അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് : സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : കരൂപ്പടന്ന വാഗസ് ഒരുക്കുന്ന പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സ്മാരക അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 4 മുതൽ 19 വരെ കരൂപ്പടന്ന ഹയർ സെക്കന്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

ഇതിന്റെ ഭാഗമായി പള്ളിനടയിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.

പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ ഗഫൂർ ഹാജി മുഖ്യാഥിതിയായി.

മുഖ്യ രക്ഷാധികാരി ഫസൽ പുത്തൻകാട്ടിൽ, ക്ലബ് പ്രസിഡന്റ്‌ വി.ഐ. അഷ്‌റഫ്‌, കെ.എം. ഷമീർ, മനോജ്‌ അന്നിക്കര, ഫഹദ് പുളിക്കൻ, നൂറുദ്ദീൻ, അബൂബക്കർ, ജിത്തു ശിഹാബ് എന്നിവർ പ്രസംഗിച്ചു.

വാഗസ് ക്ലബിൻ്റെ നേതൃത്വത്തിൽ 1000 ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്ന ”സ്നേഹസ്പർശം” പദ്ധതിക്ക് ഫണ്ട്‌ കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം : പൊറത്തിശ്ശേരിയിൽ കോൺഗ്രസിന്റെ പന്തളം കൊളുത്തി പ്രകടനം

ഇരിങ്ങാലക്കുട : സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്
പന്തം കൊളുത്തി പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആർ. ഷാജു അഭിസംബോധന ചെയ്തു.

ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ ജോബി തെക്കൂടൻ, അഡ്വ. സിജു പാറേക്കാടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, അഡ്വ. പി.എൻ. സുരേഷ്,
പി.എ. സഹീർ, മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥ്, ബിനു മണപ്പെട്ടി, സന്തോഷ്‌ വില്ലടം, വി.പി. ജെയിംസ്, എൻ.ഒ. ഷാർവി, ടി.വി. ഹരിദാസ്, കെ. ഗണേഷ് എന്നിവർ പങ്കെടുത്തു.

പ്രകടനത്തിന് വാർഡ് പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

63-ാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.

ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.

മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം : വെള്ളാങ്ങല്ലൂരിൽ മഹിളാ കോൺഗ്രസ് ധർണ നടത്തി

ഇരിങ്ങാലക്കുട : നീതിക്കായി പൊരുതുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളാങ്ങല്ലൂർ മണ്ഡലം മഹിളാ കോൺഗ്രസ് നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജെസി അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് റസിയ, ജില്ലാ ജനറൽ സെക്രട്ടറി ജയശ്രീ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് മായ, മുതിർന്ന കോൺഗ്രസ് നേതാവ് കമാൽ കാട്ടകത്ത്, വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് മുസ്സമ്മൽ തുടങ്ങിയ മണ്ഡലം നേതാക്കൾ, മഹിളാ കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.

അസീറ സ്വാഗതവും മല്ലിക നന്ദിയും പറഞ്ഞു.

സാധാരണക്കാരെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമാണ് സിനിമ : അഖിൽ വി. മേനോൻ, ഐ.എ.എസ്.

ഇരിങ്ങാലക്കുട : വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്നും, സാധാരണക്കാരെ മുഴുവൻ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമാണ് സിനിമയെന്നും തൃശൂർ ജില്ലാ സബ് കളക്ടർ അഖിൽ വി. മേനോൻ, ഐ.എ.എസ്. പ്രസ്താവിച്ചു.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ്സിക്കുകൾ കാണാനും ആസ്വാദന മൂല്യത്തെ ഉയർത്തുന്ന സിനിമകൾ കാണാനുമുള്ള അവസരങ്ങളാണ് ചലച്ചിത്രമേളകൾ വഴി സൃഷ്ടിക്കപ്പെടുന്നതെന്നും അഖിൽ. വി. മേനോൻ ചൂണ്ടിക്കാട്ടി.

റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്ത് ആദ്യ പാസ്സ് ഏറ്റു വാങ്ങി.

ഡെലിഗേറ്റ് ബാഗിൻ്റെ വിതരണോദ്ഘാടനം ഐ.ടി. വിദഗ്ധൻ ജീസ് ലാസർ സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ പ്രതിനിധി ആഞ്ജലീന് നൽകി നിർവ്വഹിച്ചു.

സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ സ്വാഗതവും, സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.

മുനയം പാലത്തിന് യു.ഡി.എഫ്. സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ടപ്പെടുത്തി : പ്രതിഷേധ മാർച്ചും ധർണയും നടത്തി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : കാട്ടൂർ, താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു.ഡി.എഫ്. സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ട്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് 8 വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താൽക്കാലിക ബണ്ട് നിർമാണം മാത്രമാണ് നടക്കുന്നത്. നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
സമരം ഉദ്‌ഘാടനം ചെയ്ത് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, പി.ടി. ജോർജ്, സിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ. സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, ജേക്കബ് പാലത്തിങ്കൽ, ഷാന്റി റാഫേൽ, മേരി മത്തായി, അശോകൻ ഷാരടി, ജോയ് പടമാടൻ എന്നിവർ പ്രസംഗിച്ചു.

