കുടിവെള്ളം കിട്ടാതായിട്ട് രണ്ടു മാസം : പ്രതിഷേധവുമായി കൗൺസിലർമാരും നാട്ടുകാരും

ഇരിങ്ങാലക്കുട : നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 56 ദിവസം കഴിഞ്ഞു. ഇതേ തുടർന്ന് മാപ്രാണം സെൻ്ററിൽ നഗരസഭാ കൗൺസിലർമാരായ ടി.കെ. ഷാജു, സരിത സുഭാഷ്, മായ അജയൻ എന്നിവരും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു.

കുഴിക്കാട്ടുകോണം, മാടായിക്കോണം, തളിയക്കോണം, മൂർക്കനാട്, മാപ്രാണം, കരുവന്നൂർ, ബ്ലോക്ക് ഓഫീസ് പ്രദേശങ്ങളിലാണ് കഴിഞ്ഞ 56 ദിവസമായി കുടിവെള്ളം എത്താത്തത്.

മാപ്രാണം സെൻ്ററിൽ നടക്കുന്ന പൈപ്പ് സ്ഥാപിക്കൽ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയൂ എന്ന് മാർച്ച് 4ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് എത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു.

അന്നത്തെ ചർച്ചയ്ക്ക് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ സഹകരിച്ചിരുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ തന്നെയാണ് കൗൺസിലിൽ അറിയിച്ചത്.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തീകരിക്കുകയോ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കൗൺസിലർമാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുടിവെള്ളം ലഭിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോൾ രാവിലെ ഒരു ടാങ്ക് വെള്ളം കൂടി തന്നു. ഇനി ആവശ്യപ്പെട്ടാൽ വെള്ളമെത്തിക്കാൻ ഫണ്ട് ഇല്ലെന്നും അദ്ദേഹം അറിയിച്ചതായി കൗൺസിലർ ടി.കെ. ഷാജു പറഞ്ഞു.

നഗരസഭ കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും വെള്ളം എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതിനാലാണ് ഫണ്ട് തീരും വരെയും വിതരണം നടത്തേണ്ടി വന്നത്.

ഇത് കെ.എസ്.ടി.പി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, മന്ത്രി ആർ. ബിന്ദുവിൻ്റെയും കനത്ത അനാസ്ഥയാണെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി.

5 ദിവസത്തോളമായി മാപ്രാണം സെൻ്ററിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെയും തടസ്സപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കാത്തതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് കുടിവെള്ള വിതരണം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന : നന്തിക്കര സ്വദേശി മാക്കുട്ടി മഹേഷ് പിടിയിൽ

ഇരിങ്ങാലക്കുട : നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വിൽപ്പന നടത്തിയ നന്തിക്കര തൈവളപ്പിൽ മഹേഷ് (മാക്കുട്ടി-44) പൊലീസ് പിടിയിൽ.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി “ജനകീയം ഡി ഹണ്ടി”ന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ചാലക്കുടി ഡി.വൈ.എസ്.പി. സുമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്തത്.

കഞ്ചാവ് പിടികൂടിയ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ നിധീഷ്, ഷിനോജ് ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർമാരായ വി.ജി. സ്റ്റീഫൻ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു. റെജി, ഷിജോ തോമസ്, എന്നിവരും ഉണ്ടായിരുന്നു.

ലോക റെക്കോർഡ് ലക്ഷ്യമിട്ട് നടവരമ്പ് ഗവ. സ്കൂളിൽ പൂർവ്വ വിദ്യാർഥികളുടെ ”ശതസംഗമം” ഏപ്രിൽ 5ന്

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏപ്രിൽ 5ന് പൂർവ്വ വിദ്യാർത്ഥികളുടെ മഹാസംഗമം സംഘടിപ്പിക്കും. “ശതസംഗമം 2025” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ 5000ത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.

തുടർച്ചയായ എഴുപതോളം പത്താം വിദ്യാർഥി ബാച്ചുകളുടെ സംഗമം ലോക റെക്കോർഡിൽ ഇടം പിടിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓരോ ബാച്ചിലെയും പ്രതിനിധികളുടെ ചങ്ങല സെൽഫിയോടെയാണ് പരിപാടികൾ ആരംഭിക്കുക.

ലോക റെക്കോർഡിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസലറും പൂർവ്വ വിദ്യാർഥിയുമായ ഡോ. ടി.കെ. നാരായണൻ നിർവഹിക്കും. പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി സി. അനൂപ് അധ്യക്ഷത വഹിക്കും.

