മതിലകം സ്കൂൾ പരിസരത്ത് നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മതിലകം : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, പുതിയ അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി മയക്കു മരുന്നിനെതിരെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രത്യേക പരിശോധനയിൽ സെന്റ് ജോസഫ് സ്കൂൾ പരിസരത്തുള്ള എം ബി സ്റ്റോഴ്സ് എന്ന കടയിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

വിവിധ കമ്പനികളുടെ 1795 പാക്കറ്റ് ബീഡികളാണ് പിടിച്ചെടുത്തത്.

കടയുടമ മതിലകം മുല്ലച്ചംവീട്ടിൽ മുഹമ്മദ് മുബഷീർ (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എഎസ്ഐ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ ആന്റണി, മുറാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നിര്യാതനായി

കല്ലിങ്ങപ്പുറം നാരായണൻ

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം ഡയറക്ടർ, എസ് എൻ ക്ലബ്ബ് പ്രസിഡണ്ട്, ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ, കോർഡിനേഷൻ കൗൺസിൽ
ഫോർ ശ്രീനാരായണ ഓർഗനൈസേഷൻസ്
ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ
സേവനമനുഷ്ഠിച്ചിട്ടുള്ള കല്ലിങ്ങപ്പുറം
കെ ആർ നാരായണൻ (84) നിര്യാതനായി.

മരണാനന്തര ക്രിയകൾ മേയ് 31ന് (ശനിയാഴ്ച്ച) ഉച്ചതിരിഞ്ഞ് 3.00 മണിക്ക് സ്വവസതിയിൽ. തുടർന്ന് സംസ്കാരം വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.

ഭാര്യ : സുകൃതവല്ലി

മക്കൾ : വീനസ്, വിൻസി

മരുമക്കൾ : ബാബു, ജിബ് ലു

സഹോദരങ്ങൾ : പരേതനായ വാസു, പരേതയായ മാധവി വേലായുധൻ, പരേതനായ ബാലൻ, പരേതനായ ഗംഗാധരൻ, വിശാല ഗംഗാധരൻ, ചന്ദ്രൻ, മോഹനൻ, ജനാർദ്ദനൻ

പട്ടികജാതി ക്ഷേമ സമിതി മുകുന്ദപുരംതാലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : “ജാതി സർട്ടിഫിക്കറ്റ് അവകാശമാണ് ; തഹസിൽദാരുടെ ഔദാര്യമല്ല” എന്ന മുദ്രാവാക്യവുമായി പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മുകുന്ദപുരം താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

പി കെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്
പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സി പി ഐ (എം) ജില്ല കമ്മിറ്റി അംഗം വി എ മനോജ്കുമാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ഡി സിജിത്ത് സ്വാഗതവും, പി വി മണി നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ എ വി ഷൈൻ, കെ പി മോഹനൻ, ശരത് ശങ്കർ എന്നിവർ നേതൃത്വം നൽകി.

നിര്യാതനായി

മണി

ഇരിങ്ങാലക്കുട : നഗരസഭ 32-ാം വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ ചാത്തൻ മകൻ മണി (73) നിര്യാതനായി.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗവും സി പി എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ വി സി പ്രഭാകരൻ്റെ സഹോദരനാണ്.

സംസ്കാരം നടത്തി.

ഭാര്യ : സുനിത.

മക്കൾ : സൗമ്യ. സനീഷ്

മരുമകൻ : സലീഷ്

നിര്യാതനായി

പ്രഭാകരൻ

ഇരിങ്ങാലക്കുട : പുത്തന്‍ചിറ കൊമ്പത്തുകടവ് കളത്തില്‍ പ്രഭാകരന്‍ (86) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : സുശീല

മക്കള്‍ : സിന്ധു (അസി പ്രൊഫസര്‍,സി യു ടെക് ചാലക്കുടി), ഡോ.ബിന്ദു (ഗൈനക്കോളജിസ്റ്റ്, ഗവ. ആശുപത്രി ഇരിങ്ങാലക്കുട), റിങ്കു (പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍, തൃശൂര്‍)

മരുമക്കള്‍ : ശ്രീകുമാര്‍, ഡോ. സജി (ഫിസിഷ്യന്‍ വടക്കാഞ്ചേരി), അജിത് കെ നായര്

മന്ത്രി ഡോ. ആർ ബിന്ദുവിന്റെ എസ്.എസ്.എൽ.സി. – പ്ലസ് ടു പുരസ്കാരത്തിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിയോജകമണ്ഡലംതല
എസ്. എസ്. എൽ. സി. – പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ഡലത്തിനകത്തെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ അപേക്ഷ നൽകാതെ തന്നെ പുരസ്കാരത്തിന് പരിഗണിക്കും എന്നതിനാൽ അവർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായവർ മണ്ഡലത്തിന് പുറത്തെ സ്കൂളിൽ നിന്നും വിജയം നേടിയവരാണെങ്കിൽ പ്ലസ് ടു, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കാൻ ഗ്രാമപഞ്ചായത്ത് / നഗരസഭാ അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ജൂൺ 5 ന് മുമ്പ് അപേക്ഷ നൽകണം.

