നിര്യാതനായി

ബാബു

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കൂനമ്മാവ് കൊച്ചപ്പന്‍ മകന്‍ ബാബു (67) നിര്യാതനായി.

സംസ്‌ക്കാരം മാർച്ച്‌ 28 (വെള്ളിയാഴ്ച) രാവിലെ 9.30ന് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ : ബേബി

മക്കള്‍ : ഫെബിന്‍, ഡീക്കണ്‍ വിബിന്‍

എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീഭദ്രയെ ആദരിച്ച് ആർഎസ്എസ്

ഇരിങ്ങാലക്കുട : എയിംസ് റായ്പൂരിൽ നിന്നും എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൊറത്തിശ്ശേരി സ്വദേശി ശ്രീഭദ്രയെ ആർഎസ്എസ് പൊറത്തൂർ ശാഖ ആദരിച്ചു.

പൊറത്തിശ്ശേരി കല്ലട ക്ഷേത്രത്തിനടുത്തുള്ള ഇല്ലിക്കൽ ബാബു, ഷീജ ദമ്പതികളുടെ മകളാണ് ശ്രീഭദ്ര.

ആർഎസ്എസ് ഇരിങ്ങാലക്കുട ഖണ്ഡ് സേവാപ്രമുഖ് കെ.കെ. കണ്ണൻ, ഇരിങ്ങാലക്കുട ഖണ്ഡ് വിദ്യാർഥി പ്രമുഖ് ജിതിൻ മലയാറ്റിൽ, പൊറത്തിശ്ശേരി മണ്ഡലം സേവാ പ്രമുഖ് വിക്രം പുത്തൂക്കാട്ടിൽ, പൊറത്തിശ്ശേരി മണ്ഡലം ബൗദ്ധിഖ് പ്രമുഖ് പ്രദീപ്‌, പൊറത്തൂർ ശാഖ സേവാപ്രമുഖ് എ.ആർ. സുജിത്ത് (ജിഷ്ണു), നിധിൻ പട്ടാട്ട്, ജയേഷ് എന്നിവർ പങ്കെടുത്തു.

നിർമ്മാണം നിലച്ച് കാടുകയറിയ മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണം നിലച്ച് കാടുകയറിയ നിലയിൽ.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം നിർമ്മാണ പ്രവർത്തികളാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് തടസ്സമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമ്മാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.

ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കായി 164.87 കോടി രൂപയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ജൽജീവൻ മിഷന്റെ 114 കോടിയുടെ പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് 70.22 കോടി രൂപയും വേളൂക്കര പഞ്ചായത്തിന് 94.65 കോടി രൂപയുമാണ് വകയിരുത്തിയത്.

പഞ്ചായത്തുകളിലേക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ വീതവും, നഗരസഭയിലേക്ക് 150 ലിറ്റർ വീതവുമാണ് കുടിവെള്ളം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വേളൂക്കര പഞ്ചായത്തിലെ 35,809 പേർക്കും മുരിയാട് പഞ്ചായത്തിലെ 33574 പേർക്കും ഇരിങ്ങാലക്കുട നഗരസഭയിൽ 74157 പേർക്കും കുടിവെള്ളം നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കരുവന്നൂർ പുഴയാണ് പദ്ധതിയുടെ ജലസ്രോതസ്സ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമ്മിച്ച്, ഈ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്, 5800 മീറ്റർ വഴി പിന്നിട്ട് മങ്ങാടിക്കുന്നിൽ നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് 8 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ ശേഖരിക്കും. ഇവിടെ നിന്നും പ്ലാന്റ് പരിസരത്തുള്ള 22 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് പമ്പ് ചെയ്യും. ഇതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. തറ നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രവർത്തികൾ നിലച്ചതോടെ ഇവിടെ കാടുകയറി. ഭൂമി നിരപ്പിൽ നിന്നും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ഇപ്പോഴും ഇതു സംബന്ധിച്ച പല ടെൻഡർ നടപടികളും എങ്ങും എത്തിയിട്ടില്ലെന്നാണ് സൂചന.