ഏപ്രിൽ 6ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

വിശിഷ്ടാതിഥികളായി സംവിധായകൻ കമൽ, കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.

തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേളയും പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

അന്നേദിവസം രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഏറ്റവും സീനിയറായ പൂർവ്വകാല അധ്യാപകർക്ക് ആദരം അർപ്പിക്കും.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ടി. നാരായണൻ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോൻ, ജനറൽ കൺവീനർ സി.ബി. ഷക്കീല, സെക്രട്ടറി സി. അനൂപ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ അഞ്ചത്ത്, സുദീപ് ടി. മേനോൻ, ശശി ചിറയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത് (43) നെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ ഇവർ ജില്ല വിട്ട് പുറത്തു പോയിയെന്ന് മനസിലാക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മാഹി പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജു, പ്രൊബേഷൻ എസ് ഐ സി സനദ്, സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കിരൺ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്.

വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.

പുല്ലൂരിലെ കുടുംബശ്രീ കിയോസ്‌ക് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വര്‍ഷം

ഇരിങ്ങാലക്കുട : ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്തിലെ പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടുംബശ്രീ നിര്‍മ്മിച്ച കിയോസ്‌ക് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം പിന്നിടുന്നു.

കുടുംബശ്രീ ജില്ലാമിഷന്റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ച് പുല്ലൂർ പുളിഞ്ചോട്ടിൽ വഴിയാത്രക്കാര്‍ക്കായി നിര്‍മ്മിച്ച കിയോസ്‌ക്കാണ് തുറക്കാനാകാതെ നശിക്കുന്നത്.

ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് കുടുംബശ്രീ ഇത്തരം കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്.

ഒരു കുടുംബശ്രീ അംഗത്തിന് ഇത് നോക്കി നടത്താനുള്ള ചുമതല ഏൽപ്പിച്ചിരുന്നു. മറ്റു കുടുംബശ്രീ അംഗങ്ങള്‍ നിർമ്മിച്ചു നൽകുന്ന ഉൽപ്പന്നങ്ങൾക്കൊപ്പം നോക്കി നടത്താന്‍ ചുമതലപ്പെട്ട കുടുംബശ്രീ അംഗവും സ്വന്തമായി നിർമ്മിച്ചിരുന്ന സാധനങ്ങൾ ഇവിടെ വിൽപ്പന നടത്തിയിരുന്നു.

എന്നാല്‍ ഇതിനെതിരെ കുറച്ചുപേര്‍ പിഡബ്ല്യുഡിക്ക് പരാതി നല്‍കിയതോടെയാണ് അടച്ചിടേണ്ടി വന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍ എത്രയും വേഗം സ്ഥാപനം മാറ്റാന്‍ നിര്‍ദേശിച്ച് പിഡബ്ല്യുഡി നോട്ടീസ് നല്‍കിയതോടെയാണ് കിയോസ്‌ക് അടച്ചിടേണ്ടിവന്നത്.

സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുവെങ്കിലും നടപ്പിലായില്ല.

കൂടല്‍മാണിക്യത്തിലെ ജാതീയ വിവേചനം : സ്വജന സമുദായ സഭ മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യത്തിലെ ജാതീയ വിവേചനത്തിനെതിരെ ക്ഷേത്രത്തിലേക്ക് സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ട്രഷറര്‍ എം.എന്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ മുഖ്യപ്രഭാഷണം നടത്തി.

വി.എ. ദിനേശന്‍, ഗീത പ്രകാശ്, പി.എന്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

സുമേഷ് കൃഷ്ണന്‍ സ്വാഗതവും സുരേന്ദ്രന്‍ പരിയാരം നന്ദിയും പറഞ്ഞു.

ബിനോയ് കൃഷ്ണന്‍കുട്ടി, പ്രകാശ് അഭിലാഷ്, അജയന്‍ മാപ്രാണം, ഗീത ബിനോയ്, എം.വി. രവീന്ദ്രന്‍, ജാനകി എന്നിവര്‍ നേതൃത്വം നല്‍കി.

മാർച്ച് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വച്ച് പൊലീസ് തടഞ്ഞു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര പരമ്പര : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : മധ്യകേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെ കലേറ്റുംകരയിൽ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരയിൽ എത്തിച്ചേരണമെന്നും, വിഷയം ചർച്ച ചെയ്യണമെന്നും അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ കത്തയച്ചു.

