സി.ടി. സ്കാൻ വയ്ക്കാത്തത്’ എന്ന് പറഞ്ഞ് ഉച്ചത്തിൽ ബഹളം വെച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് റിറ്റ് ജോബിനെ അറസ്റ്റ് ചെയ്തു മാറ്റിയത്.

ജിറ്റ് ജോബിനെയും, രാഹുലിനെയും തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നൽകിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഇവരെ മൂന്ന് പേരെയും ഞായറാഴ്ച രാത്രി 9.30ഓടെ ഇരിങ്ങാലക്കുട ചെറാക്കുളം ബാറിന് മുൻവശത്ത് വെച്ച് 14ഓളം പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് രാഹുലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റിറ്റ് ജോബും ജിറ്റ് ജോബും ആളൂർ സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസുകളിലും പ്രതികളാണ്.

രാഹുൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്.