അപേക്ഷകൾ മന്ത്രിയുടെ ക്യാമ്പ് ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപം, കണ്ഠേശ്വരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ എത്തിക്കാം.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 70128 38350

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന കെ പി സെബാസ്റ്റ്യന് ബാങ്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ പി ജെ വിൻസെന്റ്, സ്റ്റാഫ് പ്രതിനിധി എൻ ജെ ജോയ് എന്നിവർ ആശംസകൾ നേർന്നു.

മാനേജിങ് ഡയറക്ടർ എ എൽ ജോൺ സ്വാഗതവും, അസി ജനറൽ മാനേജർ കെ ജി നിഷ നന്ദിയും പറഞ്ഞു.

നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം : പ്രതിഷേധ പ്രകടനവുമായി സി.പി.ഐ.

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക, മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.ഐ. ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സമരം സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി അഡ്വ. പി.ജെ. ജോബി ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു,

ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ്, കൗൺസിലർമാരായ അഡ്വ. ജിഷ ജോബി, ഷെല്ലി വിത്സൻ എന്നിവർ പ്രസംഗിച്ചു.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ വർദ്ധനൻ പുളിക്കൽ സ്വാഗതവും, കെ.സി. മോഹൻലാൽ നന്ദിയും പറഞ്ഞു.

മൂർക്കനാട് ഇരട്ട കൊലപാതകം : ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ ഒരു വർഷത്തോളം പ്രതി കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദിനെ (27) ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

2024 ഏപ്രിൽ 3ന് മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി
സന്തോഷ് എന്നിവർ കൊല്ലപ്പെട്ടത്.

നിരവധി കേസുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.

ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസിൽ നാലാം പ്രതിയാണ് ഇയാൾ. കൊലപാതകശേഷം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ അനുമോദ് നാടു വിടുകയായിരുന്നു.

വീടുംനാടുംവേഷവുംമാറി ; #പക്ഷേവേഷം #മാറിയെത്തിയപോലീസിൻ്റെപിടിയിലായി

കഴിഞ്ഞ ബുധനാഴ്ച്ചയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. പലയിടത്തായി ഒളിവിൽ കഴിഞ്ഞ അനുമോദ് ഒഡീഷയിൽ കുറെ നാൾ തങ്ങിയതിനു ശേഷം മൂന്നു മാസം മുമ്പാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയിൽ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളിജീവിതം നയിച്ചു വന്നിരുന്നത്.

മതിലകം സ്റ്റേഷനിൽ മൂന്നു കൊലപാതകശ്രമ കേസ്, ആയുധം കൈവശം വച്ച കേസ്, കാട്ടൂർ സ്റ്റേഷനിൽ രണ്ടു കൊലപാതകശ്രമ കേസ്, മയക്കുമരുന്നു കേസ്, ഇരിങ്ങാലക്കുട സ്റ്റേഷനിൽ കവർച്ച കേസടക്കം മൂന്നു ക്രിമിനൽ കേസുകൾ എന്നിവയിൽ പ്രതിയായ അനുമോദിൻ്റെ ഒരു വർഷത്തോളം നീണ്ട ഒളിവു ജീവിതമാണ് ബാംഗ്ലൂരിലെ വാടകവീട്ടിൽ വ്യാഴാഴ്ച്ച അവസാനിച്ചത്.

പോലീസ് എത്തുന്ന സമയത്ത് പുലർച്ചെയുള്ള ഇളംതണുപ്പിൽ പുതപ്പിനുള്ളിലെ ചൂടിൽ സുഖനിദ്രയിലായിരുന്നു പ്രതി.

“മോനേ കേരളാ പോലീസാണെടാ , എഴുന്നേൽക്കടാ” എന്ന വിളി കേട്ട് കണ്ണു തുറന്ന അനുമോദ് കണ്ടത് തനിക്കു ചുറ്റും വട്ടമിട്ടു നിൽക്കുന്ന പോലീസുകാരെയാണ്. തുടർന്ന് ചെറുത്തു നില്പൊന്നും ഇല്ലാതെ തന്നെ കീഴടങ്ങി.

കോടതിയിൽ നിന്ന് മൂന്നു അറസ്റ്റു വാറണ്ട് ഇയാളുടെ പേരിൽ നിലവിലുണ്ട്.

ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാർ, എ. എസ്. ഐ. കെ.വി.ഉമേഷ്, സീനിയർ സി.പി.ഓ. ഇ.എസ്.ജീവൻ, സി.പി. ഓ മാരായ കെ.എസ്. ഉമേഷ്, ഇ.ജി. ജിജിൽ, വി. കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ജൂൺ 7 വരെ അപേക്ഷിക്കാം

ഇരിങ്ങാലക്കുട : നഗരസഭ ജനകീയാസൂത്രണം 2025- 26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ ഓരോ വാർഡുകളിലും അതാത് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിതരണം നടത്തും.

ഏതെങ്കിലും കാരണവശാൽ അപേക്ഷ ഫോം ലഭിക്കാത്തവർക്ക് നഗരസഭ ഓഫീസിൽ നിന്നോ വാർഡിലെ അംഗൻവാടികളിൽ നിന്നോ ഫോം കൈപ്പറ്റാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 7നുള്ളിൽ അതാത് വാർഡ് കൗൺസിലർമാരുടെ പക്കലോ അംഗൻവാടിയിലോ അല്ലെങ്കിൽ നഗരസഭ ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.

ജൂൺ 7നുള്ളിൽ ലഭിക്കാത്ത അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് ചെയർപേഴ്സൺ അറിയിച്ചു.