വിഷയത്തിൽ സുരേഷ്ഗോപി ശക്തമായി ഇടപെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കത്തിൽ പറയുന്നുണ്ട്.

സമരം ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ സ്വാധീനത്തിൽ മറ്റൊരു രാഷ്ട്രീയ കക്ഷിക്ക് എതിരായി നടത്തുന്നതല്ലെന്നും, 35 വർഷത്തെ അവഗണനയ്ക്കെതിരെയാണ് സമരമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

1989ൽ രൂപംകൊണ്ട റെയിൽവേ സ്റ്റേഷൻ വികസന സമിതി നിലവിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാര നടപടികൾ പ്രതീക്ഷിക്കുന്നതായും അന്ന് നടന്ന സമരങ്ങളുടെ ഭാഗമായി കെ. കരുണാകരനും കെ. മോഹൻദാസും ഡിവിഷണൽ റെയിൽവേ മാനേജരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ഇന്ന് ഈ സ്റ്റേഷനിൽ കാണുന്ന വികസനങ്ങളെന്നും കൂടുതൽ ജനകീയതയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയുമെന്ന് കരുതുന്നതായും വർഗീസ് തൊടുപറമ്പിലിൻ്റെ കത്തിൽ പറയുന്നു.

വാര്യർ സമാജം സംസ്ഥാന സമ്മേളനം : ലോഗോ ക്ഷണിച്ചു

ഇരിങ്ങാലക്കുട : മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന 47-ാമത് സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ ലോഗോ തയ്യാറാക്കി മാർച്ച് 21ന് മുമ്പ് സമാജം സംസ്ഥാന സെക്രട്ടറിയും കോർഡിനേറ്ററുമായ എ.സി. സുരേഷിന് 9447442398 എന്ന നമ്പറിൽ അയക്കണമെന്ന് ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ അറിയിച്ചു.

മദ്യ – മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിൽ ഇടതുപക്ഷ സർക്കാർ പരാജയം : പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സമൂഹത്തെ, പ്രത്യേകിച്ച് വിദ്യാർഥികളെയും യുവാക്കളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന മദ്യ – മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട ഇടതുപക്ഷ ദുർഭരണത്തിനെതിരെ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുരിയൻ മുഖ്യാതിഥിയായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ഐ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറി കെ.ആർ. ഔസേപ്പ് സ്വാഗതം പറഞ്ഞു.

കെ.ആർ. പ്രഭാകരൻ, സി.എം. ഉണ്ണികൃഷ്ണൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ഹാജിറ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.കെ. ഷൗക്കത്തലി, ഒ.എൻ. ഹരിദാസ്, വി.കെ. നൗഷാദ്, കെ.ഐ. റഷീദ്, ബാബു അറക്കൽ, എം.സി. നീലാംബരൻ, ഇ.എൻ. ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

“ലഹരിക്കെതിരെ ഒരു ഗോൾ” ക്യാമ്പയിനുമായ കത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ലഹരിക്കെതിരെ ഒരു ഗോൾ” ക്യാമ്പയിൻ ഗോളടിച്ച് കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്തായ കഞ്ചാവ്, രാസലഹരികൾ, സിന്തറ്റിക് ലഹരികൾ എന്നിവയുടെ ഉപയോഗം മൂലം തകരുന്ന കുടുബ ജീവിതവും, നാട്ടിലുണ്ടാകുന്ന അക്രമസംഭവങ്ങൾക്കും എതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

വിമുക്തി റിസോഴ്സ് പേഴ്സൺ എക്സൈസ് സിവിൽ ഓഫീസർ പി.എം. ജാദിർ ക്ലാസ് നയിച്ചു.

ട്രസ്റ്റി സി.എം. പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, ജോ. സെക്രട്ടറി പി.പി. എബ്രഹാം, മാർ. ജെയിംസ് പഴയാറ്റിൽ സ്മാരക ഫുട്ബോൾ ടൂർണമെന്റ് കമ്മറ്റി ചെയർമാൻ പി.ടി. ജോർജ്ജ്, ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തി, ജോ. കൺവീനർമാരായ വർഗീസ് ജോൺ, ജോബി അക്കരക്കാരൻ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ ഡേവിസ് ചക്കാലക്കൽ, ഫൈനാൻസ് കൺവീനർ സാബു കൂനൻ, പി.ആർ.ഒ. റെയ്സൺ കോലങ്കണ്ണി എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ചെല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.