ഭാരതീയ വിദ്യാഭവനിൽ ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ പ്രൈമറി വിദ്യാർഥികളുടെ കായികമേള ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വി രാജൻ പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി എന്നിവർ സന്നിഹിതരായിരുന്നു.

പ്രൈമറി ക്ലാസുകളിലെ ലീഡർമാർ ചേർന്ന് ദീപശിഖ തെളിയിച്ചു.

തുടർന്ന് കുട്ടികൾ കായിക പ്രതിജ്ഞയെടുത്തു.

ആവേശകരമായ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കായികാധ്യാപകരായ റോസ്‌മി, സലീഷ്, ശ്യാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ടൗൺ അമ്പ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ചു.

വി ആർ സുനിൽകുമാർ എം എൽ എ മുഖ്യാതിഥിയായി.

അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി ജോയിൻ്റ് കൺവീനർ ഡേവിസ് ചക്കാലക്കൽ, അമ്പ് ഫെസ്റ്റ് ജോയിൻ്റ് കൺവീനർ ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി 25, 26, 27 തിയ്യതികളിലാണ് ടൗൺ അമ്പ് ഫെസ്റ്റ്.

നാല്പതോളം ലോഗോ എൻട്രികളിൽ നിന്ന് അവാർഡ് കമ്മറ്റി ഷാബു ഹംസയുടെ ലോഗോയാണ് തെരഞ്ഞെടുത്തത്.

ക്യാഷ് അവാർഡും മൊമെന്റോയും മതസൗഹാർദ സമ്മേളനത്തിൽ വച്ച് ഷാബു ഹംസക്ക് സമ്മാനിക്കും.

കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പൊലീസ് പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കത്തുരുത്തിയിൽ നിന്നും ചീട്ടുകളി സംഘം പിടിയിലായി.

ശനിയാഴ്ച രാത്രി 9 മണിയോടെ കൈമാപ്പറമ്പിൽ രാജു എന്നയാളുടെ വീട്ടിൽ നിന്നും പണം വച്ച് നടത്തുന്ന ചീട്ടുകളി സംഘത്തെയാണ് കാട്ടൂർ പൊലീസ് പിടികൂടിയത്.

രാജു പൈസ വാങ്ങി ചീട്ടുകളി സംഘത്തിന് വീട്ടിൽ സൗകര്യം ഒരുക്കി കൊടുക്കുകയാണ് പതിവ്.

കാട്ടൂർ ഇൻസ്‌പെക്ടർ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി കൈപ്പറമ്പിൽ കൃഷ്ണൻ മകൻ രാജു എന്ന ആണ്ടി രാജുവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.

റെയ്ഡിൽ കൈപ്പമംഗലം അന്തിക്കാട്ട് വീട്ടിൽ ബിജു, എടതിരിഞ്ഞി കൊരട്ടിപ്പറമ്പിൽ ദിലീപ്, എസ് എൻ പുരം വൻപറമ്പിൽ സുരേഷ്, എസ് എൻ പുരം അടിപറമ്പിൽ കലേഷ്, എസ് എൻ പുരം ചള്ളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ, എടതിരുത്തി മേനോത്ത്പറമ്പ് വീട്ടിൽ ഡാനിഷ്, കൊരട്ടി എടത്തിപറമ്പൻ വീട്ടിൽ ജോർജ് എന്നിവരെയാണ് 78,780 രൂപ സഹിതം അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ എസ് ഐ രമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ജിതേഷ്, ഷൗക്കർ, സിപിഒമാരായ നിതിൻ, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം : പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് പഞ്ചവാദ്യം മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത്.

വരുൺ സുധീർദാസ്, കെ ബി കൃഷ്ണ, പി എസ് ഭരത് കൃഷ്ണ, പി എ ഇന്ദ്രതേജസ്, എം പി ശ്രീശങ്കർ, അദ്വൈത് എന്നിവരാണ് നാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത മേള പ്രതിഭകൾ.

ചെറുതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയം : പൊതുയോഗം 8ന്

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 8ന് വൈകുന്നേരം 4 മണിക്ക് ഗായത്രി ഹാളിൽ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ക്ഷേത്രം ഭക്തജന സമിതി അറിയിച്ചു.

