ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി.

വെളുപ്പിന് 3 മണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാണ് ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ചത്.

ക്ഷേത്രത്തിന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ച് വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചാരിക്ക് കാലമിട്ടു.

അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ ഏഴരക്ക് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണമായിരുന്നു. 8.30ഓടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി.

ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.

ആറാട്ടുപുഴ തറയ്ക്കൽ പൂരം ഏപ്രിൽ 8ന്

ഇരിങ്ങാലക്കുട : ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ ആറാട്ടുപുഴ തറക്കൽ പൂരം ഏപ്രിൽ 8ന്.

ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽ പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളി ചെന്നാൽ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കും. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനമായി നിലപാട് നിൽക്കുന്നുണ്ടായിരിക്കും .

ആനയോട്ടത്തിനു ശേഷം
കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവക്ക് ശേഷം ത്രിപടയോടു കൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലം വെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .

ആറാട്ടുപുഴക്ക് തിരിച്ചെഴുന്നള്ളി പുഴക്കക്കരെ കടന്ന്
കിഴക്കേ മഠം, വടക്കേ മഠം,തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകൾ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.

ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക്
ചോരഞ്ചേടത്ത് മന,
കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു.

തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ, എന്നിവക്കുശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നെള്ളും . ക്ഷേത്രമതിൽക്കകത്ത് ഏകതാളം.

വൈകുന്നേരം 6.30ന് മതിൽ കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും
വർണ്ണപ്രഭ ചൊരിയുന്ന കാഴ്ച കൺകുളിർക്കെ കണ്ട് കൈകൂപ്പാൻ ഭക്തജനസഹ്രസങ്ങൾ ക്ഷേത്രങ്കണത്തിൽ തിങ്ങി നിറയുന്നു .

200ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 10ന് കൊട്ടി കലാശിക്കും.

ഇക്കുറി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനാണ് ശാസ്താവിൻ്റെ തിടമ്പേറ്റുക.

ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പാണ്ടി മേളത്തിന് പ്രമാണിമാരാകും.

തറയ്ക്കൽ പൂരത്തിനു മിഴിവേകി പടിഞ്ഞാറു നിന്ന് ഊരകത്തമ്മ തിരുവടിയും തെക്കു നിന്ന് തൊട്ടിപ്പാൾ
ഭഗവതിയും എഴുന്നള്ളും.
ഊരകത്തമ്മ തിരുവടിക്ക് പഞ്ചാരി മേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടി മേളവും അകമ്പടിയായിട്ടുണ്ടാകും.

മേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകൾക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും. തിരുമേനിമാർ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാർ 9 തവണ ശംഖ് വിളിച്ച് വലന്തലയിൽ മേളം കൊട്ടിവെയ്ക്കുന്ന ചടങ്ങാണ് പിന്നീട്. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും
ഊരകത്തമ്മ തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനു ശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്.

രാത്രി 12 മണിക്ക് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെളളും. വഴി മദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ
ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ പോയി ഇറക്കി എഴുന്നെള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

ഭക്തിനിർഭരമായ കൂട്ട പറനിറയ്ക്കൽ

സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങൾ ശാസ്താവിന്റെ തിരുമുമ്പിൽ തറക്കൽ പൂരം ദിവസം കൂട്ട പറ നിറയ്ക്കുന്നു.

വൈകുന്നേരം 6.30ന് തറയ്ക്കൽ പൂരത്തിന് എഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോൾ കൂട്ടപറനിറയ്ക്കൽ ആരംഭിക്കുന്നു. ഭക്തിനിർഭരമായ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ പറ നിറച്ചു കൊണ്ട് തുടക്കം കുറിക്കും.

ദേവസ്വം ബോർഡ് അംഗം കെ.പി.അജയകുമാർ, മറ്റു ദേവസ്വം അധികാരികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.

നെല്ല്, അരി, മലർ, ശർക്കര, പഞ്ചസാര, എള്ള്, പൂവ് എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറയ്ക്കുന്നതിന് വേണ്ടതായ സൗകര്യങ്ങൾ ക്ഷേത്രനടയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .

പറ നിറയ്ക്കുന്നതിന് വേണ്ട രശീതികൾ ആറാട്ടുപുഴ ദേവസ്വം ഓഫീസിൽ നിന്നും മുൻകുട്ടി ലഭിക്കും.

