നിര്യാതനായി

ജോണി

ഇരിങ്ങാലക്കുട : പുല്ലൂർ തെക്കിനിയേടത്ത് പൗലോസ് മകൻ ജോണി (86) നിര്യാതനായി.

സംസ്ക്കാരകർമ്മം ജനുവരി 14 (ചൊവ്വാഴ്‌ച) രാവിലെ 10 മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സെലീന

മക്കൾ : ബെറ്റിസൻ, ബീന, ബെന്നി, ബിജു, ബേബി

മരുമക്കൾ : സുബി, വർഗീസ്, മീറ്റി, ജെൻസി, അമ്പിളി

ദേവീ ക്ഷേത്രങ്ങളിൽ നാളെമകര ചൊവ്വ ആഘോഷിക്കും

ഇരിങ്ങാലക്കുട : മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ച്ചയായ നാളെ ദേവീക്ഷേത്രങ്ങളിൽ മകര ചൊവ്വ ആഘോഷിക്കും.

ആഘോഷങ്ങളുടെ ഭാഗമായി അന്നമനട പടിഞ്ഞാറില്ലത്ത് ദേവീ ക്ഷേത്രത്തിൽ രാവിലെ 5ന് വിശേഷാൽ പൂജകൾ, 6ന് ദേവീമാഹാത്മ്യം സമ്പൂർണ്ണ പാരായണം, 9.30ന് പ്രസാദ വിതരണം, വൈകീട്ട് 6ന് ദേവിക്ക് പുഷ്പാഭിഷേകവു० തുടർന്ന് പൂമൂടലും, 7ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം, പൂമൂടൽ ദർശനം, 7.30ന് രാഗസുധാരസം കലാപരിപാടികൾ, 8.30ന് പ്രസാദ ഊട്ട് എന്നിവ നടക്കും. 

വെള്ളാങ്ങല്ലൂർ ചേലൂർ പനോക്കിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 5ന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, തോറ്റംപാട്ട്, വൈകീട്ട് 3.30ന് എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, രാത്രി 7ന് തായമ്പക, 8ന് നൃത്തനൃത്ത്യങ്ങൾ, വെളുപ്പിന് 2ന് ഗുരുതി, തുടർന്ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

കോണത്തുകുന്ന് മഞ്ഞുകുളങ്ങര ദേവീ ക്ഷേത്രം, മനയ്ക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രം, കണ്ണികുളങ്ങര ദേവീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മകര ചൊവ്വ ആഘോഷം പ്രസിദ്ധമാണ്.

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവം സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു.

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയിറക്കി.

തുടർന്ന് തെക്കേടത്ത് – വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ദേവൻമാരെ ആറാട്ട് കടവായ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിച്ചു.

ആറാട്ട് കടവിലെ വിശേഷാൽ പൂജകൾക്ക് ശേഷ० ഇരു ക്ഷേത്രങ്ങളിലേയു० തന്ത്രിമാരും മേൽശാന്തി മാരും മഹാദേവന്റെ തിടമ്പ് മഞ്ഞളിൽ പൊതിഞ്ഞ് ഓട്ടരുളിയിൽ വച്ച് മുങ്ങി. കൂടെ ഭക്തരു० മുങ്ങി.

തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.

വെച്ചൂർ രമാദേവി അവതരിപ്പിച്ച ഓട്ടൻ തുള്ളലിനു ശേഷം ഉച്ചക്ക് നടന്ന തിരുവാതിര സദ്യക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.

സന്ധ്യക്ക് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവം സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു.

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയിറക്കി.

തുടർന്ന് തെക്കേടത്ത് – വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ദേവൻമാരെ ആറാട്ട് കടവായ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിച്ചു.

ആറാട്ട് കടവിലെ വിശേഷാൽ പൂജകൾക്ക് ശേഷ० ഇരു ക്ഷേത്രങ്ങളിലേയു० തന്ത്രിമാരും മേൽശാന്തി മാരും മഹാദേവന്റെ തിടമ്പ് മഞ്ഞളിൽ പൊതിഞ്ഞ് ഓട്ടരുളിയിൽ വച്ച് മുങ്ങി. കൂടെ ഭക്തരു० മുങ്ങി.

തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.

വെച്ചൂർ രമാദേവി അവതരിപ്പിച്ച ഓട്ടൻ തുള്ളലിനു ശേഷം ഉച്ചക്ക് നടന്ന തിരുവാതിര സദ്യക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.

സന്ധ്യക്ക് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.

സ്വച്ഛ് സർവേക്ഷൻ : നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട : സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നു.

നഗരസഭയിലെ പൊതുമതിലുകൾ, ചുവരുകൾ എന്നിവ പോസ്റ്റർ മുക്തമാക്കി ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഐ ഇ സി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

19-ാം വാർഡ് മാർക്കറ്റിലെ എല്ലാ ചുമരുകളും മനോഹരമാക്കി.

അതിന്റെ തുടർച്ച എന്ന നിലയിൽ 20-ാം വാർഡിൽപ്പെടുന്ന ബസ് സ്റ്റാൻഡിൽ 250 കിലോ പേപ്പർ മാലിന്യം വിവിധ ചുമരുകളിൽ നിന്നായി നീക്കം ചെയ്ത് പെയിന്റിംഗ് നടത്തി സെൽഫി സ്പോട്ടുകൾ, അതിമനോഹരമായ ചിത്രങ്ങൾ എന്നിവ വരച്ചു ചേർത്തു.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്‌ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ മിനി ജോസ്, ക്ലീൻ സിറ്റി മാനേജർ എസ് ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ്, രാജേഷ്, ശുചിത്വമിഷൻ യുവ പ്രൊഫഷണൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷികം പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ നടത്തി.

സ്കൂൾ മാനേജർ എ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ എ വി രാജേഷ് അധ്യക്ഷത വഹിച്ചു.

മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എ സി സുരേഷ്, കെ കെ കൃഷ്ണൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ മെജോപോൾ, എസ് സുധീർ, പി എസ് അനുപമ, വിദ്യാർഥി പ്രതിനിധി അഞ്ജലി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം : ഒമാനിൽ കരുവന്നൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : മസ്‌കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ മകൻ പ്രദീപ് (39) മരിച്ചു.

കളിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ് : തങ്ക

ഭാര്യ : നീതുമോൾ

അവുണ്ടർചാൽ പാലം യാഥാർത്ഥ്യമാക്കണം : സി പി ഐ

ഇരിങ്ങാലക്കുട : പടിയൂർ – ഇരിങ്ങാലക്കുട ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അവുണ്ടർചാലിൽ പാലം നിർമ്മിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് സി പി ഐ പത്തനങ്ങാടി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൂമംഗലം – പടിയൂർ ഗ്രാമപഞ്ചായത്തുകൾ പാലം പണിയുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനകൾ പൂർത്തീകരിക്കുകയും സംസ്ഥാന ബഡ്ജറ്റിൽ പാലം നിർമ്മിക്കുന്നതിനായി ടോക്കൺ മണി വകയിരുത്തുകയും ചെയ്തെങ്കിലും പിന്നീട് ഇതിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നും ബ്രാഞ്ച് സമ്മേളനം വിലയിരുത്തി.

സി പി ഐ പടിയൂർ ലോക്കൽ കമ്മിറ്റിയിലെ പത്തനങ്ങാടി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം ബി ലത്തീഫ് ഉദ്ഘാടനം ചെയ്തു.

സി പി ഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി വനജ വിജയൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ സി ബിജു, മണ്ഡലം കമ്മിറ്റി അംഗം ടി വി വിബിൻ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കെ എ സുധീർ എന്നിവർ പ്രസംഗിച്ചു.

മിഥുൻ പോട്ടക്കാരൻ സ്വാഗതവും പ്രിയ അജയ്കുമാർ നന്ദിയും പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറിയായി എ ബി ഫിറോസിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വി ആർ അഭിജിത്തിനെയും തിരഞ്ഞെടുത്തു.

തെക്കുംകര ശ്രീകുമാരേശ്വര ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങളൊരുങ്ങി

ഇരിങ്ങാലക്കുട : തെക്കുംകര ശ്രീധർമ്മപരിപാലനയോഗം വക ശ്രീകുമാരേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ രചിച്ച ചുമർചിത്രങ്ങളുടെ നേത്രോന്മീലനം ക്ഷേത്രാചാര്യൻ ഡോ ടി എസ് വിജയൻ തന്ത്രികൾ നിർവ്വഹിച്ചു.

കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ അജിത്ത് കണ്ണിക്കര, ബിജു ഷൈൻ തേർക്കയിൽ, സ്വപ്ന രാജീവ് തൈനകത്ത്, സുധ സുധീരൻ വാത്യാട്ട്, നീന ഗീതാനാഥൻ വില്വമംഗലത്ത് കളരി, രശ്മി സുരേഷ് വട്ടപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബലാത്സംഗ കേസ്സിൽ കാട്ടൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : അതിജീവിതയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കാട്ടൂർ സ്വദേശിയായ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ സിദ്ദിഖ് മകൻ ആസിഖ് സുധീറി(39)നെ അറസ്റ്റ് ചെയ്തു.

കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവാണ് കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതി അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന അതിജീവിതയും വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും അതിജീവിതയുടെ വീട്ടിൽ പോയി അവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അതു കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും ലൈംഗികമായി പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ഇത് തുടർന്നപ്പോൾ അവസാനം അതിജീവിതയ്ക്ക് മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ആയപ്പോഴാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ കാട്ടൂർ പൊലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ രമേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.