പ്രധാന ഘടകങ്ങളായ കിണർ, റോ വാട്ടർ പമ്പിങ് മെയിൻ, 18 എംഎൽഡി ശുദ്ധീകരണശാല, 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള നഗരസഭയ്ക്കായുള്ള ടാങ്ക് എന്നിവയുടെ ടെൻഡറുകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

“കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് തുടക്കമായി.

വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക പി.എ. അസീന ഉദ്ഘാടനം ചെയ്തു.

എ.ഇ.ഒ. ഡോ. എം.സി. നിഷ മുഖ്യാതിഥിയായി.

ബി.പി.സി. കെ.ആർ. സത്യപാലൻ ആശംസകൾ അറിയിച്ചു.

വിദ്യാർഥികൾ, അധ്യാപകർ, ബി.ആർ.സി. സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സ്വാഗതവും അധ്യാപിക ലുബ്ന കെ. നാസർ നന്ദിയും പറഞ്ഞു.

ഇലക്ട്രോണിക് മാലിന്യങ്ങളെ കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് കെ. കെ. ടി. എം ഗവ.കോളെജിൽ ഭൂമിത്രസേനയുടെയും സുവോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഇലക്ട്രോണിക് വേസ്റ്റ്കളെക്കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി. കെ.ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.

കില റിസോഴ്സ് പേഴ്സൺ വി എസ് ഉണ്ണികൃഷ്ണൻ, ഇ വേസ്റ്റ് നിയന്ത്രിക്കേണ്ടതിനെ കുറിച്ചും അവ കൈകാര്യം ചെയ്യേണ്ടുന്ന രീതികളെക്കുറിച്ചും ക്ലാസ് നയിച്ചു.

ഭൂമിത്രസേന കോഡിനേറ്റർ ഡോ.കെ സി.സൗമ്യ, സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ എൻ. കെ.പ്രസാദ്, ഭൂമിത്ര സേനാംഗം ആന്റൺ ജോ റൈസൺ എന്നിവർ സംസാരിച്ചു.

നിര്യാതയായി

സീമന്തിനി

ഇരിങ്ങാലക്കുട : പട്ടേപ്പാടം കൈതവളപ്പിൽ സീമന്തിനി (83) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് : പരേതനായ കുമാരൻ

മക്കൾ : ഷീജ, പരേതനായ ഷാജു, ഷൈജു

മരുമക്കൾ : സുരേന്ദ്രൻ, ജിഷ, സംഗീത (പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്)

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത് (43) നെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ ഇവർ ജില്ല വിട്ട് പുറത്തു പോയിയെന്ന് മനസിലാക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മാഹി പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജു, പ്രൊബേഷൻ എസ് ഐ സി സനദ്, സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കിരൺ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്.

വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര പരമ്പര : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : മധ്യകേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെ കലേറ്റുംകരയിൽ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരയിൽ എത്തിച്ചേരണമെന്നും, വിഷയം ചർച്ച ചെയ്യണമെന്നും അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിൽ കത്തയച്ചു.

വിഷയത്തിൽ സുരേഷ്ഗോപി ശക്തമായി ഇടപെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കത്തിൽ പറയുന്നുണ്ട്.

സമരം ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ സ്വാധീനത്തിൽ മറ്റൊരു രാഷ്ട്രീയ കക്ഷിക്ക് എതിരായി നടത്തുന്നതല്ലെന്നും, 35 വർഷത്തെ അവഗണനയ്ക്കെതിരെയാണ് സമരമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

1989ൽ രൂപംകൊണ്ട റെയിൽവേ സ്റ്റേഷൻ വികസന സമിതി നിലവിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാര നടപടികൾ പ്രതീക്ഷിക്കുന്നതായും അന്ന് നടന്ന സമരങ്ങളുടെ ഭാഗമായി കെ. കരുണാകരനും കെ. മോഹൻദാസും ഡിവിഷണൽ റെയിൽവേ മാനേജരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ഇന്ന് ഈ സ്റ്റേഷനിൽ കാണുന്ന വികസനങ്ങളെന്നും കൂടുതൽ ജനകീയതയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയുമെന്ന് കരുതുന്നതായും വർഗീസ് തൊടുപറമ്പിലിൻ്റെ കത്തിൽ പറയുന്നു.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി

മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്