ഇടതു മുന്നണി സർക്കാരിനെതിരെ രാപ്പകൽ സമരവുമായി പൂമംഗലം യു ഡി എഫ്

ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ഗ്രാമീണ വികസനത്തെ അട്ടിമറിക്കുന്ന ഇടതു മുന്നണി സർക്കാരിനെതിരെ പൂമംഗലം മണ്ഡലം യു ഡി എഫ് കമ്മിറ്റി അരിപ്പാലം സെൻ്ററിൽ രാപ്പകൽ സമരം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ കെ.പി. സെബാസ്റ്റ്യൻ, ടി.ആർ. ഷാജു, ടി.ആർ.രാജേഷ്, ടി.എസ്.പവിത്രൻ, യു. ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം ജൂലി ജോയ്, വി. ആർ.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഡിയോൺ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗം കത്രീന ജോർജ്ജ് സ്വാഗതവും, ലാലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

മെഗാ ഡാന്‍സ് ഷോ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മെഗാ ഡാന്‍സ് ഷോയോടനുബന്ധിച്ച് കാത്തലിക് സെന്ററില്‍ ആരംഭിച്ച ഡാന്‍സ് കൊറിയോഗ്രാഫീസ് സമ്മര്‍ ക്യാമ്പ് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളെജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കുര്യന്‍ ജോസഫ്, ടി.ജി. സച്ചിത്ത്, ഐറിന്‍ റോസ്, ബിജു എന്നിവര്‍ പ്രസംഗിച്ചു.

എ.ജെ. ഡാന്‍സ് കൊറിയോഗ്രാഫീസ് ഡയറക്ടറും കൊറിയോഗ്രാഫറുമായ എബല്‍ ജോണ്‍ ജോബി സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ സ്വപ്ന ജോസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. : ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് ചെയര്‍മാൻ

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം. ചെയര്‍മാനായി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), ജനറല്‍ സെക്രട്ടറിയായി ജോണ്‍ ബെന്നി (കൊടകര) എന്നിവരെ തെരഞ്ഞെടുത്തു.

ഡയാന ഡേവിസ് (വൈസ് ചെയര്‍പേഴ്‌സണ്‍, കുറ്റിക്കാട്), സാന്ദ്ര വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി, കല്ലേറ്റുംകര), എ.ജെ. ജോമോന്‍ (ട്രഷറര്‍, കാല്‍വരിക്കുന്ന്) എന്നിവരെയും സിന്‍ഡിക്കേറ്റ് അംഗങ്ങളായി നിഖില്‍ ലിയോണ്‍സ് (താഴേക്കാട്), ഐറിന്‍ റിജു (പോട്ട) എന്നിവരെയും സെനറ്റ് അംഗങ്ങളായി ആല്‍ബിന്‍ ജോയ് (കൊന്നക്കുഴി), സിബിന്‍ പൗലോസ് (ദയാനഗര്‍), ജോണ്‍ ബെന്നി (കൊടകര), മെറിന്‍ നൈജു (തുറവന്‍കുന്ന്) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി മരിയ വിന്‍സെന്റിനെയും (താഴെക്കാട്) തെരഞ്ഞെടുത്തു.

“വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ വിശുദ്ധ ചാവറയച്ചൻ്റെ ജീവിതം ആസ്പദമാക്കി രചിച്ച “വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” എന്ന പുസ്തകം കേരളസാഹിത്യ അക്കാദമി പുറത്തിറക്കി.

എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായിരുന്ന ഡോ. കെ. സച്ചിദാനന്ദൻ പ്രകാശനം നിർവഹിച്ചു.

മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

വിശുദ്ധ ചാവറയച്ചൻ്റെ ജീവിതത്തിലെ വ്യത്യസ്ത മാനങ്ങളെപ്പറ്റി ഡോ. കെ. സച്ചിദാനന്ദൻ, ഡോ. സിറിയക് തോമസ്, പി.കെ. ഭരതൻ, സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്ദിക്കര, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

പുസ്തക പ്രകാശന ചടങ്ങിനുശേഷം വിശുദ്ധ ചാവറയച്ചന്റെ ഖണ്ഡകാവ്യമായ ‘അനസ്താസിയയുടെ രക്തസാക്ഷ്യം’ എന്ന കൃതിയുടെ നാടകാവിഷ്കാരം അരങ്ങേറി.

