പുനർനിർമ്മിച്ച കാറളം പാറക്കടവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ 2-ാം വാർഡിൽ പുനർനിർമാണം നടത്തിയ പാറക്കടവിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ് നിർവഹിച്ചു.

16 ലക്ഷം രൂപ ചെലവിലാണ് പാറക്കടവിന്റെ പുനർനിർമാണം പൂർത്തീകരിച്ചത്.

കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, കാറളം പഞ്ചായത്ത്‌
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു.

അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.

ഓപ്പറേഷൻ സ്നാക്ക് ഹണ്ട് : വേളൂക്കരയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന നടത്തി.

പുലർകാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട്’ എന്ന പേരിൽ, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്.

പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

അതിൽ വൃത്തിഹീനമായ സാഹചര്യത്തിലും തൊഴിലാളികൾക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് (ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ്) അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.

പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ കെ ലാലുമോൻ, കെ എസ് ഷിഹാബുദ്ദീൻ, കെ എ സ്മാർട്ട്, വി എസ് സുജിത്ത് എന്നിവർ നേതൃത്വം നൽകി.

ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ലഭിക്കുക, ഭക്ഷ്യവസ്തു നിർമ്മാതാക്കൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യങ്ങളോടെ വീടുകളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണനം ചെയ്യുന്ന ഇടങ്ങളിലുള്ള പരിശോധന തുടരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ കെ യു രാജേഷ് അറിയിച്ചു.

എൻ എസ്‌ എസ്‌ വിവാഹപൂർവ കൗൺസിലിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ എസ് എസ് യൂണിയന്റെ കീഴിലുള്ള ഹ്യൂമൻ റിസോഴ്‌സസ് സെൻ്ററിൻെറ  ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് യൂണിയൻ ചെയർമാൻ അഡ്വ ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

വനിതാ യൂണിയൻ പ്രസിഡന്റ് ജയശ്രീ അജയ് അദ്ധ്യക്ഷയായി.

യൂണിയൻ സെക്രട്ടറി എസ്‌ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.

മുതിർന്ന ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ ആർ ബാലകൃഷ്ണൻ, സനാതനധർമ പ്രഭാഷകൻ ഒ എസ് സതീഷ്, മന:ശാസ്ത്രജ്ഞൻ ഡോ ബി ജയപ്രകാശ് എന്നിവർ സെഷനുകൾ നയിച്ചു.

യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി ആർ അജിത്കുമാർ, എൻ ഗോവിന്ദൻകുട്ടി, സുനിൽ കെ മേനോൻ, സി വിജയൻ, രവി കണ്ണൂർ, രാജഗോപാൽ കുറുമാത്ത്, നന്ദൻ പറമ്പത്ത്, പ്രതിനിധി സഭാംഗങ്ങളായ സി ബി രാജൻ, എസ്‌ ഹരീഷ്കുമാർ, കെ ബി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

വിവാഹപൂർവ കൗൺസിലിംഗ് ഞായറാഴ്ച സമാപിക്കും.

മഹാത്മാ സ്കൂൾ വാർഷികാഘോഷം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ പി ആൻഡ് യു പി സ്കൂളിന്റെ 65-ാം വാർഷികം, അധ്യാപക രക്ഷാകർത്തൃ ദിനം, മാതൃദിനം, യാത്രയയപ്പ് സമ്മേളനം എന്നിവ “ദ്യുതി 2കെ 25” എന്ന പേരിൽ ആഘോഷിച്ചു.

യോഗത്തിൽ മഹാത്മാ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ വി എം സുശിതാംബരൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ വിരമിക്കുന്ന അധ്യാപികയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

ജില്ലാ പ്രോഗ്രാം ഓഫീസർ എസ്എസ്കെ ഡോ എൻ ജെ ബിനോയ് മുഖ്യാതിഥിയായി.

തുടർന്ന് കൗൺസിലർ എം എസ് സഞ്ജയ് എൻഡോവ്മെൻ്റ് വിതരണം ചെയ്തു.

പിടിഎ പ്രസിഡന്റ് സുനിത സുഗേഷ്, എസ് എസ് ജി അംഗം അനിൽ കുമാർ മാസ്റ്റർ, സ്റ്റാഫ് പ്രതിനിധി ദീപ മനോഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ ലീഡർ തെരേസ റോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് പി ജി ബിന്ദു സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് എൻ പി രജനി നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

നിര്യാതയായി

പത്മാവതി മാരസ്യാർ

തൃശ്ശൂർ : പരേതനായ എരനെല്ലൂർ മാരാത്ത് കൃഷ്ണൻ മാരാരുടെ ഭാര്യ നെല്ലുവായ് മാരാത്ത് പത്മാവതി മാരസ്യാർ (93) (റിട്ട സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച (ജനുവരി 19) ഉച്ചയ്ക്ക് 11.30ന് പാറമേക്കാവ് ശന്തിഘട്ട് ശ്മശാനത്തിൽ.

