ലോക ആരോഗ്യ ദിനാചരണം :സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് എന്ന വിഷയത്തിൽ ഐ.എം.എ. വനിതാ വിഭാഗമായ ‘വിമ’യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു.

ഡോ. സിമി ഫാബിയൻ മുഖ്യപ്രഭാഷണം നടത്തി.

വിമ പ്രസിഡന്റ് ഡോ. മഞ്ജു, ഡോ. ആർ.ബി. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാഥ്, മാനേജർ മുരളിദത്തൻ എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : മാസപ്പടി കേസിൽ മകൾ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, കെ. ശരത് ദാസ്, സഞ്ജയ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ കർമ്മ, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.ഒ. ഷാർവിൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, അഖിൽ സുനിൽ, അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അസ്‌കർ സുലൈമാൻ, സി.വി. വിജീഷ്, വി.ബി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.

വാട്ടർ അതോറിറ്റി അറിയിപ്പ്

ഇരിങ്ങാലക്കുട : ഏപ്രിൽ 9ന് (ബുധനാഴ്‌ച്ച) പടിയൂർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ വാട്ടർ ചാർജ്ജ് നേരിട്ട് അടക്കാനുള്ള അവസരം ഒരുക്കും.

ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി വാട്ടർ ചാർജ്ജ് അടക്കാവുന്നതാണെന്ന് പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പടിയൂർ അമൃതം അംഗൻവാടി നാടിനു സമർപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പെട്ട പടിയൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ അമൃതം അംഗനവാടി രാജ്യസഭാംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.

രാജ്യസഭാ എം പിയായ സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 29.94 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിച്ചിരിക്കുന്നത്.

അംഗനവാടി നിർമ്മിക്കുന്നതിന് എടതിരിഞ്ഞിയിൽ അഞ്ചു സെന്റ് സ്ഥലം നൽകിയത് നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന എടതിരിഞ്ഞി പുളിപറമ്പിൽ പി എസ് സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബമാണ്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. വിബിൻ, ജയ ശ്രീലാൽ, മെമ്പർമാരായ ലത സഹദേവൻ, കെ.വി. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.

അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് സ്വാഗതവും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എം. ഹസീബ് അലി നന്ദിയും പറഞ്ഞു.

ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്

ഇരിങ്ങാലക്കുട : ആയിരത്തി നാനൂറ്റി നാല്പത്തിമൂന്നാമത് ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്.

24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്നും എഴുന്നെള്ളിച്ചുവന്നിരുന്നു. തൃശ്ശൂർ പൂരത്തിലെ പങ്കാളികളും കുട്ടനെല്ലൂർ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യ മംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയിൽ എത്തിയിരുന്നുവെന്നാണ് പഴമൊഴി.

ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം.

പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും.

തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടുകൂടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. നിത്യപ്പൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6.30 മണിയോടുകൂടി ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളുമ്പോൾ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടേയും വിദേശികളടക്കമുള്ള പൂരപ്രേമികൾ ആറാട്ടുപുഴയിലേയ്ക്കൊഴുകും.

250ൽപരം പ്രമുഖ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പഞ്ചാരി മേളത്തിന് പ്രമാണിമാരാകും. പാമ്പാടി രാജൻ ശാസ്താവിൻ്റെ തിടമ്പേറ്റും.

മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.

മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും.

ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പുകൾ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.

കയറ്റം

ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം.
തുടർന്ന് 1 മണിയോടുകൂടി പൂനിലാർക്കാവ്,കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

ഇറക്കം

12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. 5 ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം ഒരു മണിയോടുകൂടി അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ 6 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

പടിഞ്ഞാറുനിന്നുള്ള വരവ്

11 മണിയോടുകൂടി നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി എഴുന്നെള്ളുന്നു.

കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാൽ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുന്നു .പല്ലിശ്ശേരി സെൻറർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടുംകൂടി വിരാജിക്കുകയാണെന്ന സങ്കൽപം.

ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രം ഭക്തജനങ്ങൾ ഒത്തുചേരുന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടുംകൂടി എഴുന്നെള്ളി നില്ക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.

മന്ദാരം കടവിലെ ആറാട്ട്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാടുന്നു. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളുന്നു. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂർവ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത് .

ഓചാരവും പൂര വിളംബരവും

തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങാണ് പിന്നീട്.

ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകുന്നു. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്റ ജൌതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങും.

ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി.

വെളുപ്പിന് 3 മണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാണ് ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ചത്.

ക്ഷേത്രത്തിന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ച് വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചാരിക്ക് കാലമിട്ടു.

അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ ഏഴരക്ക് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണമായിരുന്നു. 8.30ഓടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി.

ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.

ആറാട്ടുപുഴ തറയ്ക്കൽ പൂരം ഏപ്രിൽ 8ന്

ഇരിങ്ങാലക്കുട : ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ ആറാട്ടുപുഴ തറക്കൽ പൂരം ഏപ്രിൽ 8ന്.

ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽ പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളി ചെന്നാൽ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കും. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനമായി നിലപാട് നിൽക്കുന്നുണ്ടായിരിക്കും .

ആനയോട്ടത്തിനു ശേഷം
കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവക്ക് ശേഷം ത്രിപടയോടു കൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലം വെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .

ആറാട്ടുപുഴക്ക് തിരിച്ചെഴുന്നള്ളി പുഴക്കക്കരെ കടന്ന്
കിഴക്കേ മഠം, വടക്കേ മഠം,തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകൾ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.

ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക്
ചോരഞ്ചേടത്ത് മന,
കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു.

തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ, എന്നിവക്കുശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നെള്ളും . ക്ഷേത്രമതിൽക്കകത്ത് ഏകതാളം.

വൈകുന്നേരം 6.30ന് മതിൽ കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും
വർണ്ണപ്രഭ ചൊരിയുന്ന കാഴ്ച കൺകുളിർക്കെ കണ്ട് കൈകൂപ്പാൻ ഭക്തജനസഹ്രസങ്ങൾ ക്ഷേത്രങ്കണത്തിൽ തിങ്ങി നിറയുന്നു .

200ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 10ന് കൊട്ടി കലാശിക്കും.

ഇക്കുറി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനാണ് ശാസ്താവിൻ്റെ തിടമ്പേറ്റുക.

ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പാണ്ടി മേളത്തിന് പ്രമാണിമാരാകും.

തറയ്ക്കൽ പൂരത്തിനു മിഴിവേകി പടിഞ്ഞാറു നിന്ന് ഊരകത്തമ്മ തിരുവടിയും തെക്കു നിന്ന് തൊട്ടിപ്പാൾ
ഭഗവതിയും എഴുന്നള്ളും.
ഊരകത്തമ്മ തിരുവടിക്ക് പഞ്ചാരി മേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടി മേളവും അകമ്പടിയായിട്ടുണ്ടാകും.

മേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകൾക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും. തിരുമേനിമാർ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാർ 9 തവണ ശംഖ് വിളിച്ച് വലന്തലയിൽ മേളം കൊട്ടിവെയ്ക്കുന്ന ചടങ്ങാണ് പിന്നീട്. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും
ഊരകത്തമ്മ തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനു ശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്.

രാത്രി 12 മണിക്ക് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെളളും. വഴി മദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ
ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ പോയി ഇറക്കി എഴുന്നെള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

ഭക്തിനിർഭരമായ കൂട്ട പറനിറയ്ക്കൽ

സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങൾ ശാസ്താവിന്റെ തിരുമുമ്പിൽ തറക്കൽ പൂരം ദിവസം കൂട്ട പറ നിറയ്ക്കുന്നു.

വൈകുന്നേരം 6.30ന് തറയ്ക്കൽ പൂരത്തിന് എഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോൾ കൂട്ടപറനിറയ്ക്കൽ ആരംഭിക്കുന്നു. ഭക്തിനിർഭരമായ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ പറ നിറച്ചു കൊണ്ട് തുടക്കം കുറിക്കും.

