ചേലൂർ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ദശാവതാരം ചന്ദനച്ചാർത്തും : കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ശ്രീരാമക്ഷേത്രത്തിലെ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവവും 12 ദിവസം നീണ്ടു നിൽക്കുന്ന ‘ദശാവതാരം ചന്ദനച്ചാർത്തും’ 2026 ജനുവരി 20 മുതൽ 31 വരെ ആഘോഷിക്കും.

ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

താല്പര്യമുള്ളവർ നവംബർ 25ന് മുൻപായി ക്ഷേത്രത്തിൽ നേരിട്ടോ വാട്സ്ആപ്പ് മുഖേനയോ ഫോൺ നമ്പർ സഹിതം അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9447673362, 9778490 425

ലോൺ ശരിയാക്കാമെന്ന് വ്യാജവാഗ്ദാനം : 66,560 രൂപ തട്ടിയ കേസിലെ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി 66,560 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി തൃശൂർ റൂറൽ പൊലീസ്.

കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) എന്നയാളെയാണ് അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്.

മതിലകം പാപ്പിനിവട്ടം, പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ഷമീർ എന്നയാളോട് മുംബൈ സ്വദേശിയിൽ നിന്നും 2 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജൂലൈ 5 മുതൽ പല തവണകളായി പണം കൈപ്പറ്റുകയായിരുന്നു.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ്ബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എഎസ്ഐ വഹാബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എറണാകുളം സ്വദേശിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ കേസിലെ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : എറണാകുളം തുറവൂർ സ്വദേശിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ കേസിൽ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസിലെ പ്രതികളായ എറണാകുളം കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ആശ്രമത്തിന്റെ ഉടമയായ ബ്രദർ അമൽ എന്നറിയപ്പെടുന്ന എറണാകുളം കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തു മകൻ ആരോമൽ (23), കോട്ടക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 21ന് രാവിലെ 7.30 ഓടെയാണ് ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനൻ (42) എന്നയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ ആയുധം കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും മുറിവേൽപ്പിച്ച നിലയിൽ കാണപ്പെട്ടത്. ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനം കോടതിയിൽ ഹാജരാക്കും.

നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.

ഈ കേസിന്റെ അന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബർ 18ന് പുലർച്ചെയോടെ എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് വൈദ്യപരിശോധന നടത്തിയതിന് ശേഷം സുദർശനനെ അമൽ ഫ്രാൻസിസിനെ സ്ഥാപനത്തിൽ എത്തിച്ചതായി കണ്ടെത്തിയത്.

തുടർന്ന് എറണാകുളം കൂനമ്മാവിലെ ആശ്രമത്തിൽ കഴിഞ്ഞു വരവെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതരമായ പരിക്കേൽക്കുന്നത്. തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ ആശ്രമ ഉടമ അമൽ ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപം എത്തിച്ച് വഴിയരികിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

സുദർശനന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.

സംഭവം നടന്നത് വരാപ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം കേസ് എറണാകുളം വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

മാർക്കറ്റ് പരിസരത്ത് അമൃത് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച ജലസംഭരണി ഉൾപ്പെടെയുള്ള പ്രവൃത്തികൾ നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ചന്തക്കുന്ന് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാർക്കറ്റ് പരിസരത്ത് സ്ഥാപിച്ച രണ്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി ഉൾപ്പെടെ കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതിയിൽപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദേശം നൽകി.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, പി.ടി. ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു.

കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. സുമ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും നഗരസഭ എൻജിനീയർ ആർ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ഗുലാം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ ഖാദർ ഹാജിയുടെ നേതൃതത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

എം.എസ്. അബ്ദുൽ ഗഫാർ (പ്രസിഡൻ്റ്), പി.കെ. ജസീൽ (സെക്രട്ടറി), എ.കെ. നൂറുദ്ദീൻ അറയ്ക്കൽ (ട്രഷറർ, സ്റ്റേറ്റ് കൗൺസിലർ), കെ.എ. സദഖത്തുള്ള, എം.എ. സത്താർ (വൈസ് പ്രസിഡന്റുമാർ), കെ.എം. യൂസഫ്, സി.എ. അബ്ദുൽ സലാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.

സെക്രട്ടറി പി.കെ. ജസീൽ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ നന്ദിയും പറഞ്ഞു.

പതിയാംകുളങ്ങര ഭഗവതി ക്ഷേത്രം പുനരുദ്ധാരണം : ആലോചനായോഗം ചേർന്നു

ഇരിങ്ങാലക്കുട : അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി തട്ടകത്തിലെ ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യോഗം ക്ഷേത്രം ഊട്ടുപുരയിൽ ചേർന്നു.