മക്കൾ : രാമദാസ് (റിട്ട സിൻഡിക്കേറ്റ് ബാങ്ക്), ഹരിദാസ് (റിട്ട സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), കൃഷ്ണകുമാർ (ജലസേചന വകുപ്പ്), ജയശ്രീ, ലക്ഷ്മീദേവി, അജിത് കുമാർ,

മരുമക്കൾ : ജയ രാമദാസ്, ഷീല ഹരിദാസ്, ശ്രീദേവി കൃഷ്ണകുമാർ, രാധാകൃഷ്ണൻ, രാംഗോപാൽ, സീമ അജിത് കുമാർ

സഹോദരൻ : വിജയൻ മാരാർ

നിര്യാതയായി

ശാരദ

ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം പയ്യപ്പാടൻ വിജയൻ ഭാര്യ തയ്യിൽ ശാരദ (83) നിര്യാതയായി.

സംസ്കാരം ജനുവരി 19 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ലത(മുൻ പി ഡബ്ലിയു ഓവർസിയർ),
സുമ (മുൻ ഇറിഗേഷൻ ഓവർസിയർ)

മരുമക്കൾ : മണിലാൽ, ശിവദാസ്

ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട : ഐ എം എ വനിതാ വിഭാഗമായ വിംസ് ന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ ലയൺസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എം ആർ രാജീവ്‌ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.

ഡബ്ലു ഐ എം എ പ്രസിഡന്റ്‌ ഡോ മഞ്ജു, സെക്രട്ടറി ഡോ റീജ, ഡോ ഉഷാകുമാരി, ഡോ ഹരീന്ദ്രനാദ്, ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാവ് താലപ്പൊലി : സബ് കമ്മിറ്റി രൂപീകരണം 19ന്

ഇരിങ്ങാലക്കുട : മാർച്ച് 9 മുതൽ 15 വരെ നടത്തുന്ന കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ജനുവരി 19 ഞായറാഴ്ച രാവിലെ 10.30ന് അയ്യങ്കാവ് ക്ഷേത്രം ഹാളിൽ വെച്ച് യോഗം ചേരും.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണെന്ന് താലപ്പൊലി ആഘോഷ കമ്മിറ്റിക്കു വേണ്ടി ജനറൽ കൺവീനർ അറിയിച്ചു.

ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റിവന്ന ലോറിയിൽ നിന്ന് പുക ഉയർന്നു : ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട : സിവിൽസ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്ന് പുക ഉയർന്നു.

വെള്ളിയാഴ്ച രാവിലെയാണ് ചാലക്കുടിയിൽ നിന്ന് മദ്യം കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും പുക ഉയർന്നത്.

തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിന്റെ എൻജിന്റെ ഭാഗം തീ പിടിച്ചാണ് പുക ഉയർന്നത്.

ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ബാറ്ററി, ഡീസൽ ടാങ്ക് എന്നിവയിൽ നിന്നുള്ള കണക്ഷൻ വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവൻ്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ
എസ് സജയൻ, എസ്എഫ്ആർഒ (എം) കെ എ ഷാജഹാൻ, എഫ്ആർഒ (ഡി) ആർ എസ് അജീഷ്, എഫ്ആർഒ കെ ആർ സുജിത്, റിനോ പോൾ, എ വി കൃഷ്ണരാജ്, കെ എ അക്ഷയ്, എച്ച്ജി എ ബി ജയൻ, കെ എ ലിസ്സൻ എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഇതേ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

മൂഴിക്കുളം രേഖകൾ പ്രകാശിപ്പിച്ചു

ഇരിങ്ങാലക്കുട : ഹോർത്തൂസ് മലബാറിക്കൂസിൻ്റെ വിവർത്തകനായ
ഡോ കെ എസ് മണിലാൽ അനുസ്മരണ സമ്മേളനത്തിൽ കർമ്മപരിപാടികളുടെ കൈപ്പുസ്തകം മൂഴിക്കുളം രേഖകൾ പ്രകാശനം ചെയ്തു.

സമ്മേളനത്തിൽ കെ എസ് മണിലാലിന്റെ സഹപ്രവർത്തകരായ ഡോ സി ആർ സുരേഷ്, ഡോ ടി സാബു, ഡോ ബി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

കാവ് സംരക്ഷകനായ പി കെ രാമചന്ദ്രൻ 51 കേരളീയ വൃക്ഷങ്ങളെ പരിചയപ്പെടുത്തി.

വി കെ ശ്രീധരൻ ശാലയിലെ 36 മരങ്ങൾ സ്മൃതി മരങ്ങളായി പ്രഖ്യാപിച്ചു.

പടിപ്പുര കുലശേഖര കവാടമായി. പേരാൽ പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടെ സ്മൃതിമരമായി മാറി.

ചുമർപത്രങ്ങളായ ശ്രദ്ധ, റാന്തൽ എന്നിവയുടെ പ്രകാശനം ഡോ പി ജെ ചെറിയാൻ്റെ നേതൃത്വത്തിൽ നടന്നു.

ദണ്ഡി രജിസ്റ്റർ, ഉപ്പിൻ്റെ രാഷ്ട്രീയം എന്നീ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.

ധനു, മകര മാസങ്ങൾ, ശിശിര ഋതു, തിരുവാതിര, ഞാറ്റുവേല, ഉത്തരായന കാലം, 28 ഉച്ചാറൽ എന്നിവയെ ടി ആർ പ്രേംകുമാർ പരിചയപ്പെടുത്തി.

ഡോ കെ എസ് മണിലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.