സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച് നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി.

സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി സതീഷ് പള്ളിച്ചാടത്ത്‌, പാലിയേറ്റീവ് കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, മെഡിസെൽ കൺവീനർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത്, മിനി സുരേഷ്, ഒ.എൻ. സുരേഷ്, മണികണ്ഠൻ ചൂണ്ടാണിയിൽ, ഉണ്ണി പേടിക്കാട്ടിൽ, ടിന്റു സുഭാഷ് എന്നിവർ നേതൃത്വം നൽകി.

മാണിക്യശ്രീ പുരസ്‌കാര ജേതാവിന് തട്ടകത്തിന്റെ ആദരം

ഇരിങ്ങാലക്കുട : ഈ വർഷത്തെ കൂടൽമാണിക്യം ക്ഷേത്രം “മാണിക്യശ്രീ” അവാർഡിനർഹനായ പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവനെ തെക്കേനട സൗഹൃദ കൂട്ടായ്മ ആദരിച്ചു.

തന്റെ സ്വന്തം തട്ടകത്തിൽ നിന്നും ലഭിച്ച മാണിക്യശ്രീ അവാർഡും ആദരവും ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണെന്ന് രാഘവനാശാൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കെ. ഗോപിനാഥ്, കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.എം. ഷണ്മുഖൻ, കെ.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി.

കൊടിയേറ്റം വികാരി ഫാ. സിന്റോ മാടവന നിര്‍വഹിച്ചു.

അമ്പു തിരുനാള്‍ ദിനമായ ശനിയാഴ്ചയിലെ തിരകർമ്മങ്ങൾക്ക് ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

രാത്രി 8.30ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 9.30ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.

തിരുനാള്‍ ദിനമായ 27ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സന്ദേശം നല്‍കും.

വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന ബാന്‍ഡ് വാദ്യം.

പരേതരുടെ അനുസ്മരണദിനമായ 28ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, രാത്രി 7ന് കൊല്ലം ആവിഷ്‌കാരയുടെ നാടകം ”സൈക്കിള്‍” എന്നിവ ഉണ്ടായിരിക്കും.

മെയ് 4ന് എട്ടാമിടദിനത്തില്‍ രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ലിജോ കോങ്കോത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ മാടവന, കൈക്കാരന്മാരായ ജോണ്‍ ജെറാള്‍ഡ് വി. പറമ്പി, പോള്‍ തേറുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജിജോയ് പി. ഫ്രാന്‍സിസ്, ജോയിന്റ് കണ്‍വീനര്‍ ആന്റോ കെ. ഡേവിസ്, സെക്രട്ടറി വില്‍സണ്‍ കൊറോത്തുപറമ്പില്‍, കണ്‍വീനര്‍മാരായ നെല്‍സണ്‍ പള്ളിപ്പുറം, ആന്റോ ചിറ്റിലപ്പിള്ളി, വിപിന്‍ വില്‍സണ്‍, പി.ഒ. റാഫി, എബിന്‍ ജോസഫ്, ആന്റണി പൂവത്തിങ്കല്‍, സിന്‍ജോ ജോര്‍ജ്, പവല്‍ ജോസ്, വിപിന്‍ ഡേവിസ്, ബെന്നി ചിറ്റിലപ്പിള്ളി, ജോര്‍ജ് കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ചൂളയില്‍ വെച്ച് കത്തിച്ച് നശിപ്പിച്ചു

ഇരിങ്ങാലക്കുട : ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷന്‍ ഡി ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂര്‍ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13.02 ഗ്രാം മെത്താംഫെറ്റാമൈന്‍, 930 ഗ്രാം ഗഞ്ച അവശിഷ്ടങ്ങള്‍ എന്നിവ വല്ലച്ചിറയിലുള്ള ഓട്ടുകമ്പനിയിലെ ചൂളയില്‍ കത്തിച്ച് നശിപ്പിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ചെയര്‍മാനായ ഡിസ്ട്രിക്ട് ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ്, ചാലക്കുടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവ്, ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പന്റെ വലിയ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ വലിയ തിരുനാളിന് കൊടിയേറി.

ചേലൂര്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു.

ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍, കൈക്കാരന്മാരായ പോളി തണ്ടിയേക്കല്‍, സെബാസ്റ്റ്യന്‍ പ്ലാശേരി, ജിജി ചാതേലി, ജോയ് കളവത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മെയ് 1ന് രാത്രി 7 മണിക്കാണ് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം. അമ്പ് തിരുനാള്‍ ദിനമായ മെയ് 2ന് രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്ന് എഴുന്നള്ളിപ്പിനായി ഇറക്കുന്നു, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍.

