സ്വദേശി മിഷൻ കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നാടിൻ്റെ പാരമ്പര്യങ്ങളേയും പൈതൃകങ്ങളേയും, വിസ്മൃതിയിലായ മഹദ് വ്യക്തികളെയും ചരിത്രങ്ങളെയും ലോകസമക്ഷം പുനരവതരിപ്പിക്കാനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയിൽ ഉദ്ഘാടനം ചെയ്തു.

സ്വാശ്രയഭാരത സങ്കൽപം ഗ്രാമങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മഹാരാജ് സൂചിപ്പിച്ചു. അതിനു വേണ്ടി ജാതി മത രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധ ഗണിത ജ്യോതിശാസ്ത്ര പ്രതിഭയായ സംഗമഗ്രാമ മാധവ ആചാര്യരെ കുറിച്ചുള്ള പഠന പ്രചരണങ്ങൾക്ക് കാര്യാലയത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വദേശി ജഗരണ മഞ്ച് സംസ്ഥാന സംയോജക് വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

സ്വാമി രാമപ്രസദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.

വർഗ്ഗീസ് പന്തല്ലൂക്കാരൻ, ആചാര്യ വിനയകൃഷ്ണ, കെ.എ. ഫിറോസ് ഖാൻ, മാർട്ടിൻ പി. പോൾ, കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ആന്റോ പുന്നേലിപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ശശി ശാരദാലയം, പി.എൽ. ജോസ്, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവേലി, കെ.വി. സുരേഷ് കൈതയിൽ, പോൾ കോട്ടപ്പടിക്കാരൻ, വിശ്വബ്രാഹ്മണ ആചാര്യ സമിതി അധ്യക്ഷൻ രാജേഷ് ആചാര്യ, ഹിമദാസ്, ജോസ് എന്നിവർ പ്രസംഗിച്ചു.

സ്വദേശി ജഗരണ മഞ്ച് തൃശൂർ ജില്ല സംയോജക് ഡോ. സണ്ണി ഫിലിപ്പ് സ്വാഗതവും, രേഖ വരമുദ്ര നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല “അരങ്ങ്” ഏപ്രിൽ 30നും മെയ് 2നും : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 30, മെയ് 2 എന്നീ തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലും ചാത്തൻ മാസ്റ്റർ ഹാളിലുമായി നടത്തുന്ന ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല ”അരങ്ങ്” പരിപാടിയുടെ സംഘാടക സമിതി യോഗം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന അരങ്ങിൽ 33 ഓൺസ്റ്റേജ് ഐറ്റങ്ങളിലും 11 ഓഫ് സ്റ്റേജ് ഐറ്റങ്ങളിലുമായി സിഡിഎസ് മത്സരാർത്ഥികൾ മാറ്റുരയ്ക്കും.

ചടങ്ങിൽ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്കുകളിലെ സിഡിഎസ് ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഓണറേറിയം ലഭിച്ചില്ല : സി.ഡി.പി.ഒ. ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി അങ്കണവാടി പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : ഓണറേറിയം ലഭിക്കാത്തതില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ശിശുവികസന വികസന പദ്ധതിക്ക് കീഴിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച ഓഫീസില്‍ വെച്ചിരുന്ന പ്രോജക്റ്റ് യോഗത്തിന് എത്തിയവരാണ് പ്രതിഷേധിച്ചത്.

പൊലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നപരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി. സുബൈദ എത്തി ഇരിങ്ങാലക്കുട പൊലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും അധികൃതരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് അമ്മനത്ത്, ജീവനക്കാര്‍ക്ക് വേണ്ടി എം.എ. ഷൈലജ, പി.എസ്. പ്രസന്ന, സി.ജി. പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

730-ാം റാങ്കിൻ്റെ തിളക്കത്തിൽ അജയ് ആർ രാജ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ അജയ് ആർ രാജ് ഈ വർഷത്തെ സിവിൽ സർവീസ് പരിക്ഷയിൽ 730-ാം റാങ്ക് കൈപ്പിടിയിലൊതുക്കി മിന്നുന്ന വിജയം നേടി.

കോഴിക്കോട് സ്വദേശി ആയ അജയ് ആർ രാജ് ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു ശേഷം 2023ലാണ് ക്രൈസ്റ്റ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.

തന്റെ കാഴ്ച്ച പരിമിതികളെ മറികടന്ന് അധ്യാപന രംഗത്ത് മികച്ച സംഭാവനകൾ നൽകി വരുന്ന അജയ് ആർ രാജിന് സിവിൽ സർവീസിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കൂടൽമാണിക്യത്തിൽ കഴകം നിയമനംഏപ്രിൽ 29 വരെ നടത്തരുത് : ഹൈക്കോടതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ഏപ്രിൽ 29 വരെ നടത്തരുതെന്ന് ഹൈക്കോടതി.

കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനും തന്ത്രി കുടുംബങ്ങളും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ‌പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നടപടി.

ഇതോടെ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ഈഴവ സമുദായാംഗം കെ.എസ്. അനുരാഗിന് ഉടൻ നിയമന ഉത്തരവു നൽകാൻ കൂടൽമാണിക്യം ദേവസ്വം ബോർഡിനു കഴിയില്ല.

ഹർജി 29ന് വീണ്ടും കോടതി പരിഗണിക്കും.

കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ നിയമിച്ച തിരുവനന്തപുരം സ്വദേശി ബി.എ. ബാലു ഈഴവ സമുദായത്തിൽ പെട്ട ആളായതിനാൽ ക്ഷേത്രത്തിലെ തന്ത്രിമാർ ബഹിഷ്കരണ സമരം നടത്തിയതോടെയാണ് സംഭവം വിവാദമായത്.

ബാലു രാജി വെച്ച ഒഴിവിലേക്കാണ് ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചത്. ഇതാണ് ഹൈക്കോടതി ഉത്തരവോടെ ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ക്ഷേത്രത്തിൽ മേയ് 8ന് ഉത്സവം കൊടിയേറാനിരിക്കെ ദേവസ്വം ബോർഡ് മനഃപൂർവ്വം അനുരാഗിന് നിയമന ഉത്തരവ് നൽകുന്നത് വൈകിച്ചതാണെന്നും സംസാരമുണ്ട്.

ക്ഷേത്രത്തിൽ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്നായിരുന്നു ഇന്നലെ തന്ത്രി കുടുംബം കോടതിയിൽ വാദിച്ചത്.

മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാൽ കഴകക്കാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാവണം. അത് തങ്ങളുടെ പാരമ്പര്യാവകാശമാണെന്നും
തന്ത്രിമാർ ചൂണ്ടിക്കാട്ടി.

ഹർജികളിൽ വിശദമായ വാദം ഏപ്രിൽ 29ന് നടക്കും.

അതിനു മുമ്പ് പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് നിയമനം താൽക്കാലികമായി തടഞ്ഞത്.

ടി വി ഹരികൃഷ്ണനു വേണ്ടി അഡ്വ കെ എസ് ഭരതനും, തന്ത്രിമാർക്കു വേണ്ടി അഡ്വ പി ബി കൃഷ്ണനും ഹാജരായി.

സിവിൽ സർവീസ് തിളക്കത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ പൂർവ്വ വിദ്യാർഥിനിഗംഗ ഗോപി

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786-ാം റാങ്ക് നേടി ഗംഗ ഗോപി വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിനും, അവിടത്തെ എൻ.സി.സി. യൂണിറ്റിനും ഇത് അഭിമാനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നിമിഷങ്ങൾ….

മൂത്രത്തിക്കര കോടിയത്ത് വീട്ടിൽ ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2017-19 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളെജിൽ പഠിച്ചിരുന്നത്.

പഠനകാലത്ത് എൻ.സി.സി. യൂണിറ്റിൽ സജീവ പ്രവർത്തനം കാഴ്ച്ച വെച്ച ഗംഗ പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ്.

ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ – ഒരു പഠനം, കവളപ്പാറ ഉരുൾപൊട്ടൽ ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകൽ തുടങ്ങിയ മികവുറ്റ പ്രവർത്തനങ്ങൾ അക്കാലത്ത് എൻ.സി.സി. നടത്തിയത് ഗംഗയുടെയും മറ്റും നേതൃത്വത്തിലായിരുന്നു.

തൃശൂരിലെ സ്കൂൾ കലോത്സവ കാലത്തും, പരംവീർചക്ര ജേതാവ് ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് കലാലയത്തിലെത്തിയപ്പോൾ സംഘാടനത്തിൻ്റെ മുൻനിരയിലും ഉണ്ടായിരുന്ന ഗംഗയെ ക്യാപ്റ്റൻ ലിറ്റി ചാക്കോ ഓർമ്മിച്ചെടുക്കുന്നത് മികവുറ്റ സംഘാടകയായിട്ടാണ്.

ഒരു പാട് പേർക്ക് പ്രചോദനമാവുന്ന ഗംഗയുടെ ഈ നേട്ടത്തിൽ കോളേജിന് ഏറെ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസി പറഞ്ഞു.

എല്ലാറ്റിനും പുറമെ, ഗംഗ നല്ലൊരു എഴുത്തുകാരി കൂടിയാണ്. കോളെജിലെ മാഗസിൻ എഡിറ്ററുമായിരുന്നു.

ഗായത്രി ഗോപി സഹോദരിയാണ്.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പരേതനായ
രാമംകുളത്ത് വാസു ഭാര്യ ശാന്ത (69) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 23) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ : വത്സൻ രാമംകുളത്ത് (റവന്യൂ ഇൻഷർമേഷൻ ബ്യൂറോ – തിരുവനന്തപുരം), ശാലിനി

മരുമക്കൾ : ജലജ (റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്), ഉണ്ണി

വിശ്വപ്രകാശ് റസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

പെരിഞ്ഞനം വെസ്റ്റ്‌ :  വിശ്വപ്രകാശ്  റസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു. 

റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവൻ പടിഞ്ഞാറെകുറ്റ് അധ്യക്ഷത വഹിച്ചു. 

രക്ഷാധികാരി ടി.ജി. സച്ചിത്ത് സ്വാഗതവും സെക്രട്ടറി സുശീലൻ തറയിൽ നന്ദിയും പറഞ്ഞു. 

വാർഡ് മെമ്പർ ജയന്തി മനോജ്, കെ.എസ്. ബാബുമോൻ, സി.കെ. ഗോപി, സദാനന്ദൻ വലിയപറമ്പിൽ, ദിനകരൻ  മാസ്റ്റർ, ബാലു പുന്നക്കൽ, വിനയൻ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം സനിഗ സന്തോഷ് അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ചിത്രശിൽപ്പകല പ്രദർശനം 

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിനോടനുബന്ധിച്ച്  പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷൻ സംഘടിപ്പിച്ചു.  

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.  

കുട്ടികളിലെ കലാമൂല്യങ്ങളെ ഏറ്റവും മൂല്യവത്തായ രീതിയിൽ പരിപോഷിപ്പിക്കാൻ ഇത്തരം എക്സിബിഷനുകൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അതിനുവേണ്ടി മുകുന്ദപുരം പബ്ലിക് സ്കൂൾ  വിപുലമായ രീതിയിൽ മുന്നോട്ടു വന്നിരിക്കുകയാണെന്നും സുധ ദിലീപ് പറഞ്ഞു.

 പ്രിൻസിപ്പൽ ജിജി കൃഷ്ണ  അധ്യക്ഷത വഹിച്ചു. 

അഡ്മിനിസ്ട്രേറ്റ് വി. ലളിത, കെ.ജി. കോർഡിനേറ്റർ ആർ. രശ്മി, ക്യാമ്പ് കോർഡിനേറ്റർമാരായ എ.എക്സ്. ഷീബ, ടി.എസ്. രേഖ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

അംബേദ്കർ ജയന്തി : സെമിനാറും പഠനക്ലാസും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ   അംബേദ്കർ ജയന്തിയോടനുബന്ധിച്ച്  ഏരിയാതല സെമിനാറും പഠനക്ലാസും സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ മാസ്റ്റർ “മാർക്സിസവും അംബേദ്കറിസവും” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. 

”പട്ടികജാതി ഉപവർഗ്ഗീകരണവും : സുപ്രീംകോടതി വിധിയും പ്രത്യാഘാതങ്ങളും പി.കെ.എസ്. നിലപാടും” എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ. മോഹനൻ മാസ്റ്റർ ക്ലാസ്സ്‌ നയിച്ചു.

ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, ഏരിയ പ്രസിഡന്റ്‌ എ.വി. ഷൈൻ, പി.കെ. മനുമോഹൻ, വത്സല ബാബു, കെ.ജി. മോഹനൻ മാസ്റ്റർ, കെ.വി. മദനൻ, ടി.വി. ലത എന്നിവർ പ്രസംഗിച്ചു.