യു കെയിലേക്ക് വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടി : പുത്തൻചിറ സ്വദേശിനിയായ യുവതിയും പത്തനാപുരം സ്വദേശിയായ സുഹൃത്തും പോലീസിൻ്റെ പിടിയിൽ

ആളൂർ : ആളൂർ സ്വദേശിയായ യുവാവിന്
യു കെയിലേക്ക് തൊഴിൽ വിസ ശരിയാക്കി
തരാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ
രണ്ടു പേർ അറസ്റ്റിലായി.

പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ
നിമ്മി (34), സുഹൃത്തായ പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി
സുരേഷും ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ എം ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്.

കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘം മഫ്തിയിൽ പിന്തുടർന്ന് മാളയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

2023 ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷക്കണക്കിനു രൂപ ഇവർ കൈക്കലാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശ പ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്.

പരാതിക്കാരനായ സജിത്തിനും രണ്ടു സുഹൃത്തുക്കൾക്കും വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, എസ് ഐ കെ എസ് സുബിന്ദ്, ബിജു ജോസഫ്, എ എസ് ഐ ടി ആർ രജീഷ്, ഇ പി മിനി, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, പി ടി ദിപീഷ്, സി പി ഓ മാരായ കെ എസ് ഉമേഷ്, കെ കെ ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നിര്യാതനായി

ശ്രീനിവാസൻ

തൃശൂർ : എസ് എൻ പാർക്കിൽ കളപ്പുരക്കൽ കുട്ടപ്പൻ മകൻ ശ്രീനിവാസൻ (76) നിര്യാതനായി.

എയർഫോഴ്സിൽ നിന്നും വിരമിച്ചതിനു ശേഷം കനറാ ബാങ്ക് ജീവനക്കാരനായും അദ്ദേഹം ജോലി നോക്കിയിരുന്നു.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 16) രാവിലെ 10 മണിക്ക് വടൂക്കര ശ്മശാനത്തിൽ.

ഭാര്യ : ചന്ദ്രവതി

മക്കൾ : ശ്രീജിത്ത്, ശ്രീദേവി

മരുമക്കൾ : പ്രെറ്റി, ജയരാജൻ

കോണത്തുകുന്ന് – പൂവത്തുംകടവ് റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : കോണത്തുകുന്ന് – പൂവത്തുംകടവ് റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളതിനാൽ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം റോഡുപണി പൂർത്തിയാകുന്നതു വരെ ഭാഗികമായി തടസ്സപ്പെടും.

ബലക്ഷയം സംഭവിച്ചിട്ടുള്ള കലുങ്കുകൾ പകുതി ഭാഗം പൊളിച്ചു പുനർനിർമ്മാണം ആരംഭിച്ചിട്ടുള്ളതിനാൽ പ്രസ്തുത ഭാഗങ്ങളിൽ കൂടി അമിതഭാര വാഹനങ്ങൾ കടന്നു പോയാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്നതിനാൽ അത്തരം വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇഴജന്തുക്കളുടെ വിഹാരരംഗമായി കല്ലേറ്റുംകരയിലെ കെ എസ് ഇ ബി കെട്ടിടം

ഇരിങ്ങാലക്കുട : പ്രവര്‍ത്തന രഹിതമായ കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ഓഫീസ് കെട്ടിടം പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുന്നതായി പരാതി.

കെ കരുണാകരന്‍ മെമ്മോറിയല്‍ പോളി ടെക്‌നിക്, ആളൂര്‍ പൊലീസ് സ്റ്റേഷൻ, ബാങ്ക് ഓഫീസ്, വളം ഡിപ്പോ എന്നിവ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് കെ എസ് ഇ ബി കോമ്പൗണ്ടില്‍ നിന്ന് ഇഴജന്തുക്കള്‍ കയറുന്നത് പതിവായതോടെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്റ്റര്‍, പഞ്ചായത്ത്, പൊലീസ് എന്നിവര്‍ക്ക് ബാങ്ക് അധികൃതര്‍ പരാതി നല്‍കി.

ഭാഗികമായി കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 30 വര്‍ഷം മുമ്പാണ് കെ എസ് ഇ ബി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് 2002ല്‍ സെക്ഷന്‍ ഓഫീസായി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പടെയുള്ള ഭാഗം പുല്ല് വളര്‍ന്നു നില്‍ക്കുകയാണ്. സാധന സാമഗ്രികള്‍ കെട്ടിടത്തിന് പുറത്ത് തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.