5.30ന് ദിവ്യബലിക്കു ശേഷം രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം. രാത്രി 10.30ന് വിവിധ യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. 11 മണിക്ക് അമ്പുകള്‍ ഏറ്റുവാങ്ങും. 11.30ന് അമ്പ് പ്രദക്ഷിണം സമാപിക്കും.

തിരുനാള്‍ ദിനമായ മെയ് 3ന് രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ വെരി റവ. മോണ്‍. ജോളി വടക്കന്‍ സന്ദേശം നല്‍കും.

3.30ന് നടക്കുന്ന ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം. വി. ഗീവര്‍ഗീസിന്റെ തിരുനാള്‍ ദിനമായ മെയ് 4ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിന്റോ വടക്കുമ്പാടന്‍ കാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന് ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം.

അങ്ങാടി അമ്പ് ദിവസമായ മെയ് 5ന് രാത്രി 11.30ന് അമ്പു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.

തിരുനാളിന്റെ വിജയത്തിനായി ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍, കൈക്കാരന്മാരായ പോളി തണ്ടിയേക്കല്‍, ജിജി ചാതേലി, ജോയ് കളവത്ത്, സെബാസ്റ്റ്യന്‍ പ്ലാശേരി, ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജു കരേടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ കൊരുമ്പ് മൃദംഗ കളരിയുടെ കച്ചേരി : ഓൺലൈനായും പങ്കെടുത്ത് വിദ്യാർഥികൾ

ഇരിങ്ങാലക്കുട : കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ കൊരുമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ സംഗീത കച്ചേരിയും വയലിൻ കച്ചേരിയും ജുഗൽബന്ധിയും മൃദംഗമേളയും അരങ്ങേറി.

പരിപാടിയിൽ ഓൺലൈൻ വഴിയും നേരിട്ടും പങ്കെടുത്ത കളരിയിലെ വിദ്യാർഥികൾ മാറിമാറി ഒരേ താളത്തിൽ തനിയാവർത്തനം വായിച്ചത് ഏറെ ശ്രദ്ധേയമായി.

കുർദിസ്ഥാനിൽ നിന്ന് സാത്വികയും സിദ്ധാർത്ഥും കാനഡയിൽ നിന്ന് ശ്രീഹരിയും പാലക്കാടുനിന്ന് രുദ്രദേവും മൃദംഗമേളയുടെ മാറ്റുകൂട്ടി.

കർണാടക സംഗീത ലോകത്ത് ആദ്യമായിട്ടായിരിക്കും ഓൺലൈൻ വഴിയും നേരിട്ടും ഒരുമിച്ച് ഒരേ വേദിയിൽ മൃദംഗം വായിക്കുന്ന പരിപാടി അരങ്ങേറുന്നത്.

വായ്പാട്ടിൽ തീർത്ഥയും വയലിനിൽ അഭിതീർത്ഥും ജുഗൽബന്ധിയിൽ അനന്ത റാം, അനന്തകൃഷ്ണ ദേവ്, ദേവ്സുകൃത് എന്നിവരും നേതൃത്വം നൽകി.

ആറു വയസ്സുകാരനായ രുദ്രതീർത്ഥ്, ശ്രീഹരി, അയാൻ സേതു തുടങ്ങി കളരിയിലെ 15 ഓളം വിദ്യാർഥികൾ മൃദംഗമേളയിൽ പങ്കെടുത്തു.

കളരിയിലെ സീനിയർ വിദ്യാർഥിയായ എൻ. രാഹുൽ ആണ് ഒന്നരമണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക് നേതൃത്വം നൽകിയത്.

ഹൗസ് ഓഫ് പ്രൊവിഡൻസ് വാർഷികവും വിശുദ്ധ ജോസഫ് കൊത്തളങ്കോയുടെ തിരുന്നാളും 30ന്

ഇരിങ്ങാലക്കുട : ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ 76-ാം വാർഷികവും വിശുദ്ധ ജോസഫ് കൊത്തളങ്കോയുടെ തിരുന്നാളും സംയുക്തമായി ഏപ്രിൽ 30ന് ആഘോഷിക്കും.

രാവിലെ 6.15ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും.

