സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗവും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂരും സംയുക്തമായി കുഴിക്കാട്ടുകോണം ഹോളി ഫാമിലി എൽ പി സ്കൂളിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൗൺസിലർ സരിത സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗം മോഹനൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ മറിയ സ്വാഗതവും സേവാഭാരതി മെഡി സെൽ കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

സേവാഭാരതിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ എല്ലാ സ്കൂളുകളിലും ഡെൻ്റൽ ക്യാമ്പ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നാലാമത്തെ ക്യാമ്പാണിത്.

ക്യാമ്പിനു ശേഷം ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

തുടർന്ന് കുട്ടികൾക്ക് ദന്ത സംരക്ഷണത്തിനായി ബ്രഷ്, പേസ്റ്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തു.

120ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ആരോഗ്യ വിഭാഗം കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, മെഡി സെൽ പ്രസിഡന്റ് മിനി സുരേഷ്, വിദ്യ സജിത്ത്, രാജു ഇത്തിക്കുളം, മെഡി സെൽ സെക്രട്ടറി സൗമ്യ സംഗീത്, മോഹിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നഗരസഭയിൽ തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൗൺസിലർ അവിനാഷ് അധ്യക്ഷത വഹിച്ചു.

സീനിയർ വെറ്ററിനറി സർജൻ ഡോ എൻ കെ സന്തോഷ് പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ നന്ദിയും പറഞ്ഞു.

കൗൺസിലർമാരായ കെ ആർ വിജയ, പി ടി ജോർജ്, മിനി സണ്ണി, മിനി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന ലഹരി വസ്തുക്കൾ നശിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം ഡി എം എ യും തിങ്കളാഴ്ച പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് നശിപ്പിച്ചു.

തൃശൂർ റൂറൽ പൊലീസ് ഡ്രസ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.

2024ൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എം ഡി എം എയും, 1594 ഗ്രാം ഹാഷിഷ് ഓയിലും, 49.02 ഗ്രാം മെത്താഫിറ്റാമൈനും ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ ബഷീർ, ഇരിങ്ങാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേർപ്പ് എന്നീ പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ -മാർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് എടത്താട്ടിൽ മാധവൻ മാസ്റ്റർ അന്തരിച്ചു

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും, എ കെ എസ് ടി യു സ്ഥാപക നേതാവും, സി പി ഐ ജില്ലാകമ്മറ്റി അംഗവും, മുൻ സംസ്ഥാന കമ്മറ്റി അംഗവും, മുൻ മാള മണ്ഡലം സെക്രട്ടറിയും, മുൻ മാള ബി ഡി സി ചെയർമാനും, ആളൂർ എസ് എൻ ഡി പി സമാജം സ്കൂളുകളുടെ മാനേജറും, താഴെക്കാട് സർവ്വീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന എടത്താട്ടിൽ കൊച്ചുരാമൻ മകൻ എടത്താട്ടിൽ മാധവൻ മാസ്റ്റർ (81) അന്തരിച്ചു.

ചൊവ്വാഴ്ച (ജനുവരി 21) രാവിലെ 8.30ന് ഭൗതിക ശരീരം മെഡിക്കൽ കോളെജിന് കൈമാറും.

യുവകലാസാഹിതി, ഇസ്കസ്, ഐപ്സോ തുടങ്ങിയ സാഹിത്യ സമാധാന സൗഹൃദ പ്രസ്ഥാനങ്ങളുടെ സന്തതസഹചാരിയായിരുന്നു.

ഭാര്യ : സദാനന്ദവതി

മക്കൾ : ഇ എം ബിനി (ആർ എം എച്ച് എസ് സ്കൂൾ), ഇ എം ബിസി (സഹൃദയ അഡ്വാൻസ് സ്റ്റഡീസ്), ഇ എം ബിബി (ആർ എം എച്ച് എസ് സ്കൂൾ)

മരുമക്കൾ : വി എസ് സജീവ്, എം എസ് വിമോദ് (അപ്പോളോ ടയേഴ്സ്, ചാലക്കുടി)

സി പി ഐ നേതാക്കളായ കെ ഇ ഇസ്മയിൽ, സി എൻ ജയദേവൻ, കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ, കെ ശ്രീകുമാർ, കെ പി സന്ദീപ്, ടി കെ സുധീഷ്, കെ എസ് ജയ, ടി പ്രദീപ്കുമാർ, കെ വി വസന്തകുമാർ, പി മണി, എൻ കെ ഉദയപ്രകാശ്, ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.

വാക്കിലും നോക്കിലും കൗതുകമായി സെൻ്റ് ജോസഫ്സിലെ റോബോട്ട് ”ജോസഫൈനെ” കാണാനെത്തിവിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥികൾ ഉണ്ടാക്കിയ റോബോട്ടിനെ കാണാനെത്തിയ കുട്ടികളുടെ വാക്കിലും നോക്കിലും കൗതുകം നിറഞ്ഞു.

എന്തു ചോദിച്ചാലും മറുപടി പറയുമോ എന്നതായിരുന്നു കുട്ടികളുടെ ആദ്യത്തെ പരീക്ഷണം. ചേച്ചിമാരുടെ യൂണിഫോം പോലെ യൂണിഫോമിട്ട റോബോട്ട് ജോസഫൈനാകട്ടെ കുട്ടി സംശയങ്ങൾ തീർത്തു കൊടുത്ത് കുട്ടികൾക്കിടയിൽ താരമായി.