ദേവസ്വം ബോർഡ് അംഗം കെ.പി.അജയകുമാർ, മറ്റു ദേവസ്വം അധികാരികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.

നെല്ല്, അരി, മലർ, ശർക്കര, പഞ്ചസാര, എള്ള്, പൂവ് എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറയ്ക്കുന്നതിന് വേണ്ടതായ സൗകര്യങ്ങൾ ക്ഷേത്രനടയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .

പറ നിറയ്ക്കുന്നതിന് വേണ്ട രശീതികൾ ആറാട്ടുപുഴ ദേവസ്വം ഓഫീസിൽ നിന്നും മുൻകുട്ടി ലഭിക്കും.

ഇടതു മുന്നണി സർക്കാരിനെതിരെ രാപ്പകൽ സമരവുമായി പൂമംഗലം യു ഡി എഫ്

ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ഗ്രാമീണ വികസനത്തെ അട്ടിമറിക്കുന്ന ഇടതു മുന്നണി സർക്കാരിനെതിരെ പൂമംഗലം മണ്ഡലം യു ഡി എഫ് കമ്മിറ്റി അരിപ്പാലം സെൻ്ററിൽ രാപ്പകൽ സമരം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ കെ.പി. സെബാസ്റ്റ്യൻ, ടി.ആർ. ഷാജു, ടി.ആർ.രാജേഷ്, ടി.എസ്.പവിത്രൻ, യു. ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം ജൂലി ജോയ്, വി. ആർ.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഡിയോൺ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗം കത്രീന ജോർജ്ജ് സ്വാഗതവും, ലാലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

മെഗാ ഡാന്‍സ് ഷോ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മെഗാ ഡാന്‍സ് ഷോയോടനുബന്ധിച്ച് കാത്തലിക് സെന്ററില്‍ ആരംഭിച്ച ഡാന്‍സ് കൊറിയോഗ്രാഫീസ് സമ്മര്‍ ക്യാമ്പ് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളെജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കുര്യന്‍ ജോസഫ്, ടി.ജി. സച്ചിത്ത്, ഐറിന്‍ റോസ്, ബിജു എന്നിവര്‍ പ്രസംഗിച്ചു.

എ.ജെ. ഡാന്‍സ് കൊറിയോഗ്രാഫീസ് ഡയറക്ടറും കൊറിയോഗ്രാഫറുമായ എബല്‍ ജോണ്‍ ജോബി സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ സ്വപ്ന ജോസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. : ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് ചെയര്‍മാൻ

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം. ചെയര്‍മാനായി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), ജനറല്‍ സെക്രട്ടറിയായി ജോണ്‍ ബെന്നി (കൊടകര) എന്നിവരെ തെരഞ്ഞെടുത്തു.

ഡയാന ഡേവിസ് (വൈസ് ചെയര്‍പേഴ്‌സണ്‍, കുറ്റിക്കാട്), സാന്ദ്ര വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി, കല്ലേറ്റുംകര), എ.ജെ. ജോമോന്‍ (ട്രഷറര്‍, കാല്‍വരിക്കുന്ന്) എന്നിവരെയും സിന്‍ഡിക്കേറ്റ് അംഗങ്ങളായി നിഖില്‍ ലിയോണ്‍സ് (താഴേക്കാട്), ഐറിന്‍ റിജു (പോട്ട) എന്നിവരെയും സെനറ്റ് അംഗങ്ങളായി ആല്‍ബിന്‍ ജോയ് (കൊന്നക്കുഴി), സിബിന്‍ പൗലോസ് (ദയാനഗര്‍), ജോണ്‍ ബെന്നി (കൊടകര), മെറിന്‍ നൈജു (തുറവന്‍കുന്ന്) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി മരിയ വിന്‍സെന്റിനെയും (താഴെക്കാട്) തെരഞ്ഞെടുത്തു.