കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി.

2022 ഏപ്രിൽ 13ന് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം ഓഫീസിന്റെ മുൻവശത്തെ വരാന്തയിൽ ഇടുക്കി ജില്ലയിലെ മാങ്കുളം പാമ്പുകയംകര സ്വദേശി പുല്ലാനി കിഴക്കേതിൽ വീട്ടിൽ അജയകുമാർ (50) എന്നയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഇയാളെ സ്കൂളിലെ വാച്ച്മാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് അജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ കേസിലെ പ്രതിയായ കണ്ണൂർ തളിപറമ്പ് പഴശ്ശി മയ്യിൽ സ്വദേശി ദീപക്കി(28)നെ 2022 മെയ് 23ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

റിമാന്റിൽ കഴിഞ്ഞ് വരവെ ജാമ്യം ലഭിച്ച പ്രതി വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ട് പ്രകാരമാണ് ഇയാളെ കണ്ണൂർ തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്.സി.പി.ഒ.മാരായ ദേവഷ്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.

വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

എടക്കുളത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷവും എസ്.എൻ.ജി.എസ്.എസ്. വാർഷികവും 5, 6, 7 തിയ്യതികളിൽ

ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്റെ 87-ാം വാർഷികവും ശ്രീനാരായണഗുരുവിൻ്റെ 171-ാം ജയന്തി ആഘോഷവും വിവിധ ഓണാഘോഷ പരിപാടികളോടെ 5, 6, 7 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

5ന് നടക്കുന്ന ഓണാഘോഷ പരിപാടികൾ വൈകീട്ട് 5 മണിക്ക് സിനി ആർട്ടിസ്റ്റ് മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത കലാകാരൻ രാജേഷ് തംബുരു മുഖാതിഥിയാകും.

7.30ന് തൃശൂർ കൂടൽ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറും.

6ന് 10 മണിക്ക് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് കെ.വി. ദിനരാജ്ദാസൻ അധ്യക്ഷത വഹിക്കും.

ഉച്ചതിരിഞ്ഞ് 2.30 മുതൽ എസ്.എൻ.ജി.എസ്.എസ്. യൂത്ത് മൂവ്മെൻ്റും വനിതാ മൂവ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള കൈകൊട്ടിക്കളി മത്സരം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

തുടർന്ന് ലഹരിക്കെതിരെ കലാകാരൻ സി.പി. ജയപ്രകാശ് അവതരിപ്പിക്കുന്ന ഒറ്റയാൾ നാടകം “കുടമാറ്റം” അരങ്ങേറും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.

സെപ്തംബർ 7ന് പടിഞ്ഞാട്ടുംമുറി, വടക്കുംമുറി, കിഴക്കുംമുറി, തെക്കുംമുറി ശാഖകളുടെ നേതൃത്വത്തിൽ ആന, ശിങ്കാരിമേളം, താലം, വിവിധ കലാരൂപങ്ങൾ, ബാൻഡ് സെറ്റ്, കാവടി, തേര് തുടങ്ങി വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെ ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര അരങ്ങേറും.

രക്ഷാധികാരി സി.പി. ഷൈലനാഥൻ, പ്രസിഡൻ്റ് കെ.വി. ജിനരാജദാസൻ, ജനറൽ സെക്രട്ടറി വി.സി. ശശിധരൻ, ട്രഷറർ കെ.കെ. വത്സലൻ, സെക്രട്ടറി കെ.കെ. രാജൻ, ആഘോഷ കമ്മിറ്റി കൺവീനർ സി.പി. ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തുറവൻകാട് ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്തംബർ 5ന്

ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരിപ്പൂക്കൾ, പുഞ്ചിരി പുഷ്പങ്ങൾ എന്നീ ബാലസംഘങ്ങളുടെ 17-ാമത് ഓണാഘോഷം തുറവൻകാട് വിശ്വകർമ്മ ശില്പി സഭയിൽ സെപ്തംബർ 5ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചതിരിഞ്ഞ് 3 മണിക്ക് ചിലങ്ക തുറവൻകാട് അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, തുടർന്ന് നാടൻ പാട്ടുകൾ, ലളിതഗാനങ്ങൾ തുടങ്ങിയവ അരങ്ങേറും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യും.

തുറവൻകാട് പള്ളി വികാരി റവ. ഫാ. അജോ പുളിക്കൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ എന്നിവർ വിശിഷ്ടാതിഥികളാകും.

ദേശീയ അധ്യാപക അവാർഡ് ജേതാവും കഥാകൃത്തും തിരക്കഥാകൃത്തുമായ പി.കെ. ഭരതൻ മാസ്റ്റർ പ്രഭാഷണം നടത്തും.

തുടർന്ന് 6.30 മുതൽ കരോക്കെ ഗാനമേള, 8 മണിക്ക് ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അനീഷ് ഇന്നാർട്ട് അവതരിപ്പിക്കുന്ന ടാലൻ്റ് ഷോ എന്നിവ അരങ്ങേറും.