പരിസരം കാടുകയറിയതോടെ പറമ്പിലെ വലിയ മരങ്ങളുടെ ശാഖകളിലൂടെ പൊലീസ് സ്റ്റേഷന്‍, ബാങ്ക് കെട്ടിടം എന്നിവയിലേക്ക് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

ശോചനീയമായ കെട്ടിടവും കാടുകയറിയ പറമ്പും ശുചീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമീപ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ 134-ാം വാർഷികാഘോഷവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും സ്‌കൂളിൽ പുതുതായി ആരംഭിച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റിൻ്റെ കാപ്പിങ് സെറിമണിയും നഗരസഭ ചെയർപേഴ്സ‌ൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ ഉഷാദേവി അന്തർജ്ജനം, വി എ ഷീല, ജി ജി ഷീജ, വി എസ് അനി, എം ജെ ഷാജി, വി എച്ച് എസ് ഇ വിഭാഗം സീനിയർ ക്ലർക്ക് എ എ ലീന, ഹൈസ്കൂൾ വിഭാഗം എഫ്ടിസിഎം ആർ കെ രമ എന്നിവരെ യോഗത്തിൽ ആദരിച്ചു.

വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ ആർ ഹേന, ഹയർ സെക്കൻഡറി അധ്യാപിക ഇന്ദുകല രാമനാഥ്, ഹൈസ്കൂൾ അധ്യാപിക അൽബുഷ്റ അബു എന്നിവർ വിരമിക്കുന്ന ജീവനക്കാരെ പരിചയപ്പെടുത്തി.

നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ഒ എസ് അവിനാഷ്, സ്കൂ‌ൾ പി ടി എ പ്രസിഡൻ്റ് പി കെ അനിൽകുമാർ, ജി എൽ പി എസ് ഹെഡ്മ‌ിസ്ട്രസ് പി ബി അസീന, സ്‌കൂൾ എം പി ടി എ പ്രസിഡൻ്റ് നിഷ ഡെന്നി, സ്കൂ‌ൾ ലീഡർ അലന്യലില അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതം പറഞ്ഞു.

ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം കെ അജിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കലാ കായിക മേളകളിൽ സംസ്ഥാന – ദേശീയ തലങ്ങളിൽ പുരസ്ക‌ാരങ്ങൾ നേടിയവരും കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം കാരസ്ഥമാക്കിയവരുമായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

നടനകൈരളിയിൽ നവരസോത്സവം 16ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ജനുവരി 3ന് ആരംഭിച്ച 120-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ജനുവരി 16ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന യുവ നടീനടന്മാരുടെ കലാപരിപാടികൾ ‘നവരസോത്സവ’മായി ആഘോഷിക്കും.

ദേവിക മേനോൻ, സ്വാതി സതീഷ്, വിനയ് തിവാരി (ഭരതനാട്യം), സൗമി ഡേ (ഒഡിസ്സി), ദത്ത പശുമർതി (കുച്ചിപ്പുഡി), സ്നേഹൽ ദേശ്മുഖ്, പ്രേരണ രാജേഷ് കപൂർ, ശശാങ്ക് പല്ലവ് (ഏകാഭിനയം) എന്നിവരാണ് അവതരിപ്പിക്കുക.

ഗുരു വേണുജി നേതൃത്വം നൽകുന്ന ശില്പശാലയിൽ കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പിന്നണി പ്രവർത്തകരായി പങ്കെടുക്കും.

ചേലൂർ കൊല്ലാട്ടുപറമ്പ് അഭയാരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 27, 28, 29 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ചേലൂർ കൊല്ലാട്ടുപറമ്പ് അഭയാരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 27, 28, 29 തിയ്യതികളിൽ ആഘോഷിക്കും.

27ന് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റം (തൃക്കല്യാണം കാൽനാട്ടുകർമ്മം), ഉടുക്ക് പാട്ട്, നാദസ്വരക്കച്ചേരി എന്നിവ നടക്കും.

