ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.