നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദയാൽ കരുതൽ തടങ്കലിലേക്ക്

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കേച്ചേരി സ്വദേശി പരപ്പുപറമ്പിൽ വീട്ടിൽ ദയാൽ (30) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.

മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്. നിയമം.

ദയാൽ 2022ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരക രാസലഹരിയായ 496 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും, 2024ൽ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും, 2025ൽ കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ വെച്ച് മാരക രാസലഹരിയായ 13.5 ഹാഷിഷ് ഓയിലും 4700 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുമായും അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്ന് കേസ്സിലും ഗുരുവായൂർ, കുന്നംകുളം സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ്സിലും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജി.എസ്.സി.പി.ഒ. ജിജോ ജോസഫ്, സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ജിനീഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും നടപടികൾ പൂർത്തീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

തുമ്പൂർ എ.യു.പി. സ്കൂളിൽ ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തുമ്പൂർ എ.യു.പി. സ്കൂളിൽ അധ്യാപകർ വിദ്യാർഥികൾക്കായി ഒരുക്കിയ ഫുട്ബോൾ ടർഫ് പ്രശസ്ത ഫുട്ബാൾ താരം മുൻ കേരള ടീം ക്യാപ്റ്റൻ വി.വി. സുർജിത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷാറ്റോ കുര്യൻ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക ബിൻസി ജോസ്,
മുൻ പ്രധാന അധ്യാപിക കെ. റീന, പൂർവ്വ വിദ്യാർഥി സംഘടന പ്രതിനിധി വാസൻ, പി.ടി.എ. പ്രസിഡന്റ്‌ അശ്വതി ദിനിൽ എന്നിവർ പ്രസംഗിച്ചു.

ഗ്രാമിക ഫിലിം സൊസൈറ്റിയിൽചലച്ചിത്ര പ്രദർശനവും സംവാദവും

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റി പ്രതിമാസ പരിപാടിയുടെ ഭാഗമായി യുവ സംവിധായകൻ പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ….’ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു.

തുടർന്ന് സംവിധായകനും കലാസംവിധായകൻ വിപിൻദാസും പ്രേക്ഷകരുമായി സംവദിച്ചു.

പ്രസിഡൻ്റ് യു.എസ്. അജയകുമാർ അധ്യക്ഷനായി.

കെ.വി. ഹനീഫ, കെ.സി. ഹരിദാസ്, കെ.എസ്. മനോജ്, സുബാമണി, കെ.എസ്. അശോകൻ, വി.പി. ഗൗതം, വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

നീഡ്സ് റിപ്പബ്ലിക് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

നീഡ്സ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങ് നീഡ്സ് പ്രസിഡൻ്റ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നീഡ്സ് വൈസ് പ്രസിഡൻ്റ് പ്രൊഫ. ആർ. ജയറാം അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, റിനാസ് താണിക്കപറമ്പിൽ, ജോൺ ഗ്രേഷ്യസ്, പി.ടി.ആർ. സമദ്, ഡോ. കൃഷ്ണൻ, ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

അമ്മിണി

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് കോക്കാട്ടിൽ വീട്ടിൽ പരേതനായ വലിയപേങ്ങൻ ഭാര്യ അമ്മിണി (85) നിര്യാതയായി.

കർഷക തൊഴിലാളി യൂണിയൻ അംഗമാണ്.

സംസ്കാരം നടത്തി.

മക്കൾ : രവീന്ദ്രൻ, രുഗ്മിണി, ശശിധരൻ, കൃഷ്ണൻ, സുഭാഷ്

മരുമക്കൾ : വനജ, അംബിക, അനിത, അംബിക, പരേതനായ ശശിധരൻ

കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി. റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി. റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി.

യോഗത്തിൽ ടി. ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ്), സുധാകരൻ നായർ (വൈസ് പ്രസിഡൻ്റ്), രഘു തെക്കൂട്ട് (സെക്രട്ടറി), ഗീത (ജോയിൻ്റ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ ടി. മേനോൻ (ട്രഷറർ), സി. മോഹൻദാസ്, മുരളീധരൻ, ഗീത പുതുമന, ബിജിമോൾ ബിജു, സിന്ധു പ്രസന്നൻ, സൗമ്യ, സോമശേഖരൻ, ദീപ മനോജ് (എക്സിക്യൂട്ടീവ് മെമ്പർമാർ), അജിത്കുമാർ (ഓഡിറ്റർ) എന്നിവർ അടങ്ങിയ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

സെൻ്റ് ജോസഫ്സ് കോളെജിൽ പൂർവ്വ വിദ്യാർഥിനി സംഗമം നടന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിലെ പൂർവ്വ വിദ്യാർഥിനി സംഗമം പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്നു.

കോളെജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തൃശൂർ മേയറും പൂർവ്വ വിദ്യാർഥിനിയുമായ ഡോ. നിജി ജെസ്റ്റിൻ (1987), തദ്ദേശ സ്വയംഭരണ ഇലക്ഷനിൽ വിജയികളായ പൂർവ്വ വിദ്യാർഥികളായ ഡോ. സി.ബി. ഷക്കീല, രഹ്‌ന ഉണ്ണികൃഷ്ണൻ, അഞ്ജന ശ്രീധരൻ എന്നിവരെയും കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയതിൻ്റെ സിൽവർ, സുവർണ്ണ നിറവിൽ ആയിരിക്കുന്നവരെയും മുൻ വർഷങ്ങളിൽ കലാലയത്തിന്റെ ചെയർപേഴ്സൺ ആയിരുന്നവരെയും ആദരിച്ചു.

