സ്കൂൾ പാചക തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക, തൊഴിലാളികൾക്ക് യൂണിഫോം, ഏപ്രൺ, ക്യാപ്പ് എന്നിവ ലഭ്യമാക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, മാസവേതനം യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ എ.ഇ.ഒ. ഓഫീസിനു മുന്നിലും നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസിന്റെ മുന്നിൽ സംഘടിപ്പിച്ച
ധർണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സുനിത ദേവദാസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ സെക്രട്ടറി സ്മിത പ്രകാശൻ സ്വാഗതവും ശ്രീജ തിലകൻ നന്ദിയും പറഞ്ഞു.

നിര്യാതയായി

നിഷ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം പരേതരായ വിളക്കടവിൽ രഞ്ജൻ, മല്ലിക ദമ്പതികളുടെ മകൾ നിഷ (43) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് : ബാബുമോൻ

സഹോദരൻ : നിഗേഷ് വി. രഞ്ജൻ

തീരദേശ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഹൈക്കോടതിയിൽ ആക്ഷൻ പ്ലാൻ സമർപ്പിച്ച് വാട്ടർ അതോറിറ്റി

ഇരിങ്ങാലക്കുട : ശ്രീനാരായണപുരം മുതൽ എങ്ങണ്ടിയൂർ വരെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാട്ടർ അതോറിറ്റി ഇതുവരെ സ്വീകരിച്ച നടപടികൾ മാനേജിംഗ് ഡയറക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു.

2017 മുതൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും തുടർനടപടികൾക്കിടയിൽ ഇത് ചുവപ്പു നാടയിൽ കുടുങ്ങി മുന്നോട്ടു പോകാതെ വന്നപ്പോഴാണ് പൊതു പ്രവർത്തകരായ പി.എ. സീതിമാസ്റ്ററും കെ.എ. ധർമ്മരാജനും മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്നാണ് തീരദേശ മേഖലാ നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന നീക്കം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

10 പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് വെള്ളാനിയിൽ നിന്നാണ്. അവിടെ പുതുതായി കൂടുതൽ വെള്ളം സംഭരിക്കാൻ പറ്റുന്ന വലിയ റിസർവ്വോയർ നിർമ്മിക്കാനും, അതോടനുബന്ധിച്ച് ജലശുദ്ധീകരണശാല പണിയാനും, വെള്ളം പമ്പു ചെയ്യാൻ ഉയർന്ന ശേഷിയുള്ള പുതിയ മോട്ടോറുകൾ സ്ഥാപിക്കാനുമായി കിഫ്ബി ഫണ്ടിൽനിന്ന് 88 കോടി രൂപ അനുവദിച്ചതായി എം.ഡി. രേഖാമൂലം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അതോടൊപ്പം നിലവിലുള്ള ജലശുദ്ധീകരണ ശാലയുടെ ശേഷി വർധിപ്പിക്കാനും, വൈദ്യുതി തടസ്സങ്ങൾ ഇല്ലാതിരിക്കാൻ 500 കെ.വി. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും വേണ്ടിയുള്ള നടപടികൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഇപ്പോൾ നാഷണൽ ഹൈവേയിൽ ഇടക്കിടെ പൊട്ടിപ്പോകുന്ന പഴയ കോൺക്രീറ്റ് പൈപ്പുകൾ മാറ്റി എങ്ങണ്ടിയൂർ മുതൽ മതിലകം വരെ 500മില്ലിമീറ്റർ, 700 മില്ലി മീറ്റർ വ്യാസമുള്ള ഉയർന്ന കപ്പാസിറ്റിയുള്ള വലിയ അയേൺ പൈപ്പുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും ഇതിന്റെ ചിലവിലേക്ക് കിഫ്ബി 47 കോടി രൂപ പ്രത്യേകമായി അനുവദിച്ചതായും വാട്ടർ അതോറിറ്റിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പണി തുടങ്ങി ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി എം.ഡി. രേഖാമൂലം കോടതിയിൽ ഉറപ്പുനൽകി.