വിദ്യാർഥികളിൽ ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജും ഇ കെ എൻ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി ”ദൈനംദിന ജീവിതത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസിലാണ് റോബോട്ടും കുട്ടികളും തമ്മിൽ ആശയവിനിമയം നടന്നത്.

വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ അഞ്ജന ഉദ്ഘാടനം നിർവഹിച്ചു.

ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി ഡേവിസ് ക്ലാസ്സ് നയിച്ചു.

പരിപാടിയോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർഥികളുടെ പ്രോജക്ടിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.

ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തതാണ് ജോസഫ് – Al-ne എന്ന റോബോട്ട്.

പരിപാടിയിൽ ഇ കെ എൻ കേന്ദ്രം പ്രസിഡൻ്റ് ഡോ കെ മാത്യു പോൾ ഊക്കൻ, കെ മായ എന്നിവർ സംബന്ധിച്ചു.

ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ വാർഷികം

ഇരിങ്ങാലക്കുട : ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ്റെ 20-ാം വാർഷികം ആഘോഷിച്ചു.

സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് സേതുമാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

യു ആർ എഫ് വേൾഡ് റെക്കോർഡ് ജേതാക്കളായ കൈകൊട്ടിക്കളി കലാകാരി അണിമംഗലത്ത് സാവിത്രി അന്തർജ്ജനം, ഇടയ്ക്ക കലാകാരൻ സലീഷ് നനദുർഗ്ഗ, ഗണിത ശാസ്ത്രജ്ഞൻ ടി എൻ രാമചന്ദ്രൻ, കൂടിയാട്ടം കലാകാരി ഡോ അപർണ്ണ നങ്ങ്യാർ എന്നിവരെയും സപ്തതി തികഞ്ഞ അസോസിയേഷൻ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

വാർഡ് കൗൺസിലർമാരായ സന്തോഷ് ബോബൻ, സ്മിത കൃഷ്ണകുമാർ, സുജ സഞ്ജീവ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

2023- 24 വർഷത്തിൽ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കും കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

സെക്രട്ടറി മണി മേനോൻ ആന്തപ്പിള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

ഇ – മാലിന്യങ്ങൾ ശേഖരിക്കാനൊരുങ്ങി സെന്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൽ ഫിസിക്‌സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജനുവരി 22ന് ഇ – മാലിന്യ ശേഖരണ പരിപാടി സംഘടിപ്പിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശരിയായ കൈമാറ്റം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഴയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി കോളെജിൽ പ്രത്യേക കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

ട്യൂബ് ലൈറ്റുകളും, സി എഫ് എൽ ബൾബുകളും, ഇൻക്കൻഡാസെന്റ് ബൾബുകളും ശേഖരണത്തിൽ ഉൾപ്പെടുത്തുന്നില്ല.

ശേഖരിച്ച ഇ-മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ പുനരുപയോഗത്തിനും വിനിമയത്തിനും വിധേയമാക്കും.

വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്ന് കോളെജ് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെന്റ് ജോസഫ്‌സ് കോളെജിലെ
ഫിസിക്‌സ് വിഭാഗവുമായോ 94008 26952 (അസി പ്രൊഫ സി എ മധു), 97453 28494 (അസി പ്രൊഫ മേരി ജിസ്ബി പൗലോസ്) എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത സഞ്ചാരയോഗ്യമാക്കണം : സി പി ഐ

ഇരിങ്ങാലക്കുട : പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ച് രണ്ട് വർഷത്തോളമായിട്ടും താളംതെറ്റി തുടരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സിപിഐ ഇരിങ്ങാലക്കുട ടൗൺ സെന്റർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ കേരള പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു.

ബ്രാഞ്ച് സമ്മേളനം ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.

അഡ്വ കെ ജി അജയ്കുമാർ അധ്യക്ഷത വഹിച്ചു.

എൻ കെ ഉദയപ്രകാശ്, കെ എസ് പ്രസാദ്, അഡ്വ രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, വി എസ് വസന്തൻ, കെ ഗോപാലകൃഷ്‌ണൻ, പി കെ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. ഇരുപതു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കാലടി ശ്രീശങ്കര കോളെജ് കിരീടം നേടി.

ക്രൈസ്റ്റ് കോളെജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഇഗ്നി മാത്യു, ഡോ സോണി ജോൺ, പ്രൊഫ മേരി പത്രോസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

”പാട്ടുവഴിയിലെ ഭാവവിസ്മയം” : ഗ്രാമികയിൽ ജയചന്ദ്രൻ അനുസ്മരണം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ ”പാട്ടുവഴിയിലെ ഭാവവിസ്മയം” എന്ന പേരിൽ പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.

പരമൻ അന്നമനട ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഗ്രാമിക അക്കാദമി ഡയറക്ടർ പി കെ കിട്ടൻ അധ്യക്ഷത വഹിച്ചു.

സംഗീതജ്ഞരായ അന്നമനട ബാബുരാജ്, അഷ്ടമിച്ചിറ മുരളീധരൻ എന്നിവർ സ്മൃതിപ്രഭാഷണം നടത്തി.

കലാഭവൻ ഡെൻസൻ, ആര്യ സുഭാഷ്, ജോഷി ആൻ്റണി, കെ സി സുനി, എൻ പി ഷിൻ്റോ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സംഗീതസന്ധ്യയിൽ കലാഭവൻ ഡെൻസൻ, ആര്യ സുഭാഷ് എന്നിവർ ജയചന്ദ്രൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചു.