കാർഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നൽകും

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിൽ കാർഷിക, വ്യവസായ, വിദ്യാഭ്യാസ, സ്വർണ്ണ പണ്ടം പണയം എന്നീ ഇനങ്ങളിലായി 20 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡൻ്റ് തിലകൻ പൊയ്യാറ പറഞ്ഞു.

ബാങ്കിൻ്റെ 54-ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.

ചടങ്ങിൽ ജില്ലയിലെ മികച്ച കർഷകർക്കുള്ള കേന്ദ്ര ബാങ്കിൻ്റെ അവാർഡിനർഹയായ റോസ്മേരിയെ പൊന്നാട ചാർത്തി ഉപഹാരം നൽകി ആദരിച്ചു.

വൈസ് പ്രസിഡൻ്റ് രജനി സുധാകരൻ, ഡയറക്ടർമാരായ കെ. ഗോപാലകൃഷ്ണൻ, കെ.കെ. ശോഭനൻ, എ.സി. സുരേഷ്, കെ.എൽ. ജെയ്സൺ, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

വർക്ക്ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും പണവും എ.ടി.എം. കാർഡും മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണത്തെ കാർ വർക്ക്ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35) എന്നയാളെയാണ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ ആറാട്ടുപുഴ മടപ്പാട് വീട്ടിൽ സലീഷ് എന്നയാളുടെ കാർ വർക്ക്ഷോപ്പിലാണ് മോഷണം നടന്നത്.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ്ബ് ഇൻസ്പെക്ടർ സതീഷ്, ജി എസ് സി പി ഒ മാരായ കെ.എസ്. അർജുൻ, ജോവിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വീടുകയറി ആക്രമണം : ചേർപ്പ് സ്റ്റേഷൻ റൗഡി ശ്രീനാഥ് പിടിയിൽ

ഇരിങ്ങാലക്കുട : പെരുമ്പിള്ളിശ്ശേരി സ്വദേശി മാമ്പുള്ളി വീട്ടൽ മുരളീധരൻ (58) എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയെയും ഭയപ്പെടുത്തി വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ഗ്ലാസും വീടിന്‍റെ 6 ജനലുകളും കുളിമുറിയുടെ വാതിലുകളും കെ.എസ്.ഇ.ബി.യുടെ മീറ്റര്‍ബോര്‍ഡും മുറ്റത്തുള്ള ചെടിച്ചട്ടികളും കമ്പിവടി ഉപയോഗിച്ച് അടിച്ചുപൊട്ടിച്ച് 22000 രൂപയുടെ നഷ്ടം വരുത്തിയ കേസിൽ സ്റ്റേഷൻ റൗഡി ചേർപ്പ് ചൊവ്വൂർ സ്വദേശി പെരുമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മുരളീധരന്റെ മകൻ ശ്രീരാമനും പ്രതിയും തമ്മിൽ ഏതോ വിഷയത്തിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്.

ചേർപ്പ് സ്റ്റേഷൻ റൗഡിയായ ശ്രീനാഥ് ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുവാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുവാനുമായി അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ചേർപ്പ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, സിപിഒ-മാരായ മണികണ്ഠൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കാരുമാത്ര ഗവ. യു.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശതാബ്ദി ആഘോഷ സമാപനവും

ഇരിങ്ങാലക്കുട : കാരുമാത്ര ഗവ. യു.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കിഫ്ബിയിൽ നിന്നുമുള്ള 1.30 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ പി.എച്ച്.ഡി. നേടിയ സ്വപ്ന ഗിരീഷിനെയും ശതാബ്ദി ലോഗോ നിർമിച്ച സംഗീത അഖിലിനെയും ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ഡേവിസ് മാസ്റ്റർ അനുമോദിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. മുകേഷ്, വാർഡ് മെമ്പർ നസീമ നാസർ, സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ, എസ്.എം.സി. ചെയർമാൻ സി.എ. നിഷാദ്, പി.ടി.എ. പ്രസിഡന്റ് സബീല ഫൈസൽ, എം.പി.ടി.എ. പ്രസിഡന്റ് മാരിയ നിഷാദ്, തങ്കമണി ടീച്ചർ, ഒ.എസ്.എ. പ്രതിനിധി സി.കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർ ടി.കെ. ഷറഫുദ്ദീൻ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് പി. സുമ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

ശതാബ്ദിയാഘോഷ സ്മരണിക ഉടൻ പുറത്തിറക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

പൊറത്തിശ്ശേരിയിൽ പ്രതിഷേധ പ്രകടനവുമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയും

ഇരിങ്ങാലക്കുട : ശബരിമലയിൽ
സ്വർണ്ണക്കൊള്ള നടത്തിയ ദേവസ്വം ബോർഡ് മെമ്പർമാരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുക, ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കുക, സ്വർണ്ണ കള്ളന്മാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങൾ തിരുത്തുക, സ്വർണ്ണ കള്ളന്മാരുടെ ദേവസ്വം ബോർഡ് പിരിച്ചു വിടുക, ദേവസ്വം മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുമായി ഹിന്ദു ഐക്യവേദിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ പൊറത്തിശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പൊതുയോഗം ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.പി. നന്ദൻ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.എസ്. മണ്ഡൽ സഹകാര്യവാഹ് പി.സി. വിക്രം മുഖ്യപ്രഭാഷണം നടത്തി.

കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഹിന്ദു ഐക്യവേദി താലൂക്ക്‌ വൈസ് പ്രസിഡൻ്റ് കെ.ആർ. രാജേഷ്, സെക്രട്ടറി സതീഷ് കോമ്പാത്ത്, ലാൽ കുഴുപ്പുള്ളി എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട നഗരസഭയിലെ പുതിയ വാർഡ് നമ്പറുകളും തെരഞ്ഞെടുപ്പ് സംവരണ വിവരങ്ങളും

വനിത സംവരണ വാർഡുകൾ

5, 10, 11, 12, 14, 15, 17, 23, 26, 29, 30, 31, 34, 37, 38, 39, 40, 41, 42

എസ്.സി. വനിത വാർഡുകൾ

24 പൂച്ചക്കുളം
32 എസ്.എൻ. നഗർ
36 കണ്ടാരതറ

എസ്.സി. ജനറൽ വാർഡുകൾ

33 ബ്ലോക്ക് പഞ്ചായത്ത്,
35 സിവിൽ സ്റ്റേഷൻ

ജനറൽ വാർഡുകൾ

1, 2, 3, 4, 6, 7, 8, 9, 13, 16, 18, 19, 20, 21, 22, 25, 27, 28, 43,

ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് (ഓട്ടോണമസ്) ജിയോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 17 വെള്ളിയാഴ്ച്ച 1.30ന് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2825258

കടലായി നെടുങ്ങാണത്തുകുന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലൂടെ കടന്നു പോകുന്നതും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ കടലായി – നെടുങ്ങാണത്തുകുന്ന് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാബു കണ്ടത്തിൽ ആവശ്യപ്പെട്ടു.

ഈ റോഡിൻ്റെ പുനർ നിർമാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല.

കഴിഞ്ഞ മെയ് മാസത്തിൽ കടലായി ചീപ്പുംചിറ ഭാഗത്ത് റോഡ് പൊളിച്ച് മെറ്റൽ ഇട്ടെങ്കിലും ടാറിങ് നടന്നില്ല.

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ദിനംപ്രതി ധാരാളം സഞ്ചാരികൾ എത്തുന്ന ഈ പ്രദേശത്ത് ഇപ്പോൾ ആരും തന്നെ വരാതായിരിക്കുകയാണെന്ന് സാബു കണ്ടത്തിൽ കുറ്റപ്പെടുത്തി.

റോഡ് മെറ്റലിംഗ് നടത്തിയതോടു കൂടി വാഹനങ്ങൾ കടന്നു പോകുമ്പോഴും കാറ്റടിക്കുമ്പോഴും ഉയരുന്ന അസഹ്യമായ പൊടി സഞ്ചാരികളെ എന്ന പോലെ തന്നെ സമീപ പ്രദേശത്തെ വീട്ടുകാരുടെയും
ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

വിഷയത്തിൽ എത്രയും വേഗം അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നും സാബു കണ്ടത്തിൽ ആവശ്യപ്പെട്ടു.

കാറളം വെറ്റിനറി ആശുപത്രിയുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ വെറ്റിനറി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രി ബിന്ദുവിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് വെറ്റിനറി ആശുപത്രി നിർമ്മിക്കുന്നത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത്‌ വികസന ചെയർമാൻ അമ്പിളി റെനിൽ, ക്ഷേമകാര്യ ചെയർമാൻ ജഗജി കായംപുറത്ത്, മെമ്പർമാരായ സീമ പ്രേംരാജ്, ജ്യോതിപ്രകാശ്, വൃന്ദ അജിത്കുമാർ, ബ്ലോക്ക്‌ അസിസ്റ്റൻ്റ് എഞ്ചിനീയർ ഗീത എന്നിവർ ആശംസകൾ നേർന്നു.

വാർഡ് മെമ്പർ ടി.എസ്. ശശികുമാർ സ്വാഗതവും വെറ്റിനറി ഡോ. ജോൺസൻ നന്ദിയും പറഞ്ഞു.

നാഷണൽ സർവീസ് സ്കീമിന്റെ “ജീവിതോത്സവം” സമാപിച്ചു

ഇരിങ്ങാലക്കുട : കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച “ജീവിതോത്സവം” പരിപാടിയുടെ ഇരിങ്ങാലക്കുട ക്ലസ്റ്റർ തല സമാപന സമ്മേളനം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ വി. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനവർ ഒ.എസ്. ശ്രീജിത്ത് 21 ദിന ജീവിതോത്സവ പരിപാടി വിശകലനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ടി.കെ. ലത, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ജാക്വലിൻ ജെ. മെന്റസ് എന്നിവർ പ്രസംഗിച്ചു.