ഡോ. വിൽസൻ തറയിൽ രചിച്ച് സുനിൽ ചെറിയാൻ സംവിധാനം നിർവഹിച്ച നാടകം ക്രൈസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് വേദിയിൽ അവതരിപ്പിച്ചത്.

മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെടണം : സി.പി.ഐ.

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അടിയന്തിരമായി വിഷയം പരിഹരിക്കണമെന്നും സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ഔദ്യോഗിക പ്രമേയം വഴി ആവശ്യപ്പെട്ടു.

സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി. രാമകൃഷ്ണൻ, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

ടി.വി. വിബിൻ സ്വാഗതവും കെ.എ. ഗ്രീനോൾ നന്ദിയും പറഞ്ഞു.

ഇ.കെ. മണി, കെ.എ സുധീർ, കെ.എ. ഗ്രീനോൾ, മിഥുൻ പോട്ടക്കാരൻ, ടി.സി. സുരേഷ്, പി.യു. ദയേഷ് എന്നിവർ സമ്മേളനത്തെ നിയന്ത്രിച്ചു.

പാർട്ടിയുടെ മുതിർന്ന നേതാവ് സുഗതൻ കൂവേലി പതാക ഉയർത്തി. പ്രിയ അജയ്കുമാർ രക്തസാക്ഷി പ്രമേയവും മിഥുൻ പോട്ടക്കാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറിയായി ടി.വി. വിബിനെയും അസി. സെക്രട്ടറിയായി കെ.എ. ഗ്രീനോളിനെയും തെരഞ്ഞെടുത്തു.

കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നവീകരിച്ച ആമ്പല്ലൂർ ബ്രാഞ്ച് വരന്തരപ്പിള്ളി റോഡിൽ കുണ്ടുകാവ് ദേവസ്വം കോപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ ആർ. രാജേഷ്, അഗ്രികൾച്ചറൽ ഓഫീസർ അരുണിമ ബാബു, സി. മുരളി, ബാങ്ക് വൈസ് പ്രസിഡന്റ് രജനി സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ബാങ്ക് ഡയറക്ടർമാരായ കെ.കെ. ശോഭനൻ, കെ.എൽ. ജെയ്സൺ, എ.സി. സുരേഷ്, പ്രിൻസൻ തയ്യാലക്കൽ, ഇ.വി. മാത്യു എന്നിവർ നേതൃത്വം നൽകി.

വേനലവധി ആനന്ദകരമാക്കാൻ മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പ്

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നടത്തുന്ന സമ്മർ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ജിജി കൃഷ്ണ അധ്യക്ഷയായി.

വിനോദവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ സമ്മർ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പ്രസംഗത്തിൽ പറഞ്ഞു.

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മികച്ച നിലവാരത്തിലെത്തിക്കാനും അവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മൾ പ്രചോദനം നൽകണമെന്നും ഇതിനായി കലാകായിക മൂല്യങ്ങളെ ഉയർത്തിക്കൊണ്ടുള്ള ക്യാമ്പുകൾ ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണെന്നും തന്റെ ചില നേട്ടങ്ങളെ കുറിച്ച് പങ്കുവെച്ചുകൊണ്ട് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കൂടാതെ ഏപ്രിൽ 21ന് തന്റെ കഴിവുകളെ കോർത്തിണക്കി കൊണ്ടുള്ള ചിത്ര ശില്പകല പ്രദർശനം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.ലളിത, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ ജി കോർഡിനേറ്റർ ആർ.രശ്മി സ്വാഗതവും അധ്യാപിക ഭവ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

സമ്മർ ക്യാമ്പിൽ പങ്കെടുക്കുവാൻ വിളിക്കേണ്ട നമ്പർ : 9496560818, 9497456968

നിര്യാതനായി

ശൂലപാണി വാര്യർ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ (കുട്ടപ്പൻ വാര്യർ – 91) നിര്യാതനായി.

സംസ്കാരം മാർച്ച്‌ 27 (വ്യാഴാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ ചാഴൂർ എടക്കുന്നി വാര്യത്ത് ശ്രീദേവി വാരസ്യാർ

മക്കൾ : പരേതനായ രഘുനാഥ്, രാജു, രതി