ലിറ്റിൽ ഫ്ലവർ സ്കൂളിൽ മൾട്ടിപർപ്പസ് ബാസ്ക്കറ്റ് ബോൾ കോർട്ട്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ സ്കൂളിൽ പുതുതായി പണി തീർത്ത മൾട്ടിപർപ്പസ് ഫുട്ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഇൻ്റർനാഷണൽ ബാസ്ക്കറ്റ് ബോൾ താരം ഐറിൻ എൽസ ജോൺ നിർവഹിച്ചു.

രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ വെഞ്ചിരിപ്പ് നടത്തി.

ഇരിങ്ങാലക്കുട ഉദയ പ്രൊവിൻഷ്യൽ സിസ്റ്റർ ധന്യ, ഫാ. ജോയ് പീണിക്കപറമ്പിൽ, പി.ടി.എ. പ്രസിഡന്റ് സിവിൻ കെ. വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എന്നിവർ ആശംസകൾ നേർന്നു.

കായികാധ്യാപിക വീനസ് പോൾ നന്ദി പറഞ്ഞു.

മന്ദാരം കടവ് ശിവരാത്രി പുരസ്കാരം മാങ്ങാറി ശിവദാസന്

ഇരിങ്ങാലക്കുട : ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി പുരസ്കാരം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ച മാങ്ങാറി ശിവദാസന് സമർപ്പിക്കും.

ക്യാഷ് അവാർഡും കീർത്തിമുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഫെബ്രുവരി 26ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ മന്ദാര കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി 2023ൽ ശ്രീശാസ്താ പുരസ്കാരം നൽകി ശിവദാസനെ ആദരിച്ചിട്ടുണ്ട്.

1994ൽ സമിതിയുടെ ജോയിന്റ് സെക്രട്ടറിയായാണ് ശിവദാസൻ ക്ഷേത്ര പ്രവർത്തനങ്ങളിലേക്കെത്തുന്നത്. തുടർന്ന് 1995 മുതൽ 2016 വരെ 22 വർഷം ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായിരുന്നു.

2017 – 2019 വരെ പ്രസിഡന്റായും, 2020 – 22 വരെ ട്രഷററായും പ്രവർത്തിച്ചു. 1995 മുതൽ 2022 വരെ പല ഘട്ടങ്ങളിലായി സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ഏക വ്യക്തിയും ശിവദാസനാണ്.

ആറാട്ടുപുഴ മുല്ലപ്പിള്ളി രാമൻ നായരുടേയും മാങ്ങാറി ഭാർഗ്ഗവി അമ്മയുടേയും മകനായി ജനനം. പഠനത്തിനു ശേഷം ജോലി തേടി കേരളത്തിന് പുറത്തേക്ക് പോയ ശിവദാസൻ താൽക്കാലിക ജോലികൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് & കസ്റ്റംസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ച ശിവദാസൻ 1993ൽ കേരളത്തിലെത്തി. കൊച്ചി, തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

2014ൽ കസ്റ്റംസ് & എക്സൈസ് ഓഫീസിന്റെ തൃശ്ശൂർ ഓഫീസിൽ നിന്നും ഇൻസ്പെക്ടർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തിൽ തന്നെയായിരുന്നു മുഴുനീള സേവനം.

പൂരക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് അദ്ദേഹം ക്ഷേത്രത്തിൽ സേവനം നടത്തിയിരുന്നത്.

കരുവന്നൂർ കുണ്ടൂർ വീട്ടിൽ സീതയാണ് ഭാര്യ.

മക്കൾ : സുഹാസ്, സുജിത്ത്

ജി. അനുസ്മരണവും കവിതാ വിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ 47-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും കവിതാ വിചാരവും നടത്തി.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച സദസ് കവി പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), കെ. എസ്. ഉദയൻ, രാധാകൃഷ്ണൻ വെട്ടത്ത്, കെ.എൻ. സുരേഷ് കുമാർ, പഴുവിൽ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

കെ. ദിനേശ് രാജ, വിജയൻ ചിറ്റേക്കാട്ടിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

തുടർന്ന് ജി.യുടെ കവിതകളുടെയും ജയചന്ദ്രന്റെ ഗാനങ്ങളുടെയും ആലാപനം അരങ്ങേറി.

വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയവില്ലേജ് ഓഫീസർ ചാലക്കുടിയിൽ ട്രെയിൻ തട്ടി മരിച്ചു

ഇരിങ്ങാലക്കുട : റവന്യൂ ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മേലൂർ വില്ലേജ് ഓഫീസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.

പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.

വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേക്കു ട്രെയിനിൽ വിനോദയാത്ര നടത്തി ഇന്നലെ മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്.

ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.

മുൻപ് കൊരട്ടി വില്ലേജ് ഓഫീസിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

മൃതദേഹം താലൂക്ക്
ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്.

ഭാര്യ : സീന

മക്കൾ : ഐശ്വര്യ, ആദർശ്