രക്ഷാധികാരി രഘുത്തമൻ പുത്തുക്കാട്ടിൽ, ചെയർമാൻ അശോകൻ തടത്തിപറമ്പിൽ, ജനറൽ കൺവീനർ രഘുകുമാർ മധുരക്കാരൻ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ, ജോയിൻ്റ് കൺവീനർ ദിലീപ്കുമാർ അമ്പലത്തു പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വോട്ടർ അധികാരയാത്രയ്ക്ക് അഭിവാദ്യങ്ങൾ : ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ ഫ്രീഡം ലൈറ്റ് നെറ്റ്‌ മാർച്ച്

ഇരിങ്ങാലക്കുട : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാരയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം ലൈറ്റ് നെറ്റ്‌ മാർച്ച് സംഘടിപ്പിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, സനൽ കല്ലൂക്കാരൻ, സിജു യോഹന്നാൻ, സത്യൻ തേനാഴിക്കുളം എന്നിവർ പ്രസംഗിച്ചു.

കാറളം ജനകീയാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, ജില്ലാ പ്രോഗ്രാം ഓഫീസർ സജീവ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ലൈജു ആന്റണി, സീമ പ്രേംരാജ്, വൃന്ദ അജിത്ത് കുമാർ, അംബിക സുഭാഷ്, അജയൻ തറയിൽ, ജ്യോതി പ്രകാശ്, ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.

വികസനകാര്യ ചെയർപേഴ്സൺ അമ്പിളി റെനിൽ സ്വാഗതവും കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. തനൂജ നന്ദിയും പറഞ്ഞു.

ലിങ്കേജ് വായ്പാ മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗം യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ സംഘങ്ങൾക്കായി ഫെഡറൽ ബാങ്കുമായി സഹകരിച്ച് 1,15,0000 രൂപ 7 സംഘങ്ങൾക്കായി വിതരണം ചെയ്തു.

യൂണിയൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി വായ്പാമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും കമ്മിറ്റി അംഗം രവിന്ദ്രൻ കണ്ണൂർ നന്ദിയും പറഞ്ഞു.

പൂക്കോട് കരയോഗം സെക്രട്ടറി അനിൽകുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ രതീഷ്, നന്ദിത രാഗേഷ്, രതീദേവി, ദിവ്യ, അന്ന ജിറ്റി തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതനായി

നന്ദകിഷോർ

ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.

യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : പ്രേമ

സഹോദരൻ : കൃഷ്ണകിഷോർ

തൃശൂർ ഡിസ്ട്രിക്ട് ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് : ഭാരതീയ വിദ്യാഭവന് ”ബെസ്റ്റ് സ്കൂൾ” അവാർഡ്

ഇരിങ്ങാലക്കുട : തൃശൂർ ചെസ്സ് അസോസിയേഷൻ സംഘടിപ്പിച്ച തൃശൂർ ഡിസ്ട്രിക്ട് ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ (ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, വലപ്പാട് സോൺ) ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ “ബെസ്റ്റ് സ്കൂൾ” അവാർഡ് കരസ്ഥമാക്കി.

വിവിധ കാറ്റഗറികളിലായി 6 സമ്മാനങ്ങൾ നേടിയാണ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ഈ നേട്ടത്തിന് അർഹത നേടിയത്.

6 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ശിവ ഇ. നിധിൻ രണ്ടാം സ്ഥാനവും, ആദ്വിക് രാകേഷ് മൂന്നാം സ്ഥാനവും, 8 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ഋതിക ബിജോയ് ഒന്നാം സ്ഥാനവും, 10 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ഹയ ഫാത്തിമ ഒന്നാം സ്ഥാനവും, റയാൻ ജോസഫ് ആലപ്പാട്ട് രണ്ടാം സ്ഥാനവും, 16 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ടി. മൃദുല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. ത്രിദിന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എസ്.പി.സി. വിഭാഗത്തിന്റെ ത്രിദിന ക്യാമ്പ് “ആരവം” സമാപിച്ചു.

ആഗസ്റ്റ് 30ന് ആരംഭിച്ച ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട എസ്എച്ച്ഒ ജിനേഷ് പതാക ഉയർത്തി.

ചടങ്ങിൽ കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രധാന അധ്യാപിക കെ.പി. സീന സ്വാഗതം ആശംസിച്ചു.

സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ മുൻ എസ്.പി.സി. കേഡറ്റുകൾക്കും സ്നേഹോപഹാരം വിതരണം ചെയ്തു.

3 ദിവസങ്ങളിലായി ഡോ. അഖിൽ മൂർക്കന്നൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധൻ, ഇരിങ്ങാലക്കുട സൈബർ സെക്യൂരിറ്റി ഓഫീസർ മനോജ്, കൗൺസിലിംഗ് ഗൈഡ് ആയ വൈശാഖ് തുടങ്ങിയവരുടെ ക്ലാസുകളും പൊറത്തിശ്ശേരി അഭയഭവൻ സന്ദർശനവും സംഘടിപ്പിച്ചു.

ക്യാമ്പ് പ്രവർത്തനത്തിന് സ്കൂൾ മാനേജ്മെൻ്റ്, പി.ടി.എ. എന്നിവരും അധ്യാപകരായ ശ്രീകൃഷ്ണൻ നമ്പൂതിരി, ജോസഫ് ഫെലിക്സ് ഫ്രാൻസിസ്, ലിതു, സവീഷ്, ഇരിങ്ങാലക്കുട എഎസ്ഐ ബിജു എന്നിവർ നേതൃത്വം നൽകി.