1992- 1995 വർഷങ്ങളിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ പൂർവ്വ വിദ്യാർഥിനിയും മികച്ച കലാകാരിയും കൂടിയായ ഡോ. കവിത ബാലകൃഷ്ണന് മികച്ച പൂർവ വിദ്യാർഥിനിക്കുള്ള അവാർഡ് നൽകി.

കലാലയത്തിലെ പഠനത്തിനുശേഷം സന്യസ്ത ജീവിതം ആശ്ലേഷിച്ച 26 സിസ്റ്റേഴ്‌സിനെയും മറ്റ് പ്രധാന നേട്ടങ്ങൾ കൈവരിച്ച അലുമിനെ അംഗങ്ങളെയും മീറ്റിംഗിൽ ആദരിച്ചു.

1976 സുവോളജി വിഭാഗത്തിലെ ഗീത ഗോപാലകൃഷ്ണൻ്റെ ‘വെറും ഒരു നിമിത്തം മാത്രം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും മുൻ അലുമിനെ പ്രസിഡൻ്റ് സുധ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗാനാലാപനം സംഘടിപ്പിച്ചു.

2025- 2026 അധ്യയന വർഷം കോളെജിൽ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്പർ ഇൻ്റൻ്റെൻ്റ് ജ്യോതി, 2024- 2025 വർഷത്തിൽ യു.എ.ഇ.യിൽ നടന്ന ഇൻ്റർനാഷണൽ അലുമിനെ മീറ്റ് സംഘടിപ്പിക്കുവാൻ നേതൃത്വം ഏറ്റെടുത്തവരെയും കോർഡിനേറ്റർ സുജിത ദീപുവിനെയും ആദരിച്ചു.

സുവോളജി വിഭാഗം പ്രൊഫ. ജിജി പൗലോസ്, അലുമിനെ പ്രതിനിധി തുടങ്ങിയവർ പ്രസംഗിച്ചു.

അലുമിനെ പ്രസിഡൻ്റ് ടെസ്സി വർഗ്ഗീസ് സ്വാഗതവും സെക്രട്ടറി ഷാജിത ബഷീർ നന്ദിയും പറഞ്ഞു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : വിജയക്കൊടി പാറിച്ച് ഗോകുലം എഫ്‌.സി.

ഇരിങ്ങാലക്കുട : ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി ഗോകുലം എഫ്‌സി.

തുടർച്ചയായ ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ ആവേശകരമായ പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത്.

ഗോകുലം എഫ്‌സി വേഗതയും സാങ്കേതിക മികവും ആവേശവും പ്രകടിപ്പിച്ചപ്പോൾ അനുഭവസമ്പത്തും ശാരീരികശേഷിയും ഉള്ള കേരള പൊലീസ് ടീമും ശാസ്ത്രീയമായ കളിയും തന്ത്രപരമായ പക്വതയും പ്രകടിപ്പിച്ചു.

ഇരു ടീമുകളുടെയും വ്യത്യസ്തമായ കളിശൈലികൾ ഫുട്ബോൾ പ്രേമികൾക്ക് ഏറെ ആസ്വാദ്യകരമായി.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോകുലം എഫ്‌സി ആദ്യ ഗോൾ നേടി മുൻതൂക്കം സ്വന്തമാക്കി. തുടർന്ന് രണ്ടാം ഗോൾ കൂടി നേടി.

ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ കേരള പൊലീസ് ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 2–1 ആയി കുറച്ചു.
രണ്ടാം പകുതിയിലും ശക്തമായ മത്സരമാണ് നടന്നത്.

ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കടുത്ത പോരാട്ടത്തിന് ശേഷം ഗോകുലം എഫ്‌സി വിജയിച്ച് ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ കിരീടം സ്വന്തമാക്കി.

മികച്ച ഗോൾകീപ്പറായി ജി. കെ. ബിഷോർജിത് (ഗോകുലം എഫ്‌സി), മികച്ച പ്രതിരോധ താരമായി അതുൽ കൃഷ്ണ (ഗോകുലം എഫ്‌സി), മികച്ച മിഡ്ഫീൽഡറായി ജംഷീദ് (കേരള പൊലീസ്), മികച്ച ഫോർവേഡറായി ബാബിൾ (കേരള പൊലീസ്), ടൂർണമെന്റിലെ മികച്ച താരമായി മോസസ് (ഗോകുലം എഫ്‌സി), ഫൈനലിലെ ആദ്യ ഗോൾ നേടിയ അക്ഷുമ്മ (ഗോകുലം എഫ്‌സി), മികച്ച ടീം ആയി പി.എഫ്.സി. കേരള
എന്നിവിരെയും തെരഞ്ഞെടുത്തു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ പതാക ഉയർത്തി.

പ്രിൻസിപ്പൽ കെ.പി. ലിയോ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത്, മാനേജ്മെൻ്റ് പ്രതിനിധി എ.എൻ. വാസുദേവൻ, എസ്.പി.സി. ട്രെയിനർ വി.വി. സതീഷ്, അധ്യാപകരായ ബി. ബിജു, സംഗീത ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന റിപ്പബ്ലിക്ക് ദിന റാലിയിൽ എസ്.പി.സി., എൻ.എസ്.എസ്. വൊളൻ്റിയർമാർ പങ്കെടുത്തു.

പരേഡിന് അധ്യാപകരായ ബിനു ജി. കുട്ടി, ആൻ സോണിയ സണ്ണി എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട നഗരസഭയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. വർഗ്ഗീസ് സ്വാഗതവും നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് നന്ദിയും പറഞ്ഞു.

ചടങ്ങിൽ കൗൺസിലർമാരും നഗരസഭ ജീവനക്കാരും എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു.