താത്ക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ കെ കെ ടി എം കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവ്.

കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റർചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 25 ബുധനാഴ്ച രാവിലെ 10.30 ന് കോളെജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് നേരില്‍ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടേണ്ട നമ്പർ : 08022213, 9400859413

ഭാരവാഹികൾ

തൃശൂർ : സമസ്ത കേരള വാര്യർ സമാജം യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ടായി വി. ഹരിമോഹൻ (തിരുവല്ല), സെക്രട്ടറിയായി നീതുവാര്യർ (പാലക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല : ചികിത്സ ലഭിക്കാതെ കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേകൻ കൂടി മരിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിനായി ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി പരാതി.

പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസ് (68) ആണ് മരിച്ചത്.

പൗലോസിൻ്റെ ഭാര്യ വെറോനിക്കയും കുടുംബവുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായ പൗലോസിന് രാവിലെ കടയിലേക്ക് വരുന്ന വഴി സൈക്കിളിന് മുൻപിലേക്ക് പട്ടി വട്ടം ചാടി ആഗസ്റ്റ് 23നാണ് അപകടം പറ്റുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിന് ചികിത്സക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. തുടർന്നും ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ വീട്ടിലേക്ക് മാറ്റി. അപ്പോഴും ഓരോ മാസവും 1 ലക്ഷം രൂപയിലേറെ ചിലവ് വന്നിരുന്നു.

ചികിത്സ ആരംഭിച്ചപ്പോൾ മുതൽ ബാങ്കിലുള്ള പണം പിൻവലിക്കാൻ ഒത്തിരി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

എല്ലാ മാസവും പണം ആവശ്യപ്പെട്ട് ബാങ്കിൽ കത്ത് നൽകുമായിരുന്നെങ്കിലും പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് കിട്ടിയിരുന്നതെന്നും പൗലോസിൻ്റെ ഭാര്യ പറഞ്ഞു.

10 വർഷംമുമ്പ് പൗലോസ് കരുവന്നൂർ ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടായിരുന്നു.

ഈ തുകയാണ് പൗലിസിന് തൻ്റെ ചികിത്സാ ആവശ്യത്തിന് പോലും ഉപകരിക്കാതെ ബാങ്കിൽ തന്നെ കിടന്നത്.

പല തവണയായി കിട്ടിയതിൽ ബാക്കിയായി ബാങ്കിൽനിന്ന് ഇനിയും രണ്ടരലക്ഷത്തോളം രൂപ കിട്ടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ബാങ്കിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പണം കിട്ടിയില്ലെന്നും വെറോനിക്ക പറഞ്ഞു.

ഞായറാഴ്ച മരിച്ച പൗലോസിൻ്റെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

നിര്യാതയായി

ആനീസ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കൽ തോമസ് ഭാര്യ ആനീസ് (77) നിര്യാതയായി.

ബി.വി.എം.എച്ച്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (ജൂൺ 14) വൈകീട്ട് 4.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും സി.ബി.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

”നക്ഷത്രത്തിളക്കം” എന്ന പേരിൽ നടത്തിയ പരിപാടി മന്ത്രി കെ. രാജനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ്‌ കെ. ജയൻ, കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെന്നി ബെഹനാൻ എംപി, രാജ്യസഭാ അംഗം ജെബി മേത്തർ, എൻ.എ. അക്ബർ എംഎൽഎ, ഗൾഫ്ആർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ അലി, കല്യാൺ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, സീ ഷോർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി, ഒബറോൺ ഗ്രൂപ്പ് ചെയർമാൻ എം.എ. മുഹമ്മദ്‌, അജ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

അയ്യായിരത്തോളം വരുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ ഇരുപത് വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സി.പി. ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക പ്രശ്നങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അറിയിച്ചു.

വായനാശീലം വളർത്താൻ സ്കൂളുകളിൽ അവസരം ഒരുക്കണം : എം.പി. ജാക്സൺ

ഇരിങ്ങാലക്കുട :
മാനവ സംസ്കൃതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിപ്പാൾ കെ.എസ്. യു.പി.സ്കൂളിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുൻ കെ.പി.സി.സി. ജന:സെക്രട്ടറി എം.പി.ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

കലാ-കായിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുവാനും, കുട്ടികൾക്കും മുതിർന്നവർക്കും, അന്യംനിന്നു പോയ വായനാശീലം പ്രോത്സാഹിപ്പിക്കുവാനും പാരിസ്ഥിക വിഷയങ്ങളടക്കം സമൂഹത്തിലെ ജനനന്മയ്ക്കുതകുന്ന വിഷയങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പി.ടി.തോമസ് രൂപം കൊടുത്ത മാനവസംസ്കൃതിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ജാക്സൺ പറഞ്ഞു.

പി.ടി ലാസർ അധ്യക്ഷത വഹിച്ചു.

മാനവസംസ്കൃതി സംസ്ഥാന കൗൺസിൽ അംഗം സാജു പാറേക്കാടൻ, താലൂക്ക് ട്രഷറർ ഷാജി മോനാട്ട്, മുൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധൻ കാരയിൽ, മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് പടിഞ്ഞാറെത്തല, സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ.സുനജ, ഒ.എസ്. എ.പ്രസിഡണ്ട് പി.എൻ. രാമകൃഷ്ണൻ , കെ.പി.കേശവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം ആസാദ് റോഡ് 13-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി.

മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി.

കുടുംബ സംഗമത്തിന്റെ ഭാഗമായി വാർഡിലെ 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാരെയും,50 വർഷം വിവാഹ ജീവിതം നയിച്ച ദമ്പതിമാരെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ എളേടത്തിനെയും ചടങ്ങിൽ ആദരിച്ചു.

കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് മാസ്റ്റർ, വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, 11-ാം വാർഡ് കൗൺസിലർ എം.ആർ ഷാജു. വാർഡ് ഇൻ ചാർജ്ജ് ഭരതൻ പൊന്തങ്കാട്ടിൽ, ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ എളേടത്ത് എന്നിവർ സംസാരിച്ചു.

വാർഡ് വൈസ് പ്രസിഡന്റ് വിനു ആന്റണി അക്കരക്കാരൻ സ്വാഗതവും വാർഡ് വൈസ് പ്രസിഡന്റ് ഹരിത കെ.എച്ച് നന്ദിയും പറഞ്ഞു.

23-ാമത് ആറാട്ടുപുഴ ശ്രീ ശാസ്താ സംഗീതോത്സവം 24 മുതൽ; അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : 23-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂൺ 24, 25, 26, 27 തിയ്യതികളിൽ അരങ്ങേറുന്നു.

സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന് വൈകുന്നേരം 6മണിക്ക് പ്രശസ്ത സംഗീതജ്ഞനും വീണാ വിദ്വാനുമായ എ. അനന്തപത്മനാഭൻ ദദ്രദീപം കൊളുത്തി നിർവ്വഹിക്കും.

ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാർച്ചന നടക്കുക. സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതം മാത്രമെ ആലപിക്കാൻ അനുവദിക്കുകയുള്ളു. പത്ത് മിനിറ്റ് സമയം മാത്രമെ അർച്ചന നടത്താവു. പരിമിതമായ പക്കമേളം വേദിയിൽ ലഭ്യമായിരിക്കും.

അർച്ചനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഗീത ഉപാസകർ പേര്, വയസ്സ് ,വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്സപ്പുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ) , തൃശ്ശൂർ 680 562 എന്ന വിലാസത്തിലോ, https://docs.google.com/forms/d/1ulAiGNxBwBrzF-OKU6TrTfL_Ag8Q4fMu_da0ZiZbEdQ/edit എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോമിലൂടെയോ ജൂൺ 18 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9947022611, 9526562580
എന്നീ ഫോൺ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ വാട്സപ്പ് സന്ദേശം വഴി സംഗീതാർച്ചനയിൽ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്നതാണ്.

ചേലൂർ അങ്ങാടി അമ്പ് : കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ഇടവക തിരുനാളിനോടനുബന്ധിച്ച്  ഡിസംബർ 29ന് ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അങ്ങാടി അമ്പിൻ്റെ മുന്നൊരുക്കങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു.

ജിബിൻ ജോസ് ചിറയത്ത്‌ (ജനറൽ കൺവീനർ), ജോമോൻ ജോസ് മണാത്ത്‌, ക്രിസ്റ്റോ സെബാസ്റ്റ്യൻ ചെറുവത്തൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും 101 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

നിര്യാതനായി

ജോർജ്ജ്

ഇരിങ്ങാലക്കുട : നഗരസഭ പത്തൊമ്പതാം വാർഡ് തെക്കേ അങ്ങാടിയിൽ ആഴ്ചങ്ങാടൻ വീട്ടിൽ പരേതനായ ലോനപ്പൻ മകൻ ജോർജ്ജ് (65) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ജൂൺ 7) രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിനി

മകൾ : അൻസ