പദ്ധതി നടപ്പാക്കാൻ ടെൻഡർ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അഭിഭാഷകൻ മുഖേനെ വാട്ടർ അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്.

മധുരം ജീവിതം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വർണ്ണക്കുടയുടെ സ്പെഷ്യൽ എഡിഷനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന മധുരം ജീവിതം ലഹരി വിരുദ്ധ ഓണാഘോഷത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.

എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളെജ് എന്നീ തലങ്ങളിലും പൊതുജനങ്ങള്‍ക്കായി ജനറല്‍തലത്തിലുമായാണ് ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചത്.

സെന്റ് ജോസഫ്സ് കോളെജിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരൻ പി.കെ. ഭരതൻ നിർവഹിച്ചു.

കോളെജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു.

ജനറൽ കൺവീനർ ഡോ. കേസരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ, ആർ.എൽ. ജീവൻലാൽ, പി.കെ. സ്റ്റാൻലി, നീതു സുഭാഷ് എന്നിവർ പ്രസംഗിച്ചു.

കാറളം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം : കേന്ദ്രമന്ത്രിയെ അറിയിക്കാതെ ഫോട്ടോ വച്ച് കബളിപ്പിച്ചെന്ന് ആരോപണം ; പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി

ഇരിങ്ങാലക്കുട : കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാറളം ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടന വിവരം കേന്ദ്രമന്ത്രിയെ അറിയിക്കാതെ വിശിഷ്ടാഥിതി എന്ന് പേരും ഫോട്ടോയും വച്ച് പൊതുജനങ്ങളെ കബളിപ്പിച്ച് ഉദ്ഘാടനം നടത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി പ്രതിഷേധം സംഘടിപ്പിച്ചു.

ജനകീയ ആരോഗ്യ കേന്ദ്രത്തിന് മുൻപിൽ നടത്തിയ പരിപാടിയിൽ വച്ച് നാട മുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ടയാണ് പ്രതീകാത്മക ഉദ്ഘാടനം നിർവ്വഹിച്ചത്.

മന്ത്രി ഡോ. ആർ. ബിന്ദുവും പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപും ഭരണസമിതിയും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.

ഇതിൻ്റെ ബ്രോഷർ കണ്ടപ്പോൾ തന്നെ ഇത് തിരുത്തണമെന്നും കേന്ദ്രമന്ത്രിയുടെ അനുമതി വാങ്ങി ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും പ്രസിഡൻ്റിനോടും വൈസ് പ്രസിഡൻ്റിനോടും മറ്റും ആവശ്യപ്പെട്ടിരുന്നതായി കൃപേഷ് ചെമ്മണ്ട പറഞ്ഞു.

പ്രോട്ടോകോൾ അറിയാവുന്ന മന്ത്രി ബിന്ദുവും പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപും പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണൻ ഹെൽത്ത് ഗ്രാൻ്റ് 5,55,000 രൂപ ചിലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചത്.

ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ അനിൽ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റുമാരായ അജയൻ തറയിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, വാർഡ് മെമ്പർ സരിത വിനോദ്,
സെക്രട്ടറി ജോയ്സൺ, രാജൻ കുഴുപ്പുള്ളി, ഭരതൻ വെള്ളാനി, ഇ.കെ. അമരദാസ്, സോമൻ നായർ, കെ.ജി. രാമചന്ദ്രൻ, മുരളി എന്നിവർ നേതൃത്വം നൽകി.

യു.ആർ.എഫ്. വേൾഡ് റെക്കോർഡ് നേടി 0480യുടെ “പൂക്കാലം”

ഇരിങ്ങാലക്കുട : രാസലഹരിക്കെതിരെ
0480 കലാസാംസ്കാരിക സംഘടന നടത്തിയ “പൂക്കാലം” ക്യാമ്പയിനിന് 24,434 പൂക്കളങ്ങൾ ഇട്ട് ഇരിങ്ങാലക്കുടയിലെ കുടുംബാംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ യു.ആർ.എഫ്. വേൾഡ് റെക്കോർഡ് കരസ്ഥമാക്കി “പൂക്കാലം”.