കരുവന്നൂർ സൗത്ത് ബണ്ട് റോഡ് റീ ടാറിംഗ് വൈകുന്നു : ആശങ്കയുമായി പ്രദേശവാസികൾ

ഇരിങ്ങാലക്കുട : കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ റീ ടാറിംഗ് വൈകുന്നതിൽ ആശങ്കയുമായി പ്രദേശവാസികൾ രംഗത്തെത്തി.

നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും റീടാറിംഗ് ആരംഭിക്കാത്തത് ജനപ്രതിനിധികൾ അടക്കമുള്ള ചില തല്പരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് മൂലമാണെന്ന് കാറളം ഇല്ലിക്കൽ സൗത്ത് ബണ്ട് റോഡ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.

കരുവന്നൂർ വലിയപാലം മുതൽ കാറളം ആലുക്കകടവ് വരെയുള്ള 3.2 കിലോമീറ്റർ ദൂരം വരുന്ന ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ബണ്ട് റോഡിനാണ് റീ ടാറിംഗിനായി ഒരു കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്.

2010ൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആയിരിക്കെയാണ് 2.8 കോടി രൂപ അനുവദിച്ച് ബണ്ട് റോഡിൻ്റെ ഇരുവശങ്ങളും ബലപ്പെടുത്തി വീതി കൂട്ടി ടാറിംഗ് ചെയ്തത്.

അന്നും ചില തല്പരകക്ഷികൾ മൂർക്കനാട് പ്രദേശത്ത് പണികൾ തടയാൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പൊറുതി മുട്ടിയ പ്രദേശവാസികൾ പുതിയ റോഡിനായി കാത്തിരിക്കുന്ന ഈ സമയത്ത് തടസപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായി തന്നെ നേരിടുമെന്ന് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികളായ പി വി വിദ്യാനന്ദൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ഷാജി അരിമ്പുള്ളി, ടി എസ് സന്തോഷ് എന്നിവർ പറഞ്ഞു.

മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതി : അങ്കണവാടി കലോത്സവം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടന്ന കലോത്സവം ഗാനരചയിതാവും കരിന്തലക്കൂട്ടം കലാകാരനുമായ രമിത്ത് രാമൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സരിത സുരേഷ് സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, സുനിൽ കുമാർ, വൃന്ദ കുമാരി, നിജി വത്സൻ, ജിനി സതീശൻ, റോസ്മി ജയേഷ്, നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, നിത അർജുനൻ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

മുരിയാട് പഞ്ചായത്തിലെ 150ഓളം കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, അങ്കണവാടി പ്രവർത്തകർ, പ്ലാൻ കോർഡിനേറ്റർ ഹരീഷ്, ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ എന്നിവർ കലോത്സവത്തിൽ പങ്കെടുത്തു.

സി പി ഐ കാറളം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയിലെ സെന്റർ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം എ ആർ രാജീവ് അധ്യക്ഷത വഹിച്ചു.

മുതിർന്ന നേതാവ് കെ ശ്രീകുമാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ബൈജു, അസിസ്റ്റന്റ് സെക്രട്ടറി എം സുധീർദാസ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ വലിയാട്ടിൽ, എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ്‌ റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

ഗിരീഷ് രക്തസാക്ഷി പ്രമേയവും ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി ബിന്ദു രാജീവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ എ ഷക്കീറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

സി കെ ആരോമൽ സ്വാഗതവും ബിന്ദു രാജീവ്‌ നന്ദിയും പറഞ്ഞു.

കാറളം പഞ്ചായത്ത് വാർഷിക പദ്ധതി : വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

ഇരിങ്ങാലക്കുട : കാറളം ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു.

പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണം : പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യമുയർത്തി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പൊറത്തിശ്ശേരി മണ്ഡലം കൺവെൻഷൻ.

ക്രമാതീതമായ വിലക്കയറ്റം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഇടക്കാല ആശ്വാസം നൽകണമെന്നും കുടിശ്ശികയുള്ള ക്ഷാമാശ്വാസം (19%) ഉടൻ പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കെ എസ് എസ് പി എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബി ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് ബേബി ഗീത അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ക്ലാര പീറ്റർ, കെ വേലായുധൻ, നൈന ചാക്കോ, മറിയം, ചിത്ര ദേവി, സി ഭവാനി എന്നിവർ പ്രസംഗിച്ചു.