ഉച്ചതിരിഞ്ഞ് 4.30ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ആനി ഡേവിസ് മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസൻ പ്രായമായവരെ ആദരിക്കും.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കാറളം മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും കേന്ദ്ര സർക്കാരിൻ്റെ ഗുരുതര സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ചും കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണി ആൽ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു.

ദേശസ്നേഹം നടിക്കുന്ന മോദി സർക്കാരിൻ്റെ കാലഘട്ടം പട്ടാളക്കാരെയും പാവപ്പെട്ട പൗരന്മാരെയും ഭീകരർക്ക് കുരുതി കൊടുക്കുന്ന കാലഘട്ടമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി ശശികുമാർ കല്ലട, ജോയ് നടക്കലാൻ, ബാബു പെരുമ്പിള്ളി, രാമദാസ് വെളിയൻകോട്ട്, സി.പി. ആൻ്റണി, പോൾസൺ വടക്കേത്തല, കെ.വി. സന്തോഷ്, തോമസ് ചെമ്പകശ്ശേരി എന്നിവർ പ്രസംഗിച്ചു.

കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.

വികാരി ഫാ. പോള്‍ എ. അമ്പൂക്കന്‍ തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു.

അമ്പെഴുന്നള്ളിപ്പു ദിനമായ ശനിയാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

രാത്രി 10 മണിക്ക് യൂണിറ്റുകളുടെ അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.

തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി. 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും.

രൂപത വികാരി ജനറാള്‍ ജോളി വടക്കന്‍ സന്ദേശം നല്‍കും. ഫാ. ആല്‍ബിന്‍ കൂനമ്മാവ് സഹകാര്‍മികനായിരിക്കും.

ഉച്ചതിരിഞ്ഞ് 3.30ന് ഇടവകയില്‍ നിന്നുള്ള വൈദികര്‍ നയിക്കുന്ന ദിവ്യബലി. 4.30ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി 7 മണിക്ക് പള്ളിയില്‍ സമാപിക്കും.

തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ലൈറ്റ് ഷോ, വര്‍ണവിസ്മയം, വാദ്യമേളങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

28ന് രാവിലെ 6.30ന് പൂര്‍വികര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് 6.30ന് അങ്ങാടി അമ്പ് മണ്ണാര്‍മൂലയില്‍ നിന്ന് ആരംഭിച്ച് രാത്രി 10ന് പള്ളിയില്‍ സമാപിക്കും.

എട്ടാമിട തിരുനാള്‍ ദിനമായ മെയ് 4ന് രാവിലെ 9 മണിക്ക് തിരുനാള്‍ ദിവ്യബലി, സന്ദേശം, പ്രദക്ഷിണം.

ഫാ. ജോണ്‍ പോള്‍ ഒഎഫ്എം മുഖ്യകാര്‍മികത്വം വഹിക്കും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ. ബിനോയ് പൊഴോലിപറമ്പില്‍ കാര്‍മികനായിരിക്കും.
6ന് ഇടവകദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാവിരുന്നും ഉണ്ടായിരിക്കും.

കൂടൽമാണിക്യം തിരുവുത്സവം : സമ്മാനങ്ങളുമായി ദീപാലങ്കാര മത്സരവും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മെയ് 8ന് കൊടിയേറ്റം മുതൽ 18ന് രാത്രി കൊടിയിറങ്ങുന്നതു വരെ ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും, വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിനു പരിസരത്തുള്ള വീടുകളെയും ഉൾപ്പെടുത്തി പ്രത്യേക ദീപാലങ്കാരമത്സരം നടത്തും.

ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്.

ഒന്നാം സമ്മാനം ലഭിക്കുന്ന വീട് ഉൾപ്പെടുന്ന റസിഡൻ്റ്സ് അസോസിയേഷനും ട്രോഫി നൽകും.

കൂടൽമാണിക്യം ദേവസ്വം നിശ്ചയിക്കുന്ന ജഡ്ജിങ് കമ്മിറ്റി ആയിരിക്കും സമ്മാനാർഹരെ നിശ്ചയിക്കുന്നത്. ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

25,000 രൂപയും എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ 9447026005, 9539131250, 9447442398 എന്നീ നമ്പറുകളിൽ വിളിച്ച് എക്സിബിഷൻ & ദീപാലങ്കാരം കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ജി. അജയ്കുമാറിനെ വിളിച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.