ക്ഷേത്രഉപദേശക സമിതി പ്രസിഡൻ്റ് കെ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഭാവിപ്രവർത്തനങ്ങളുടെ ഏകോപനത്തിനും നടത്തിപ്പിനുമായി കൂടൽമാണിക്യം ദേവസ്വം മുൻ ചെയർമാൻ യു. പ്രദീപ് മേനോൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിപ്പാട്, ഡോ. കെ. ഉണ്ണികൃഷ്ണൻ, ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ്, ഡോ. അനൂപ് ശങ്കർ എന്നിവർ രക്ഷാധാരികളും എടതിരിഞ്ഞി മന കൃഷ്ണകുമാർ അധ്യക്ഷനുമായി 51 അംഗ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.

വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം നടന്നു.

പൂജാകർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി മണി, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.

സക്ന്ദ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ ബലിക്കല്ലുകളും ഭഗവാൻ്റെ മയിൽവാഹനവും ക്ഷേത്രം മാതൃസംഘം പിച്ചള പൊതിഞ്ഞു സമർച്ചിച്ചു.

ബാലമുരുക സംഘത്തിൻ്റെ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

ആറ് വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ച് “ഉയരെ” എജുക്കേഷണൽ മീറ്റ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ 6 വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ച “ഉയരെ” എജുക്കേഷണൽ മീറ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

8 മുതൽ 11-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഓറിയൻ്റേഷൻ പ്രോഗ്രാം, അസാപ്പ് കേരളയുടെ സഹകരണത്തോടുകൂടി പ്ലസ് ടു മുതൽ മുകളിലുള്ള വിദ്യാർഥികൾക്ക് ഇൻ്റർവ്യൂ ടെക്നിക്സ്, കമ്മ്യൂണിക്കേഷൻ സ്കിൽ കോഴ്സ്, എസ്.സി. വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ്
എൽ.പി., യു.പി. വിദ്യാർഥികൾക്ക് മേശയും കസേരയും,
വിദ്യാലയങ്ങളിൽ ചെസ്സ് സാക്ഷരത പരിപാടി, വിദ്യാലയങ്ങളിൽ ചെസ്സ് ക്ലബ്ബുകൾ രൂപീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികൾക്കാണ് മുരിയാട് പഞ്ചായത്തിന്റെ ഉയരെ എജുക്കേഷൻ മീറ്റിലൂടെ തുടക്കം കുറിച്ചത്.

സിവില്‍ സര്‍വീസ് പരിശീലന പരീക്ഷകളില്‍ പങ്കാളിത്തം കൊണ്ടും നേട്ടം കൊണ്ടും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. പറഞ്ഞു.

മുരിയാട് പഞ്ചായത്തിന്‍റെ ഭാവിതലമുറയുടെ ദിശാബോധം നിര്‍ണയിക്കുന്ന ദീർഘ വീക്ഷണത്തോടുകൂടിയുള്ള സുപ്രധാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച
വിദ്യാഭ്യാസ ഉന്നമന പരിപാടിയായ “ഉയരെ” എജുക്കേഷണല്‍ മീറ്റ് മാതൃകാപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, ആനന്ദപുരം ഗവ. യു.പി. സ്കൂള്‍ പ്രധാനാധ്യാപിക ഇ.ടി. ബീന, അസി. സെക്രട്ടറി മനോജ് മുകുന്ദന്‍, അസാപ് പരിശീലക വി.എം. അശ്വതി, സിവില്‍ സര്‍വീസ് അക്കാദമി പരിശീലകരായ എസ്. ബെലിന്‍ഡ, ടി.വി. ഹെഡ്‍വിന്‍, ചെസ്സ് ഇന്‍റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

എൻ.എസ്.എസ്. നേതൃയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃക്കൂർ – കല്ലൂർ, ആമ്പല്ലൂർ, പുതുക്കാട്, മുരിയാട് സംയുക്ത മേഖലാ എൻ.എസ്.എസ്. നേതൃയോഗം ഡയറക്ടർ ബോർഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

തൃക്കൂർ – കല്ലൂർ മേഖലാ പ്രതിനിധി നന്ദൻ പറമ്പത്ത്, വനിത യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, ജോയിൻ്റ് സെക്രട്ടറി ബിന്ദു ജി. മേനോൻ, വനിത യൂണിയൻ മേഖലാ പ്രതിനിധികളായ കെ. രാജലക്ഷ്മി (ആമ്പല്ലൂർ), തുഷാര (തൃക്കൂർ – കല്ലൂർ) എന്നിവർ ആശംസകൾ നേർന്നു.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും ആമ്പല്ലൂർ കരയോഗം പ്രസിഡൻ്റ് സി. മുരളി നന്ദിയും പറഞ്ഞു.