7.30ന് ചേലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കരകം നിറച്ച് വാദ്യമേളങ്ങളോടു കൂടി കിഴക്കേ നടവഴി എടക്കുളം റോഡിൽ പ്രവേശിച്ച് കാക്കാത്തുരുത്തി റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. കരകം നിറച്ച് വരുന്ന വഴി റോഡരികിൽ പറ നിറയ്ക്കാൻ സൗകര്യമുണ്ടായിരിക്കും. അഗ്നി കരകവും ഉണ്ടായിരിക്കും.

രാത്രി 11 മണിക്ക് വിശേഷാൽ പൂജ കുടി അഴൈപ്പ്, ദേവിയുടെയും പരിവാരങ്ങളുടെയും കൂട്ടിയിഴുന്നള്ളത്ത് എന്നിവ നടക്കും.

28ന് വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ഉടുക്ക് പാട്ട്, നാദസ്വര കച്ചേരി എന്നിവ ഉണ്ടായിരിക്കും.

8 മണിക്കാണ് സത്യകരകം. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും സത്യകരകം നിറച്ച് വാദ്യമേളങ്ങളോടുകൂടി ബസ് സ്റ്റാൻഡ്, ടൗൺഹാൾ റോഡിലൂടെ ചെട്ടിപ്പറമ്പ് – കാക്കാതുരുത്തി റോഡിൽ പ്രവേശിച്ച് ക്ഷേത്രത്തിൽ അഗ്നി പ്രവേശനം ചെയ്തു പ്രവേശിക്കും. കരകം നിറച്ച് വരുന്ന വഴി റോഡരികിൽ പറ നിറയ്ക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.

താലം എടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.

വെളുപ്പിന് 3 മണിക്ക് പൊങ്കൽ, തുടർന്ന് മാവിളക്ക് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.

29ന് രാവിലെ മഞ്ഞൾ നീരാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ചേലൂർക്കാവ് ഭഗവതി ക്ഷേത്രക്കുളത്തിൽ ആറാട്ട്, തുടർന്ന് 12.30ന് അന്നദാനം എന്നിവ നടക്കും.

പത്രപ്രവർത്തനത്തോടും സമൂഹത്തോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയാണ് മൂർക്കനാട് സേവ്യർ : ഡോ സദനം കൃഷ്ണൻകുട്ടി

ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തോടും സമൂഹത്തോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശക്തി സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 18-ാമത് മൂർക്കനാട് സേവ്യർ അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്താ ശേഖരണത്തിനായി മൂർക്കനാട് സേവ്യർ നടത്തിയ ശ്രമങ്ങളും ത്യാഗങ്ങളും പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ശക്തി സാംസ്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി, പി കെ ഭരതൻ മാസ്റ്റർ , ഡോ സി കെ രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ ഹരി, കാറളം രാമചന്ദ്രൻ നമ്പ്യാർ, ജോസ് മഞ്ഞില, വി ആർ രഞ്ജിത്ത് മാസ്റ്റർ, എം എസ് ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി മൂലയിൽ വിജയകുമാർ നന്ദിയും പറഞ്ഞു.

”സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” : പാലിയേറ്റീവ് ദിനം ആചരിച്ച് നഗരസഭ

ഇരിങ്ങാലക്കുട : ”സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” എന്ന മുദ്രാവാക്യമുയർത്തി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു.

ഇതോടനുബന്ധിച്ച് നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമസ്സുകളുടെയും സ്നേഹ സംഗമം ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സോണിയ ഗിരി, പി ടി ജോർജ്ജ്, അൽഫോൺസ തോമസ്, ഷെല്ലി വിൽസൺ എന്നിവർ ആശംസകൾ നേർന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ മുഹമ്മദ് ഫാരിസ് സലാം നന്ദിയും പറഞ്ഞു.

തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി.

“ബഡ്ഡിംഗ് റൈറ്റേഴ്സ്” ശില്പശാല

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന ഏകദിന അധ്യാപക ശില്പശാല നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരൻ സാംസൺ കെ വി മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട, മാള, വെള്ളാങ്ങല്ലൂർ ബി ആർ സി പരിധിയിലെ അധ്യാപകർ പങ്കെടുത്തു.

വി എസ് സിജി, എം എസ് വൈശാഖ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഡോളി നന്ദൻ ആമുഖ പ്രഭാഷണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ സ്വാഗതവും
രാജി നന്ദിയും രേഖപ്പെടുത്തി.