“രാസലഹരിക്കെതിരെ ഞങ്ങളും 0480വിനൊപ്പം” എന്ന സന്ദേശം നൽകിക്കൊണ്ടായിരുന്നു ഒരു നാടിൻ്റെ കൂട്ടായ ഒത്തൊരുമയുടെ വിജയമായി ഈ ക്യാമ്പയിൻ മാറിയത്.

ആഗസ്റ്റ് 31ന് രാവിലെ മുതൽ ഒരുങ്ങിയ ആയിരക്കണക്കിന് പൂക്കളങ്ങളിൽ 0480വിൻ്റെ സന്ദേശം വെച്ചുള്ള ഫോട്ടോകൾ ഡിജിറ്റൽ വാട്ട്സ്ആപ്പിലേക്ക് ഒഴുകിയെത്തി.

രാവിലെ ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പൂക്കളമത്സരം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, കെ.എസ്.ഇ. കമ്പനി മാനേജിങ്ങ് ഡയറക്ടർ എം.പി. ജാക്സൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധിപേർ പങ്കെടുത്തു.

വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ യു.ആർ.എഫ്. ഇന്ത്യൻ പ്രതിനിധി ഡോ. സുനിൽ ജോസഫ് 0480യുടെ രാസലഹരി വിരുദ്ധ ക്യാമ്പയിന് യു.ആർ.എഫ്. വേൾഡ് റെക്കോർഡ് ലഭിച്ചതായി പ്രഖ്യാപിച്ചു.

തുടർന്ന് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് 0480 പ്രസിഡൻ്റ് യു. പ്രദീപ് മേനോനും വേൾഡ് റെക്കോർഡിൻ്റെ ലോഗോ അടങ്ങുന്ന സാക്ഷ്യപത്രം സെക്രട്ടറി റഷീദ് കാറളത്തിനും കൈമാറി.

പ്രോഗ്രാം കോർഡിനേറ്ററായ സോണിയ ഗിരിക്ക് യു.ആർ.എഫ്. റെക്കോർഡ് പതക്കം കൈമാറി.

ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി കോർഡിനേറ്റർ സി.വി. രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണർവ് ചെമ്മന്നൂർ കുന്നംകുളം ടീമിന് 25001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ബട്ടർഫ്ലൈ പട്ടിക്കാട് ടീമിന് 15,001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്പാർട്ടൻസ് പൊറത്തിശ്ശേരി ടീമിന് 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി.

തുടർന്ന് പെരിഞ്ഞനം നക്ഷത്രയുടെ വീരനാട്യം പരിപാടിയും നടന്നു.

ഓണ കാർഡുകളിലൊളിഞ്ഞ സ്നേഹവും പ്രത്യാശയും; പ്രിയപ്പെട്ട മന്ത്രിക്ക് സ്‌നേഹസമ്മാനവുമായി നിപ്മറിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് ഓണാശംസകളറിയിക്കാൻ മനോഹരമായ കാർഡുകൾ തയ്യാറാക്കി നിപ്മറിലെ ഭിന്നശേഷി വിദ്യാർഥികൾ.

ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർഥികളാണ് 1000 ആശംസാ കാർഡുകൾ മന്ത്രി ഡോ. ആർ. ബിന്ദുവിന് സ്നേഹത്തോടെ ഒരുക്കി നൽകിയത്.

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നു. കുട്ടികളുടെ കൈകളിൽ നിന്നും ജനിച്ച ഓണാശംസാകാർഡുകൾ ഒരുപാട് സന്തോഷവും പ്രത്യാശയുമാണ് സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളിലെ എല്ലാത്തരം വൈവിധ്യങ്ങളെയും ചേർത്തുപിടിച്ച് ഓരോരുത്തരുടെയും വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി വളർത്തുമ്പോഴേ യഥാർത്ഥ സമൃദ്ധിയിലേക്ക് നാം വളരുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണ കാർഡുകളിലൊളിഞ്ഞ സ്നേഹവും പ്രത്യാശയും; പ്രിയപ്പെട്ട മന്ത്രിക്ക് സ്‌നേഹസമ്മാനവുമായി നിപ്മറിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് ഓണാശംസകളറിയിക്കാൻ മനോഹരമായ കാർഡുകൾ തയ്യാറാക്കി നിപ്മറിലെ ഭിന്നശേഷി വിദ്യാർഥികൾ.

ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർഥികളാണ് 1000 ആശംസാ കാർഡുകൾ മന്ത്രി ഡോ. ആർ. ബിന്ദുവിന് സ്നേഹത്തോടെ ഒരുക്കി നൽകിയത്.

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നു. കുട്ടികളുടെ കൈകളിൽ നിന്നും ജനിച്ച ഓണാശംസാകാർഡുകൾ ഒരുപാട് സന്തോഷവും പ്രത്യാശയുമാണ് സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളിലെ എല്ലാത്തരം വൈവിധ്യങ്ങളെയും ചേർത്തുപിടിച്ച് ഓരോരുത്തരുടെയും വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി വളർത്തുമ്പോഴേ യഥാർത്ഥ സമൃദ്ധിയിലേക്ക് നാം വളരുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിൽ

ഇരിങ്ങാലക്കുട : കൗൺസിൽ ഫോർ ഇന്ത്യ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിലായി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരങ്ങൾ ദിവസവും രാവിലെ 8 മണിക്ക് ആരംഭിക്കും.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

ഈ വർഷത്തെ ടൂർണ്ണമെൻ്റ് നമ്മുടെ രാജ്യത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ ഒരുമിപ്പിക്കുന്ന കായിക മഹോത്സവമാണ്.

വിജയികൾക്ക് സി.ഐ.എസ്.സി.യെ പ്രതിനിധീകരിച്ച് എസ്.ജി.എഫ്.ഐ. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

സി.ഐ.എസ്.സി. കേരള റീജിണൽ സ്പോർട്സ് കോർഡിനേറ്റർ ഫാ. ഷിനോ കളപ്പുരക്കൽ, പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു, പി.ടി.എ. പ്രസിഡൻ്റ് അഡ്വ. ഹോബി ജോളി, മുൻ പി.ടി.എ. പ്രസിഡൻ്റ് ശിവപ്രസാദ് ശ്രീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ 13നും 14നും

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ കുരിശുമുത്തപ്പന്റെ തിരുനാൾ സെപ്തംബർ 13, 14 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ 4ന് രാവിലെ 6.30ന് കോട്ടപ്പുറം രൂപത മെത്രാൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ലാറ്റിൻ റീത്തിൽ കുർബാനയും ഉണ്ടാകും.

അന്നേദിവസം മുതൽ 12 വരെ തിരുനാളിന്റെ നവനാൾ ആചരിക്കും.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പള്ളിയുടെയും ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം 12ന് വൈകീട്ട് 7 മണിക്ക് നടക്കും.

13ന് രാവിലെ കുർബാനയ്ക്കു ശേഷം തിരുഹൃദയപ്രദക്ഷിണവും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കലും ഉണ്ടായിരിക്കും.

വൈകീട്ട് 7.30ന് പുഷ്പ കുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും.

തിരുനാൾ ദിനമായ 14ന് വൈകീട്ട് 3 മണിക്കുള്ള കുർബാനയെ തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം അരങ്ങേറും.

21ന് നടത്തുന്ന എട്ടാമിടത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്നേഹാഞ്ജലി ഹാളിൽ കുരിശുമുത്തപ്പന്റെ നേർച്ച ഊട്ട് ഉണ്ടായിരിക്കും.

15ന് രാത്രി 7 മണിക്ക് “എൻ്റെ പിഴ” എന്ന നാടകവും 21ന് രാത്രി 7 മണിക്ക് മെഗാഷോയും ഉണ്ടായിരിക്കും.

വികാരി റവ. ഫാ. ജോണി മേനാച്ചേരി, ജനറൽ കൺവീനർ ജോൺ പള്ളിത്തറ, പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ഡിക്സൺ കാഞ്ഞൂക്കാരൻ, കൈക്കാരന്മാരായ ആന്റണി കള്ളാപറമ്പിൽ, പോളി പള്ളായി, ബിജു തെക്കേത്തല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.